/indian-express-malayalam/media/media_files/ZIDdyCrML1Oup0hph5T8.jpg)
വയനാട്ടിലെ ഉരുൾപൊട്ടൽ ഇങ്ങനെ
കൽപ്പറ്റ: മൂന്ന് മണിക്കൂർ വിത്യാസത്തിനിടയിൽ വയനാട്ടിലെ രണ്ടിടങ്ങളിലുണ്ടായത് രണ്ട് വലിയ ഉരുൾപൊട്ടലുകൾ. കൽപ്പറ്റയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള മേപ്പാടിയിലാണ് രണ്ട് ഉരുൾപൊട്ടലുകളും ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിക്ക് മുണ്ടക്കൈയിലാണ് ആദ്യ ഉരുൾപൊട്ടലുണ്ടായത്. മേപ്പാടി ടൗണിൽ നിന്ന് 14 കിലോമീറ്റർ അകലെയായാണ് മുണ്ടക്കൈ.
പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി മൂന്ന് മണിക്കൂറിനുള്ളിൽ പുലർച്ചെ നാലുമണിക്ക് മുണ്ടക്കൈയിൽ നിന്ന് 2.3കിലോമീറ്റർ മാത്രം ദൂരമുള്ള ചുരൽമലയിലാണ് രണ്ടാമത്തെ ഉരുൾപ്പൊട്ടലുണ്ടാകുന്നത്. മൂന്ന് മണിക്കൂറിനുള്ളിൽ ഉണ്ടായ രണ്ട് ഉരുൾപൊട്ടലുകളിലായി എത്രപേർ മരിച്ചെന്ന് കൃത്യമായ കണക്കുകൾ ഇനിയും പുറത്തുവന്നിട്ടില്ല. 63 പേരുടെ മരണം ചൊവ്വാഴ്ച ഉച്ചവരെ സ്ഥിരീകരിച്ചു. നിരവധിയാളുകൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. പ്രാണരക്ഷാർഥം പലരും സമീപത്തുള്ള കുന്നിൻമുകളിൽ അഭയം തേടിയിരിക്കുകയാണ്.
ഒറ്റപ്പെട്ട പ്രദേശങ്ങൾ
198.65 ചതുരശ്ര കിലോമീറ്ററിൽ ചുറ്റപ്പെട്ട് കിടക്കുന്ന മേപ്പാടി പഞ്ചായത്തിലെ രണ്ട് വാർഡുകളാണ് മുണ്ടക്കൈയും ചൂരൽമലയും. ഇരുവഴിഞ്ഞി പുഴയുടെ പ്രഭവ കേന്ദ്രമായ ഇവിടെ ധാരാളം വെള്ളചാട്ടങ്ങളാൽ നിറഞ്ഞതാണ്. സീതമ്മക്കുണ്ട് വെള്ളച്ചാട്ടം,വെല്ലൊളിപ്പാറ വെള്ളച്ചാട്ടം, പട്ടുവൻ പാറ വെള്ളച്ചാട്ടം എന്നിവയെല്ലാം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം ഈ പ്രദേശത്തുള്ള മലനിരകളിൽ നിന്നാണെന്നാണ് പ്രാഥമിക വിവരം. പൊതുവേ പുറം ലോകവുമായി ഈ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നത് പാലങ്ങളാണ്. എന്നാൽ, ശക്തമായ മലവെള്ള പാച്ചിലിൽ പ്രദേശത്തെ പാലങ്ങൾ ഒലിച്ചുപോയതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നത്.
കുടുങ്ങിക്കിടക്കുന്നത് നിരവധി പേർ
മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ നാട്ടുകാരായ നൂറിലധികം പേരാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിയവരിൽ വിദേശികളും ഉൾപ്പെടുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് അധികൃതർ വ്യക്തമാക്കി. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് സമാന്തര പാലം നിർമിക്കാൻ ശ്രമിക്കുന്നതായി മന്ത്രി കെ രാജൻ അറിയിച്ചു. രക്ഷാദൗത്യത്തിന് തടസ്സമായി കനത്ത മഴ പെയ്യുകയാണ്. വയനാട്ടിലേക്ക് പോകാനാകാതെ ഹെലികോപ്റ്റർ കോഴിക്കോട്ടിറക്കി. മുണ്ടക്കൈയിലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് ദൗത്യസംഘം.
200 പേരടങ്ങിയ സൈന്യമെത്തി
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി സൈന്യമെത്തി. നിന്നാണ് കണ്ണൂരിൽ നിന്നാണ് സൈന്യമെത്തിയത്. നേരത്തെ കൊച്ചിയിൽ നിന്നുള്ള നാവിക സേനയും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സ്ഥലത്തെത്തിയിട്ടുണ്ട്.
ഉരുൾപൊട്ടലിനെ തുടർന്ന് പുറംലോകവുമായി ബന്ധം നഷ്ടപ്പെട്ട മുണ്ടക്കൈയിൽ ഇതുവരെയും രക്ഷാപ്രവർത്തകർക്ക് പൂർണ്ണമായി എത്തിചേരാൻ കഴിഞ്ഞിട്ടില്ല. 200 അംഗ സൈന്യത്തിൽ മുപ്പത് മുങ്ങൽ വിദഗ്ധരും ഉൾപ്പെടുന്നു.
Read More
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
- അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഉപയോഗിക്കുന്നതിന് തടസ്സമായി കുത്തൊഴുക്ക്
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.