/indian-express-malayalam/media/media_files/2025/03/27/HWGqXxXha2G1CmJtVSvf.jpg)
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. 2019ൽ തിയേറ്ററുകളിലെത്തിയ ലൂസിഫറിന്റെ തുടർച്ചയെന്ന രീതിയിലാണ് പൃഥ്വിരാജ് എമ്പുരാൻ സംവിധാനം ചെയ്തിരിക്കുന്നത്. മൂന്നാമതൊരു ഭാഗം കൂടി വരുമെന്ന് പൃഥ്വിരാജ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, ലൂസിഫറും എമ്പുരാനും ഒരു സ്റ്റാൻഡ് എലോൺ ചിത്രം പോലെ തന്നെ പ്രേക്ഷകർക്ക് ആസ്വദിക്കാനാവുമെന്നാണ് പൃഥ്വിരാജ് നൽകുന്ന ഉറപ്പ്.
എമ്പുരാൻ തിയേറ്ററുകളിൽ എത്തും മുൻപ്, ലൂസിഫറിന്റെ കഥാലോകം ഒന്നു റീ-വിസിറ്റ് ചെയ്യാം.
ലൂസിഫർ ആരംഭിക്കുന്നത് ലിയോണിലെ ഇന്റർപോളിന്റെ ഓഫീസിൽ, ഒരു ഉദ്യോഗസ്ഥൻ ഖുറേഷി-അബ്രാമിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിക്കുന്നിടത്തു നിന്നാണ്. ഭൂഖണ്ഡാന്തര വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഇന്റർപോളിനു പോലും ഇതുവരെ പിടികിട്ടാത്ത ഒരു അജ്ഞാത മനുഷ്യനാണ് ഖുറേഷി എബ്രഹാം. 2006 ഏപ്രിൽ 7ന് ഇസ്താംബൂളിൽ നിന്നും എടുത്ത ഒരാൾ പിൻതിരിഞ്ഞിരിക്കുന്ന ഒരു ചിത്രം ഇന്റർപോൾ ഉദ്യോഗസ്ഥനു ലഭിക്കുന്നു. ആ മനുഷ്യനാണ് "അബ്രാം. ഖുറേഷി-അബ്രാം" എന്നു ഉദ്യോഗസ്ഥൻ പറയുന്നിടത്ത് ആ സീക്വൻസ് അവസാനിക്കുന്നു.
പിന്നീട് ലൂസിഫറിന്റെ കഥ നടക്കുന്നത്, കേരളത്തിന്റെ മണ്ണിലാണ്. കേരളരാഷ്ട്രീയത്തിലെ അതികായനും മുഖ്യമന്ത്രിയുമായ ഏവരും സ്നേഹത്തോടെ പികെആർ എന്നു വിളിക്കുന്ന പി. കെ. രാംദാസിന്റെ മരണത്തിന്റെ നടുക്കത്തിലാണ് കേരളം. ഭരണകക്ഷിയായ ഇന്ത്യൻ യൂണിയൻ ഫ്രണ്ടിന്റെ (ഐയുഎഫ്) നേതാവായ പികെആറിന്റെ മരണം സംഭവിക്കുന്നത് മേടയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ചിൽ വച്ചാണ്. പ്രതിപക്ഷ പാർട്ടിയായ ആർപിഐയുടെ നേതാവ് മേടയിൽ രാജന്റെ മകളുടെ പേരിലുള്ള ആശുപത്രിയാണ് ഇത്. പികെആറിന്റേത് മേടയിൽ രാജൻ ആസൂത്രണം ചെയ്ത കൊലപാതകമാണ് ആരോപണം ഉയരുകയും ആശുപത്രിയ്ക്ക് പുറത്ത് ഐയുഎഫ് പ്രവർത്തകർ കലാപം നടത്തുകയും ചെയ്യുന്നു. ആക്ടിംഗ് മുഖ്യമന്ത്രിയും ഐയുഎഫിലെ തലമുതിർന്ന നേതാവുമായ മഹേഷ് വർമ്മയാണ് ഈ ചരടുവലികൾക്കെല്ലാം പിന്നിൽ.
പികെആറിന്റെ മരണവും അതുമായി ബന്ധപ്പെട്ട കലാപവുമൊക്കെ കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ സമാന്തരമായി സത്യാന്വേഷകനായ ഗോവർദ്ധൻ ഫേസ്ബുക്ക് ലൈവിലൂടെ താൻ കണ്ടെത്തിയ ചില സത്യങ്ങൾ വെളിപ്പെടുത്തുന്നുമുണ്ട്. മരണപ്പെട്ട പികെആർ എല്ലാവരും വാഴ്ത്തുന്നതു പോലെ അത്ര വിശുദ്ധനല്ലെന്നും, അവസാന വർഷങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയെ നിയന്ത്രിക്കുന്ന ഒരു സാമ്പത്തിക സിൻഡിക്കേറ്റിന്റെ കൈയിലെ വെറും പാവ മാത്രമായിരുന്നു പികെആർ എന്നു ആരോപിക്കുകയും ചെയ്യുന്നു. ഐയുഎഫ് പാർട്ടി ഫണ്ടിൽ, സംസ്ഥാന ട്രഷറിയേക്കാൾ ഇരട്ടി പണമുണ്ടെന്ന് ഗോവർദ്ധനൻ പറയുന്നു.
പികെആർ എന്ന വന്മരം വീണ സാഹചര്യത്തിൽ, ഇനി പകരക്കാരായി എത്താൻ സാധ്യതയുള്ള അഞ്ചുപേരെ കൂടി ഗോവർദ്ധനൻ തന്റെ ലൈവിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നു. പ്രിയദർശിനി രാംദാസ്, ബിമൽ നായർ എന്ന ബോബി, ജതിൻ രാംദാസ്, മഹേഷ് വർമ്മ, സ്റ്റീഫൻ നെടുമ്പള്ളി- എന്നിവരാണ് സാധ്യതാലിസ്റ്റിലെ ആ അഞ്ചു പേർ.
പ്രിയയും ജതിനും പികെആറിന്റെ മക്കളാണ്. ബോബി എന്ന ബിമൽ നായർ പികെആറിന്റെ മരുമകനാണ്, പ്രിയദർശിനിയുടെ രണ്ടാമത്തെ ഭർത്താവ്. ഏഴ് വർഷം മുമ്പ് ദുബായിൽ നടന്ന വാഹനാപകടത്തിലാണ് പ്രിയയുടെ ആദ്യഭർത്താവ് മരിക്കുന്നത്. പ്രിയദർശിനിയുടെയും ജയദേവന്റെയും മകളാണ് ജാൻവി. ജയദേവന്റെ മരണം നടന്ന്, ഒരു വർഷത്തിനുശേഷമായിരുന്നു പ്രിയയും എൻആർഐ ബിസിനസ്സുകാരനുമായ ബോബിയും തമ്മിലുള്ള വിവാഹം. അത്ര നല്ല പേരുള്ളയാളല്ല ബോബി. റിയൽ എസ്റ്റേറ്റ്, ഹവാല എന്നിങ്ങനെ പലവിധ അഴിമതികളിലും ബോബിയുടെ പേര് ഒളിഞ്ഞും തെളിഞ്ഞും കേൾക്കുന്നുണ്ട്.
പികെആറിന്റെ മകൻ ജതിൻ അമേരിക്കയിൽ ആണ് താമസം. വീടുമായും പികെആറുമായും അൽപ്പം അകന്നാണ് ജതിന്റെ താമസം. അതിനു ജതിനു ജതിന്റേതായ കാരണങ്ങളുണ്ട്.
ഐയുഎഫിന്റെ പാരമ്പര്യം വച്ചു നോക്കുമ്പോൾ സീനിയോറിറ്റി കൊണ്ട് പികെആറിനു പിൻഗാമിയായി വരേണ്ട ആളാണ് മഹേഷ് വർമ്മ. രാഷ്ട്രീയ ചാണക്യൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വർമ്മ, ലോബിയിംഗ് പരിപാടികളിൽ പുലിയാണ്.
പികെആർ രാഷ്ട്രീയത്തിൽ വളർത്തികൊണ്ടുവന്ന പേരാണ് സ്റ്റീഫൻ നെടുമ്പള്ളി. ആറു വർഷം മുൻപു വരെ അധികമാരും കേൾക്കാത്ത ആ പേരിനെ വിശ്വസ്തതയുടെ ഒരു ബ്രാൻഡ് നെയിം ആക്കി മാറ്റിയത് പികെആർ ആണ്. പികെആറിന്റെ പിൻഗാമികളായി എത്താൻ സാധ്യതയുള്ള അഞ്ചംഗസംഘത്തിൽ, ഏറ്റവും അപകടകാരിയെന്ന് ഗോവർദ്ധൻ വിശേഷിപ്പിക്കുന്നത് സ്റ്റീഫനെയാണ്.
"ഹിന്ദുക്കൾക്കിവൻ മഹിരാവണൻ, ഇസ്ലാമിന് ഇവൻ ഇബിലീസ്, ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒരു പേരേയുള്ളു ലൂസിഫർ," എന്നാണ് ഗോവർദ്ധൻ സ്റ്റീഫനെ വിശേഷിപ്പിക്കുന്നത്. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധാനന്തര പുനർനിർമ്മാണത്തിനായുള്ള കരാർ ജോലികൾ, ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് എന്നിങ്ങനെ സ്റ്റീഫന്റെ ഭൂതകാലത്തെ കുറിച്ച് അൽപ്പം കാര്യങ്ങളൊക്കെ തന്റെ ഡാർക്ക് വെബ് സെർച്ചിലൂടെ ഗോവർദ്ധൻ മനസ്സിലാക്കി വച്ചിട്ടുണ്ട്.
ഇങ്ങനെ ഇരുണ്ട ഭൂതകാലമുള്ള ഒരു വ്യക്തിയെ പികെആർ എല്ലാ വേദികളിലും കൂട്ടിക്കൊണ്ടുപോവുകയും മാനസപുത്രനായി കരുതുകയും തുടർച്ചയായി വിജയം കൈവരിക്കാറുള്ള നെടുമ്പള്ളി അസംബ്ലി സീറ്റ് സ്റ്റീഫനു വേണ്ടി ഉപേക്ഷിക്കുകയും ചെയ്തത് എന്തിനാണെന്ന ചോദ്യം ഗോവർദ്ധനു മുന്നിൽ സമസ്യയായി നിലനിൽക്കുന്നു.
പികെആറിന്റെ ശവസംസ്കാര ചടങ്ങ് കേരളത്തിൽ നടക്കുമ്പോൾ മരുമകൻ ബോബി മുംബൈയിൽ ബിസിനസ്സ് ഡീലുമായി തിരക്കിലാണ്. തന്റെ പരിചയക്കാരനായ അബ്ദുളയുടെ സഹായത്തോടെ, മയക്കുമരുന്ന് പ്രഭു ഫിയോദറുമായുള്ള കരാർ ഉറപ്പിക്കുകയാണ് ബോബി.
സത്യത്തിൽ പികെആറിന്റെ മരണത്തിന്റെ സൂത്രധാരൻ പോലും ബോബിയാണ്. ബോബിയുടെ മയക്കുമരുന്ന് കടത്തിനെ കുറിച്ച് അറിഞ്ഞ് ആ ബിസിനസ്സിൽ നിന്നും പിൻമാറാൻ പികെആർ ബോബിയ്ക്ക് അന്ത്യശാസനം നൽകിയിരുന്നു. പികെആർ എന്ന വൻമരം തന്റെ ബിസിനസ്സിനു മുകളിലേക്ക് ചായുമെന്ന് ഉറപ്പായതോടെയാണ് ബോബി പികെആറിനെ ഇല്ലാതാക്കാൻ പദ്ധതിയിടുന്നത്.
പികെആറിന്റെ മരണത്തോടെ നാഥനില്ലാ കളരിയാവുന്ന ഐയുഎഫിന് പുതിയൊരു ഫിനാൻസിയറെ നൽകി മൂന്നുമടങ്ങ് ഫണ്ട് വാഗ്ദാനം ചെയ്യാനാണ് ബോബിയുടെ പ്ലാൻ. അതുവഴി, ഐയുഎഫിനെയും സർക്കാരിനെയും തന്റെ മയക്കുമരുന്ന് കടത്തിനു മറയായി ഉപയോഗിക്കാം എന്നാണ് ബോബിയുടെ കണക്കുകൂട്ടൽ. ഫിയോദറുമായുള്ള കരാർ പോലും ഈ പ്ലാനിന്റെ പുറത്താണ്.
ഐയുഎഫ് തിരഞ്ഞെടുപ്പിൽ വിജയിച്ചുകഴിഞ്ഞാൽ, മയക്കുമരുന്ന് കേരളത്തിലേക്ക് ഒഴുക്കാനുള്ള സുഗമമായൊരു ചാനലാണ് ബോബി ഫിയോദറിനു വാഗ്ദാനം ചെയ്യുന്നത്. ഇതിനു പ്രതിഫലമായി, പ്രതിമാസം 250 കോടി രൂപയും ബോബി ആവശ്യപ്പെടുന്നു. മാത്രമല്ല, ആദ്യ നാലുമാസത്തെ പ്രതിഫലം ഒറ്റ ഗഡുവായി നൽകാനും ആവശ്യപ്പെടുന്നു. ബോബിയുടെ കരാറിനു ഫിയോദർ സമ്മതം മൂളുന്നു. എന്നാൽ കരാർ തുടരുന്നതിന് മുൻപ് ബോബി കേരളത്തിൽ ഒരു മയക്കുമരുന്ന് ഉൽപാദന പ്ലാന്റ് സ്ഥാപിക്കണമെന്നൊരു ഉടമ്പടിയും വയ്ക്കുന്നു. നെടുമ്പള്ളി പരിധിയിൽ, സർക്കാർ അടച്ചുപൂട്ടിയ തടി ഫാക്ടറിയിലായിരിക്കണം ഈ ഡ്രഗ് ഉത്പാദന പ്ലാന്റ് എന്നും അബ്ദുൾ നിഷ്കർഷിക്കുന്നു.
കേരളത്തിൽ, പി.കെ.ആറിന്റെ ശവസംസ്കാര ചടങ്ങ് നടക്കുമ്പോൾ ആ ചടങ്ങിൽ നിന്ന് സ്റ്റീഫനെ വിലക്കാൻ പ്രിയദർശിനി ആഗ്രഹിക്കുന്നു. അതിനുവേണ്ട കാര്യങ്ങൾ ചെയ്യാൻ വർമ്മയെ ചട്ടം കെട്ടുന്നു. വർമ്മയുടെ ഉത്തരവ് പ്രകാരം കമ്മീഷണർ മയിൽവാഹനം സ്റ്റീഫന്റെ യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. അതേസമയം, പികെആറിന്റെ അവസാന ചടങ്ങുകൾ നടത്താൻ ജതിൻ സ്ഥലത്തില്ലാത്തതിനാൽ അച്ഛന്റെ ചിതയ്ക്ക് പ്രിയദർശിനി തീ കൊളുത്തുന്നു. ജതിനോ ബോബിയോ അടുത്തില്ലാതെ, ആയിരക്കണക്കിന് ഐയുഎഫ് പ്രവർത്തകരെ സാക്ഷിനിർത്തി പികെആറിന്റെ ശവസംസ്കാരചടങ്ങുകൾ അവസാനിക്കുന്നു.
പികെആറിന്റെ ശവസംസ്കാരം കഴിഞ്ഞ രാത്രിയിൽ തിരിച്ച് വീട്ടിലെത്തുന്ന ബോബി, ഉടനെ തന്നെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നു. പാർട്ടിക്ക് ധനസഹായം നൽകാനുള്ള തന്റെ തീരുമാനം അറിയിക്കുകയും നിലവിലെ സഹതാപ തരംഗം മുതലെടുക്കാൻ ഉടനെ തിരഞ്ഞെടുപ്പ് നടക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നു. നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ട്, പികെആറിന്റെ മകൻ ജെതിനെ പാർട്ടിയുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യാനാണ് ബോബിയുടെ പ്ലാൻ. മന്ത്രിസഭയിലെ ചിലർക്ക് ഈ തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കിലും ബാക്കിയെല്ലാവരും തീരുമാനത്തെ ഐക്യകണ്ഠേന അംഗീകരിക്കുന്നു.
തിരഞ്ഞെടുപ്പിനു മുൻപ്, ആദ്യം സ്റ്റീഫനുമായി അനുരഞ്ജനം നടത്താൻ വർമ ബോബിയെ ഉപദേശിക്കുന്നു. എന്നാൽ സ്റ്റീഫനുമായുള്ള ബോബിയുടെ ചർച്ച നിഷ്പ്രഭമാവുന്നു. ഐയുഎഫിന്റെ പുതിയ ഇൻവെസ്റ്റേഴ്സ് ഡ്രഗ്സ് മാഫിയ ആണെന്നറിഞ്ഞ സ്റ്റീഫൻ ബോബിയെ വെല്ലുവിളിക്കുന്നു. ഈ കരാർ നടത്താൻ താൻ സമ്മതിക്കില്ലെന്നു വെല്ലുവിളിച്ചുകൊണ്ടാണ് സ്റ്റീഫൻ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോവുന്നത്.
പ്രകോപിതനായ ബോബി, ഐയുഎഫ് ഫണ്ട് ചെയ്യുന്ന എൻപിടിവി ചാനൽ തലവൻ സഞ്ജീവുമായി ചേർന്ന് സ്റ്റീഫനെ ഒതുക്കാനുള്ള വഴികൾ തേടുന്നു. സ്റ്റീഫനെതിരെ ഒരു സ്മിയർ കാമ്പെയ്ൻ ആരംഭിക്കാൻ സഞ്ജീവിനെ ചുമതലപ്പെടുത്തുന്നു. സഞ്ജീവിന്റെ നിർദ്ദേശപ്രകാരം എൻപിടിവിയുടെ റിപ്പോർട്ടർ ആദ്യം ചെന്നെത്തുന്നത് ഗോവർദ്ധനിലേക്ക് ആണ്. എന്നാൽ സ്റ്റീഫനെതിരെയുള്ള തെളിവുകൾ അല്ല, ബോബിയ്ക്ക് എതിരെയുള്ള തെളിവുകളാണ് ഗോവർദ്ധൻ കൈമാറുന്നത്. ഈ ഫയലുകൾ സഞ്ജീവിൽ എത്തിച്ചേരുന്നതോടെ ഗോവർദ്ധൻ പ്രശ്നത്തിലാവുന്നു. ഐയുഎഫ് പ്രവർത്തകനായ മുരുകൻ ഗോവർദ്ധനെ പിടികൂടി ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ അടയ്ക്കുന്നു.
ഫിയോദറിന്റെ നിർദ്ദേശപ്രകാരം അബ്ദുള്ള, നെടുമ്പള്ളിയിലെ തടി മില്ലിലേക്ക് മയക്കുമരുന്ന് ഉൽപാദന പ്ലാന്റിനു ആവശ്യമായ സാധനങ്ങൾ എത്തിക്കാനായി ആളുകളെ അയക്കുന്നു. എന്നാൽ, ഇതറിഞ്ഞ സ്റ്റീഫൻ ആ സംഘത്തെ നേരിടുന്നു. ആറു പേരെ കൊല്ലുകയും മറ്റുള്ളവരെ തുരത്തുകയും ചെയ്യുന്നു. സ്റ്റീഫനെ നിരീക്ഷിക്കാനായി ബോബി ചുമതലപ്പെടുത്തിയ അലോഷി ഇക്കാര്യം ബോബിയെ അറിയിക്കുന്നു. ഈ കൊലപാതക സീനിൽ സ്റ്റീഫനെ പൂട്ടാം എന്നു കരുതി പൊലീസ് ഉദ്യോഗസ്ഥൻ മയിൽവാഹനം അവിടെ എത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാതെ മടങ്ങുന്നു.
ദുരൂഹതകൾ ഏറെയുള്ള സ്റ്റീഫൻ യഥാർത്ഥത്തിൽ ആരാണ് ? എന്ന ബോബിയുടെ അന്വേഷണം ചെന്നു നിൽക്കുന്നത് പ്രിയയുടെ ഡയറിയിലാണ്. ചെറുപ്പത്തിൽ പികെആർ എവിടെ നിന്നോ കൊണ്ടുവന്ന കുട്ടിയാണ് സ്റ്റീഫൻ. സ്റ്റീഫന്റെ വരവും സ്റ്റീഫനോട് തന്റെ അച്ഛൻ കാണിച്ച സ്നേഹക്കൂടുതലുമാണ് തന്റെ അമ്മയും അച്ഛനും മാനസികമായി അകലാൻ കാരണമായതെന്നാണ് പ്രിയ വിശ്വസിക്കുന്നത്. അമ്മയുടെ മരണത്തിനുപോലും കാരണമായത് സ്റ്റീഫന്റെ സാന്നിധ്യമാണെന്ന് വിശ്വസിക്കുന്ന പ്രിയ, സ്റ്റീഫനെ അതിതീവ്രമായി വെറുക്കുന്നു.
പികെആർ പറഞ്ഞിട്ട്, ആശ്രയം എന്ന സ്ഥാപനം നടത്തി വരുന്നത് സ്റ്റീഫനാണ്. ആശ്രയത്തിലെ അന്തേവാസികളിലൊരാളായ അപർണയെ വച്ച് സ്റ്റീഫനെ അപകീർത്തിപ്പെടുത്താൻ അലോഷിയും എൻപിടിവിയും ശ്രമിക്കുന്നു. സ്റ്റീഫൻ തന്നെ ബലാത്സംഗം ചെയ്തുവെന്നും ആശ്രയത്തിന്റെ മറവിൽ പലവിധ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എൻപിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അപർണ ആരോപിക്കുന്നു. ഇതിനെ തുടർന്ന് സ്റ്റീഫൻ അറസ്റ്റു ചെയ്യപ്പെടുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്യുന്നു. സ്റ്റീഫനെതിരെ ജനരോഷം ഉയരുന്നു.
അതേസമയം, വിദേശത്തു നിന്നും ജതിൻ നാട്ടിലെത്തുന്നു. തന്റെ പ്രസംഗത്തിലൂടെ പൊതുജനങ്ങളെ കയ്യിലെടുക്കുന്നു.
ഇതേ സാഹചര്യത്തിലാണ്, സ്റ്റീഫന്റെ വിശ്വസ്തനായ സയിദ് മസൂദിന്റെ എൻട്രി. സ്റ്റീഫനു വേണ്ടി എന്തും ചെയ്യാൻ റെഡിയായി പുറത്തു നിൽക്കുകയാണ് സയിദ് മസൂദ്. ബോബിയ്ക്ക് ഫിയോദർ ഫണ്ട് കൈമാറുന്നതിനിടയിൽ സയിദും കൂട്ടരും കയറി കളിക്കുകയും 1000 കോടിയോളം വരുന്ന ആദ്യ ഗഡുവുമായി വന്ന കണ്ടെയ്നറുകൾ കത്തിച്ചു കളയുകയും ചെയ്യുന്നു. സ്റ്റീഫനെ മോചിപ്പിക്കണമെന്ന ആവശ്യവും സയീദ് മുന്നോട്ടുവയ്ക്കുന്നു. ബോബിയ്ക്ക് നിവൃത്തിയില്ലാതെ സമ്മതിക്കേണ്ടി വരുന്നു. അതോടെ സ്റ്റീഫൻ ജയിൽ മോചിതനാവുന്നു.
അതേസമയം, പ്രിയദർശിനി തനിക്കു ചുറ്റും നടക്കുന്ന ചില ചൂഷണങ്ങൾ തിരിച്ചറിയുകയാണ്. അമിതമായ അളവിൽ മയക്കുമരുന്ന് കഴിച്ചതിനെ തുടർന്ന് മകൾ ജാൻവി ആശുപത്രിയിൽ ആവുന്നതോടെയാണ് സംഭവങ്ങളുടെ യഥാർത്ഥ ചിത്രം പ്രിയ അറിയുന്നത്. രണ്ടാനച്ഛനായ ബോബി മയക്കുമരുന്ന് നൽകി വർഷങ്ങളായി തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയാണന്ന സത്യം ജാൻവി പ്രിയയോട് തുറന്നു പറയുന്നു.
ബോബിയുടെ വിശ്വാസവഞ്ചനയിൽ ഞെട്ടിയ പ്രിയ ബോബിയെ ചോദ്യം ചെയ്യുമ്പോൾ, ബോബി അതു സമ്മതിക്കുകയും തനിക്കെതിരെ വന്നാൽ സംസ്ഥാനത്തെ മയക്കുമരുന്നു കടത്തുകാരുമായുള്ള ജാൻവിയുടെ സമ്പർക്കം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. പികെആറിനെയും ജയദേവനെയും ഇല്ലാതാക്കിയത് താനാണെന്ന സത്യവും ബോബി സമ്മതിക്കുന്നു. മറുവശത്ത്, ജാൻവിക്കെതിരെ കേസ് ഫയൽ ചെയ്യാത്തതിന് പകരമായി, മയിൽവാഹനം പ്രിയയോട് സെക്ഷ്വൽ ഫേവർ ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്യുന്നു.
ഇനിയെന്തു ചെയ്യുമെന്ന പ്രതിസന്ധിയിൽ നിൽക്കുന്ന പ്രിയദർശിനിയ്ക്ക് മാർഗ്ഗനിർദ്ദേശമാവുന്നത് പികെആർ മരിക്കുന്നതിനു മുൻപു പറഞ്ഞ വാക്കുകളാണ്. 'ഞാനില്ലാതെയാവുന്ന കാലത്ത് നിനക്ക് എന്തെങ്കിലും സഹായം വേണ്ടിവന്നാൽ അന്ന് സഹായിക്കാൻ സ്റ്റീഫനെ ഉണ്ടാവൂ', എന്ന പികെആറിന്റെ വാക്കുകൾ പ്രിയദർശിനി ഓർക്കുന്നു. പ്രിയദർശിനി സ്റ്റീഫനോട് തന്റെ അവസ്ഥ പറയുകയും സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു.
പികെആറിന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോവാൻ മടിക്കാത്ത സ്റ്റീഫൻ, തന്റെ ആളുകളുടെ സഹായത്തോടെ മയിൽവാഹനത്തെ കൊല്ലുന്നു. എൻപിടിവിയുടെ കടങ്ങൾ തീർക്കുകയും ചാനലിന്റെ നിയന്ത്രണം പ്രിയയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ബോബിയുടെ അനധികൃത കച്ചവടം തുറന്നുകാട്ടാൻ ജതിനും പ്രിയയും പത്രസമ്മേളനം വിളിക്കുന്നു. ഇടയാൻ വന്ന ബോബിയോട്, താൻ വിളിച്ചിട്ടില്ല എന്റെ ചേട്ടനായ സ്റ്റീഫൻ വിളിച്ചിട്ടാണ് താൻ വന്നതെന്നാണ് ജെതിൻ പറയുന്നത്.
കരാർ പാലിക്കുന്നതിൽ പരാജയപ്പെട്ട ബോബിയെ ഫിയോദറിന്റെ ആളുകൾ മുംബൈയിൽ തടവിലാക്കുന്നു. എന്നാൽ ഫിയോദർ ബോബിയെ കൊല്ലും മുൻപ്, സയിദിന്റെ സഹായത്തോടെ അവിടെയെത്തിയ സ്റ്റീഫൻ ബോബിയെ കൊല്ലുന്നു.
ബോബി പോയതോടെ, ഇനിയാരുമായി സഖ്യം ചെയ്താലാണ് നിലനിൽക്കാനാവുക എന്ന ആശങ്കയിലാണ് അലോഷി. എന്നാൽ, സ്റ്റീഫനെ ഒറ്റിയതിനു ശിക്ഷയായി അലോഷിയെ മുരുകൻ കൊല്ലുന്നു, കൊല്ലുന്നതിനു മുൻപ് താൻ സ്റ്റീഫന്റെ ചാരനാണെന്ന് വെളിപ്പെടുത്തുന്നുമുണ്ട് മുരുകൻ. ബോബിയുടെ നിർദ്ദേശപ്രകാരം മെന്റൽ ഹോസ്പിറ്റലിൽ അടയ്ക്കപ്പെട്ട ഗോവർദ്ധനെയും മുരുകൻ മോചിപ്പിക്കുന്നു. ആശ്രയത്തിൽ എത്തുന്ന ഗോവർദ്ധനെ വരവേൽക്കുന്നത് പിണങ്ങിപ്പോയ അയാളുടെ ഭാര്യയും മകളുമാണ്. ഒപ്പം ലൂസിഫറിന്റെ ഒരു കത്തും.
"പ്രിയപ്പെട്ട ഗോവർദ്ധൻ,
താങ്കൾ എന്നെക്കുറിച്ച് മനസ്സിലാക്കിയതൊക്കെ നേരാണ്.
കേരളംഭയക്കാതിരുന്ന, എന്നാൽ ഭയക്കേണ്ട ഏറ്റവും വലിയ വിഷസർപ്പം 'രാജവെമ്പാല' ഞാൻ തന്നെയാണ്.
നിങ്ങൾ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങൾ തെരെഞ്ഞെടുതത വഴികളിലൂടെ തുടർന്നു കൊണ്ടേയിരിക്കുക.
സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങൾ വായിക്കുമ്പോൾ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു സമ്മാനമുണ്ട്.
ആശ്രയത്തിലേക്ക് ചെല്ലുക.
സസ്നേഹം
നിങ്ങൾ എന്നും വെറുക്കേണ്ട,
നിങ്ങൾ മാത്രം കണ്ടെത്തിയ,
നിങ്ങളുടെ സ്വന്തം L."
ബോബിയുടെ മരണത്തിനു പിന്നാലെ ജെതിൻ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.
കേരളത്തിൽ തീർക്കാനുള്ളതെല്ലാം തീർത്ത് സ്റ്റീഫൻ സെയ്ദിനൊപ്പം തന്റെ ലോകത്തേക്ക് മടങ്ങുന്നു. ടെയിൽ എൻഡിൽ, സ്റ്റീഫന്റെയും സയിദിന്റെയും ചില അണ്ടർവേൾഡ് ഇടപാടുകളാണ് കാണിക്കുന്നത്. ഖുറേഷി-അബ്രാം എന്ന് സ്റ്റീഫൻ സ്വയം പരിചയപ്പെടുത്തുന്നു. ക്ലോസിംഗ് ക്രെഡിറ്റുകളിൽ, വിവിധ അന്താരാഷ്ട്ര പത്രങ്ങളുടെ തലക്കെട്ടുകളിൽ ക്രൈം സിൻഡിക്കേറ്റിന്റെ തലവനായി അബ്രാം നിറയുന്നതും കാണാം.
ആരാണ് ഖുറേഷി എബ്രാം? എന്ന ചോദ്യം ബാക്കിവച്ചാണ് ലൂസിഫർ അവസാനിച്ചത്. ആ ചോദ്യത്തിനുള്ള ഉത്തരമാണ് എമ്പുരാനിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും.
Read More
- ജിംഖാനയ്ക്ക് വേണ്ടി ഇടികൊണ്ട് പഴുക്കാൻ വരെ തയ്യാറാണ് ടീംസ്: ആലപ്പുഴ ജിംഖാന ട്രെയിലർ
- ഇന്ത താടിയാലെ ആർക്കാടാ പ്രശ്നം; എക്സ്ട്രാ കൂളാണ് ലാലേട്ടൻ, തുടരും ട്രെയിലർ
- വിനീത് ശ്രീനിവാസനില് നിന്നും ഇങ്ങനെ പ്രതീക്ഷിച്ചില്ല, എന്താണ് കാണിച്ചുവച്ചിരിക്കുന്നത്: അഭിഷേക് ജയദീപ്
- മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ
- Bromance OTT: ബ്രോമാൻസ് എപ്പോൾ ഒടിടിയിൽ എത്തും?
- 'ദൃശ്യം 3' ഈ വർഷം? അപ്ഡേറ്റ് പങ്കുവച്ച് മോഹൻലാൽ
- എമ്പുരാനായി പ്രാർത്ഥനയോടെ മല്ലിക സുകുമാരൻ ഗൂരുവായൂർ ക്ഷേത്രത്തിൽ
- ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്!
- മലയാളത്തിന്റെ അഭിമാനതാരം വളർന്ന വീടാണിത്
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ നടിയെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.