scorecardresearch

കീഴടക്കുക, ശക്തയാവുക, ഇതും നേരിടും; വിറ്റിലിഗോ ദിനത്തിൽ പോസിറ്റിവിറ്റി നിറച്ച് മംമ്തയുടെ കുറിപ്പ്

ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ എന്ന ത്വക്ക് രോഗത്തോട് പോരാടുകയാണ് മംമ്ത

ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ എന്ന ത്വക്ക് രോഗത്തോട് പോരാടുകയാണ് മംമ്ത

author-image
Entertainment Desk
New Update
Mamtha Mohandas vitiligo Day.

കഴിഞ്ഞ വർഷമാണ് ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗം തന്നെ പിടികൂടിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ മംമ്ത പങ്കുവച്ചത്.   രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച മംമ്ത മോഹൻദാസിന്റെ ജീവിതം ആർക്കും പ്രചോദനമാവുന്ന ഒന്നാണ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം. അതിനാൽ തന്നെ, താൻ പുതിയൊരു അസുഖവുമായുള്ള പോരാട്ടത്തിലാണെന്ന കാര്യവും സമൂഹമാധ്യമങ്ങളിലൂടെ തുറന്നു പറയാൻ മംമ്ത മടിച്ചില്ല. 

Advertisment

ലോക വിറ്റിലിഗോ ദിനത്തിൽ മംമ്ത പങ്കുവച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. "വാനില ആകാശത്തെ തൊടാൻ വളരുന്ന ചോക്ലേറ്റ്," എന്നാണ് വിറ്റിലിഗോ ബാധിച്ച തന്റെ ചിത്രം പങ്കുവച്ച് മംമ്ത കുറിച്ചത്. വിറ്റിലിഗോയിലൂടെ കടന്നുപോവുന്നവർക്ക് വളരെയേറെ പോസിറ്റിവിറ്റി നൽകുന്ന ഈ കുറിപ്പിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.

വേൾഡ് വിറ്റിലിഗോ ദിനം, കരുത്ത്, കീഴടക്കുക, ആറ്റിറ്റ്യൂഡ്, പോസിറ്റീവ് മൈൻഡ് സെറ്റ്, ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, നിങ്ങളുടെ ചർമ്മത്തെ സ്നേഹിക്കുക തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് മംമ്ത ചിത്രം പങ്കുവച്ചത്. 

Advertisment

"നിങ്ങൾ ജന്മനാ ഒരു പോരാളിയാണ്. ഈ ധൈര്യത്തിനെയും ഇച്ഛാശക്തിയേയും അഭിനന്ദിക്കുന്നു," എന്നാണ് ഒരാളുടെ കമന്റ്. 

 "പ്രിയപ്പെട്ട സൂര്യൻ, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു. എനിക്ക് നിറം നഷ്‌ടപ്പെടുന്നു എന്ന്‌ കണ്ടെത്തിയിരിക്കുന്നു. മൂടൽമഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ. നിന്റെ അനു​ഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും,' എന്ന കുറിപ്പിനൊപ്പം മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങൾ ഷെയർ ചെയ്തുകൊണ്ട് മംമ്ത കഴിഞ്ഞ വർഷം താൻ ഓട്ടോ ഇമ്യൂൺ അസുഖമായ വിറ്റിലിഗോ നേരിടുകയാണെന്ന് വെളിപ്പെടുത്തിയത്. 

എന്താണ് വിറ്റിലിഗോ?

ത്വക്കിൻറെ ചില ഭാഗങ്ങളിൽ നിറം നഷ്ടമാകുന്ന അവസ്ഥയാണ് വിറ്റിലിഗോ. കാലക്രമേണ ചർമ്മത്തിലെ ഈ നിറവ്യത്യാസം കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഈ അവസ്ഥ ശരീരത്തിന്റെ ഏത് ഭാഗത്തെ ചർമ്മത്തെയും ബാധിക്കാം.

ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെലനോസൈറ്റുകളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ഒരു ഓട്ടോ ഇമ്യൂൺ അസുഖമാണ് വിറ്റിലിഗോ. "വിറ്റിലിഗോ ഉണ്ടാക്കുന്നതിൽ ജനിതകവും കുടുംബ ചരിത്രവും ശക്തമായ പങ്ക് വഹിക്കുന്നു. സൂര്യതാപം, വൈകാരികമായ വൈഷമ്യം, അല്ലെങ്കിൽ ചില രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് തുടങ്ങിയ ബാഹ്യ ഘടകങ്ങൾ വിറ്റിലിഗോയ്ക്ക് പ്രേരകമാവുകയോ കൂടുതൽ വഷളാക്കുകയോ ചെയ്യും, ” വിദഗ്ദർ പറയുന്നു.

സാധാരണയായി, മുടിയുടെയും ചർമ്മത്തിന്റെയും നിറം നിർണ്ണയിക്കുന്നത് മെലാനിൻ ആണ്. മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുകയോ പ്രവർത്തനം നിർത്തുകയോ ചെയ്യുമ്പോഴാണ് വിറ്റിലിഗോ സംഭവിക്കുന്നത്.

 വിറ്റിലിഗോ എല്ലാതരം ചർമ്മപ്രകൃതമുള്ളവരെയും ബാധിക്കാം. എന്നാൽ തവിട്ട് നിറത്തിലോ ഇരുണ്ട ചർമ്മമോ ഉള്ളവരിൽ ഇത് കൂടുതൽ ശ്രദ്ധയിൽപ്പെട്ടേക്കാം. ജീവന് ഭീഷണി ഉയർത്തുന്നതോ പകരുന്നതോ ആയ രോഗമല്ല ഇത്. എന്നിരുന്നാലും ആളുകളിൽ മാനസികമായ സമ്മർദ്ദമുണ്ടാക്കാൻ ഈ അസുഖം കാരണമാവാറുണ്ട്.

"മെലനോസൈറ്റുകൾ (പിഗ്മെന്റുകൾ ഉണ്ടാക്കുന്ന ചർമ്മകോശങ്ങൾ) ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്, അതോടെ ചർമ്മം മിൽക്കി വൈറ്റ് നിറത്തിലേക്ക് മാറി തുടങ്ങും," ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും ഫിസിഷ്യനുമായ ഡോ ദിലീപ് ഗുഡെ പറയുന്നു. ഓട്ടോ ഇമ്മ്യൂൺ, ഓക്സിഡേറ്റിവ് സ്ട്രെസ്സ്, ന്യൂറൽ, വൈറൽ ബാധ എന്നിവ കൊണ്ടെല്ലാം വെള്ളപ്പാണ്ട് ഉണ്ടാകാം എന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ജനിതക കാരണങ്ങളാലും ഈ രോഗം വരാം. ലോകത്തിലെ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ആളുകളിൽ ഈ രോഗം കാണുന്നു എന്നാണ് കണക്ക്.

രോഗലക്ഷണങ്ങൾ

ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്ന ചുവന്ന നിറമാണ് പലപ്പോഴും വെള്ളപ്പാണ്ടിൻറെ ആദ്യ ലക്ഷണം. ആദ്യം ചെറുതായി കാണപ്പെടുന്ന ഇവ പിന്നീട് വലുതായി രൂപം മാറുന്നു. തൊലി പൊളിഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും അവ കൂടുതലായി കാണും.

"ചർമ്മത്തിന്റെ പിഗ്മെന്റ് നഷ്ടപ്പെടുന്ന ഭാഗങ്ങളിലെ മുടി പോലും വെളുത്തതായി മാറും. മാത്രമല്ല, തലയോട്ടി, പുരികം, കൺപീലികൾ, താടി, ശരീര രോമങ്ങൾ എന്നിങ്ങനെ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് സംഭവിക്കാം. വായയുടെയോ മൂക്കിന്റെയോ ഉള്ളിലെ കഫ ചർമ്മത്തിന് പോലും വിറ്റിലിഗോ ബാധിക്കാം," ഡോ ദിലീപ് ഗുഡെ പറയുന്നു.

Read More Entertainment Stories Here

Mamtha Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: