scorecardresearch

ക്രിസ്മസിന് മാത്രമല്ല; ഇവിടെ ഓണത്തിനുമുണ്ട് കരോൾ

പലനാട്ടിൽ പലവിധത്തിലാണ് ഓണാഘോഷം. ഓണത്തിന് കരോൾ ആഘോഷിക്കുന്ന ഒരുഗ്രാമമുണ്ട് കേരളത്തിൽ. അത്തം മുതൽ ഉത്രാടത്തലേന്ന് വരെ നീണ്ടുനിൽക്കുന്നതാണ് ഈ ഗ്രാമത്തിലെ ഓണക്കരോൾ

പലനാട്ടിൽ പലവിധത്തിലാണ് ഓണാഘോഷം. ഓണത്തിന് കരോൾ ആഘോഷിക്കുന്ന ഒരുഗ്രാമമുണ്ട് കേരളത്തിൽ. അത്തം മുതൽ ഉത്രാടത്തലേന്ന് വരെ നീണ്ടുനിൽക്കുന്നതാണ് ഈ ഗ്രാമത്തിലെ ഓണക്കരോൾ

author-image
Lijo T George
New Update
onamkarol

വളയൻചിറങ്ങര ഗ്രാമത്തിലെ ഓണക്കരോൾ

കൊച്ചി: പലനാട്ടിൽ പലരീതിയിലാണ് ഓണാഘോഷം. ഓണപ്പൊട്ടൻ മുതൽ വള്ളംകളി വരെ... ഓരോനാട്ടിലും ഓണത്തിന്റെ ചന്തം കൂട്ടുന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിന് അടുത്തുള്ള വളയൻചിറങ്ങര എന്ന് കൊച്ചുഗ്രാമത്തിൽ ഓണക്കരോൾ ആണ് ആഘോഷത്തിന് മാറ്റുക്കൂട്ടുന്നത്. വളയൻചിറങ്ങരയിൽ മാത്രമാണ് ഓണക്കരോൾ എന്ന് വൃത്യസ്തമായ ചടങ്ങ് പൊന്നോണത്തിന് അരങ്ങേറുന്നത്. 

അത്തം മുതൽ ഓണക്കരോൾ

Advertisment

വളയൻചിറങ്ങര ഒളിമ്പിക് സ്പോർസ് ക്ലബ്, വി.എൻ.കേശവപിള്ള സ്മാരക വായനശാല, സുവർണ്ണ തിയേറ്റേഴ്സ് എന്നിവ സംയുക്തമായാണ് ഓണക്കരോൾ നടത്തുന്നത്. നാൽപ്പത്തിനാല് വർഷങ്ങൾക്ക് മുമ്പ് 1985-ലാണ് ഓണക്കരോൾ എന്നാശയം നാട്ടിലെ സാംസ്‌കാരിക കൂട്ടായ്മ മുന്നോട്ട് വെക്കുന്നത്. "എല്ലാ വീടുകളിലും ഓണസന്ദേശം എത്തിക്കുക എന്ന് ലക്ഷ്യത്തോടെയാണ് ഓണക്കരോൾ തുടങ്ങിയത്. വർഷം കഴിയുംതോറും അതിന് പിന്തുണ കൂടി വന്നു," ആദ്യക്കരോൾ മുതൽ സജീവമായ നാടകപ്രവർത്തകൻ കൂടിയായ കെകെ ഗോപാലകൃഷ്ണൻ പറഞ്ഞു. 

ONAMCAROL

അത്തം മുതൽ എട്ട് ദിവസമാണ് ഓണക്കരോൾ നടത്തുന്നത്. കർത്താവിൻപടി, വിമ്മല തെക്ക്, പെരുവാനി, ആലുംചോട്, വാരിക്കാട്, പുളിയാമ്പുള്ളി,വിഗ്വപുരം,കുന്നത്തുശേരി എന്നിങ്ങനെ എട്ടുകരകളിലാണ് ഓരോ ദിവസവും ഓണക്കരോൾ ഇറങ്ങുന്നത്. വീടുകളിൽ മാത്രമാണ് ഓണക്കരോൾ എത്തുക. മാവേലി, ഡ്രം സെറ്റ് എന്നിവയെല്ലാമായാണ് കരോൾ സംഘത്തിന്റെ വരവ്.

Advertisment

ഓരോ ദിവസവും മാവേലി വേഷം ഓരോരുത്തരാകും കെട്ടുക. സുവർണ തിയേറ്റേഴ്സിന്റെ സജീവ പ്രവർത്തകനായ എൻജി കൃഷ്ണൻകുട്ടിയാണ് ദിവസും മാവേലിയെ ഒരുക്കുന്നത്. വൈകീട്ട് ആറരയ്ക്ക് തുടങ്ങുന്ന കരോൾ പത്തുമണിക്ക് അവസാനിക്കും. ഓരോ വീട്ടിലും ഓണപ്പാട്ടുകളാണ് പാടുന്നത്. സ്ത്രീകളും കുട്ടികളും അടക്കം കരോളിന് ഉണ്ടാകും. ദിവസവും കരോൾ അവസാനിക്കുമ്പോൾ പങ്കെടുക്കുന്നവർക്ക് ഭക്ഷണവും നൽകും. 

Onamcarol
വളയൻചിറങ്ങര ഗ്രാമത്തിലെ ഓണക്കരോൾ

ദിവസവും 8000 രൂപ വരെ വീടുകളിൽ നിന്ന് സംഭാവനയായി കിട്ടുമെന്ന് സുവർണ തിയേറ്റേഴ്സിന്റെ മുൻ സെക്രട്ടറി എൻഎം രാജേഷ് പറഞ്ഞു."ഓണക്കരോളിലുടെ ലഭിക്കുന്ന സംഭാവന ഉപയോഗിച്ച് ഉത്രാടഘോഷ യാത്ര സംഘടിപ്പിക്കും. അതോടെ വളയൻചിറങ്ങരയിലെ ഓണാഘോഷത്തിന് സമാപനം കുറിക്കും," രാജേഷ് പറഞ്ഞു.

മാവേലിമാരിൽ സ്ത്രീകളും

കഴിഞ്ഞ വർഷം മുതൽ സ്ത്രീകളും മാവേലി വേഷം കെട്ടിതുടങ്ങി. എട്ടു ദിവസത്തിലെ ഒരു കരോൾ ദിവസമാണ് മാവേലി വേഷം സ്ത്രീകളും കെട്ടുന്നത്. "കഴിഞ്ഞ വർഷം രണ്ട് സ്ത്രീകൾ മാവേലി വേഷം കെട്ടി. വലിയ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്", സുവർണ തിയേറ്റേഴ്സിന്റെ സെക്രട്ടറി ജി. അജീന ടീച്ചർ പറയുന്നു.

ആദ്യകാലങ്ങളിൽ വളയൻചിറങ്ങര ഗ്രാമത്തിലുള്ളവരുടെ മാത്രം ആഘോഷമായിരുന്നെങ്കിൽ, ഓണക്കരോൾ ഇന്ന് നാടൊന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. "സമീപപ്രദേശങ്ങളായ രായമംഗലം, പെങ്ങോല, മഴുവന്നുർ എന്നിവടങ്ങളിൽ നിന്നെല്ലാം ആളുകൾ കരോൾ കൂടാൻ എത്താറുണ്ട്,'' വിഎൻ കേശവപിള്ള സ്മാരക വായനശാല സെക്രട്ടറി പി.രാജൻ പറയുന്നു.

ആവേശമാക്കി പുതുതലമുറ

സമ്പൽസമൃദ്ധിയുടെ ഓണഘോഷത്തെ വരവേൽക്കാൻ പഴയതലമുറ കാട്ടുന്ന ആവേശം ഒട്ടുംചോരാതെ വളയൻചിറങ്ങരയിലെ പുതുതലമുറയും ഏറ്റെടുത്തിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി പുതുതലമുറയ്ക്കായി ഓണപ്പാട്ടുകളുടെ പരിശീലനം തുടങ്ങും. പിന്നീട് പതിയെ അവരും നാടിന്റെ ആഘോഷം ഏറ്റെടുക്കും. കഴിഞ്ഞ 45 വർഷത്തിനിടെ 2018-ലെ പ്രളയത്തിന് മാത്രമാണ് ഓണക്കരോൾ മുടങ്ങിയത്. "എല്ലാവരുടെയും കൂട്ടായ പ്രവൃത്തനം, കൃത്യമായ ഏകോപനം എന്നിവയിലൂടെ മുടക്കമില്ലാതെ ഓണക്കരോൾ നടക്കുന്നു," ഒളിമ്പിക് സ്പോർസ് ക്ലബ് മുൻ പ്രസിഡന്റ് കെവി ചെറിയാൻ പറഞ്ഞു.

onamcarol
ഓണക്കരോളിനായി മാവേലിയെ ഒരുക്കുന്നു

ഓണസന്ദേശം വീടുകളിലെത്തിക്കാൻ തുടങ്ങിയ ഒരാഘോഷം വർഷങ്ങൾക്കിപ്പുറവും നാട് ഏറ്റെടുത്ത കഥയാണ് വളയൻചിറങ്ങരയിലെ ഓണക്കരോളിനുള്ളത്. ഓരോ ഓണക്കാലം അവസാനിക്കുമ്പോഴും ഈ ഗ്രാമത്തിലുള്ളവർ, തങ്ങൾക്ക് മാത്രം സ്വന്തമായുള്ള ഓണക്കരോൾ വരുന്ന വർഷം കൂടുതൽ ഗംഭീരമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങും.

Read More

Festival Onam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: