scorecardresearch

വൻ താരനിരയും ഗംഭീര മേക്കിംഗും, പക്ഷേ അതുമാത്രം മതിയോ? ഹൈപ്പിനൊപ്പം പിടിച്ചു നിൽക്കാനാവാതെ 'എമ്പുരാൻ', റിവ്യൂ

Mohanlal and Prithviraj’s L2E: Empuraan Review in Malayalam: ഗംഭീര ദൃശ്യാനുഭവം സമ്മാനിക്കുമ്പോഴും, കഥാപരമായും കലാപരമായും 'ലൂസിഫറി'ന്റെ തോളൊപ്പം മാത്രം എത്തുന്ന, ആവറേജ് ചിത്രമാണ് 'എമ്പുരാൻ'

Mohanlal and Prithviraj’s L2E: Empuraan Review in Malayalam: ഗംഭീര ദൃശ്യാനുഭവം സമ്മാനിക്കുമ്പോഴും, കഥാപരമായും കലാപരമായും 'ലൂസിഫറി'ന്റെ തോളൊപ്പം മാത്രം എത്തുന്ന, ആവറേജ് ചിത്രമാണ് 'എമ്പുരാൻ'

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Empuraan Review

Empuraan Review

Mohanlal's L2E Empuraan Review: ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം, 'ലൂസിഫർ' ബാക്കി വച്ച ഏറെ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി 'എമ്പുരാൻ' തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സമീപകാലത്തൊന്നും സിനിമാലോകവും പ്രേക്ഷകരും മറ്റൊരു ചിത്രത്തിനു വേണ്ടിയും ഇത്രയേറെ ആവേശത്തോടെ കാത്തിരുന്നിട്ടില്ല. ആ പ്രതീക്ഷകൾക്ക് ഒത്തു ഉയരാൻ സാധിക്കുന്നുണ്ടോ 'എമ്പുരാന്'? ഉത്തരം ഒറ്റവാക്യത്തിൽ ആദ്യം തന്നെ പറയാം-  ലോക സിനിമാ നിലവാരത്തിലുള്ള ദൃശ്യാനുഭവവും സാങ്കേതിക മികവും നൽകി  പ്രതീക്ഷകൾക്ക് ഒപ്പം ഉയരുമ്പോഴും, കഥാപരമായും കലാപരമായും 'ലൂസിഫറിന്റെ' തോളൊപ്പം മാത്രം എത്തുന്ന, ശരാശരി കാഴ്ചാനുഭവം സമ്മാനിക്കുന്ന ചിത്രമാണ് 'എമ്പുരാൻ.'  

Advertisment

'എമ്പുരാന്റെ' പ്രമേയത്തിലേക്ക് വരാം, 'ലൂസിഫർ' ബാക്കി വച്ച വലിയൊരു ചോദ്യമുണ്ടായിരുന്നു. ആരാണ് ഖുറേഷി അബ്രാം? ഒരു പരിധി വരെ ആ ചോദ്യത്തിനുള്ള ഉത്തരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട് 'എമ്പുരാൻ.' കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തലുകളും അധികാര കസേരയ്ക്കു വേണ്ടിയുള്ള ആർത്തിയും രാഷ്ട്രീയത്തിന്റെ മറവിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന മയക്കു മരുന്ന് മാഫിയയുടെയുമെല്ലാം അണിയറകഥകളാണ് 'ലൂസിഫർ' പറഞ്ഞതെങ്കിൽ, 'എമ്പുരാനി'ലേക്ക് എത്തുമ്പോൾ കഥാപരിസരം അൽപ്പം കൂടി വിപുലമാണ്.

റഷ്യയിലും ഇറാഖിലും സെനഗലിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന, ലോകമെമ്പാടും വേരുകളുള്ള ഖുറേഷി അബ്രാം എന്ന വന്മരത്തെയാണ് 'എമ്പുരാൻ' കാണിച്ചു തരുന്നത്. എന്നാൽ, ആത്യന്തികമായി 'എമ്പുരാൻ,' ഖുറേഷി അബ്രാമിന്റെ മാത്രം കഥയല്ല. ഖുറേഷിയുടെ വിശ്വസ്തനായ സയിദ് മസൂദിന്റെ ജീവിതവും പ്രതികാരവുമൊക്കെയാണ് സമാന്തരമായി പറഞ്ഞു പോവുന്നുണ്ട് ഇതിൽ. ഗുജറാത്ത് ഗോധ്ര കലാപകാലത്ത്,  മാതാപിതാക്കളെയും സഹോദരങ്ങളെയും തന്റെ കുഞ്ഞനുജനെയുമടക്കം സർവ്വവും നഷ്ടമായവനാണ് സയിദ് മസൂദ്. ആ കഥയും അതിന്റെ തുടർച്ചയുമൊക്കെ 'എമ്പുരാൻ' പറയുന്നുണ്ട്. 

ഇന്റർനാഷണൽ പ്രശ്നങ്ങളുമായി ഖുറേഷി അബ്രാം അതിർത്തികളിൽ നിന്നും അതിർത്തികളിലേക്ക് സഞ്ചരിക്കുമ്പോൾ സ്റ്റീഫൻ നെടുമ്പിള്ളിയുടെ നാടായ കേരളത്തിലും ചില ദുഷ്ടശക്തികൾ പിടിമുറുക്കി തുടങ്ങുകയാണ്. അധികാരത്തിന്റെ മത്ത് അറിഞ്ഞ ദൈവപുത്രൻ ജതിന്റെ കൈകളിലും അഴിമതിയുടെ കറ പുരണ്ടു തുടങ്ങിയതോടെ ഐയുഎഫ് പാർട്ടിയുടെ നിലനിൽപ്പും അവതാളത്തിലാവുന്നു. ഇവിടേക്കാണ് ഗോവർധനൻ സ്റ്റീഫനെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നത്. സ്റ്റീഫനായി അയാൾ നെടുമ്പള്ളിയിലേക്ക് വീണ്ടുമെത്തുമോ? പ്രതാപം നഷ്ടപ്പെട്ട ഐയുഎഫ് പാർട്ടിയുടെ രക്ഷകനായി മാറുമോ? ആ ചോദ്യങ്ങൾക്കും സാധ്യതകൾക്കുമുള്ള ഉത്തരം തേടുകയാണ് മുരളി ഗോപിയുടെ തിരക്കഥ. 

Advertisment

ബോളിവുഡിനോട്, എന്തിന് ഹോളിവുഡിനോടും പോലും മുട്ടിനിൽക്കാനാവുന്ന രീതിയിൽ ദൃശ്യപരമായ മികവ് പുലർത്തുന്നുണ്ട് 'എമ്പുരാന്റെ' ഓരോ ഫ്രെയിമും. ഏറ്റവും മനോഹരമായി തന്നെ, സുജിത് വാസുദേവ് ആ കാഴ്ചകൾ പകർത്തിയിട്ടുണ്ട്. ഗംഭീരമായ ലൊക്കേഷനുകൾ, വിദേശതാരങ്ങളുടെയും വമ്പൻ സന്നാഹങ്ങളുടെയും പിന്തുണ, അതെല്ലാം ഹോളിവുഡ് രീതിയിലുള്ള കാഴ്ചാനുഭവമാണ് സമ്മാനിക്കുന്നത്.  വലിയ കാൻവാസിലാണ് പൃഥ്വിരാജ് 'എമ്പുരാൻ' ഒരുക്കിയിരിക്കുന്നത്. പലപ്പോഴും ഇതൊരു മലയാള സിനിമയാണെന്ന കാര്യം കാണുന്ന പ്രേക്ഷകർ മറന്നു പോവും. പലയിടത്തും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ മാറി മാറി സംസാരിക്കുന്നുണ്ട് ചിത്രം. ചിത്രത്തിലെ ആക്ഷൻ-എക്സ്പ്ലോഷൻ രംഗങ്ങളുമെല്ലാം അമ്പരപ്പിക്കുന്നതാണ്.  

മലയാളം പോലെ, ബജറ്റിനു ഏറെ പരിമിതികളുള്ള ഒരു സിനിമാവ്യവസായത്തിൽ നിന്നു കൊണ്ട് ഇത്രയും ബൃഹത്തായ ഒരു സിനിമാകാഴ്ച ഒരുക്കിയതിനു പൃഥ്വിരാജ് സുകുമാരൻ പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്. പൃഥ്വിരാജിനൊപ്പം തോളോടു തോൾ ചേർന്നു നിന്ന്,  സിനിമോട്ടോഗ്രാഫി വിഭാഗവും, ആർട്ട് ഡിപ്പാർട്ട്മെന്റും മറ്റു ടെക്നിക്കൽ ടീമുകളുമെല്ലാം  ഏറ്റവും മികവോടെ അവരുടെ ജോലി ചെയ്തിരിക്കുന്നു.  

അഭിനയത്തിലേക്കു വരുമ്പോൾ, 'ലൂസിഫറി'ൽ കണ്ട മോഹൻലാലിന്റെ കുറേക്കൂടി സ്റ്റൈലിഷായൊരു അവതാറിനെയാണ് 'എമ്പുരാനി'ൽ  കാണാനാവുക. മാസ് ഡയലോഗുകളും രോമാഞ്ചമുണ്ടാക്കുന്ന സംഘട്ടന രംഗങ്ങളുമെല്ലാം 'എമ്പുരാനിലും ധാരാളമുണ്ട്. ഖുറേഷിയും സയിദും തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും കുറേക്കൂടി രേഖപ്പെടുത്തപ്പെടുന്നുണ്ട് 'എമ്പുരാനി'ൽ. ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനവും ശ്രദ്ധ നേടുന്നതാണ്. 

വലിയൊരു മോഹൻലാൽ ഫാൻ ബോയ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന പൃഥ്വിരാജ്, തനിക്ക് കാണാൻ ഇഷ്ടമുള്ള രീതിയിൽ മോഹൻലാലിനെ അവതരിപ്പിക്കുകയാണ്  'എമ്പുരാനി'ലും. മോഹൻലാൽ ആരാധകർക്ക് കയ്യടിക്കാനും ഹരം കൊള്ളാനുമുള്ള നിമിഷങ്ങളും 'എമ്പുരാനി'ൽ ഏറെയാണ്. എന്നാൽ അതിലപ്പുറം, മലയാളം സിനിമ കണ്ട എക്കാലത്തെയും മികച്ച നടനെ, അയാളിലെ അഭിനയസാധ്യതകളെ തെല്ലും എക്സ്പ്ലോർ ചെയ്യുന്നില്ല 'എമ്പുരാൻ.'

മഞ്ജു വാര്യരുടെ പ്രിയദർശിനി രാംദാസ് ആണ് 'എമ്പുരാനി'ൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കഥാപാത്രങ്ങളിലൊന്ന്. 'ലൂസിഫറി'ൽ അധികമൊന്നും ചെയ്യാനില്ലാതെയിരുന്ന പ്രിയദർശിനി, 'എമ്പുരാനി'ലേക്ക് എത്തുമ്പോഴേക്കും കരുത്താർജ്ജിക്കുന്നുണ്ട്. വളരെ മനോഹരമായി തന്നെ ആ കഥാപാത്രത്തെ മഞ്ജു വാര്യർ സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. സ്റ്റീഫനും ജതിനുമൊക്കെ കാണിച്ച മാസ്സിനു കയ്യടിക്കുന്ന പ്രേക്ഷകർ പക്ഷേ പ്രിയദർശിനിയ്ക്ക് വേണ്ടി കയ്യടിക്കില്ല! അതിനുള്ള ഉത്തരം 'ലൂസിഫറി'ൽ വർമ്മ സാർ മുൻപേ തന്നെ സംശയരൂപേണ പറഞ്ഞു പോയിട്ടുണ്ട്, 'അതിന് പെണ്ണുങ്ങൾ...', ആ അർദ്ധവിരാമത്തിലുണ്ട് മലയാളി സമൂഹത്തിന്റെ പൊതുമനോഭാവം. 

ട്രെയിലർ കണ്ട് പ്രേക്ഷകർ ഊഹിച്ചതൊന്നും വെറുതെയായില്ല, അൽപ്പം 'ഗ്രേ ഷെയ്ഡി'ലാണ് ടൊവിനോയുടെ ജതിൻ രാംദാസ് ഇത്തവണ എത്തുന്നത്.  സ്പോയിലർ ആവുമെന്നതിനാൽ ആ കഥാപാത്രത്തെ കുറിച്ച് അധികം വിശദീകരിക്കുന്നില്ല. ഇന്ദ്രജിത്തിന്റെ ഗോവർദ്ധനനും ഇത്തവണ അൽപ്പം കൂടി സ്ക്രീൻ സ്പേസ് ലഭിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിച്ച കാർത്തികേയ ദേവിനെയും പെട്ടെന്ന് മറക്കാനാവില്ല പ്രേക്ഷകന്. 'ലൂസിഫറി'ൽ തിളങ്ങിയ ബൈജുവിനും മുരുഗൻ മാർട്ടിനും 'എമ്പുരാനി'ലുമുണ്ട് അത്യാവശ്യം ചെയ്യാനൊക്കെ. പക്ഷേ, വർമ്മ സാറും മേടയിൽ രാജനുമൊക്കെ ഒന്നു സൈഡായ മട്ടാണ്. ആ ഗ്യാപ്പിൽ കയറി തിളങ്ങുന്നത് നന്ദുവിന്റെ പീതാംബരനാണ്. ബൽരാജായി എത്തുന്ന അഭിമന്യു സിംഗ്, കിഷോർ കുമാർ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ വൃത്തിയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ രസകരമായി കൊണ്ടുവന്നെങ്കിലും കഥാന്ത്യത്തിലേക്ക് കടക്കുന്നതോടെ വലിയ പ്രാധാന്യമില്ലാതെയായി പോവുന്നു. മണിക്കുട്ടനും തന്റെ റോൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. 

ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന ചിത്രം കൂടിയാണ് 'എമ്പുരാൻ.' സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ തുറന്നു കാട്ടാൻ ധൈര്യപ്പെടുന്നുണ്ട് മുരളി ഗോപിയുടെ തിരക്കഥ. 

എന്നാൽ, വമ്പൻ താരനിരയുടെ സാന്നിധ്യവും ഗംഭീരമായ മേക്കിംഗുമെല്ലാം ചേരുമ്പോഴും അപൂർണ്ണമായ എന്തോ ഒന്നു പ്രേക്ഷകനു ഫീൽ ചെയ്യും. അവിടെ തന്നെയാണ് 'എമ്പുരാന്' കാലിടറുന്നതും. 

പല കാലങ്ങളിൽ, പലയിടങ്ങളിലായി സംഭവിക്കുന്ന കാര്യങ്ങളെ ചേർത്തു വച്ച് കഥ പറഞ്ഞു മുന്നേറുമ്പോൾ ചിതറിത്തെറിച്ച ഒരു അനുഭവമാണ് കാഴ്ചക്കാരനു ലഭിക്കുക.  പല ഭാഗങ്ങളും പ്രേക്ഷക മനസ്സിൽ തൊടാതെ പോവുന്നു. ഒരുതരം നിർബന്ധബുദ്ധിയോടെ, ചിത്രത്തിലേക്ക് 'L' റഫറൻസുകളും മറ്റും കുത്തിനിറയ്ക്കാൻ ശ്രമിച്ചതും ആർട്ടിഫിഷ്യലായി അനുഭവപ്പെട്ടു. ഉദാഹരണമായി പറഞ്ഞാൽ, സ്റ്റണ്ട് രംഗത്തിൽ പോലും 'L' റഫറൻസ് കൊണ്ടുവന്ന രീതി, എൽ ആകൃതിയിൽ കത്തിയാളുന്ന മരം. ആ മരം 'L' ആകൃതി ആയിരുന്നില്ലെങ്കിൽ എന്തായിരുന്നു കുഴപ്പം?

മോഹൻലാലിലെ 'L', ലൂസിഫറിലെ 'L', ഇന്റർവെല്ലിലെ 'L' അങ്ങനെ എല്ലാ 'L' റഫറൻസുകളും ചേർത്തുവച്ച് L2E എന്നൊരു സമാന്തര യൂണിവേഴ്സ് സൃഷ്ടിക്കാൻ ആദ്യം മുതൽ പൃഥ്വിരാജും എമ്പുരാൻ ടീമും ശ്രമിക്കുന്നുണ്ട്. പക്ഷേ, സിനിമയുടെ പുറത്തെ മാർക്കറ്റിനപ്പുറം അതിനെ കഥയിലേക്കും കഥാപരിസരങ്ങളിലേക്കും കൂടി സന്നിവേശിപ്പിക്കുമ്പോൾ അതൊരു ബ്രാൻഡിംഗ് സ്വഭാവത്തോടെ മുഴച്ചു നിൽക്കുകയാണ്. 

'എമ്പുരാന്റെ' മറ്റൊരു പോരായ്മയായി തോന്നിയത്, പലയിടത്തും ചിത്രം ഫ്ളാറ്റായി പോവുന്നു എന്നതാണ്. ചിലപ്പോൾ  മൂന്നാം ഭാഗത്തിലേക്ക് പറയാനായി സംവിധായകനും തിരക്കഥാകൃത്തും  ബോധപൂർവ്വം പലതും ബാക്കിവച്ചതാവാം. എന്നാൽ, ആ 'കരുതൽ നീക്കിയിരിപ്പ്'  ഇവിടെ വിനയായി മാറുന്നുണ്ട്.

'ലൂസിഫറി'നെ വച്ചു നോക്കുമ്പോൾ,  വയലൻസിന്റെ ഒരു അതിപ്രസരവും 'എമ്പുരാനി'ൽ കാണാൻ കഴിഞ്ഞു. 'ലൂസിഫറിൽ,' വാളുമോങ്ങി  നേർക്കുനേർ വാടാ എന്നു വെല്ലുവിളിച്ച ഒരു എതിരാളിയെ ഒറ്റ വെടിയുണ്ടയ്ക്ക് തീർത്ത് വേഗം പണി തീർത്ത് പോവുന്ന സയിദ് മസൂദിന്റെ ആ മിടുക്ക് 'എമ്പുരാനി'ൽ ചിലയിടത്തൊക്കെ മിസ്സ് ചെയ്യുന്നുണ്ട്. പകരം, വയലൻസിന്റെ തോതും സംഘട്ടനത്തിന്റെ ദൈർഘ്യവുമൊക്കെ  അൽപ്പം നീട്ടി കൊണ്ടു പോവുകയാണ് പൃഥ്വിരാജും കൂട്ടരും. 

കറുത്ത കോട്ടിൽ ചുവപ്പു ഡ്രാഗൺ ചിത്രവുമായി നടക്കുന്ന വില്ലന് ചിത്രത്തിൽ കിട്ടിയതിനേക്കാൾ ഹൈപ്പ് കിട്ടിയത് സോഷ്യൽ മീഡിയയിൽ ആണെന്നു പറയേണ്ടി വരും. ചിത്രത്തിൽ ആ കഥാപാത്രത്തെ റിവീൽ ചെയ്യുന്ന രംഗമൊക്കെ ഒട്ടും ഇംപാക്റ്റ് ഇല്ലാതെ പോയി. 

മോഹൻലാലിന്റെ മാസ് പടങ്ങൾക്ക് തിയേറ്ററുകളിൽ ലഭിക്കുന്ന ഒരു ഓളമുണ്ട്. ആ ഓളം അനുഭവിച്ചറിയാൻ 'എമ്പുരാൻ' തിയേറ്ററുകളിൽ തന്നെ കാണുക. ദൃശ്യ-സാങ്കേതിക മികവ് കൊണ്ടും പശ്ചാത്തലസംഗീതം കൊണ്ടുമൊക്കെ 'എമ്പുരാൻ' നിങ്ങളെ ത്രസിപ്പിക്കും. പക്ഷേ അതിനപ്പുറം, സിനിമയ്ക്ക്  ഉൾകരുത്തുള്ളൊരു തിരക്കഥയും ഉള്ളുതൊടുന്ന  അഭിനയമുഹൂർത്തങ്ങളും കൂടി വേണമെന്ന പക്ഷക്കാരാണ് നിങ്ങളെങ്കിൽ 'എമ്പുരാൻ' നിങ്ങളെ ചിലപ്പോൾ നിരാശരാക്കിയേക്കാം. 

Read More

Empuraan Film Review Mohanlal Prithviraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: