scorecardresearch

ഹൃദയഭേദകം, ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി: മുഖ്യമന്ത്രി

93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും, 128 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ടെന്നും, 128 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു

author-image
WebDesk
New Update
Pinarayi Vijayan, Wayanad landslide

ചിത്രം: പി.ആർ.ഡി

തിരുവനന്തപുരം: ഹൃദയഭേദകമായ ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്രമായ മഴയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം മുഴുവന്‍ ഇല്ലാതായി. 93 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക ടീം പുഴ മുറിച്ച് കടന്ന് മുണ്ടക്കൈ മാർക്കറ്റ് മേഖലയിലെത്തി. അവിടെ കുടുങ്ങിക്കിടന്ന പരിക്കേറ്റ മുഴുവനാളുകളെയും രക്ഷപ്പെടുത്തി പുറത്തേക്ക് കൊണ്ടുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisment

128 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഉറങ്ങാന്‍  കിടന്ന കുഞ്ഞുങ്ങള്‍ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുന്‍പ് ജീവൻ നഷ്ടപ്പെട്ട് മണ്ണില്‍ പുതഞ്ഞു പോയത്. ഒട്ടേറെ പേര്‍ ഒഴുകിപ്പോയി. 16 ഓളം പേരുടെ മൃതദേഹങ്ങള്‍ മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. 34 മൃദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് വിട്ട്നല്‍കി.

നമ്മുടെ നാട് ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണിത്. ദുരന്തം തകര്‍ത്തെറിഞ്ഞ പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് പുലര്‍ച്ചെ 2 മണിക്കാണ് ഇവിടെ ആദ്യ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തുടര്‍ന്ന് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടി. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോവുകയും ചൂരല്‍മല, മുണ്ടക്കൈ റോഡ് ഒലിച്ചുപോകുന്ന നിലയുണ്ടാവുകയും ചെയ്തു. 

ഇവിടെയുള്ള വെള്ളാര്‍മല ജിവിഎച്ച്  സ്കൂള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുകയാണ്.  വീടുകള്‍ക്കും ജീവനോപാധികള്‍ക്കുമേറ്റത് വലിയ നാശനഷ്ടമാണ്.
മണ്ണിനടിയില്‍ പെട്ടവരും ഒഴുക്കില്‍ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും.  സാധ്യമായ എല്ലാ ശക്തിയും മാര്‍ഗങ്ങളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരും. 

Advertisment

ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുരന്ത വിവരം അറിഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദ ബോസ് എന്നിവരുള്‍പ്പെടെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാ  സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ  പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേർ വിളിച്ച് ഒന്നിച്ച് പ്രവർത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അപകടവിവരം അറിഞ്ഞയുടെനെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അഞ്ചു മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ  നിയോഗിച്ചിട്ടുണ്ട്.  മന്ത്രിമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സൈന്യത്തിന്‍റെ സഹായമുള്‍പ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങളോടേയും രക്ഷാപ്രവര്‍ത്തനം  നടന്നുകൊണ്ടിരിക്കുകയാണ്. 

പരമാവധി ജീവനുകള്‍ രക്ഷിക്കാനും പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റാനുമാണ്  ശ്രമിക്കുന്നത്. വയനാട്ടില്‍ 45 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 3069 ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്പുകളില്‍ താമസിപ്പിച്ചിട്ടുണ്ട്.

ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, പോലീസ്,  തുടങ്ങിയ വിവിധ സേനകള്‍ യോജിച്ച് പ്രവര്‍ത്തിച്ചു വരുന്നു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്.  കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തുന്നുണ്ട്. ഫയര്‍ ഫോഴ്സില്‍ നിന്നും  329 അംഗങ്ങളെ വിവിധ ജില്ലകളില്‍ നിന്നായി വയനാടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതില്‍ വാട്ടര്‍ റെസ്ക്യൂ അക്കാദമിയിലെ 35 ട്രെയിന്‍ഡ് അംഗങ്ങളും, 86 സിവില്‍ ഡിഫെന്‍സ്, ആപ്ത മിത്ര അംഗങ്ങളും  ഉള്‍പ്പെടുന്നു.

എന്‍ഡിആര്‍എഫിന്‍റെ 60 അംഗ ടീം വയാനട്ടില്‍ ഇതിനോടകം എത്തി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നു. കൂടാതെ ബാംഗ്ലൂരില്‍ നിന്നുള്ള സംഘം വയാനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡിഎസ് സിയുടെ  64 പേരടങ്ങുന്ന  ടീം വയനാട് എത്തിയിട്ടുണ്ട്. 89 പേരുടെ  ടീം  പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡിഎസ് സി  ടീം കണ്ണൂരില്‍ സജ്ജമാണ്. സുലൂരില്‍ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയര്‍ഫോഴ്സിന്‍റെ 2 ചോപ്പറുകള്‍ പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് കോഴിക്കോട് നില്‍ക്കുകയാണ്. കൂടാതെ നേവിയുടെ റിവര്‍ക്രോസിങ്ങ് ടീമിനായും ഇടി എഫ് ആര്‍മിയുടെ  ഒരു ടീമിനായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ടീമിനായും റിക്വസ്റ്റ് നല്‍കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

അനാവശ്യമായി എത്തുന്നത് ഒഴിവാക്കണം

ദുരന്തവിവരമറിഞ്ഞ് ഒട്ടേറെ ആളുകൾ വയനാട്ടിലേക്ക് തിരിക്കുന്നുണ്ടെന്നും അനാവശ്യമായ അത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. പറഞ്ഞറിയിക്കാനാവാത്തത്രയും തീവ്രമായ ഒരു ദുരന്തമുഖത്താണ് നാടുള്ളത്. നാടാകെ രക്ഷാപ്രവർത്തനത്തിലാണ്. ഈ സമയത്ത് രക്ഷാപ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്ന വിധം ദുരന്തമേഖലയിൽ കാഴ്ചക്കാരായി  നിൽക്കുന്ന പ്രവണത ഒഴിവാക്കണം.

ദുരന്തത്തിൽപെട്ടവരെ കൈപിടിച്ചുയർത്തണം

ദുരന്തബാധിതരെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന സർക്കാർ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർക്ക് മറ്റു എന്ത് പകരം നൽകിയാലും അത് മതിയാകില്ല. എങ്കിലും ദുരിതത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തേണ്ടതുണ്ട്. 2018ൽ പ്രളയം ഉണ്ടായപ്പോൾ കേരളമൊട്ടാകെ ഒറ്റക്കെട്ടായി ദുരന്തബാധിതരെ സഹായിക്കാൻ  തയ്യാറായി. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് സഹായഹസ്തം ആ ഘട്ടത്തിൽ നീണ്ടു, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More

Wayanad Landslide Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: