scorecardresearch

ഹൃദയത്തിൽ കൈയ്യൊപ്പിട്ട കുഞ്ഞൂഞ്ഞ്: ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് രണ്ടാണ്ട്

അൻപത്തിയഞ്ച് വർഷം നീണ്ട രാഷ്ട്രീയ യാത്രയിൽ,  ഉമ്മൻ ചാണ്ടിയെന്ന നേതാവിന് താമസിക്കാൻ തങ്ങളുടെ ഹ്യദയത്തിനുള്ളിൽ ഇടം നൽകി ആൾക്കൂട്ടം ഇന്നും ആ ഓർമ്മകൾക്ക്  ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു

അൻപത്തിയഞ്ച് വർഷം നീണ്ട രാഷ്ട്രീയ യാത്രയിൽ,  ഉമ്മൻ ചാണ്ടിയെന്ന നേതാവിന് താമസിക്കാൻ തങ്ങളുടെ ഹ്യദയത്തിനുള്ളിൽ ഇടം നൽകി ആൾക്കൂട്ടം ഇന്നും ആ ഓർമ്മകൾക്ക്  ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു

author-image
Lijo T George
അപ്‌ഡേറ്റ് ചെയ്‌തു
New Update
Oommen Chandy

അതിവേഗത്തിൽ ബഹുദൂരമുള്ള തിരക്കുകളിൽ നിന്നെല്ലാം ഒഴിവായി ഉമ്മൻ ചാണ്ടി സ്വസ്ഥനായി ഉറങ്ങാൻ തുടങ്ങിയിട്ട് ഒരാണ്ട്

ആൾക്കൂട്ടമായിരുന്നു ആ മനുഷ്യനെല്ലാം. ആൾക്കൂട്ടത്തിന്റെ നടുവിലായിരുന്നു ജീവിച്ചതും അലിഞ്ഞുചേർന്നതും. കരോട്ടെ വള്ളക്കാലിൽ കുഞ്ഞുഞ്ഞിനെ, വീട്ടുകാരുടെ സണ്ണിയെ, ഉമ്മൻ ചാണ്ടിയെന്ന നേതാവാക്കിയത് എന്നും ഒപ്പം ചേർന്നുനിന്ന ആൾക്കൂട്ടമായിരുന്നു. കല്പറ്റ നാരായണന്റെ വാക്കുകൾ കടമെടുത്താൽ 'മത്സ്യം ജലത്തിലെന്നപോൽ ഉമ്മൻ ചാണ്ടി ആൾക്കൂട്ടത്തിന് നടുവിൽ സ്വസ്ഥനായി'. അതിവേഗത്തിൽ ബഹുദൂരമുള്ള തിരക്കുകളിൽ നിന്നെല്ലാം ഒഴിവായി ഉമ്മൻ ചാണ്ടി സ്വസ്ഥനായി ഉറങ്ങാൻ തുടങ്ങിയിട്ട് ഒരാണ്ട് തികയുമ്പോഴും പനിനീർ പുഷ്പങ്ങളുമായി ആൾക്കൂട്ടം അയാളുടെ കല്ലറയ്ക്ക് ചുറ്റും ഒത്തുകൂടി കൊണ്ടേയിരിക്കുന്നു.

Advertisment

2023 ജൂലൈ 18 ന്, നേരം പുലർന്നപ്പോൾ കരഞ്ഞത് കേരളം മാത്രമായിരുന്നില്ല. എവിടെയെല്ലാം മലയാളികളുടെ വേരുകളുണ്ടോ അവിടെയെല്ലാം നൊമ്പരം തളംക്കെട്ടി നിന്നു. തിരക്കുകളില്ലാതെ ഉമ്മൻ ചാണ്ടി തലസ്ഥാനത്ത് അവസാനമായി എത്തിയപ്പോഴും ആൾക്കൂട്ടത്തിന് നടുവിൽ തന്നെയായിരുന്നു അദ്ദേഹം. ആരോടും മിണ്ടാതെ പുഞ്ചിരിതൂകി അന്ത്യയാത്രക്കൊരുങ്ങുന്ന ഉമ്മൻ ചാണ്ടിയെ നോക്കി ആൾക്കൂട്ടം അലറിവിളിച്ചു. 'കണ്ണേ കരളേ ഉമ്മൻചാണ്ടി...ജീവിക്കുന്നു ഞങ്ങളിലൂടെ' . വെഞ്ഞാറമൂടും ചടയമംഗലവും കൊട്ടാരക്കരയും അടൂരും തിരുവല്ലയും കടന്ന് ഉമ്മൻ ചാണ്ടി അന്ത്യയാത്ര നടത്തുന്നതിനിടയിൽ ഉടനീളം ആൾക്കൂട്ടത്തിന്റെ മുദ്രാവാക്യം മുഴങ്ങിക്കൊണ്ടേയിരുന്നു.

തലസ്ഥാനം മുതൽ ആൾക്കൂട്ടം തീർത്ത പാതയിലൂടെ സഞ്ചരിച്ച ആ വിലാപയാത്ര കോട്ടയത്തിന്റെ ഹൃദയകവാടമായ തിരുനക്കരയിൽ എത്താൻ 28 മണിക്കൂർ വേണ്ടിവന്നു. ഗാന്ധിജിയും മന്നവും പട്ടം താണുപിള്ളയും പി.ടി.ചാക്കോയുമെല്ലാ നിരവധി പ്രക്ഷോഭങ്ങൾക്ക് സമരകാഹളം മുഴക്കിയ തിരുനക്കര മൈതാനം അന്നൊരു കടലായി മാറിയിരുന്നു. ആരായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേരളം അടയാളപ്പെടുത്തിയത് ഒരുപക്ഷേ തിരുനക്കര മൈതാനത്തിലെ ആ മനുഷ്യക്കടലിന്റെ വേലിയേറ്റങ്ങളിൽ നിന്നാകാം.

Oommen Chandy
ഉമ്മൻ ചാണ്ടിയുടെ ഭൗതീക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര. മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. സമീപം(ഫയൽ ചിത്രം)
Advertisment

ജനകീയത  മേൽവിലാസമാക്കിയ ആ മനുഷ്യൻ, തങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റിയ കഥകളായിരുന്നു ഓരോ മനുഷ്യർക്കും പറയാനുണ്ടായിരുന്നത്. ജനങ്ങളെ അയാൾ സ്‌നേഹിച്ചു. അശരണരെ, സഹായം വേണ്ടവരെ അയാൾ ചേർത്തുനിർത്തി. അവരുടെ കണ്ണീരൊപ്പാൻ സമയം കണ്ടെത്തി. അവിടെ നിയമത്തിന്റെ നൂലാമാലകളൊന്നും ഉമ്മൻ ചാണ്ടിയെന്ന മനുഷ്യന് വിലങ്ങുതടിയായില്ല. സങ്കടക്കയത്തിൽ നിൽക്കുന്നവരെ ചേർത്തുപിടിക്കാൻ അദ്ദേഹം ഏതറ്റം വരെയും പോയി. അതിനിടയിൽ അദ്ദേഹം ഉറങ്ങിയില്ല, സമയത്തുണ്ടില്ല, മുടി ചീകിയില്ല, ഡൈ ചെയ്തില്ല, വസ്ത്രം ഇസ്തരിയിട്ട് മിനുക്കിയില്ല.  വിമർശിച്ചവരും കല്ലെറിഞ്ഞവരും പോലും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ അനുഗമിച്ചത് ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയെ കാലം അടയാളപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ്.

കോട്ടയം പട്ടണത്തോട് വിടചൊല്ലി, എല്ലാവരോടും യാത്ര പറഞ്ഞ്, ഓട്ടം തികച്ച്, എന്തുപ്രശ്‌നം വന്നാലും താൻ ആദ്യം ഓടിയെത്തുന്ന പുതുപ്പള്ളി പള്ളിയിൽ അവസാന നിദ്രയ്ക്ക് എത്തിയപ്പോഴും  ജനസഞ്ചയം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ടായിരുന്നു. അവസാനമായി ഒരു നോക്ക് കാണാൻ അവിടെ, മനുഷ്യർ മൺതരികളായി മാറിയിരുന്നു. ഒടുവിൽ,  അവരുടെ ഹൃദയത്തിൽ കൈയൊപ്പിട്ട് കുഞ്ഞുഞ്ഞ് മനസ്സുകളിലേക്കലിഞ്ഞു. അനേകരുടെ ആശ്രയമായിരുന്ന അദ്ദേഹം അവരുടെ ആകാശത്ത്  ഒറ്റനക്ഷത്രമായുദിച്ചു. കാലം ഒരാണ്ടുപിന്നിടുമ്പോഴും ആ നക്ഷത്രത്തെ കാണാൻ ആൾക്കൂട്ടം പുതുപ്പള്ളി പള്ളിയുടെ പടിക്കെട്ടുകൾ കയറിക്കൊണ്ടേയിരിക്കുന്നു.

Oommen Chandi
പുതുപ്പള്ളിയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണം (ചിത്രം: ജോമോൻ ജോർജ്)

അൻപത്തിയഞ്ച് വർഷം നീണ്ട രാഷ്ട്രീയ യാത്രയിൽ,  ഉമ്മൻ ചാണ്ടിയെന്ന നേതാവിന് താമസിക്കാൻ തങ്ങളുടെ ഹ്യദയത്തിനുള്ളിൽ ഇടം നൽകി ആൾക്കൂട്ടം ഇന്നും ആ ഓർമ്മകൾക്ക്  ചുറ്റും കറങ്ങിക്കൊണ്ടേയിരിക്കുന്നു. 'സത്യമായും ഈ മനുഷ്യൻ നീതിമാനാണ്'-എന്ന ബൈബിൾ തിരുവെഴുത്ത് ആലേഖനം ചെയ്ത പനീനീർ പുഷ്പങ്ങൾ കൊണ്ട് പൊതിഞ്ഞ അദ്ദേഹത്തിന്റെ കല്ലറയിൽ മെഴുകുതിരികൾ എരിഞ്ഞുകൊണ്ടേയിരിക്കുന്നു.

Read More

Chief Minister Kerala Oommen Chandy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: