/indian-express-malayalam/media/media_files/UoqdqqysenckwjVWsJJR.jpg)
ഞങ്ങളീ രക്ഷിക്കീ..രക്ഷിക്കീ എന്ന ശബ്ദം മാത്രം കേൾക്കുന്നുണ്ട്. എന്തുചെയ്യാനാണ് ഞങ്ങൾ' - ചികിത്സയിൽ കഴിയുന്ന സ്ത്രീ കണ്ണീരോടെ പറഞ്ഞു
മേപ്പാടി: 'തുള്ളിക്കൊരുക്കുടം കണക്കായിരുന്നു തിങ്കളാഴ്ച മഴ പെയ്തത്. അതിനാൽ, ഊരുക്കൂട്ടി രാത്രി ഉറങ്ങിയിരുന്നില്ല. പുലർച്ചെ ഒരുമണിയോടടുത്ത് ഭീകരമായ ശബ്ദം കേട്ടു. കുട്ടികളെയും കൂട്ടി മദ്രസ്‌ക്ക് സമീപം ഓടിക്കയറിയത് മാത്രം ഓർമ്മയുണ്ട്. മണിക്കൂറുകളായി തോരാമഴയത്ത് ഈ കുന്നിൻ മുകളിലാണ്. വീടുണ്ടോയെന്ന് പോലും അറിയില്ല'-മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട് സമീപത്തെ മദ്രസയ്ക്ക് സമീപമുള്ള കുന്നിൻമുകളിൽ അഭയം തേടിയ ഫാത്തിമയെന്ന് സ്ത്രീയുടെ വാക്കുകളാണിത്. ഇന്നലെ വരെ പ്രതീക്ഷയുടെ പച്ചത്തുരുത്തിൽ ഉള്ളതുകൊണ്ട് സന്തോഷമായി കഴിഞ്ഞിരുന്ന ഒരു കൊച്ചുഗ്രാമം ഇന്ന് കണ്ണീർക്കയത്തിലാണ്.
ഉരുൾപൊട്ടലിൽ അകപ്പെട്ട് പോയവരെ രക്ഷാപ്രവർത്തകർ പുറത്തെത്തിക്കുന്നു
കുത്തിയൊലിച്ചൊഴുകി എത്തിയ മലവെള്ള പാച്ചിലിന്റെ ബാക്കിപത്രം മാത്രമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും എവിടെയും കാണാനുള്ളത്. ഒറ്റയടിക്കാണ് ഈ രണ്ട് ഗ്രാമങ്ങളും ഇല്ലാതായത്. പ്രകൃതി സംഹാരതാണ്ഡവാടിയപ്പോൾ ഇവിടെ ബാക്കിവെച്ചത് കുറേയധികം കല്ലും ചെളിയും മരകക്ഷണങ്ങളും മാത്രമാണ്. ഉറ്റവരെ തേടി അലയുന്ന മുഖങ്ങൾ മാത്രമാണ് മുണ്ടക്കൈയിലും ചൂരൽമലയിലും. ഇന്നലെ വരെ ഒപ്പമുണ്ടായിരുന്നവർ ഒറ്റനിമിഷം കൊണ്ട് എവിടെ പോയെന്നറിയാതെ വിലപിക്കുന്ന മുഖങ്ങൾ മാത്രമാണ് ഇന്നീ ഗ്രാമങ്ങളിൽ അവശേഷിക്കുന്നത്.
'രാത്രി ഉരുൾപൊട്ടിയപ്പോൾ കുന്നിൻ മുകളിൽ ഓടിക്കയറിയതാണ്. വെളിച്ചം വീണതയോടെയാണ് കുന്നിന് കീഴിലുള്ള സകലതും ഒലിച്ചുപോയത് കാണുന്നത്. എല്ലാം പോയി...എല്ലാം'- ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട മിന്നത്ത് പറയുന്നു. വെള്ളത്തിൽ ഒലിച്ചുപോയ മൂന്നുപേരെയാണ് തങ്ങൾക്ക് രക്ഷപ്പെടുത്താനായതെന്നും മിന്നത്ത് പറഞ്ഞു.
രക്ഷാദൗത്യം അതീവ ദുർഘടം
ഇരുപ്രദേശത്തേക്കുമുള്ള പാലങ്ങൾ ഉരുൾപൊട്ടലിൽ തകർന്നതാണ് ആദ്യമണിക്കൂറുകളിൽ രക്ഷാപ്രവർത്തനം ഏറെ ദുർഘടമാക്കിയത്. മരത്തടികളും കല്ലും ശക്തമായ കുത്തൊഴുക്കിൽ ഒഴുകി എത്തിയതോടെയാണ് പാലങ്ങൾ തകർന്നടിഞ്ഞത്. മരത്തടികൾ വന്ന് മൂടിയതോടെ രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നെന്ന് ചൂരൽമലയിലെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ട ആശൂപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു സ്ത്രീ പറഞ്ഞു.
'കനത്ത മഴകാരണം ഞങ്ങളെല്ലാം രണ്ടുമണിയോടെ വീടുവിട്ട് കുറച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറിനിന്നിരുന്നു. എന്നാൽ അവിടെയും ഉരുൾപൊട്ടി വെള്ളം ഒലിച്ചെത്തി. വേഗം ഓടി മാറിയതിനാലാണ് ജീവൻ തിരിച്ചുകിട്ടിയത്, അതിനിടയിൽ ഞങ്ങളീ രക്ഷിക്കീ..രക്ഷിക്കീ എന്ന ശബ്ദം മാത്രം കേൾക്കുന്നുണ്ട്. എന്തുചെയ്യാനാണ് ഞങ്ങൾ' - ആശൂപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്ത്രീ കണ്ണീരോടെ പറഞ്ഞു.
നിലയ്ക്കാത്ത ഫോൺ വിളികൾ
മുണ്ടക്കെ ,ചൂരൽമല എന്നിവിടങ്ങളിലെ സമീപപ്രദേശങ്ങളിലെല്ലാം പുലർച്ചെ നിർത്താതെ മുഴങ്ങിയ ഫോൺകോളുകളെല്ലാം സഹായം തേടിക്കൊണ്ടുള്ള നിലവിളികളായിരുന്നുവെന്ന് സമീപ പ്രദേശങ്ങളിൽ ഉള്ളവർ പറഞ്ഞു. ഉറക്കത്തിനിടെ നിനച്ചിരിക്കാതെ മരണദൂതുമായി കുതിച്ചെത്തിയ മലവെള്ളത്തിൽപ്പെട്ട ആളുകൾ മൊബൈൽ ഫോണുകളിൽ കണ്ണിൽക്കണ്ട നമ്പറുകളിലെല്ലാം സഹായം തേടി വിളിക്കുകയായിരുന്നു.എന്താണ് സംഭവിച്ചതെന്ന് അറിയുംമുമ്പേ നിരവധിയാളുകൾ വെള്ളത്തിൽ ഒലിച്ചുപോയി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിലും വീടുകളിലും കുടുങ്ങിയവർ ചകിതരായി രക്ഷതേടി പരക്കെ വിളിക്കുകയായിരുന്നു.ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ
തന്റെ 'വീട്ടിൽ ചതുപ്പിനും അവശിഷ്ടങ്ങൾക്കും കീഴിൽ ആൾ കുടുങ്ങിയിട്ടുണ്ടെന്നും പുറത്തെടുക്കാൻ കഴിയില്ലെന്നുമായിരുന്നു' ചൂരൽമല സ്വദേശിയായ സ്ത്രീ വിളിച്ചു കരഞ്ഞത്. 'ഞങ്ങളെ സഹായിക്കൂ. ഞങ്ങൾക്ക് വീട് നഷ്ടപ്പെട്ടു. നൗഷീൻ ജീവിച്ചിരിപ്പുണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല. അവൾ ചെളിയിൽ കുടുങ്ങി. ടൗണിൽ തന്നെയാണ് ഞങ്ങളുടെ വീട്...'' ആ സ്ത്രീ വിളിച്ചു പറയുന്നു.
ഈ സ്ഥലം ഇപ്പോഴും വിറയ്ക്കുന്നുണ്ടെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലാ എന്നുമാണ് ചൂരൽമല സ്വദേശിയായ മറ്റൊരാൾ ഫോണിലൂടെ പറഞ്ഞത്. ''ഭൂമി കുലുങ്ങുന്നു. സ്ഥലത്ത് വലിയ ബഹളമാണ്. ചൂരൽമലയിൽ നിന്ന് പുറത്തുകടക്കാൻ ഒരു വഴിയുമില്ല''. അയാൾ പറഞ്ഞു'മുണ്ടക്കൈയിൽ നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങി ജീവനുവേണ്ടി മല്ലിടുന്നു''ണ്ടെന്നായിരുന്നു മറ്റൊരാളുടെ ഫോൺ സന്ദേശം. ''മേപ്പാടി ഭാഗത്ത് നിന്ന് ആരെങ്കിലും വാഹനത്തിൽ ഇവിടെയെത്താൻ കഴിഞ്ഞാൽ നൂറുകണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനാകും.'' അയാൾ പറഞ്ഞു.
Read more
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.