scorecardresearch

എന്നെ ജയിലിൽ അടക്കാൻ പറയും മുൻപെ അൽപ്പം ദയ കാണിക്കാമായിരുന്നു: വിമർശിച്ച ഡോക്ടർക്ക് മറുപടിയുമായി സാമന്ത

"കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എനിക്ക് പല തരത്തിലുള്ള മരുന്നുകൾ കഴിക്കേണ്ടി വന്നു. മരുന്നുകൾ പ്രവർത്തിക്കുന്നില്ലെന്നു കരുതി നമുക്ക് എല്ലാം ഉപേക്ഷിക്കാൻ കഴിയില്ല. ഞാൻ തീർച്ചയായും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു..."

"കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എനിക്ക് പല തരത്തിലുള്ള മരുന്നുകൾ കഴിക്കേണ്ടി വന്നു. മരുന്നുകൾ പ്രവർത്തിക്കുന്നില്ലെന്നു കരുതി നമുക്ക് എല്ലാം ഉപേക്ഷിക്കാൻ കഴിയില്ല. ഞാൻ തീർച്ചയായും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു..."

author-image
Entertainment Desk
New Update
Samantha Ruth Prabhu instagram post

വൈറൽ അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത്ത് പ്രഭുവിന്റെ വാദത്തെ വിമർശിച്ച് ഡോ. സിറിയക് എബി ഫിലിപ്സ് രം​ഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ലിവർ ഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സിറിയക് സാമന്തയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കുറിച്ചത്.

Advertisment

യുക്തിസഹവും ശാസ്ത്രീയവുമായ പുരോഗമന സമൂഹത്തിൽ, പൊതുജനാരോഗ്യത്തെ അപകടപ്പെടുത്താൻ ശ്രമിച്ച  ഈ സ്ത്രീക്കെതിരെ കുറ്റം ചുമത്തുകയോ പിഴ ചുമത്തുകയോ വേണ്ടതാണെന്നായിരുന്നു സിറിയക്കിന്റെ രൂക്ഷ വിമർശനം.

ഡോക്ടറുടെ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോൾ. തനിക്ക് ​ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവെച്ചതെന്നും ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നുമാണ് സാമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.  ഒരുപാട് പരീക്ഷണങ്ങൾക്കും പിശകുകൾക്കും ശേഷം തന്നിൽ  ‘അത്ഭുതകരമായി പ്രവർത്തിച്ച’ ചികിത്സയെ കുറിച്ചാണ് താൻ പറഞ്ഞതെന്ന് സാമന്ത കുറിച്ചു. ഇനി മുതൽ താൻ പങ്കിടുന്ന 'മെഡിക്കൽ ഉപദേശത്തെക്കുറിച്ച് 'കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സുദീർഘമായ കുറിപ്പ് സാമന്ത അവസാനിപ്പിക്കുന്നത്.

Advertisment

സാമന്തയുടെ കുറിപ്പിന്റെ പൂർണരൂപം 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എനിക്ക് പല തരത്തിലുള്ള മരുന്നുകൾ കഴിക്കേണ്ടി വന്നു. തീർച്ചയായും എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകളെല്ലാം ഞാൻ പരീക്ഷിച്ചു. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ഉപദേശത്തിനൊപ്പം  എന്നെപ്പോലുള്ള ഒരു സാധാരണ വ്യക്തിക്ക് കഴിയുന്നത്ര സ്വയം ഗവേഷണവും നടത്തിയതിന് ശേഷമായിരുന്നു മരുന്നുകളെല്ലാം കഴിച്ചത്. 

ഈ ചികിത്സകൾ പലതും വളരെ ചെലവേറിയതായിരുന്നു. എനിക്ക് അവ താങ്ങാൻ കഴിയുന്നത് ഭാഗ്യമാണല്ലോ എന്നോർക്കുന്നതിനൊപ്പം തന്നെ  അതിന് കഴിയാത്ത എല്ലാവരെക്കുറിച്ചും ഞാൻ ചിന്തിക്കുകയും ചെയ്തിരുന്നു. കുറച്ചേറെകാലമായ, പരമ്പരാഗത ചികിത്സകൾ എന്നിൽ ഒരു മാറ്റവുമുണ്ടാക്കുന്നില്ല. ചിലപ്പോൾ അതെന്നിൽ പ്രവർത്തിക്കാത്തതാവാം, മറ്റുള്ളവർക്ക് ഗുണകരമായി പ്രവർത്തിക്കുന്നുമുണ്ടാവാം. 

ഈ രണ്ട് ഘടകങ്ങളാണ് എന്നെ ഇതര ചികിത്സകളെ കുറിച്ച് വായിക്കാൻ പ്രേരിപ്പിച്ചത്. നിരവധി  പരീക്ഷണത്തിനും പിശകുകൾക്കും ശേഷം, എനിക്ക് അത്ഭുതകരമായി പ്രവർത്തിക്കുന്ന ചികിത്സകൾ ഞാൻ കണ്ടെത്തി. പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിനായി ഞാൻ ചിലവഴിച്ചതിൻ്റെ ഒരു അംശം മാത്രമേ ഈ ചികിത്സകൾക്കായി ചിലവാക്കേണ്ടി വരുന്നുള്ളൂ. 

ഒരു ചികിത്സയെ കുറിച്ച് ശക്തമായി വാദിക്കാൻ ഞാൻ ആളല്ല. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി ഞാൻ അഭിമുഖീകരിച്ചതും പഠിച്ചതുമായ എല്ലാ കാര്യങ്ങളും കാരണം നല്ല ഉദ്ദേശത്തോടെയാണ് ഞാൻ ചികിത്സാരീതിയെ കുറിച്ച് നിർദ്ദേശിച്ചത്.  പ്രത്യേകിച്ച് പരമ്പരാഗത  ചികിത്സകൾ നിങ്ങളെ സാമ്പത്തികമായി തളർത്തിയേക്കാം,  പലർക്കും അവ താങ്ങാൻ കഴിയില്ല.  ഞങ്ങളെ നയിക്കാൻ നാമെല്ലാവരും വിദ്യാസമ്പന്നരായ ഡോക്ടർമാരെ ആശ്രയിക്കുന്നു. 25 വർഷമായി എം.ഒ.യിൽ സേവനമനുഷ്ഠിച്ച, ഉയർന്ന യോഗ്യതയുള്ള ഒരു എം.ഡി.യാണ് ഈ ചികിത്സ എനിക്ക് നിർദ്ദേശിച്ചത്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ എല്ലാ അറിവുകളും നേടിയ ശേഷം അദ്ദേഹം ഒരു ബദൽ തെറാപ്പിക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു.

ഒരു മാന്യൻ എൻ്റെ പോസ്റ്റിനെയും എൻ്റെ ഉദ്ദേശ്യങ്ങളെയും ശക്തമായ വാക്കുകളാൽ ആക്രമിച്ചു. അദ്ദേഹവും ഒരു ഡോക്ടറാണ്, എന്നെക്കാളും അദ്ദേഹത്തിന് കാര്യങ്ങളറിയാം എന്നതിൽ എനിക്ക് സംശയമില്ല. അദ്ദേബത്തിന്റെ അവൻ്റെ ഉദ്ദേശ്യങ്ങൾ മാന്യമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. വാക്കുകളിൽ ഇത്ര പ്രകോപനപരമാവേണ്ടിയിരുന്നില്ല അദ്ദേഹത്തിന്, അൽപ്പം ദയയും അനുകമ്പയും കാണിക്കുമായിരുന്നു. എന്നെ ജയിലിൽ അടയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നിടത്ത് പ്രത്യേകിച്ചും. 

ഒരു സെലിബ്രിറ്റി എന്ന നിലയിലല്ല, വൈദ്യചികിത്സ ആവശ്യമുള്ള ഒരാളായാണ് ഞാൻ പോസ്റ്റ് ചെയ്തത്. ഞാൻ തീർച്ചയായും പോസ്റ്റിൽ നിന്ന് പണമുണ്ടാക്കുകയോ ആരെയും എൻഡോഴ്സ് ചെയ്യുകയോ ചെയ്യുന്നില്ല. പരമ്പരാഗത വൈദ്യശാസ്ത്രം വർക്കാവാത്തവർക്കായി, ഓപ്ഷനുകൾക്കായി തിരയുന്ന മറ്റുള്ളവർക്കായി, സ്വയം ചികിത്സയ്ക്ക് വിധേയമായതിന് ശേഷം ഒരു ചികിത്സ ഞാൻ നിർദ്ദേശിക്കുകയായിരുന്നു. പ്രത്യേകിച്ചും താങ്ങാനാവുന്ന വിലയിലുള്ളൊരു ഓപ്ഷൻ. 

മരുന്നുകൾ പ്രവർത്തിക്കുന്നില്ലെന്നു കരുതി നമുക്ക് എല്ലാം ഉപേക്ഷിക്കാൻ കഴിയില്ല. ഞാൻ തീർച്ചയായും വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു...

പ്രസ്തുതഡോക്ടറുടെ വിഷയത്തിലേക്ക് തിരിച്ചുവരാം, എൻ്റെ പിന്നാലെ വരുന്നതിനുപകരം ഞാൻ എൻ്റെ പോസ്റ്റിൽ ടാഗ് ചെയ്ത എൻ്റെ ഡോക്ടറെ അദ്ദേഹം മാന്യമായി ക്ഷണിച്ചാൽ നന്നായിരുന്നു. ഉയർന്ന യോഗ്യതയുള്ള രണ്ട് പ്രൊഫഷണലുകൾ തമ്മിലുള്ള ആ സംവാദത്തിൽ നിന്നും ചർച്ചയിൽ നിന്നും പഠിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എൻ്റെ ആരോഗ്യത്തെ സഹായിച്ച ചികിത്സകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുമ്പോൾ ഇനി ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ആരെയും ഉപദ്രവിക്കാനല്ല. ആയുർവേദം, ഹോമിയോപ്പതി, അക്യുപങ്ചർ, ടിബറ്റൻ മെഡിസിൻ, പ്രാണിക് ഹീലിംഗ് തുടങ്ങിയവ നിർദ്ദേശിക്കുന്ന ധാരാളം ആളുകൾ എനിക്ക് ഉണ്ടായിരുന്നു. ഞാൻ അവയെല്ലാം കേട്ടു. എന്നിൽ വർക്കായൊരു കാര്യത്തെ കുറിച്ചു പറയുകയാണ് ഞാൻ ചെയ്തത്. ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന നമ്മിൽ പലർക്കും ആ സഹായം ആവശ്യമാണെന്ന് എനിക്കറിയാം. പ്രത്യേകിച്ച് ഓരോ ഓപ്ഷനുകൾക്കും പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായങ്ങൾ കേൾക്കാം. അതിനാൽ തന്നെ, അവയെ നാവിഗേറ്റ് ചെയ്യാനും ഉചിതമായ സഹായം കണ്ടെത്താനും പ്രയാസമാണ്," സാമന്ത കുറിച്ചു. 

കുറച്ച് വർഷങ്ങൾക്ക് മുൻപാണ് സാമന്തയ്ക്ക് മയോസിറ്റിസ് രോഗമാണെന്ന് കണ്ടെത്തിയത്. അതിനുശേഷം തന്റെ പോസ്റ്റുകളിലൂടെ രോഗത്തെ കുറിച്ചും ചികിത്സകളെ കുറിച്ചുമൊക്കെ ബോധവത്കരണം നടത്താൻ ശ്രമിക്കാറുണ്ട് താരം. ആരോഗ്യ സംബന്ധിയായ ടേക്ക് 20 എന്ന പോഡ്‌കാസ്റ്റ് സീരീസും സാമന്ത ഹോസ്റ്റുചെയ്തിരുന്നു. 

Read More Entertainment Stories Here

Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: