/indian-express-malayalam/media/media_files/zxrhZVzhUaaIrOX0nrre.jpg)
Jasmin Jaffar: The Queen of Resilience
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ അതിന്റെ അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണ്. ഷോ 78 ദിവസം പിന്നിടുമ്പോൾ ആരൊക്കയാണ് ഫൈനൽ ഫൈവിലെത്തുന്ന മത്സരാർത്ഥികൾ? ആര് കപ്പ് ഉയർത്തും? എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. അർജുൻ, ശ്രീതു, ജാസ്മിൻ, ജിന്റോ, സിജോ, നന്ദന, സായ്, ഋഷി, നോറ, അഭിഷേക് എന്നിങ്ങനെ 10 മത്സരാർത്ഥികളാണ് ഇപ്പോൾ ഷോയിലുള്ളത്.
ഓരോ മത്സരാർത്ഥികളുടെയും ഇതുവരെയുള്ള ബിഗ് ബോസ് യാത്ര എങ്ങനെയായിരുന്നു? ഒരു ഗെയിമർ എന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും എന്തൊക്കെയാണ് പോസിറ്റീവ് വശങ്ങൾ? എന്തൊക്കെയാണ് നെഗറ്റീവ് വശങ്ങൾ? എന്നു പരിശോധിക്കുകയാണ് In the Spotlight.
2. ജാസ്മിൻ ജാഫർ
/indian-express-malayalam/media/media_files/8SVLP0MRWktFR8G1VrUN.jpg)
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ അകത്തും പുറത്തും ഇത്രയേറെ സൈബർ ആക്രമണം നേരിട്ട മറ്റൊരു മത്സരാർത്ഥി ഉണ്ടാവില്ലെന്നു തന്നെ പറയാം. ബിഗ് ബോസ് കാണാത്ത മലയാളികൾക്കു പോലും ഇന്ന് ജാസ്മിൻ ജാഫർ എന്ന പേരു സുപരിചിതമാണ്. ജാസ്മിൻ ഈ ഷോയുടെ വിജയിയായാലും ഇല്ലെങ്കിലും, ബിഗ് ബോസ് സീസൺ ആറ് അറിയപ്പെടുക ജാസ്മിൻ എന്ന മത്സരാർത്ഥിയുടെ പേരിൽ തന്നെയാവും. കാരണം അത്രയേറെ സംഭവബഹുലമായിരുന്നു ജാസ്മിൻ ജാഫറിന്റെ ഇതുവരെയുള്ള ബിഗ് ബോസ് യാത്ര.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും വ്ളോഗറുമായ ഇരുപത്തിമൂന്നു വയസ്സുകാരി എന്ന മേൽവിലാസത്തിലാണ് ജാസ്മിൻ ബിഗ് ബോസ് ഷോയിലേക്ക് എത്തുന്നത്. ജാസ്മിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി കൊണ്ട് മോഹൻലാൽ പറഞ്ഞ വാക്യം, "ചെറുപ്രായത്തിൽ തന്നെ പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പെൺകുട്ടി" എന്നതായിരുന്നു. .
ഹൗസിനകത്തേക്ക് പ്രവേശിക്കും മുൻപ് ജാസ്മിൻ പ്രേക്ഷകരോടായി പറഞ്ഞ വാക്കുകളിലും മുഴച്ചു നിന്നത് ആ പക്വത തന്നെയായിരുന്നു. "ഞാൻ അതിനകത്ത് ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യും. നല്ലതു മാത്രമല്ല, എനിക്ക് മോശം സൈഡുമുണ്ട്. അത് പ്രേക്ഷകർ മനസ്സിലാക്കുമെന്നു കരുതുന്നു". റിയലായി കളിക്കാൻ ഉറച്ചും ബിഗ് ബോസ് എന്ന ഷോയെ നന്നായി മനസ്സിലാക്കിയുമാണ് ജാസ്മിൻ ഹൗസിനകത്തേക്ക് കാലെടുത്തുവച്ചത് എന്നത് ഇതിൽ നിന്നും വ്യക്തം.
ഐസ് ബ്രേക്കിംഗ് സമയം പോലുമെടുക്കാതെ ഗെയിമിലേക്ക്...
അപരിചിതരായ രണ്ടു വ്യക്തികൾ തമ്മിൽ സംസാരിച്ചു തുടങ്ങുമ്പോളാണെങ്കിലും ഒരു ടാസ്കിലേക്കോ ഗെയിമിലേക്കോ മത്സരാർത്ഥികൾ ഇറങ്ങി കളിക്കുന്നതിന്റെ കാര്യത്തിലായാലും എല്ലായിടത്തും ഒരു ഐസ് ബ്രേക്കിംഗിന്റെ സാവകാശം ആവശ്യമായി വരാറുണ്ട്. എന്നാൽ, സഹമത്സരാർത്ഥികളെ പഠിക്കുന്നതിനു മുൻപു തന്നെ ഗെയിമിലേക്ക് ഇറങ്ങി കളിച്ച നാലു മത്സരാർത്ഥികളെയാണ് ഷോയുടെ രണ്ടാം ദിവസം പ്രേക്ഷകർ കണ്ടത്. ജാൻമണിയുമായി കോർത്ത് വീട്ടിൽ ആദ്യത്തെ അടിയ്ക്ക് കാരണമായ രതീഷ്, ക്യാപ്റ്റൻസി ടാസ്കിനെ ഗ്രൂപ്പ് പ്ലേയാക്കി കളിക്കുക എന്ന അതിബുദ്ധി സ്ട്രാറ്റജി പുറത്തെടുത്ത സിജോയും റോക്കിയും... അവർക്കൊപ്പം നേർക്കുനേർ നിന്ന് തന്റെ സ്പേസ് രേഖപ്പെടുത്തിയ ആറാം സീസണിലെ ആദ്യ വനിത മത്സരാർത്ഥി ജാസ്മിനാണ്. .
ഒരു ഐസ് ബ്രേക്കിംഗ് മൊമന്റിനു കാത്തുനിൽക്കാതെ, തന്റെ അഭിപ്രായങ്ങളും ബോധ്യങ്ങളെയും ആരെയും കൂസാതെ പറയുമെന്ന് ആദ്യ ടാസ്കിൽ തന്നെ ജാസ്മിൻ തെളിയിച്ചു. ആദ്യ ക്യാപ്റ്റൻസി ടാസ്കിൽ ഒത്തുകളിച്ച സിജോയുടെയും റോക്കിയുടെയും പ്ലാൻ പൊളിച്ചത് ജാസ്മിനാണ്. സിജോ ശേഖരിച്ച ബോളുകളെല്ലാം റോക്കിയ്ക്കാണ് നൽകുന്നതെന്ന് മനസ്സിലാക്കിയ ഉടനെ തന്നെ ജാസ്മിൻ പ്രതികരിച്ചു. സംഭവം മറ്റുള്ളവരും അറിഞ്ഞതോടെ സിജോ-റോക്കി ഒത്തുകളിയ്ക്കെതിരെയായി ഭൂരിപക്ഷം. അതോടെ ആ ക്യാപ്റ്റൻസി ടാസ്കിന്റെ ഗതി തന്നെ മാറുകയായിരുന്നു. ഒത്തുകളിച്ചവർ ജയിക്കരുതെന്ന വാശിയിൽ ശ്രീരേഖ തന്റെ ബോളുകൾ അർജുന് വിട്ടുകൊടുത്തതോടെ അപ്രതീക്ഷമായ ട്വിസ്റ്റാണ് ആ ഗെയിമിലുണ്ടായത്.
ബിഗ് ബോസ് വീട്ടിലെ ആദ്യ ക്യാപ്റ്റനായി അർജുൻ തിരഞ്ഞെടുക്കപ്പെട്ടു. അതിനു പ്രത്യുപകാരമെന്നവണ്ണം ശ്രീരേഖയുൾപ്പെടുന്ന ടീമിന് അർജുൻ പവർ ടീം അധികാരം നൽകി. ജാസ്മിൻ, സിജോ- റോക്കി ഒത്തുകളിയെ ചോദ്യം ചെയ്തിരുന്നില്ലെങ്കിൽ റോക്കി ക്യാപ്റ്റൻസിയിലേക്ക് എത്തുകയും പവർ ടീം അധികാരം സിജോയിലേക്ക് എത്തുകയും ചെയ്തേനെ. ആ നിലയിൽ നോക്കുമ്പോൾ, സീസൺ ആറിലെ ആദ്യത്തെ ഗെയിം ചേഞ്ചർ ജാസ്മിനാണ്.
തുടക്കം കസറിയെങ്കിലും മൂന്നാം നാൾ ജാസ്മിനു കാലിടറി. സ്വപ്നം കണ്ട ബിഗ് ബോസ് വീട്ടിലെത്തി എന്നതിന്റെ വൗ ഫീലിംഗ് മാറുകയും, ആ വീടിന്റെ റിയാലിറ്റിയിൽ കാലുറപ്പിക്കുകയും ചെയ്തതോടെ ജാസ്മിൻ വൈകാരികമായി തളർന്നു. ഡിബേറ്റ് ടാസ്കുകളിലെ വാദപ്രതിവാദങ്ങൾ ഉൾപ്പെടെ പലതും ജാസ്മിൻ പേഴ്സണലായി എടുത്തതോടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ മൂന്നാം നാൾ കണ്ടത്. അന്നു രാത്രി, ഗാർഡൻ ഏരിയയിലിരുന്ന് കരഞ്ഞ ജാസ്മിനെ ആശ്വസിപ്പിക്കുന്നതും കരയാനൊരു തോളാവുന്നതും ഗബ്രിയാണ്. നിൽക്കുന്നത് ഒരു പടക്കളത്തിലാണെന്നു മനസ്സിലാക്കുകയും, അവിടെ വൈകാരിക പിന്തുണ നൽകാൻ ഒരാളുണ്ടാവുന്നത് ആശ്വാസമാണെന്നു മനസ്സിലാക്കുകയും ചെയ്ത ജാസ്മിൻ അവിടം മുതലാണ് വൈകാരികമായി ഗബ്രിയെ ആശ്രയിക്കാൻ തുടങ്ങുന്നത്.
ആ തീരുമാനം വ്യക്തിപരമായി ജാസ്മിനു ആശ്വാസം പകർന്നിട്ടുണ്ടാവുമെങ്കിലും ഗെയിമർ എന്ന രീതിയിൽ ജാസ്മിൻ എടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അതെന്നു പറയേണ്ടി വരും, ജാസ്മിനെ സംബന്ധിച്ചു മാത്രമല്ല ഗബ്രിയെ സംബന്ധിച്ചും. രണ്ടു മനുഷ്യർ തമ്മിൽ പരിചയപ്പെടാനും അവർക്കിടയിൽ അടുപ്പം രൂപപ്പെടാനുമെടുക്കുന്ന സ്വാഭാവികമായ ആ സാവകാശവും ഓർഗാനിക്കായ അടുപ്പവും ജാസ്മിൻ- ഗബ്രി കോമ്പോയിൽ മിസ്സിംഗ് ആയിരുന്നു. വളരെ ഇംപൽസീവായി ഉയർന്നുവന്ന ഒരു കോമ്പോ എന്ന രീതിയിൽ അതു വേറിട്ടു നിന്നു. അതോടെ, ഇരുവരും ഷോയ്ക്ക് മുൻപു തന്നെ പ്ലാൻ ചെയ്തു വന്നതാണോ എന്ന സംശയം പ്രേക്ഷകരിൽ മുളച്ചു. ആ സംശയത്തിലേക്ക് പെട്രോൾ ഒഴിക്കുന്നതായിരുന്നു, ഇരുവരും വീടിനു പുറത്തുവച്ചു തന്നെ ഗെയിം പ്ലാൻ ചെയ്തു എന്ന ജിന്റോയുടെ പ്രഖ്യാപനം. അതോടെ, പ്രേക്ഷകരെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്ന രണ്ടു മത്സരാർത്ഥികൾ എന്ന രീതിയിൽ ഗബ്രിയും ജാസ്മിനും പ്രേക്ഷകരുടെയും സമൂഹമാധ്യമങ്ങളുടെയും കണ്ണിലെ കരടായി മാറി. .
തനിയെ നിന്നു കളിക്കുന്ന മത്സരാർത്ഥികൾക്കിടയിൽ ഗബ്രി- ജാസ്മിൻ കോമ്പോ എപ്പോഴും വേറിട്ടു നിന്നു. മാത്രമല്ല, ആ ഗെയിം അൺഫെയർ ആണെന്ന രീതിയിലായി പ്രേക്ഷകരുടെയും വിലയിരുത്തൽ. ജിന്റോ ഉൾപ്പെടെയുള്ള പല മത്സരാർത്ഥികളും ഗബ്രിയേയും ജാസ്മിനെയും ടാർഗറ്റ് ചെയ്തുകൊണ്ടുള്ള പ്ലേ തുടങ്ങി. 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം' എന്നു പറയുന്നതു പോലെയായി പിന്നെ കാര്യങ്ങൾ. ജാസ്മിന്റെ ഹൈജീനും ഗബ്രിയോടുള്ള അടുപ്പവും തുടങ്ങി തീർത്തും വ്യക്തിപരമായ ചോയ്സുകൾ വരെ എടുത്തിട്ട് ജാസ്മിനെതിരെ വീടിനകത്തും പുറത്തും വിമർശനങ്ങൾ ഉയർന്നു.
വിവാഹം ഉറപ്പിച്ചു ബിഗ് ബോസ് വീട്ടിലെത്തിയ പെൺകുട്ടി, ഷോയിൽ വച്ച് ഒരു മത്സരാർത്ഥിയോട് കാണിക്കുന്ന അടുപ്പവും അയാളെ ഹഗ്ഗ് ചെയ്യുന്നതും കൈപ്പിടിച്ചിരിക്കുന്നതുമെല്ലാം സദാചാര കേരളത്തിലെ വലിയ പ്രശ്നങ്ങളായി മാറി. ജാസ്മിൻ- ഗബ്രി കോമ്പോയെ വളഞ്ഞിട്ടു ആക്രമിക്കുന്ന ജിന്റോയുടെ ഗെയിം പ്ലാനിനൊപ്പം സമൂഹത്തിനു മുന്നിൽ നല്ല കുട്ടി ഇമേജുള്ള, പൊതുബോധത്തെ തൃപ്തി പെടുത്തുന്ന അൻസിബയെ പോലെയുള്ള മത്സരാർത്ഥികളുടെ സദാചാര പ്രസംഗം കൂടിയായതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. പുറത്തെ പി ആർ ടീമുകൾ പ്രശ്നം ഊതി കത്തിച്ചു. അതോടെ സൈബർ അറ്റാക്കുകൾ ജാസ്മിന്റെ കുടുംബത്തെയും പ്രതിശ്രുത വരനെയുമെല്ലാം ബാധിച്ചു. ബിഗ് ബോസ് വീടിനകത്തേക്കാൾ വലിയ ഡ്രാമകളാണ് പുറത്ത് നടന്നത്. നെഗറ്റീവ് കമന്റുകളും ഹേറ്റേഴ്സും സദാചാരവാദികളുമെല്ലാം ചേർന്ന് ജാസ്മിനെ ഒരു വിവാദ നായികയായി ചിത്രീകരിച്ചു.
അടുക്കള സ്ത്രീകൾക്കായി തീറെഴുതി കൊടുക്കുന്ന പൊതുസമൂഹത്തിനു മുന്നിൽ അടുക്കള പണിയറിയാത്ത, ജോലി ചെയ്യാൻ മടിയുള്ള ജാസ്മിൻ എന്ന പെൺകുട്ടി മോശക്കാരിയായി മാറി. ദേഷ്യം വന്നാൽ തെറി വിളിക്കുന്ന, ഉടക്കാൻ വരുന്നത് ആരായാലും ഒട്ടും കൂസാതെ മുഖത്തുനോക്കി കാര്യങ്ങൾ പറയുന്ന, ഒന്നിനെയും പേടിയില്ലാത്ത ജാസ്മിന് തന്റേടിയെന്ന മേൽവിലാസം ലഭിക്കാനും അധിക സമയം വേണ്ടി വന്നില്ല. ഇതേ ഗുണങ്ങളുള്ള പുരുഷ മത്സരാർത്ഥികളെ ഇരുകയ്യും നീട്ടി സ്വീകരിച്ച അതേ ബിഗ് ബോസ് ഓഡിയൻസ് തന്നെയാണ് ജാസ്മിനെ കുരിശിൽ തറച്ചത്. ജാസ്മിൻ ഒരു പുരുഷനായിരുന്നുവെങ്കിൽ, ഈ സ്വഭാവവിശേഷങ്ങൾ വാഴ്ത്തപ്പെടുകയും ബിഗ് ബോസ് രാജാവായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തേനെ എന്നത് വേറെ കാര്യം. സ്ത്രീയ്ക്കും പുരുഷനും സാമൂഹിക നിയമങ്ങളും ശരി-തെറ്റുകളും വ്യത്യസ്തമാണെന്ന് ജാസ്മിനിലൂടെ ഒന്നുകൂടി വിസിബിൾ ആയി. .
ഇടയ്ക്ക്, ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ജാസ്മിന്റെ പിതാവിന്റെ ഫോൺ കോളും അതിന്റെ കണ്ടന്റ് പബ്ലിക്കായി പ്രേക്ഷകരിലേക്ക് എത്തിക്കാത്ത ബിഗ് ബോസിന്റെ തീരുമാനവുമെല്ലാം വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. അകത്തു മാത്രമല്ല, പുറത്തും തനിക്ക് വലിയ നെഗറ്റീവാണെന്ന് ജാസ്മിൻ ആ ഫോൺകോളിലൂടെ തന്നെ മനസ്സിലാക്കിയിരിക്കണം. എന്നിട്ടും, സമൂഹം എന്തു പറയുമെന്നോർത്ത് ഗബ്രിയോടുള്ള സൗഹൃദത്തിൽ നിന്നു പിൻതിരിയാൻ ജാസ്മിൻ കൂട്ടാക്കിയില്ല. മാത്രമല്ല, ആ അടുപ്പം നാൾക്കുനാൾ കൂടുതൽ ദൃഢമായി.
ഈ സമയത്ത് വിവാദങ്ങളിൽ അല്ലാതെ, ജാസ്മിൻ എന്ന ഗെയിമറെ പ്രേക്ഷകർ അധികം കണ്ടതേയില്ല. ഗബ്രിയുമായുള്ള അടുപ്പവും, അതിലെ ക്ലാരിറ്റിയില്ലായ്മയും വഴക്കുകളുമൊക്കെ ജാസ്മിനിലെ ഗെയിമറെ ഒരു പുകമറയ്ക്കുളളിലെന്ന പോലെ മറച്ചുപിടിക്കുകയായിരുന്നു. 'ക്ലാരിറ്റിയില്ലായ്മ ആണ് ഞങ്ങൾക്കിടയിലെ ക്ലാരിറ്റി' എന്നു തുടങ്ങിയ ഗബ്രി ഡയലോഗുകളും ഒരേ കാര്യം ആവർത്തിച്ചുള്ള ഇരുവരുടെയും സംസാരവുമെല്ലാം പ്രേക്ഷകർക്ക് അരോചകമായി മാറി.
ഇങ്ങനെ, വല്ലാതെ കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന ജാസ്മിന്റെ ബിഗ് ബോസ് ദിവസങ്ങളിലേക്കാണ് വമ്പൻ ട്വിസ്റ്റുമായി കൃത്യം 30-ാം നാൾ വൈൽഡ് കാർഡ് എൻട്രികൾ എത്തിയത്. പുറത്തു നിന്ന് കളി കണ്ട്, ജനവികാരവും, ജാസ്മിൻ- ഗബ്രി പ്രതികൂല അന്തരീക്ഷവുമെല്ലാം മനസ്സിലാക്കി എത്തിയ ആറു വൈൽഡ് കാർഡുകളിൽ നാലുപേരുടെയും കൃത്യമായ ടാർഗറ്റ് ജാസ്മിനും ഗബ്രിയുമായിരുന്നു. സിബിൻ, നന്ദന, പൂജ കൃഷ്ണൻ എന്നിവരെല്ലാം നേർക്കുനേർ ജാസ്മിനോട് മുട്ടിയപ്പോൾ, പുറത്തെ ജാസ്മിൻ വിരുദ്ധവികാരം ജാസ്മിനെ അറിയിച്ച് വൈകാരികമായി തളർത്തുക എന്ന തന്ത്രമാണ് സായ് പുറത്തെടുത്തത്. ഉറപ്പിച്ചുവച്ച വിവാഹത്തിൽ എന്തോ പ്രശ്നം വന്നിട്ടുണ്ടെന്ന തരത്തിലുള്ള സൂചനകളും സായി ജാസ്മിനു കൊടുത്തു. വീട്ടിൽ നിന്നു വസ്ത്രങ്ങൾ വരാതെ ആയതും കൂടിയായപ്പോൾ പുറത്ത് സീരിയസായി എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് ജാസ്മിൻ മനസ്സിലാക്കുകയായിരുന്നു. .
തുടർന്ന് അങ്ങോട്ട് ജാസ്മിനെ സംബന്ധിച്ച് പരീക്ഷണ ദിനങ്ങളായിരുന്നു. സിബിന്റെയും ജിന്റോയുടെയും നേർക്കുനേർ നിന്നുള്ള ആക്രമണം, കൂട്ടത്തോടെയുള്ള ചോദ്യം ചെയ്യപ്പെടലുകൾ... 37-ാം ദിവസം തകർന്നു തരിപ്പണമായ ജാസ്മിനെയും പ്രേക്ഷകർ കണ്ടു.
സിബിന്റെ ഗെയിം പ്ലാൻ ജാസ്മിനെ തകർത്തു കളഞ്ഞു എന്ന രീതിയിലാണ് ഇതെല്ലാം പുറത്ത് സെലിബ്രേറ്റ് ചെയ്യപ്പെട്ടത്. എന്നാൽ, ആ 37-ാം നാൾ ജാസ്മിനെ സംബന്ധിച്ച് ഒരു നോർമൽ ഡേ ആയിരുന്നില്ല എന്നതാണ് സത്യം. ആർത്തവ സമയത്തെ മൂഡ് സ്വിംഗ്‌സുമായി ഇരിക്കുന്ന ജാസ്മിന് ചുറ്റുമുള്ള സ്ട്രെസ്സ് താങ്ങാനായില്ല. അത്രയും തകർന്നടിഞ്ഞ അവസ്ഥയിൽ അതിനു മുൻപോ ശേഷമോ ജാസ്മിനെ പ്രേക്ഷകർ കണ്ടിട്ടുണ്ടാവില്ല. അന്നു ജാസ്മിനെ പിന്തുണച്ച ഒരാൾ നോറയാണ്, ജാസ്മിൻ ആർത്തവ സമയത്തിലൂടെ കടന്നുപോവുകയാണ് എന്ന കാര്യം നോറ വെളിപ്പെടുത്തി. റസ്മിനും ജാസ്മിനു പിന്തുണയുമായി എത്തി. രണ്ടു ദിവസത്തേക്ക് ജാസ്മിനെ ചൊറിയാൻ വരരുതെന്ന് ജിന്റോയോട് റസ്മിൻ റിക്വസ്റ്റ് ചെയ്തു.
എന്നാൽ അന്നും, സ്ത്രീസഹജമായ അത്തരം ശാരീരിക-മാനസിക പിരിമുറുക്കങ്ങളെയും മൂഡ് സ്വിഗ്സിനെയും അവിശ്വസിക്കുന്ന പുരുഷ മത്സരാർത്ഥികളെയാണ് വീടിനകത്ത് കണ്ടത്. "അവർ ആർത്തവമാണെന്നു പറയുമ്പോൾ നമുക്ക് പോയി പരിശോധിച്ചു നോക്കാനൊന്നും പറ്റില്ലല്ലോ," എന്ന ക്രൂരമായ ഫലിതമിറക്കി അവർ ചിരിച്ചു.
ആ മാനസികാവസ്ഥയേയും അധികം വൈകാതെ തന്നെ ജാസ്മിൻ തരണം ചെയ്തു, ഗെയിമിലേക്ക് തിരിച്ചെത്തി. ജാസ്മിനെ തകര്‍ത്തു കളയാം എന്ന് പ്ലാൻ ചെയ്തു വന്നവരുടെ മുന്നിൽ തന്നെ ചങ്കുറപ്പോടെ നിന്നു കളിച്ചു.
യഥാർത്ഥത്തിൽ ജാസ്മിൻ ജാഫർ എന്ന മത്സരാർത്ഥിയുടെ ഗ്രാഫ് ഉയർന്നത്, ജാസ്മിനെ ടാർഗറ്റ് ചെയ്ത് ഗെയിം കളിച്ച സിബിൻ കരഞ്ഞും വാശി പിടിച്ചും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു പോയതോടെയാണ്. അതോടെ, വലിയ മൈൻഡ് ഗെയിമർ എന്ന ഇമേജുണ്ടാക്കാൻ ശ്രമിച്ച സിബിനേക്കാൾ എത്രയോ ഭേദമാണ് ജാസ്മിൻ എന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞു. അത്രയേറെ വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും കേൾക്കേണ്ടി വന്നിട്ടും ജാസ്മിൻ കാണിച്ച മനോബലത്തിനു മുന്നിൽ സിബിൻ എത്രയോ ചെറുതാവുകയായിരുന്നു പ്രേക്ഷകരുടെ മനസ്സിൽ.
എത്രയോ വാരാന്ത്യ എപ്പിസോഡുകളിൽ മോഹൻലാലിൽ നിന്നും ശക്തമായ താക്കീതുകളും വഴക്കുകളുമൊക്കെ കേട്ടയാളാണ് ജാസ്മിൻ. തുമ്മൽ വീണ ചായ സഹമത്സരാർത്ഥികൾക്ക് സർവ്വ് ചെയ്തതിനും, ഗ്യാസ് ഓഫാക്കാൻ മറന്ന വിഷയത്തിലുമൊക്കെ ഏറ്റവും രൂക്ഷമായി തന്നെ ജാസ്മിൻ വിമർശിക്കപ്പെടുകയും എക്സ്പോസ്ഡ് ചെയ്യപ്പെടുകയും ചെയ്തു. പക്ഷേ അതിനെയെല്ലാം ഗെയിം സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോവുകയായിരുന്നു ജാസ്മിൻ.
അതേസമയം, ജാസ്മിനെ ട്രിഗർ ചെയ്യാൻ പോയി സ്വയം ട്രിഗറായി, അശ്ലീലചുവയുള്ള ചേഷ്ട കാണിച്ച സിബിനെ, വീക്ക്‌ലി എപ്പിസോഡിൽ മോഹൻലാൽ ഒന്നു കുടഞ്ഞപ്പോൾ സിബിന്റെ റിലെ തന്നെ നഷ്ടമായി. ചെറിയ ആ വിമർശനത്തെ പോലും നേരിടാനാവാതെ കരഞ്ഞും വാശി പിടിച്ചും പുറത്തുവിടണമെന്ന് ശഠിക്കുകയായിരുന്നു സിബിൻ. പുറത്തെ തന്റെ ഇമേജിനെ അതെങ്ങനെ ബാധിക്കുമെന്ന ഭയമാണ് സിബിന്റെ ആ ആക്ടിൽ മുഴച്ചുനിന്നത്. സ്വന്തം ജീവിതവും ധാർമ്മികതയും വ്യക്തിത്വവുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിട്ടും നിരന്തരം ഓഡിറ്റിംഗിനു വിധേയയാവേണ്ടി വന്നിട്ടും താൻ റിസ്കിലാണെന്ന് മനസ്സിലാക്കിയിട്ടും പതറാതെ തന്റെ ഗെയിമിൽ ഉറച്ചുനിന്ന ജാസ്മിനെ സിബിനുമായി താരതമ്യപ്പെടുത്തി പ്രേക്ഷകർ കണ്ടു തുടങ്ങുന്നതും അവിടെ മുതലാണ്.
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയതോടെ സിബിൻ താൻ ചെയ്ത മണ്ടത്തരമെന്തെന്നു മനസ്സിലാക്കി. പിന്നീട് അതിനെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടത്തി. അഭിമുഖങ്ങളിൽ ജാസ്മിനെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള പരാമർശങ്ങളായി. അതോടെ ജാസ്മിൻ വീണ്ടും സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയായി.
കാർമേഘങ്ങൾ നീങ്ങി, സൂര്യകിരണങ്ങൾ പുറത്തുവരുന്നതു പോലെ ജാസ്മിൻ എന്ന ഇന്റിവിച്വൽ പ്ലെയർ വീണ്ടും ദൃശ്യമായി തുടങ്ങി. 56-ാം ദിവസമുള്ള ഗബ്രിയുടെ പടിയിറക്കമാണ് അതിനു കാരണമായത്. വളരെ അപ്രതീക്ഷിതമായിരുന്നു ആ എവിക്ഷൻ. എന്തിനും ഏതിനും ഗബ്രിയെ ആശ്രയിച്ചിരുന്ന, ഗബ്രിയാൽ വലിയ രീതിയിൽ സ്വാധീനിക്കപ്പെട്ടിരുന്ന ജാസ്മിനെ സംബന്ധിച്ച് കാലിനടിയിലെ മണ്ണൊലിച്ചു പോവുന്നതിനു സമമായിരുന്നു ആ എവിക്ഷൻ.
ഗബ്രി സീക്രട്ട് റൂമിലാവുമെന്ന് ആശ്വസിക്കാൻ ശ്രമിക്കുന്ന ജാസ്മിനെയും പ്രേക്ഷകർ കണ്ടു. അത്രയും നാൾ കൂടെ നിന്ന ഒരാൾ പോയപ്പോഴുണ്ടായ ശൂന്യതയിൽ നിന്നും കരകയറും മുൻപുതന്നെ, ആ മാനസികാവസ്ഥ പരിഗണിക്കാതെ, ജാസ്മിനെ വൈകാരികമായി തളർത്താൻ ജിന്റോ പുതിയ സ്ട്രാറ്റജി പുറത്തെടുത്തു. "നീ കാരണമാണ് ഗബ്രി പോയത്, അല്ലെങ്കിൽ അവൻ ഫൈനൽ ഫൈവിൽ എത്തിയേനേ," എന്ന കുറ്റപ്പെടുത്തലോടെ ഗബ്രിയുടെ എവിക്ഷന്റെ ഉത്തരവാദിത്വം ജാസ്മിന്റെ തലയിൽ വച്ചുകൊടുത്തു.
ആ ആഴ്ച ജാസ്മിനെ സംബന്ധിച്ച് പരീക്ഷണങ്ങളുടെ മഴവെള്ളപാച്ചിൽ ആയിരുന്നു. 57-ാം ദിവസം ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റനായി ഋഷി ചുമതലയേറ്റെടുത്തു. സ്വാഭാവികമായും ജാസ്മിനോട് വ്യക്തിവൈരാഗ്യം പുലർത്തുന്ന അൻസിബയിലേക്കാണ് പവർ റൂമിന്റെ അധികാരമെത്തിയത്. പവർ റൂം അധികാരം മാത്രമല്ല, ഋഷിയുടെ ക്യാപ്റ്റൻസിയും ഹൈജാക് ചെയ്തത് അൻസിബ ആയിരുന്നു. അൻസിബയുടെ കളിപ്പാവയാവുന്ന ഋഷിയെ ആണ് ആ ആഴ്ചയുടനീളം കണ്ടത്.
അതിനിടയിൽ ഹോട്ടൽ ടാസ്കും എത്തി. വ്യക്തിപരമായ സങ്കടങ്ങളെയെല്ലാം ഉള്ളിൽ തന്നെയൊതുക്കി, ഏറ്റവും മികച്ച രീതിയിൽ ജാസ്മിൻ ഗെയിം കളിച്ചു. അൻസിബയും ഋഷിയും പവർ ടീമും വളരെ സീരിയസായി സമീപിച്ച് ടാസ്ക് വിരസമാക്കിയപ്പോൾ, ആ ടാസ്കിനെ ഏറ്റവും ഫണ്ണായി മുന്നോട്ടു കൊണ്ടു പോയവരിൽ ഒരാൾ ജാസ്മിനാണ്. റോബോട്ട് വേഷം മനോഹരമായി ചെയ്ത് ജാസ്മിൻ അതിഥികളായി എത്തിയ ശ്വേത മേനോന്റെയും സാബു മോന്റെയും പ്രശംസ നേടി.
ഹോട്ടൽ ടാസ്കിനിടയിൽ, റസ്മിന്റെ ഭാഗത്തുനിന്നുണ്ടായ അവഹേളനം ജാസ്മിൻ നേരിട്ട രീതിയാണ് പ്രേക്ഷകരുടെ ഉള്ളുതൊട്ട മുഹൂർത്തങ്ങളിൽ ഒന്ന്. സങ്കടം കൊണ്ട് കണ്ണുകൾ നിറഞ്ഞിട്ടും ജാസ്മിൻ തന്റെ ക്യാരക്ടർ വിട്ടില്ല. ഏറ്റവും അടുത്ത കൂട്ടുകാരിയായി ചേർത്തു പിടിച്ച റസ്മിൻ തന്നോട് അങ്ങനെ ചെയ്തല്ലോ എന്നതായിരുന്നു ജാസ്മിനെ കരയിപ്പിച്ചത്. എന്നാൽ, റസ്മിൻ ചെയ്ത തെറ്റിന് ബിഗ് ബോസിൽ നിന്നും ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോൾ, റസ്മിനു മാപ്പു കൊടുത്തുകൊണ്ട് ആ ചങ്ങാതിയെ ചേർത്തുപിടിക്കുകയായിരുന്നു ജാസ്മിൻ. സൗഹൃദത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന ജാസ്മിനെയാണ് അവിടെ കണ്ടത്.
ഗബ്രി ഔട്ടായതോടെ ജാസ്മിൻ ഗെയിമുകളിൽ കൂടുതൽ ആക്റ്റീവായി. സഹമത്സരാർത്ഥികളുമായുള്ള ജാസ്മിന്റെ സൗഹൃദം മെച്ചപ്പെടുന്നതും അവിടെ മുതലാണ്. ഫൺ മുഹൂർത്തങ്ങളിലൂടെയും തഗ്ഗടിച്ചും മത്സരാർത്ഥികളെ അനുകരിച്ചുമൊക്കെ ജാസ്മിൻ താനൊരു നല്ല എന്റർടെയിനറാണെന്ന് തെളിയിച്ചു. തന്റെ ഗെയിം പ്ലാനുകൾ കുടുംബത്തെ എങ്ങനെ ബാധിച്ചു കാണുമെന്ന ആശങ്കയായിരുന്നു ഇതിനെല്ലാം ഇടയിൽ ജാസ്മിനെ അലട്ടിയിരുന്നത്. എന്നാൽ, ഫാമിലി റൗണ്ടിൽ മാതാപിതാക്കളെ നേരിൽ കണ്ടതോടെ ജാസ്മിൻ കൂളായി. നഷ്ടപ്പെട്ടു തുടങ്ങിയ ആത്മവിശ്വാസവും എനർജിയും വീണ്ടെടുത്തു.
വളരെ ഫോക്കസ്ഡായും തന്റെ തെറ്റുകൾ മനസ്സിലാക്കിയും തിരുത്തലുകൾക്കു തയ്യാറായും കളിച്ചുമുന്നേറുന്ന ജാസ്മിനെയാണ് ഇപ്പോൾ പ്രേക്ഷകർക്കു കാണാനാവുക. ഫൈനൽ ഫൈവിൽ ഇതിനകം തന്നെ ജാസ്മിൻ തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആരാവും ബിഗ് ബോസ് വിജയി എന്ന പ്രെഡിക്ഷനുകളിൽ ജിന്റോയ്ക്ക് ഒപ്പം തന്നെ ഉയർന്നു കേൾക്കുന്ന പേരാണ് ഇന്ന് ജാസ്മിൻ ജാഫർ എന്നത്. അവസാനഘട്ടത്തിലെ ജാസ്മിൻ- ജിന്റോ മത്സരം കാണാനാണ് പ്രേക്ഷകരിൽ നല്ലൊരു വിഭാഗം കാത്തിരിക്കുന്നതും.
ജാസ്മിൻ എന്ന ഫീനിക്സ് പക്ഷി
ബിഗ് ബോസ് ഒരു സോഷ്യൽ എക്സ്പെരിമെന്റൽ ഷോയാണ്. പ്രതികൂലമായ സാഹചര്യങ്ങളെ ഒരു വ്യക്തി എങ്ങനെ അതിജീവിക്കുന്നു എന്നു കൂടി പരീക്ഷിക്കപ്പെടുന്ന ഒരു സര്‍വൈവല്‍ ഗെയിം ഷോ. "ലോകത്തിൻ കഥയറിയാതെ, നേരത്തിൻ ഗതിയറിയാതെ, ഒന്നിച്ചൊരു നൂറുദിനങ്ങൾ വാഴുമ്പോൾ, ആളുന്നവരാരാരോ, വീഴുന്നവരാരാരോ... ഏകാന്തത താണ്ടി ജയിക്കാൻ ആരാരോ..." എന്ന ബിഗ് ബോസ് തീം സോങ്ങിൽ തന്നെയുണ്ട് ആ സർവൈവൽ ഗെയിം ഉയർത്തുന്ന വെല്ലുവിളികൾ. അതിനാൽ തന്നെ, ഇതുവരെ ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും മികച്ച സർവൈവർ ജാസ്മിൻ ആണ്.
പലയിടത്തും ചുവടുകൾ പിഴച്ചുപോയ, ഇത്രയും സൈബർ അറ്റാക്ക് നേരിട്ട, വ്യക്തിത്വവും ധാർമ്മികതയും വരെ ചോദ്യം ചെയ്യപ്പെട്ട മറ്റൊരു മത്സരാർത്ഥിയും ആറു ബിഗ് ബോസ് സീസണുകളുടെയും ചരിത്രത്തിൽ വേറെ കാണില്ല. എന്നിട്ടും തന്റെ പരാജയങ്ങളിൽ നിന്നും ജാസ്മിൻ തിരിച്ചുകയറി. ഒരിക്കൽ തന്നെ വിമർശിച്ചവരെ പോലും തന്റെ ഫാൻസ് ആക്കുന്ന മാജിക്കാണ് ജാസ്മിൻ എന്ന മത്സരാർത്ഥി ഇപ്പോൾ കാഴ്ച വയ്ക്കുന്നത്. അവിടെയുള്ള പല മത്സരാർത്ഥികളേക്കാളും പ്രായം കൊണ്ട് ഇളയതാണ് ജാസ്മിൻ. 23-ാം വയസ്സിൽ, ആ പെൺകുട്ടി കാണിക്കുന്ന ചെറുത്തുനിൽപ്പും അതിജീവനവും മധ്യവയസ്കിൽ നിൽക്കുന്ന മനുഷ്യർക്കു പോലും സാധ്യമാവണമെന്നില്ല.
പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന നല്ല കുട്ടി ഇമേജുള്ള, ഒരു പെർഫെക്റ്റ് ഹ്യൂമനോ മാതൃകാപരമായ മത്സരാർത്ഥിയോ ഒന്നുമല്ല ജാസ്മിൻ. അടക്കവും ഒതുക്കവുമുള്ള മലയാളി പെൺകുട്ടി എന്ന മോൾഡിൽ വാർത്തെടുക്കപ്പെട്ട ഒരാളുമല്ല. ഏറെ തെറ്റുകൾ പറ്റിയിട്ടുള്ള, അതിൽ നിന്നും പാഠങ്ങൾ പഠിച്ച് മുന്നോട്ടുപോവുന്ന ഒരാളാണ് ജാസ്മിൻ, സ്വയം തിരുത്താൻ മനസ്സുള്ള മത്സരാർത്ഥി. റാങ്കിംഗ് ടാസ്കിൽ അഞ്ചാം സ്ഥാനം ഏറ്റെടുത്ത് ജാസ്മിൻ പറഞ്ഞ വാക്കുകൾ അതിനുദാഹരണമാണ്, " ഒന്നാം സ്ഥാനത്തേക്ക് ഞാൻ വന്നിട്ടില്ല എന്ന് എനിക്കു തന്നെ തോന്നുന്നുണ്ട്. ഓരോ പടികളായി ചവിട്ടികയറി ഒന്നാം സ്ഥാനത്ത് എത്തണമെന്ന് അഗ്രഹമുണ്ട്. എനിക്ക് പറ്റിപ്പോയ കുറേ തെറ്റുകൾ ഉണ്ട്. എന്റെ തെറ്റുകൾ തിരുത്തി ഞാൻ കയറിവരും."
ജിന്റോ തന്നെ ട്രിഗർ ചെയ്ത് പുതിയ സ്ട്രാറ്റജികൾ മെനയുകയാണെന്ന് മനസ്സിലാക്കിയ ജാസ്മിൻ ഉറപ്പിച്ചു പറയുകയാണ്, "എനിക്ക് ആ പഴയ ജാസ്മിനിലേക്ക് തിരിച്ചുപോവാൻ താൽപ്പര്യമില്ല," എന്ന്.
പലരും ഇമേജ് കോൺഷ്യസായി ഗെയിം കളിച്ചപ്പോൾ, ജാസ്മിൻ ഇമേജിനെ കുറിച്ച് ഒട്ടും ചിന്തിക്കാതെ കളിച്ചൊരാളാണ്. തന്റെയുള്ളിലെ തന്നെ പ്ലസും നെഗറ്റീവും മനസ്സിലാക്കിയെടുത്തു. വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ജാസ്മിൻ ഒരർത്ഥത്തിൽ ഒരു ഫീനിക്സ് പക്ഷി തന്നെയാണ്. വീഴാതെ മുന്നോട്ടു പോവുന്നതു മാത്രമല്ല ഹീറോയിസം, വീഴ്ചകളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നതും ഹീറോയിസമാണെന്ന് ജാസ്മിൻ കാണിച്ചുതരുന്നു. പ്രതികൂല സാഹചര്യങ്ങൾ ജാസ്മിനുള്ളിലെ സഹജവാസനകളെ മിനുക്കിയെടുക്കുകയാണ് ചെയ്തത്.
മനുഷ്യത്വവും മാനുഷിക മൂല്യങ്ങളുമുള്ള ഒരാളാണ് ജാസ്മിൻ എന്നത് അന്ധമായ ജാസ്മിൻ വിരോധം മാറ്റിവച്ച് കാര്യങ്ങളെ നോക്കി കണ്ടാൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. ആരോടും തന്നെ വ്യക്തിവൈരാഗ്യം വച്ച് പെരുമാറുന്നില്ല ജാസ്മിൻ. നിരന്തരം വിമർശിക്കുകയും വേദനിപ്പിക്കുകയും ചെയ്തവരോടു പോലും ക്ഷമിക്കാനും അവരുടെ പ്രശ്നങ്ങളിൽ ചേർത്തു പിടിക്കാനുമുള്ള മനസ്സ് ജാസ്മിൻ കാണിച്ചിട്ടുണ്ട്. നോറയുമായി പലപ്പോഴും കൊമ്പു കോർത്തിട്ടുള്ള വ്യക്തിയാണ് ജാസ്മിൻ. എന്നാൽ, ജാൻമണി നോറയെ പ്രാകിയപ്പോൾ അതിനെതിരെ രൂക്ഷമായി പ്രതികരിച്ചത് ജാസ്മിനാണ്. ജാസ്മിന്റെയും നോറയുടെയും അടുത്ത ചങ്ങാതിയായ റസ്മിൻ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞ സമയത്ത് നോറയെ ജാസ്മിൻ ടേക്ക് കെയർ ചെയ്ത രീതിയിലും ആ മാനുഷിക പരിഗണന കാണാം. വന്ന ദിവസം മുതൽ തന്നെ ട്രിഗർ ചെയ്ത് ദ്രോഹിച്ചുകൊണ്ടിരുന്ന സിബിൻ ഡൗണായി പോവുമ്പോൾ, 'ഞാൻ കാരണമാണ് സങ്കടപ്പെടുന്നതെങ്കിൽ സോറി' എന്നു പറയുന്നുണ്ട് ജാസ്മിൻ. ടാസ്കിനു അപ്പുറം നീളുന്ന വാശിയോ വ്യക്തി വൈരാഗ്യമോ ജാസ്മിൻ കൂടെ കൊണ്ടുനടക്കുന്നില്ല.
മികച്ച വാക് ചാതുര്യത്തോടെ കൃത്യമായ പോയിന്റുകൾ പറയാൻ ജാസ്മിന് പ്രത്യേക കഴിവു തന്നെയുണ്ട്. കഴിഞ്ഞ വാരാന്ത്യ എപ്പിസോഡിൽ, വളരെ ചീപ്പായി സഹമത്സരാർത്ഥികളോട് പലപ്പോഴും പെരുമാറുന്ന ജിന്റോയെ ജാസ്മിൻ എക്സ്പോസ് ചെയ്ത രീതി പ്രശംസനീയമാണ്.
"ഏറ്റവും മോശപ്പെട്ട രീതിയിൽ ഗെയിം കളിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന വ്യക്തി ആരാണ്?" എന്നതിനു ജിന്റോ എന്നായിരുന്നു ജാസ്മിന്റെ മറുപടി. "നിങ്ങളുമായി മത്സരിക്കുന്ന ഒരാളെന്ന രീതിയിൽ, വളരെ മോശമായ രീതിയിൽ ഗെയിം കളിക്കുന്ന ആൾ നിങ്ങളെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. പറയുന്ന കാര്യങ്ങളാണെങ്കിലും ടാസ്ക് വരുമ്പോൾ നിങ്ങൾ ചെയ്യുന്ന പ്രവൃത്തിയാണെങ്കിലും എല്ലാം വളച്ച് തിരിച്ച് ഒടിച്ചാണ് നിങ്ങൾ മുന്നോട്ടുപോവുന്നത്. മൂന്നാമതൊരാളായി നോക്കുമ്പോൾ ചിലപ്പോൾ അതു ആസ്വദിക്കാനായേക്കാം, എന്നാൽ കൂടെ മത്സരിക്കുന്ന ആളാകുമ്പോൾ അതിനു പറ്റില്ല," എന്ന ജാസ്മിന്റെ മറുപടി ജിന്റോയെ പ്രകോപ്പിച്ചു. തന്റെ കയ്യിലെ രോമം പറിച്ചു ഊതി കളയുന്ന ആക്ഷൻ കാണിച്ചാണ് ജിന്റോ അതിനെ നേരിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട ജാസ്മിൻ സ്പോട്ടിൽ തന്നെ തിരിച്ചടിച്ചു. "കണ്ടോ, ഈ ഒരു ആക്ഷൻ ഒക്കെ എനിക്ക് ഭയങ്കര വൃത്തികെട്ട പ്രവൃത്തിയായിട്ടാണ് തോന്നുന്നത്. ഇപ്പോൾ ലാലേട്ടൻ ഇരിക്കെ തന്നെ കാണിച്ചതാണിത്. ഉദാഹരണ സഹിതം കാണിച്ചതിന് നന്ദി," എന്ന് പറഞ്ഞാണ് ജാസ്മിൻ സംസാരം അവസാനിപ്പിച്ചത്.
ഷോയുടെ പകുതിയോളം നെഗറ്റീവ് കമന്റുകളും വിമർശനങ്ങളും കേൾക്കേണ്ടി വന്നൊരാൾ, വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റു കരുത്തോടെ മുന്നോട്ടുപോവുന്നു എന്നതാണ് ബിഗ് ബോസ് അന്തിമഘട്ടത്തിലേക്ക് അടുക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആവേശം പകരുന്ന കാഴ്ചകളിലൊന്ന്. പണമെറിഞ്ഞു കളിക്കുന്നവർക്കും പിആർ ഏജൻസികൾക്കുമൊക്കെ അന്തിമവിധിയെ സ്വാധീനിക്കാൻ ആവുന്ന ഇത്തരമൊരു ഗെയിം ഷോയിൽ, ജാസ്മിൻ കപ്പടിയ്ക്കുമോ ഇല്ലയോ എന്നതൊക്കെ സെക്കന്ററിയായ കാര്യങ്ങളാണ്. എന്നാൽ, ഇമേജ് ഭയമില്ലാതെ റിയലായി നിന്നും, പൊരുതിയും, പ്രേക്ഷകരെ രസിപ്പിച്ചുമൊക്കെ ജാസ്മിൻ ജാഫർ എന്ന മത്സരാർത്ഥി ഉണ്ടാക്കിയ ഇംപാക്റ്റ് ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇടം പിടിക്കുക തന്നെ ചെയ്യും, തീർച്ച.
Read More Stories Here
- അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ
- നീ ഭയങ്കരനാണല്ലോ, ഇങ്ങനെയാണോ സുഖമോ ദേവി കാണിക്കുന്നേ?; ഋഷിയെ ട്രോളി മോഹൻലാൽ
- 15-ാം വയസ്സുമുതൽ അമ്മയ്ക്കും 5 സഹോദരങ്ങൾക്കും തണലായവൾ; ഈ താരത്തെ മനസ്സിലായോ?
- സ്ത്രീകൾ ബിഗ്ഗ്ബോസിൽ കയറുന്നത് വഴങ്ങി കൊടുത്തിട്ടാണോ?; ആങ്കറുടെ ചോദ്യത്തിന് പൊട്ടിത്തെറിച്ച് ശരണ്യ
- ഒടുവിൽ അർജുൻ മനസ്സുതുറന്നു, എന്നിട്ടും ശ്രീതുവിനു മനസ്സിലായില്ലേ എന്ന് ആരാധകർ
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.