scorecardresearch

കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം

രാത്രി ഒൻപത് മണിക്ക് വിരിയുന്ന പൂക്കൾ രാവിലെ ഒൻപതോടെ വാടിതുടങ്ങും. അതിനാൽ വെട്ടംവീഴും മുമ്പേ തന്നെ കിഴക്കുംഭാഗം പാടശേഖരത്തിലേക്ക് സഞ്ചാരികളുടെ വരവുതുടങ്ങും. ഓഗസ്റ്റ് അവസാനത്തോടെ നെൽകൃഷിക്കായി പാടം ഒരുക്കുന്നതോടെ പൂക്കാലം അവസാനിക്കും

രാത്രി ഒൻപത് മണിക്ക് വിരിയുന്ന പൂക്കൾ രാവിലെ ഒൻപതോടെ വാടിതുടങ്ങും. അതിനാൽ വെട്ടംവീഴും മുമ്പേ തന്നെ കിഴക്കുംഭാഗം പാടശേഖരത്തിലേക്ക് സഞ്ചാരികളുടെ വരവുതുടങ്ങും. ഓഗസ്റ്റ് അവസാനത്തോടെ നെൽകൃഷിക്കായി പാടം ഒരുക്കുന്നതോടെ പൂക്കാലം അവസാനിക്കും

author-image
Lijo T George
New Update
ambal

കോട്ടയം: കോട്ടയം പട്ടണത്തിലെത്തി അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ കൊല്ലാട് എത്താം. അവിടെയെത്തിയിട്ട് എന്ത് കാര്യമെന്ന് ചോദിക്കാൻ വരട്ടെ... അവിടെയെത്തിയാലാണ് അമ്പാനെ കാഴ്ചകളുള്ളത്. കണ്ണെത്താ ദുരെത്തോളം പരന്നുകിടക്കുന്ന പാടത്ത് വർണ്ണപ്പൊട്ട് വിരിച്ച ആമ്പൽ വസന്തം കാണാം. കോട്ടയം കൊല്ലാട് കിഴക്കുംപുറം പാടശേഖരത്തിലാണ് ആമ്പൽവസന്തം വിരിഞ്ഞുനിൽക്കുന്നത്.

200 ഏക്കറോളം വരുന്നതാണ് കിഴക്കുംപുറം പാടശേഖരം. മുമ്പും ഇവിടെ ആമ്പൽ പൂക്കൽ വിരിഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയധികം പൂക്കൾ വിരിയുന്നത് ഇതാദ്യമായാണ്. സാമൂഹിക മാധ്യമങ്ങൾ വഴി കിഴക്കുംപുറത്തെ ആമ്പൽ വസന്തം വൈറൽ ആയതോടെ വിവാഹ ഫോട്ടോഷൂട്ടിനുൾപ്പടെ നിരവധി ആളുകളാണ് ഗൂഗിൾ മാപ്പിട്ട് കിഴക്കുംപുറം ലക്ഷ്യമാക്കി വരുന്നത്. 

എന്താണ് ആമ്പൽ വസന്തം?

Advertisment

നെൽകൃഷിക്ക് വേണ്ടി മേയ്, ജൂൺ മാസത്തിൽ പാടത്തേക്ക് വെള്ളം കയറ്റും. ഇതോടെയാണ് ചെളിക്കടിയിൽ കിടക്കുന്ന ആമ്പൽവിത്തുകൾ കിളിർത്ത് വെള്ളത്തിനുമീതെ വർണവസന്തം തീർക്കുന്നത്. ജൂലൈ മുതലാണ് ആമ്പലുകൾ വിരിയാൻ തുടങ്ങുക. രാത്രി ഒൻപത് മണിക്ക് വിരിയുന്ന പൂക്കൾ രാവിലെ ഒൻപതോടെ വാടിതുടങ്ങും. അതിനാൽ വെട്ടംവീഴും മുമ്പേ തന്നെ കിഴക്കുംഭാഗം പാടശേഖരത്തിലേക്ക് സഞ്ചാരികളുടെ വരവുതുടങ്ങും. ഓഗസ്റ്റ് അവസാനത്തോടെ നെൽകൃഷിക്കായി പാടം ഒരുക്കുന്നതോടെ പൂക്കാലം അവസാനിക്കും. പിന്നീട് വീണ്ടും നീണ്ട പത്തുമാസത്തെ കാത്തിരിപ്പാണ്. പുതിയൊരു ആമ്പൽ വസന്തം കാണാൻ.

AMB
കിഴക്കുഭാഗത്തെ ആമ്പൽ വസന്തം കാണാനെത്തിയ സഞ്ചാരികൾ. വള്ളം തുഴയുന്നത് കർഷകനായ അനിൽ

കൃഷിക്കായി പാടം ഒരുക്കുമ്പോൾ ആമ്പലുകളുടെ ഇലയും പൂക്കളും നശിക്കുമെങ്കിലും അടുത്ത വർഷത്തെ കരുതലായി പ്രകൃതി തന്നെ വിത്തുകൾ പാടത്തെ ചെളിയിൽ സൂക്ഷിക്കും.ഇതുകൊണ്ടാണ് എല്ലാ വർഷവും പതിവുതെറ്റാതെ ആമ്പൽ വസന്തം എത്തുന്നത്. 

അതിരാവിലെ ആമ്പൽവസന്തം കാണാനെത്തുന്നവരെ പാടശേഖരത്തിലേക്ക് ആനയിക്കുന്നത് പ്രദേശവാസിയായ കർഷകൻകൂടിയായ അനിലാണ്. പൂക്കൾ കാണാനെത്തുന്നവർക്ക് ഇടയ്ക്ക് മഴ പെയ്താൽ കയറി നിൽക്കാനുള്ള ഏകാശ്രയവും പാടശേഖരത്തിന് സമീപത്തുള്ള അനിലിന്റെ വീടാണ്. സന്ദർശകരെ മുൻഗണനാ ക്രമമനുസരിച്ച് അനിൽ തന്റെ വള്ളത്തിൽ പാടശേഖരത്തിലേക്ക് കൊണ്ടുപോകും. അവർ നൽകുന്ന കാശ് വാങ്ങും. ഫോട്ടോ ഷൂട്ടിനായി മുൻകൂറായി വിളിച്ചുപറഞ്ഞ വരുന്നവരുടെ എണ്ണം കൂടുതലാണെന്നും അനിൽ പറഞ്ഞു. ഗ്രാമീണ ജലടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കിഴക്കുംപുറത്തെ ആമ്പൽ വസന്തത്തെ പ്രയോജനപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 

പറിക്കല്ലേ...പൂക്കൾ
പൂക്കൾ പറിക്കരുതേയെന്ന് നിർദേശമാണ് കിഴക്കുംപുറം പാടശേഖരം കാണാനെത്തുന്നവർക്ക് പ്രദേശവാസികൾ ആദ്യം നൽകുന്നത്. കൂടുതൽ പേരും അത് അനുസരിക്കും. പ്രകൃതിയൊരുക്കിയ വർണ്ണ വസന്തം അതേപടി പരിപാലിക്കാൻ അവരും പങ്കാളിയാകും. എന്നാൽ ചിലർ നിർദേശം കേൾക്കാതെ ആമ്പൽ പൂക്കൾ പറിച്ചെടുക്കുമെന്നും പ്രദേശവാസികൾ പറയുന്നു.

പ്രകൃതിയുടെ ,സ്വന്തം കരവിരുതിൽ അണിയിച്ചൊരുക്കിയ കിഴക്കുപാടത്തിന്റെ സൗന്ദര്യം പുറം ലോകത്തെയറിയിച്ചത് പ്രദേശവാസിയായ ഫോട്ടോഗ്രാഫർ സിബി കെ തമ്പിയുടെ ക്യാമറാക്കണ്ണുകളാണ്.  കോട്ടയം ജില്ലയിൽ തന്നെ മലരിക്കൽ പാടശേഖരത്തിലെ ആമ്പൽ വസന്തം കഴിഞ്ഞവർഷങ്ങളില്ലെല്ലാം വൈറലായിരുന്നു.

Advertisment

AMBALLLL3

എങ്ങനെ എത്തിചേരാം

കോട്ടയം നഗരത്തിൽ നിന്ന് ആറരകിലോമീറ്റർ സഞ്ചരിച്ചാൽ കിഴക്കുംഭാഗം പാടശേഖരത്തിലെത്താം. കോട്ടയത്ത് നിന്ന് കഞ്ഞിക്കുഴി  കൊല്ലാട് റോഡിൽ ബോട്ട് ജെട്ടി കവലയിൽ എത്തണം. അവിട് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൊല്ലൻ കവലയിൽ എത്തണം.

അവിടെ നിന്ന് തൃക്കേൽ ക്ഷേത്രത്തിന്റെ ഭാഗത്തേക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ കിഴക്കുംഭാഗം പാടശേഖത്തിലെത്താം. പ്രഭാതത്തിൽ എത്തിയാൽ കൂടുതൽ മിഴിവോടെ കാഴ്ചകൾ കാണാനാകും. 

Read More

Tourism Kerala Tourism Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: