scorecardresearch

അന്തിയാകും വരെ വെള്ളം കോരി അന്തിയ്ക്ക് കുടം ഉടയ്ക്കുന്ന ജിന്റോ: Bigg Boss Malayalam 6

മികച്ച ഗെയിമർ, എന്റർടെയിനർ തുടങ്ങിയ പോസിറ്റീവ് ഗുണങ്ങൾക്കൊപ്പം തന്നെ, ഏറെ ഗ്രേ ഏരിയകളുമുള്ളൊരു മത്സരാർത്ഥിയാണ് ജിന്റോ. ആളുകളെ എന്റർടെയിൻ ചെയ്യുന്ന അതേ ജിന്റോ, പക്ഷേ ഒരു പടി മുന്നോട്ടു പോയാൽ വൾഗറാണ്

മികച്ച ഗെയിമർ, എന്റർടെയിനർ തുടങ്ങിയ പോസിറ്റീവ് ഗുണങ്ങൾക്കൊപ്പം തന്നെ, ഏറെ ഗ്രേ ഏരിയകളുമുള്ളൊരു മത്സരാർത്ഥിയാണ് ജിന്റോ. ആളുകളെ എന്റർടെയിൻ ചെയ്യുന്ന അതേ ജിന്റോ, പക്ഷേ ഒരു പടി മുന്നോട്ടു പോയാൽ വൾഗറാണ്

author-image
Dhanya K Vilayil
New Update
Jinto Biggboss

The Ups and Downs of Jinto: A Bigg Boss Journey

Bigg Boss malayalam 6: ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസൺ 11-ാം ആഴ്ചയിലേക്കു കടന്നിരിക്കുകയാണ്. ഷോ 77  ദിവസം പിന്നിടുമ്പോൾ ആരാവും ഫൈനൽ ഫൈവിലെത്തുക, ആര് വിജയകിരീടം അണിയും എന്നൊക്കെയാണ് പ്രേക്ഷകർ ആകാംക്ഷയോടെ  ഉറ്റുനോക്കുന്നത്.  അർജുൻ, ശ്രീതു, ജാസ്മിൻ, ജിന്റോ, സിജോ, നന്ദന, സായ്, ഋഷി, നോറ, അഭിഷേക്  എന്നിങ്ങനെ പത്തുപേരാണ് ബിഗ് ബോസ് വീടിനകത്ത് ഇപ്പോൾ ശേഷിക്കുന്ന മത്സരാർത്ഥികൾ. 

Advertisment

ഓരോ മത്സരാർത്ഥികളുടെയും ഇതുവരെയുള്ള ബിഗ് ബോസ് യാത്ര എങ്ങനെയായിരുന്നു? ഒരു ഗെയിമർ എന്ന രീതിയിലും വ്യക്തിയെന്ന രീതിയിലും എന്തൊക്കെയാണ് പോസിറ്റീവ് വശങ്ങൾ? എന്തൊക്കെയാണ് നെഗറ്റീവ് വശങ്ങൾ? എന്നു പരിശോധിക്കാം. 

1. ജിന്റോ ബോഡിക്രാഫ്റ്റ് 

Jinto Bigg Boss Malayalam 6
ജിന്റോ 

വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഒന്നുമില്ലാതെ സാധാരണക്കാരുടെ പ്രതിനിധിയായി ഷോയിലേക്ക് എത്തിയ മത്സരാർത്ഥിയാണ് ജിന്റോ. ഷോ ആരംഭിക്കുന്ന സമയത്ത്, സെലിബ്രിറ്റി ഫിറ്റ്നെസ്സ് ഗുരുവായ ജിന്റോ പ്രേക്ഷകരെ സംബന്ധിച്ച് അത്ര പരിചിതമായൊരു പേരായിരുന്നില്ല. അതിനാൽ തന്നെ ആദ്യദിവസങ്ങളിൽ തന്റേതായൊരു സ്പേസ് ഉണ്ടാക്കിയെടുക്കാൻ ജിന്റോ ഏറെ ബുദ്ധിമുട്ടിയിരുന്നു.  

ആദ്യ ആഴ്ചയിലെ ജിന്റോയുടെ പ്രകടനം വീടിനകത്തും പുറത്തും മണ്ടനെന്ന പരിഹാസമാണ് ജിന്റോയ്ക്ക് നേടി കൊടുത്തത്. മോഹൻലാലിന്റെ മുന്നിൽ വച്ച്, സഹമത്സരാർത്ഥികൾ ജിന്റോയ്ക്ക് മണ്ടൻ അവാർഡും നൽകി. ആദ്യ ആഴ്ച യമുനയ്ക്ക് നേരെ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളും ജിന്റോയ്ക്ക് നെഗറ്റീവായി മാറി.

Advertisment

സഹമത്സരാർത്ഥികൾ ചാർത്തികൊടുത്ത ആ 'മണ്ടൻ അവാർഡി'നെ വളരെ വ്യക്തിപരമായിട്ടാണ് ജിന്റോ എടുത്തത്. അതിനെ ഒരു വാശിയായി കണ്ടായിരുന്നു ജിന്റോയുടെ പിന്നീടുള്ള പ്രയാണം. യമുനയുമായുള്ള പ്രശ്നം നേരിട്ട് പറഞ്ഞ് തീർക്കുകയും മാപ്പ് പറയുകയും ചെയ്ത  ജിന്റോ രണ്ടാം ആഴ്ച പവർ റൂമിലും കയറി പറ്റി.  ആ ആഴ്ചയിലെ വാരാന്ത്യ എപ്പിസോഡിൽ, അപ്സരയിൽ നിന്നും ഡാൻസ് പഠിച്ച്, മോഹൻലാലിനു മുന്നിൽ നൃത്തം അവതരിപ്പിച്ചു തന്നിലെ എന്റർടെയിനറെയും ജിന്റോ  അടയാളപ്പെടുത്തി. മൂന്നാമത്തെ ആഴ്ചയും പവർ റൂം അധികാരം ജിന്റോയുടെയും ടീമിന്റെയും കയ്യിൽ തന്നെയെത്തി.  ജിന്റോ തന്റെ ഗ്രാഫ് ഉയർത്തിയ ആഴ്ചകളായിരുന്നു അത്.  

Mohanlal  | Jinto Apsara Dance | Bigg Boss Malayalam 6

അതിനു ശേഷമങ്ങോട്ട്  ആർക്കും പ്രവചിക്കാനാവാത്ത രീതിയിലായി ജിന്റോയുടെ നീക്കങ്ങൾ. ജിന്റോയുടെ ഗെയിം പ്ലാനിനെയും പ്രവചനാതീതമായ സ്വഭാവത്തെയും കുറിച്ച് ഏറ്റവും കൃത്യമായ പരാമർശം ഹൗസിനകത്ത് നടത്തിയത് നോറയാണ്. "ചിലപ്പോൾ അംബി, ചിലപ്പോൾ റെമോ, ചിലപ്പോൾ അന്യൻ," ജിന്റോയുടെ പ്രകൃതത്തെ കുറിച്ച് നോറയുടെ വിലയിരുത്തൽ ഇതായിരുന്നു. അത് ഏറെക്കുറെ സത്യമാണെന്ന് ജിന്റോയുടെ ഗെയിം കൃത്യമായി നിരീക്ഷിക്കുന്നവർക്കു മനസ്സിലാവും. 

പവർ റൂം അധികാരം കിട്ടിയതോടെയാണ് ജിന്റോയിൽ പ്രകടനമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. അധികാരം ദുരുപയോഗം ചെയ്ത് നിസാര കാര്യങ്ങൾക്കു പോലും ജിന്റോ സഹമത്സരാർത്ഥികൾക്ക് ശിക്ഷകൾ നൽകി.  വ്യക്തിപരമായി എന്തോ ദേഷ്യമുള്ളതു പോലെയായിരുന്നു നോറയോടുള്ള ജിന്റോയുടെ പെരുമാറ്റം. അതോടെ, ജിന്റോയുടെ നിലപാടുകൾ വീടിനകത്ത് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.  

പവർ റൂമിനകത്തെ ജിന്റോയുടെ ഏകാധിപത്യം അവസാനിപ്പിച്ചുകൊണ്ടായിരുന്നു, പവർ ടീമിലേക്ക് അർജുൻ്റെ കടന്നുവരവ്. പവർ റൂമിലേക്ക് അർജുൻ എത്തിയത് ജിന്റോയ്ക്ക് അത്ര പിടിച്ചില്ല. മാത്രമല്ല, തന്റെ  തീരുമാനങ്ങളെ റസ്മിനും അർജുനും ചോദ്യം ചെയ്യാൻ തുടങ്ങിയതും ജിന്റോയെ അസ്വസ്ഥനാക്കി തുടങ്ങി. ഫിസിക്കൽ ഗെയിമുകളിൽ മുന്നേറുമ്പോഴും സ്വന്തം ടീമിനകത്തുണ്ടാവുന്ന അഭിപ്രായഭിന്നതകളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന കാര്യത്തിൽ ജിന്റോയ്ക്കുള്ള ക്ലാരിറ്റി കുറവും കൃത്യമായി കാര്യങ്ങൾ സംസാരിക്കാനുള്ള കഴിവില്ലായ്മയുമെല്ലാം അതോടെ വെളിച്ചത്തുവന്നു. 

jinto Bigg Boss Malayalam 6

പലപ്പോഴും, പ്രതിപക്ഷ ബഹുമാനത്തിന്റെ മതിൽകെട്ടുകൾ തകർത്തുകൊണ്ടുള്ള  ഒരു ഗെയിം പ്ലാനാണ് ജിന്റോ ബിഗ് ബോസ് വീട്ടിൽ പഴറ്റിയത്. സഹമത്സരാർത്ഥികളുടെ ഏറ്റവും നെഗറ്റീവ് ആയതോ വൾനറബിളായതോ  ആയ കാര്യങ്ങൾ വാഗ്വാദങ്ങളിലേക്ക് എടുത്തിട്ട് അവരെ അപഹാസ്യരാക്കുന്ന രീതിയാണ് ജിന്റോ പിൻതുടർന്നത്.  ജിന്റോയുടെ ആ ഗെയിം പ്ലാനിനു എപ്പോഴും ഇരയാവേണ്ടി വന്നവരാണ് ജാസ്മിൻ, ഗബ്രി, റെസ്മിൻ, നോറ തുടങ്ങിയവർ.  ജാസ്മിൻ- ഗബ്രി കോമ്പോ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ നെഗറ്റീവാകുന്നുണ്ടെന്ന് മനസ്സിലാക്കിയ ജിന്റോ അവർക്കെതിരെ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. 

പക്കാ ബിഗ് ബോസ് മെറ്റീരിയൽ എന്നു വിളിക്കാവുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. ഉറക്കെ അഭിപ്രായം പറയുന്ന, തെറി വിളിക്കുന്ന, ആരെയും കൂസാത്ത ഒരു പെൺകുട്ടി കേരളം പോലുള്ള ഒരു സമൂഹത്തിൽ സദാചാരവാദികളുടെ കണ്ണിലെ കരടാവുമെന്ന് തിരിച്ചറിഞ്ഞ ജിന്റോ എല്ലാകാലത്തും ജാസ്മിനെതിരെ തന്നെ നിലയുറപ്പിച്ചു. ഗബ്രിയും റെസ്മിനുമെല്ലാം ഷോയിൽ നിന്നും ഔട്ടായതോടെ ജിന്റോയുടെ പ്രധാന ടാർഗെറ്റ് ഇപ്പോൾ ജാസ്മിനാണ്. ഇനി നടക്കാൻ പോവുന്ന അന്തിമയുദ്ധം ജാസ്മിനുമായിട്ടാണെന്നും ജിന്റോയ്ക്ക് നന്നായറിയാം. 

പക്ഷേ ഗബ്രി പുറത്തുപോയതോടെ ഗെയിം പ്ലാൻ മാറ്റിയ ജാസ്മിൻ ജിന്റോയുടെ കണക്കുക്കൂട്ടലുകൾ തെറ്റിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ. ഗബ്രി- ജാസ്മിൻമാരോട് ഏറ്റുമുട്ടിയും വഴക്കുണ്ടാക്കിയുമാണ് ജിന്റോ കൂടുതലും സ്ക്രീൻ സ്പേസ് പിടിച്ചുകൊണ്ടിരുന്നത്. ഗബ്രി പോയതോടെ ജിന്റോയുടെ കണ്ടന്റും കുറയുകയായിരുന്നു. ഹോട്ടൽ ടാസ്ക് മുതലിങ്ങോട്ട് പല എപ്പിസോഡിലും ജിന്റോ ഏതാണ്ട് ഇൻവിസിബിൾ ആണ്. 

അൻസിബയേയും ജാസ്മിനെയും തമ്മിൽ തല്ലിച്ച് കണ്ടന്റ് ഉണ്ടാക്കാനുള്ള ജിന്റോയുടെ ചില നീക്കങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം വീക്ക് ലി എപ്പിസോഡിൽ മോഹൻലാൽ ചോദിക്കുകയുണ്ടായി. എന്നാൽ, ജിന്റോയുടെ ശ്രമം, കണ്ടന്റ് മേക്കർ എന്ന തന്റെ ഇമേജ് തിരികെ കൊണ്ടുവരാനും, സ്ക്രീൻ സ്പേസ് ഉണ്ടാക്കിയെടുക്കലുമാണെന്നു മനസ്സിലാക്കിയ ജാസ്മിൻ ആ ചൂണ്ടയിൽ കയറി കൊത്താൻ റെഡിയാവാത്തതും ജിന്റോയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. 

മാത്രമല്ല, ഫിസിക്കൽ ടാസ്കുകളിലും മറ്റും ജിന്റോ പുലർത്തിയിരുന്ന ആ അപ്രമാധിത്യവും അർജുൻ, അഭിഷേക്, ഋഷി, ജാസ്മിൻ പോലുള്ള മത്സരാർത്ഥികൾ ബ്രേക്ക് ചെയ്തിട്ടുണ്ട്. ബിഗ് ബോസ് വീട്ടിൽ  ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകൾ ആരംഭിച്ചിരിക്കുകയാണ്. ആദ്യ ടാസ്കിൽ ജാസ്മിൻ വിജയിയായപ്പോൾ, ജിന്റോ ആ പരിസരത്തെവിടെയും തന്നെയില്ല. ടിക്കറ്റ് റ്റു ഫിനാലെ ടാസ്കിലെ പ്രകടനം മെച്ചപ്പെടുത്തേണ്ടതും ജിന്റോയുടെ മുന്നോട്ടുള്ള യാത്രയിൽ വളരെ നിർണായകമാണ്. 

അവസാനഘട്ടത്തിലേക്ക് ഷോ അടുക്കുമ്പോൾ ഇനിയെന്തു സ്ട്രാറ്റജിയാണ് ജിന്റോ പുറത്തെടുക്കുക എന്നു കണ്ടറിയണം. നന്നായി പണിയെടുത്തും കഷ്ടപ്പെട്ടും തന്നെയാണ് ജിന്റോ ബിഗ് ബോസ് വീട്ടിൽ ഇത്രനാളും സർവൈവ് ചെയ്തത്. കണ്ടന്റ് മേക്കർ, എന്റർടെയിനർ എന്നീ നിലകളിൽ തിളങ്ങുമ്പോഴും ബിഗ് ബോസ് ടൈറ്റിൽ വിന്നർ ആവുക എന്ന ടാസ്കിലേക്ക് ജിന്റോ എത്തണമെങ്കിൽ ഇതുവരെ ഓടിയതിലും കൂടുതൽ കരുത്തോടെ മുന്നോട്ടു നടക്കേണ്ടി വരും. 

പബ്ലിക്കിന്റെ പൾസ് അറിഞ്ഞു കളിക്കുന്ന മത്സരാർത്ഥി 

ജിന്റോയുടെ പോസിറ്റീവ് ഗുണങ്ങൾ പരിശോധിക്കുമ്പോൾ, മലയാളി സമൂഹത്തിന്റെ മനോഭാവം ഏറ്റവും നന്നായി മനസ്സിലാക്കി കളിക്കുന്ന ഒരാളാണ് ജിന്റോ എന്നു പറയേണ്ടി വരും. ജാസ്മിൻ- ഗബ്രി കോമ്പോയെ ജിന്റോ ടാർഗറ്റ് ചെയ്തതും ഈ മനസ്സിലാക്കലിന്റെ അടിസ്ഥാനത്തിലാണ്. പ്രേക്ഷകർ എന്താവും മത്സരാർത്ഥികളെ കുറിച്ച് പുറത്തു ചർച്ച ചെയ്യുന്നുണ്ടാവുക എന്നത് പലപ്പോഴും വീടിനകത്തിരുന്നു കൊണ്ടുതന്നെ ഏറ്റവും കൃത്യമായി മനസ്സിലാക്കുന്ന ഒരാൾ കൂടിയാണ് ജിന്റോ. 

ഗബ്രി പുറത്തായപ്പോൾ, ജിന്റോ ജാസ്മിനെ ട്രിഗർ ചെയ്ത സംഭവം തന്നെ മതിയാവും അതിനു ഉദാഹരണമായി എടുത്തുപറയാൻ. 'കോമ്പോ കളിച്ചതു കൊണ്ടുമാത്രമാണ് ഗബ്രി ഔട്ടായത്, അല്ലെങ്കിൽ ഫൈനൽ ഫൈവിലെത്താൻ കെൽപ്പുള്ള മത്സരാർത്ഥിയാണ് ഗബ്രി' എന്ന ജിന്റോയുടെ നിരീക്ഷണം കൃത്യമായിരുന്നു.  

കാഴ്ചക്കാരുടെ ഇഷ്ടം കവരുന്ന രീതിയിൽ, നിഷ്കളങ്കമായ മുഖഭാവത്തോടെയും സ്വതസിദ്ധമായ രീതിയിലും ചിരിപ്പിക്കാനും പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കാനുമൊക്കെ ജിന്റോയ്ക്ക്  പ്രത്യേക കഴിവുണ്ട്. ഡാൻസ് കളിച്ചും സ്കിറ്റുകൾ പെർഫോം ചെയ്തും തഗ്ഗടിച്ചുമെല്ലാം ജിന്റോ ആളുകളെ നന്നായി രസിപ്പിക്കുന്നു. 

ബിഗ് ബോസ് വീട്ടിൽ ഇതുവരെയുള്ള ദിവസങ്ങളിൽ ഏറ്റവും നന്നായി  ഫിസിക്കൽ ഗെയിം കളിക്കുന്ന മത്സരാർത്ഥികളിൽ ഒരാളും ജിന്റോയാണ്. വർഷങ്ങളായി ബോഡി ഫിറ്റ്നസ്സ് രംഗത്ത് പ്രവർത്തിക്കുന്ന ജിന്റോയുടെ പ്ലസാണ്  അയാളുടെ കായികക്ഷമത.  'ആഞ്ഞുപിടിച്ചോ ഐലേസാ' എന്ന കായികബലം അളക്കുന്ന ടാസ്കിൽ ജിന്റോയുടെ ടീം ജയിച്ചത് അയാളൊരാളുടെ കരുത്തുകൊണ്ടുമാത്രമാണ്.   

പുറത്തുനിന്നും കൃത്യമായി കളി പഠിച്ചു തന്നെയാണ് ജിന്റോ ബിഗ് ബോസ് വീട്ടിലെത്തിയത്. സഹമത്സരാർത്ഥികൾ കളിയാക്കുന്നതുപോലെ, ഓരോ ദിവസത്തേക്കും പ്ലാൻ സെറ്റാക്കി വന്നയാൾ എന്നു ജിന്റോയെ വിശേഷിപ്പിച്ചാലും തെറ്റില്ല. കാരണം, ഓരോ മൂവും കൃത്യമായി കാൽക്കുലേറ്റ് ചെയ്താണ് ജിന്റോയുടെ പോക്ക്.  എന്നാൽ, ജിന്റോ യഥാർത്ഥത്തിൽ പേടിച്ചുപോയത് ഗബ്രിയ്ക്കും ജിന്റോയ്ക്കുമായി ബിഗ് ബോസും മോഹൻലാലും നൽകിയ ആ താക്കീതിൽ ആണ്. 

മോശം വാക്കുകൾ ഉപയോഗിച്ച് പരസ്പരം ചെളിവാരിയെറിയുന്നതു തുടർന്നാൽ, ഷോയിൽ നിന്നും പുറത്തുകളയുമെന്ന ബിഗ് ബോസിന്റെ  അന്ത്യശാസനത്തോടെ ജിന്റോ ഒന്നു ഒതുങ്ങി. അതോടെ   തന്റെ ഗെയിം പ്ലാൻ മാറ്റിപ്പിടിച്ചു. എന്നാൽ ആ തിരിച്ചടിയേയും പോസിറ്റീവാക്കി മാറ്റാനാണ് ജിന്റോ ശ്രമിച്ചത്. ആ ശാസനത്തിനു ശേഷം പിന്നീടിതുവരെ താൻ മോശമായി സംസാരിച്ചിട്ടില്ലെന്നും ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചിട്ടില്ലെന്നും പലയാവർത്തി പറഞ്ഞ് പ്രേക്ഷകരിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു ജിന്റോ. തെറ്റുകൾ തിരുത്താൻ തയ്യാറാവുന്ന വ്യക്തിയാണ് താനെന്ന ഒരു ഇമേജ് അയാൾ ബോധപൂർവ്വം പ്രേക്ഷകരിൽ ക്രിയേറ്റ് ചെയ്യാൻ ശ്രമിച്ചു. 

ജിന്റോയുടെ അമ്മ സ്നേഹവും കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാൻ സഹായിച്ചിട്ടുണ്ട്. എപ്പോഴും അമ്മയോട് ആരോഗ്യം നോക്കാൻ പറയുന്ന, അമ്മയെ കുറിച്ചു പറയുമ്പോഴേക്കും സ്വിച്ചിട്ട പോലെ കണ്ണു നിറയുന്ന, നല്ലൊരു മകൻ എന്ന ഇമേജാണ് ജിന്റോയ്ക്ക് പ്രേക്ഷകർക്കിടയിലുള്ളത്. ഫാമിലി റൗണ്ടിൽ, ആ ഇമേജ് ഒന്നുകൂടി അരയ്ക്കിട്ടു ഉറപ്പിക്കാനും ജിന്റോയ്ക്ക് ആയി. 

ഷോയുടെ തുടക്കത്തിൽ  മണ്ടൻ എന്ന ടാഗ് വീണിട്ടും, സ്ത്രീവിരുദ്ധ കമന്റുകളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടും ഇപ്പോഴും വീടിനകത്ത് സസ്റ്റെയിൻ ചെയ്യുന്നു എന്നത് ജിന്റോയെന്ന മത്സരാർത്ഥിയുടെ പ്ലസ് ആണ്. ബിഗ് ബോസ് കിരീടം ചൂടുക എന്നൊരൊറ്റ ലക്ഷ്യത്തിലേക്ക്  ഫോക്കസ് ചെയ്താണ് അയാളുടെ പ്രയാണം. 

പൊളിറ്റിക്കൽ കറക്ട്നെസ്സ് അടുത്തുകൂടി പോയിട്ടില്ലാത്ത മത്സരാർത്ഥി 

മുകളിൽ പറഞ്ഞ പോസിറ്റീവ് ഗുണങ്ങളോളം തന്നെ ഗ്രേ ഏരിയകളുമുള്ളൊരു മത്സരാർത്ഥിയാണ് ജിന്റോ. ചെയ്യുന്ന കാര്യങ്ങളിൽ അയാൾക്കൊരു ബാലൻസില്ല എന്നതാണ് പ്രധാന പ്രശ്നം. ആളുകളെ എന്റർടെയിൻ ചെയ്യുന്ന അതേ ജിന്റോ, പക്ഷേ ഒരു പടി മുന്നോട്ടു കടന്നാൽ വൾഗറാണ്. നോറയുമായുള്ള വാക്കു തർക്കത്തിനിടെ ഉണ്ടായ സംഭവങ്ങൾ തന്നെയാണ് അതിനു ഉദാഹരണം. പ്രതിപക്ഷ ബഹുമാനമില്ലാതെയും വളരെ ചീപ്പായുമാണ് ജിന്റോ ആ സംഭവത്തിൽ നോറയെ ട്രീറ്റ് ചെയ്തത്. 

മാനിപുലേഷന്റെ ഉസ്താദാണ് ജിന്റോ. ആളുകളോട് വ്യക്തിപരമായ ദേഷ്യം കൊണ്ടുനടക്കുന്ന ജിന്റോ അവസരം മുതലാക്കി,  മാനിപുലേറ്റ് ചെയ്ത് പക തീർക്കുന്നതിനും പ്രേക്ഷകർ സാക്ഷിയായിട്ടുണ്ട്. അർജുൻ പവർ റൂമിൽ കയറിയ അന്നുമുതൽ തുടങ്ങിയതാണ് അർജുനുമായുള്ള ജിന്റോയുടെ സ്വരചേർച്ചയില്ലായ്മ. ജിന്റോയുടെ ഏകപക്ഷീയമായ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് റസ്മിനൊപ്പം അർജുൻ നിന്നതാണ് ജിന്റോയെ ചൊടിപ്പിച്ചത്. അർജുനോടുള്ള ആ വ്യക്തിവൈരാഗ്യം ജിന്റോ തീർത്തത്, ജാൻമണിയെ അർജുനെതിരെ തിരിച്ചിട്ടായിരുന്നു. 

ഡൈനിംഗ് ഹാളിൽ വച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വളരെ സ്വാഭാവികമായി നടന്നൊരു സംഭാഷണത്തെ ജിന്റോയാണ് വളച്ചൊടിച്ചത്.  "അർജുൻ ഒമ്പത് എന്നു പറഞ്ഞ് നിന്നെ അപമാനിച്ചത് കേട്ടില്ലേ, നിന്റെ കമ്മ്യൂണിറ്റിയെ ആണ് അപമാനിച്ചത്"എന്നൊക്കെ വളച്ചൊടിച്ച് ജാൻമണിയെ എരികയറ്റി വിട്ടു.  ജാൻമണി ഇതു കേട്ട് പ്രവോക്ക് ആവുകയും വീടിനകത്ത് അതുവലിയ പ്രശ്നമാവുകയും ചെയ്തു. വ്യക്തികളെയോ ഒരു കമ്മ്യൂണിറ്റിയെ തന്നെയോ ബാധിക്കാവുന്ന വളരെ   സെൻസിറ്റീവായ വിഷയമാണെങ്കിൽ പോലും, തന്റെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിക്കാൻ യാതൊരു മടിയുമില്ലെന്ന് ജിന്റോ അതിലൂടെ തെളിയിച്ചു. ജിന്റോയിലെ ക്രൂക്കഡ് ആയ ഗെയിമറെ പ്രേക്ഷകർ കണ്ട സംഭവമായിരുന്നു അത്. 

മറ്റൊന്ന്, ശരണ്യയുടെ ഡ്രസ്സിംഗ് രീതിയെ ചോദ്യം ചെയ്തുകൊണ്ട് ജിന്റോ നടത്തിയ പരാമർശങ്ങളാണ്. ജിം ട്രെയിനറായ ജിന്റോയെ സംബന്ധിച്ച് സ്പോർട്സ് വെയർ വസ്ത്രങ്ങൾ സ്ത്രീകൾ അണിയുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ ബിഗ് ബോസ് പോലൊരു ഷോയിൽ, ശരണ്യയുടെ ഡ്രസ്സ് വൾഗറാണ് എന്നയാൾ ഉയർത്തി കാണിച്ചത്, വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളുടെ വരവോടെ തനിക്കു നഷ്ടപ്പെട്ട സ്ക്രീൻ സ്പേസ് ഒന്നു തിരിച്ചു പിടിക്കാനായിരുന്നു. ഷോയിൽ വന്ന നാൾ മുതൽ ശരണ്യ പിന്തുടർന്നത് അതേ വസ്ത്രധാരണ രീതി തന്നെയായിരുന്നു. അന്നൊന്നും ജിന്റോയ്ക്കു പോലും അതു പ്രശ്നമായിരുന്നില്ല. എന്നാൽ 23 ദിവസങ്ങൾക്കു ശേഷം വൈൽഡ് കാർഡുകൾ എത്തിയതോടെ, സ്ക്രീൻ പ്രസൻസും കണ്ടന്റുകളുമെല്ലാം അവർ കൊണ്ടുപോവുന്നു എന്നു കണ്ടതോടെ, ജിന്റോ മനപൂർവ്വം സൃഷ്ടിച്ചൊരു കണ്ടന്റ് തന്നെയായിരുന്നു അത്. പുറത്ത് സദാചാര ആങ്ങളമാർ ജിന്റോ ഉയർത്തിയ പ്രശ്നം ഏറ്റെടുക്കുമെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു. 

ആ കണക്കുക്കൂട്ടൽ തെറ്റിയില്ല, ജിന്റോ 'വൾഗർ ഡ്രസ്സിംഗ്'  എന്ന പ്രശ്നം ഉയർത്തിയതോടെ,  ജിന്റോയുടെ പിആർ ടീമും അതൊരു സുവർണാവസരമായി കണ്ട് സൈബർ അറ്റാക്കിനു തുടക്കമിട്ടു. അങ്ങനെ, ശരണ്യയുടെ ഡ്രസ്സിംഗ് സ്റ്റൈൽ, വൈൽഡ് കാർഡ് എൻട്രിയുടെ വരവോടെ സോഷ്യൽ മീഡിയയിലെ കത്തുന്ന വിഷയമായി മാറി. 

വൃത്തിയുടെ പേരിൽ ജാസ്മിൻ രൂക്ഷമായി വിമർശിക്കപ്പെട്ടപ്പോൾ, ആ അവസരം മുതലാക്കാനും  ജിന്റോ ശ്രമിച്ചു. ലിവിംഗ് ഏരിയയിൽ ജാസ്മിൻ ഡ്രസ്സ് കൊണ്ടുവച്ചു എന്നതിനെ ചൊല്ലി ജിന്റോയുണ്ടാക്കിയ ഭൂമികുലുക്കം അതിന്റെ ഭാഗമായിരുന്നു.  എന്നാൽ, മറ്റുള്ളവരെ ഉപദേശിച്ചും വൃത്തിയെ കുറിച്ചു ക്ലാസ്സെടുക്കുകയും ചെയ്യുന്ന ജിന്റോയ്ക്ക് അധികം വൈകാതെ പിഴച്ചത്, സ്വന്തം അടിവസ്ത്രങ്ങൾ കിച്ചണിൽ കൊണ്ടുവച്ച സംഭവത്തിലായിരുന്നു. 

ഫിസിക്കൽ ഗെയിമുകൾ നന്നായി കളിക്കുമ്പോഴും ജിന്റോ പലപ്പോഴും ഓവർ അഗ്രസീവ് ആണ് എന്നതാണ് മറ്റൊരു നെഗറ്റീവ്. ഒട്ടിക്കൽ ടാസ്ക് തന്നെയാണ് അതിനുദാഹരണം. ഋഷി, ഗബ്രി, ശരണ്യ എന്നിവരെല്ലാം അതിന്റെ തിക്താനുഭവങ്ങൾ നേരിട്ടവരാണ്. 

സ്ത്രീകൾ കായികപരമായി ദുർബലരാണെന്ന ഒരു വാദവും എല്ലായ്പ്പോഴും ജിന്റോ മുൻപോട്ടു വയ്ക്കാൻ ശ്രമിക്കുന്നു. ബിഗ് ബോസ് വീട്ടിലെ പല ഗെയിമുകളും സ്ത്രീകൾ മാത്രമുള്ള ടീമുകൾ ഈസിയായി ജയിക്കുമ്പോഴാണ്, സ്ത്രീകളെ മാത്രം തന്ന് ക്യാപ്റ്റൻ തന്റെ ടീമിനെ ദുർബലമാക്കാൻ ശ്രമിച്ചുവെന്ന ബാലിശമായ ആരോപണങ്ങൾ ജിന്റോ ഉന്നയിച്ചത്. ജിന്റോയ്ക്കുള്ളിലെ മെയിൽ ഷോവനിസ്റ്റ് പുറത്തുവന്ന സന്ദർഭമാണിത്. 

ജിന്റോ വഴക്കുണ്ടാവുന്ന പാറ്റേണിലും കാണാം ഈ സ്ത്രീ-പുരുഷ വേർത്തിരിവ്. ബിഗ് ബോസ് വീട്ടിലെ സ്ത്രീ മത്സരാർത്ഥികളോട് മാത്രമാണ് ജിന്റോ എപ്പോഴും ബഹളമുണ്ടാക്കുന്നതും ആക്രോശിക്കുന്നതും. ജാസ്മിൻ, നോറ, അപ്സര, റസ്മിൻ എന്നിവരോടൊക്കെ ജിന്റോയുണ്ടാക്കിയ വഴക്കുകൾ തന്നെയെടുത്താൽ അതു മനസ്സിലാവും.  ജാസ്മിൻ- ഗബ്രി കോമ്പോയായി കളിച്ചതുകൊണ്ടുമാത്രം, ഗബ്രിയോടും ചില അവസരങ്ങളിൽ ജിന്റോ ഉടക്കിയിട്ടുണ്ട്. അതല്ലാതെ, ആ വീട്ടിലെ ശേഷിക്കുന്ന പുരുഷപ്രജകളോടൊന്നും മുട്ടാതിരിക്കാൻ ജിന്റോ പരാമാവധി ശ്രമിക്കാറുണ്ട്. പുരുഷപ്രജകളോട് ഏറ്റുമുട്ടിയാൽ ചിലപ്പോൾ പണികിട്ടുമെന്ന ബോധ്യം ഉള്ളതിനാലാവാം. അവരോടെല്ലാം ഒരു വല്യേട്ടൻ ഇമേജിൽ, ബ്രദർഹുഡ് ചമയുകയായിരുന്നു ജിന്റോ. 

നുണ പറയാൻ ഒട്ടും മടിയില്ലാത്ത ഒരാൾ കൂടിയാണ് ജിന്റോ. വളരെ ചെറിയ കാര്യങ്ങൾക്കുപോലും, ഡിഫൻസ് മെക്കാനിസമെന്ന രീതിയിൽ ജിന്റോ ആദ്യം പറയുക നുണയാണ്. പകൽ പലപ്പോഴും വീടിനകത്ത് ഉറങ്ങിതൂങ്ങുന്ന ജിന്റോ കോഴി കൂവുന്നത് കേട്ടിട്ടാണ് ഉണരുന്നത്. എന്നാൽ എല്ലായ്പ്പോഴും താൻ ഉറങ്ങിയിട്ടില്ലെന്ന് പച്ചക്കള്ളം പറഞ്ഞ് ജിന്റോ അത് ഡിഫെന്റ് ചെയ്യും. ഒരു വാരാന്ത്യ എപ്പിസോഡിൽ ബിഗ് ബോസ് ജിന്റോയുടെ ഉറക്കത്തിന്റെ ക്ലിപ്പിംഗ്സ് മാത്രം വച്ച് സ്പെഷൽ വീഡിയോ തന്നെ പ്ലേ ചെയ്തിരുന്നു. ഉറങ്ങിപ്പോവുക എന്ന വളരെ മനുഷ്യസഹജവും സാധാരണവുമായ കാര്യത്തെ പോലും അംഗീകരിക്കാതെ, അനാവശ്യമായി തർക്കിക്കുന്നതാണ് ജിന്റോയുടെ ശീലം. 

താൻ മാത്രമാണ് ശരിയെന്ന ഒരു ഈഗോയും അപരനെ അംഗീകരിക്കാനുള്ള മടിയും ജിന്റോയിൽ പലപ്പോഴും പ്രകടമായി കാണാം. 'തലയണമന്ത്രം' ടാസ്‌കിലെ ജിന്റോയുടെ ജഡ്ജ്മെന്റിലും പ്രകടമായി കാണാം, ഈ ഈഗോ. എല്ലാ തലയണകളും റിജക്റ്റ് ചെയ്ത് സിജോയുടെ ടീമിന് ഒരു പോയിന്റുപോലും നൽകാതിരിക്കുകയായിരുന്നു ജിന്റോ ചെയ്തത്. തന്റെ ജഡ്ജ്മെന്റ് ശരിയായിരുന്നുവെന്ന് മോഹൻലാലിനു മുന്നിൽ വാദിക്കാനും ജിന്റോ മടിച്ചില്ല. എന്നാൽ അതേസമയം, ജിന്റോയുടെ ടീമിന്റെ തലയണകൾ റിജക്റ്റ് ചെയ്ത അഭിഷേകിന്റെ  ജഡ്ജ്മെന്റിനെ ചോദ്യം ചെയ്യുകയും ചെയ്തു. 

jinto bb 6

പക്ഷപാതപരമായ സമീപനങ്ങളും ജിന്റോയിൽ പ്രകടമാണ്. അതിനു ഉദാഹരണമാണ്, കഴിഞ്ഞ ദിവസം നോറയോട് ജിന്റോ തട്ടികയറിയ സംഭവം. അൻസിബയോട് തനിക്ക് പ്രത്യേകമൊരു സ്നേഹം തോന്നുന്നുവെന്ന് ജിന്റോ ഒരിക്കൽ സിജോയോട് വ്യക്തമാക്കിയതാണ്. ഫാമിലി വീക്കിനു ശേഷം നോറയും അൻസിബയും തമ്മിൽ ഒരു തർക്കമുണ്ടായപ്പോൾ, പെട്ടെന്ന് ഇടയ്ക്ക് കയറി നോറയോട് ആക്രോശിക്കുന്ന ജിന്റോയെ കണ്ട് വീട്ടിലുള്ളവരും പ്രേക്ഷകരുമൊന്നു ഞെട്ടി. പിന്നീട് ഒരവസരത്തിൽ, അതിനു പിന്നിലെ ചോതോവികാരത്തെ കുറിച്ച് ജിന്റോ തന്നെ വീടിനകത്ത് സംസാരിക്കുന്നുണ്ട്. നോറ അൻസിബയോട് ചാടികയറിയതാണ് തന്നെ ചൊടിപ്പിച്ചതെന്നാണ് ജിന്റോ പറയുന്നത്. അൻസിബയോട് പക്ഷപാതം കാണിക്കുന്ന ജിന്റോ അവിടെ  അൻസിബയുടെ സംരക്ഷകൻറെ പട്ടം ഏറ്റെടുക്കുകയായിരുന്നു. 

ഗെയിമർ എന്ന രീതിയിൽ മികച്ചു നിൽക്കുമ്പോഴും ജിന്റോ എന്ന വ്യക്തി പലയിടത്തും പരാജയമാണ്. തീർത്തും സ്ത്രീവിരുദ്ധമായ നിലപാടുകളുള്ള,  ഉടക്കിയാൽ ഒന്നു പറഞ്ഞ് രണ്ടാമത്തേതിനു എതിരാളിയുടെ അപ്പനെ വിളിക്കുന്നയാളാണ് യഥാർത്ഥ ജിന്റോ. ഗബ്രിയുമായുള്ള വഴക്കിനിടെ പുറത്തുചാടിയ ആ ജിന്റോയെ പ്രേക്ഷകർ കണ്ടതുമാണ്. എന്നാൽ  ബിഗ് ബോസിന്റെ അന്തിമതാക്കീത് കിട്ടിയതോടെ,  ആ ജിന്റോയെ തന്റെയുള്ളിൽ തന്നെ പൂട്ടിയിടാനാണ് ജിന്റോ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 

തന്റെ യഥാർത്ഥ സ്വഭാവം പുറത്തു ചാടാതിരിക്കാൻ വേണ്ടിയും അതിനെ കവർ അപ്പ് ചെയ്യാനുമാണ് ജിന്റോയുടെ ഈ ഓവറായ ബഹളങ്ങൾ പോലും. പക്ഷേ, എന്നിട്ടും ജിന്റോയുടെ കയ്യിൽ നിന്നും കാര്യങ്ങൾ ഇടയ്ക്ക് പാളി പോകുന്നുണ്ട്. അതിനു ഉദാഹരണമാണ്, കഴിഞ്ഞ എപ്പിസോഡിൽ, മോഹൻലാലിനു മുന്നിൽ വച്ചുതന്നെ, ജിന്റോ ജാസ്മിനോട് കാണിച്ച ചേഷ്ട. ജാസ്മിനെ മാത്രമല്ല, അവതാരകനായ മോഹൻലാലിനെ പോലും  അപമാനിക്കുന്നതായിരുന്നു ജിന്റോയുടെ ആ ചേഷ്ട. 

ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ സോറി പറഞ്ഞിട്ടുള്ള ഒരാളും ജിന്റോയാവാം. പക്ഷേ, ആ സോറികളൊന്നും അയാൾ മനസ്സറിഞ്ഞു പറഞ്ഞതല്ലെന്ന് പിന്നീടുള്ള ചെയ്തികളിലൂടെ തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കാര്യങ്ങൾ കയ്യിൽ നിന്നു പോവുന്നു എന്നു കാണുമ്പോൾ പെട്ടെന്ന് സോറി പറഞ്ഞ് സംഭവം അവസാനിപ്പിക്കുകയാണ് ജിന്റോയുടെ പ്രകൃതം. ജിന്റോയെ സംബന്ധിച്ച് സോറി പറച്ചിൽ ഒരുതരം എസ്കേപ്പിസം ആണ്. ആ അന്ത്യശാസനത്തോടെ താൻ മാറിയെന്ന് പ്രേക്ഷകരെ ബോധിപ്പിക്കുമ്പോഴും ജിന്റോ ഒരുതരി മാറിയിട്ടില്ലെന്ന് വാരാന്ത്യ എപ്പിസോഡിൽ മോഹൻലാലിന്റെ വിലയിരുത്തലും കൃത്യമാണ്. 

ഗെയിം പഠിച്ചും സ്ട്രാറ്റജികൾ പയറ്റിയും നല്ല രീതിയിൽ കഠിനാധ്വാനം ചെയ്തും പണമെറിഞ്ഞും ബിഗ്ബോസിൽ നിലനിൽക്കുന്ന നല്ലൊരു ഗെയിമറാണ് ജിന്റോ. പക്ഷേ വ്യക്തിയെന്ന രീതിയിലുള്ള ഇത്തരം തരംതാഴ്ന്ന സമീപനങ്ങളും നിലപാടുകളും അയാളുടെ തന്നെ പരിശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ്.  ഫൈനൽ ഫൈവിലെത്താനും വിജയിയാവാനും സാധ്യതയുള്ള മത്സരാർത്ഥിയായിരിക്കവെ തന്നെ, ക്വാളിറ്റിയുള്ള ഒരു വ്യക്തിയെന്ന രീതിയിൽ ജിന്റോയ്ക്ക് അയാളെ രേഖപ്പെടുത്താനാവില്ല എന്നതാണ് ഐറണി. 

Read More Stories Here

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: