/indian-express-malayalam/media/media_files/aUrI2zFF8AxQFAqt5em7.jpg)
നഷ്ടങ്ങളുടെയും സങ്കടത്തിന്റെയും കഥയാണ് ഓരോ വെള്ളപ്പൊക്കവും സമ്മാനിക്കുന്നത്. പ്രകൃതി കൂടുതൽ കലിപൂണ്ടാൽ അത് മഹാപ്രളയമാകും. ഐക്യകേരളത്തിന് മുന്നേ കേരള ചരിത്രത്തിലേക്ക് കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തിന്റെ ഓർമ്മകൾ ഇന്നും പഴയ തലമുറയുടെ ഉള്ളിലുണ്ട്. 2018-ൽ കേരളത്തെ മുക്കിയ പ്രളയ നാളുകളിലാണ് പുതുതലമുറ അന്നത്തെ മഹാപ്രളയത്തിന്റെ ചരിത്രത്തിലേക്ക് അഴ്ന്നിറങ്ങിയത്.
തുള്ളിയ്‌ക്കൊരുക്കുടമെന്ന് പോലെ പെയ്യുന്ന മഴയിലും മലവെള്ളപാച്ചിലിലും ഒഴുകിവരുന്ന മൃതശരീരങ്ങൾ, അഴുകിയ പക്ഷി-മൃഗാദികളുടെ ശവങ്ങൾ... ഒരായുസ്സ് കൊണ്ടുകെട്ടിപ്പൊക്കിയ സമ്പാദ്യങ്ങൾ ഒരുനിമിഷം കൊണ്ടുഇല്ലാതാകുന്ന രംഗങ്ങൾ. 99-ലെ വെള്ളപ്പൊക്കമെന്ന് പഴയ തലമുറ പറയുന്ന മഹാപ്രളയത്തെപ്പറ്റി പറയുമ്പോൾ ഇത്തരം നിരവധി ഓർമ്മകളാണ് അവരുടെ ഉള്ളിൽ പെയ്തിറങ്ങുന്നത്. ആ മഹാപ്രളയത്തിന് 2024 ജൂലൈയിൽ നൂറുവയസ്സ് തികയുകയാണ്.
എന്താണ് 99-ലെ വെള്ളപ്പൊക്കം
1924 ജൂലൈ പകുതിയോടെ തുടങ്ങി ഓഗസ്റ്റ് വരെ നീണ്ടുനിന്നതായിരുന്നു 99-ലെ മഹാപ്രളയം. കൊല്ലവർഷം, 1099-ലെ കർക്കിടക മാസത്തിലാണ് വെള്ളപ്പൊക്കമുണ്ടായതിനാലാണ് തൊണ്ണുറ്റിയൊൻപതിലെ പ്രളയമെന്ന് പറയപ്പെടുന്നത്. 1924 ജൂലൈ 15-ഓടെ ആരംഭിച്ച ശക്തമായ മഴയാണ് പ്രളയത്തിന് കാരണമായത്. ബ്രട്ടീഷുകാരുടെ കൈയ്യിലുള്ള കണക്കുപ്രകാരം ജൂലൈ മാസത്തിൽ മൂന്നാറിൽ മാത്രം 485 സെന്റീമീറ്റർ മഴയാണ് പെയ്തത്.
മൂന്നാഴ്ചയോളം നീണ്ടുനിന്ന പേമാരിയിലും പ്രളയത്തിലും കേരളത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ മുങ്ങിപ്പോയി. തിരുവിതാംകൂറിനേയും തെക്കൻ മലബാറിനേയും പ്രളയം ബാധിച്ചെങ്കിലും ഏറ്റവുമധികം കെടുതികൾ നേരിട്ടത് തിരുവിതാകൂറിലാണ്. രാജഭരണമായിരുന്നു അക്കാലത്ത്. അന്ന് ശ്രീമൂലം തിരുനാളാണ് തിരുവിതാകൂർ ഭരിച്ചിരുന്നത്. തിരുവനന്തപുരം പട്ടണത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ആലപ്പുഴ മുഴുവനായും ഏറണാകുളത്തിന്റെ നാലിൽ മൂന്ന് ഭാഗവും വെള്ളത്തിനടിയിൽ മുങ്ങിയെന്നാണ് രേഖകൾ പറയുന്നത്. മദ്ധ്യതിരുവിതാംകൂറിൽ 20 അടിവരെ വെള്ളം പൊങ്ങി. മഴപെയ്തുണ്ടായ മലവെള്ളവും കടൽ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു.
കർക്കിടകം പതിനേഴ് കഴിഞ്ഞപ്പോഴേക്കും തെക്കേമലബാർ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം മുക്കാലും മുങ്ങി. രണ്ടായിരം വീടുകൾ നിലം പതിച്ചു. കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയെയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി എന്ന് പറയപ്പെടുന്നു. ഭാരതപ്പുഴയുടെതീരങ്ങളിലെ ഇല്ലങ്ങളിൽ ആചാരപ്രകാരം സൂക്ഷിച്ചിരുന്ന അഗ്‌നി ഈ വെള്ളപ്പൊക്കത്തിൽ നശിച്ചുവെന്ന് ദേവകി നിലയങ്ങോട് അനുസ്മരിക്കുന്നുണ്ട്.
/indian-express-malayalam/media/media_files/munnar-floods-1.jpg)
പ്രളയം തകർത്തെറിഞ്ഞ മൂന്നാർ പട്ടണം
സമുദ്രനിരപ്പിനടുത്തുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിൽ അത്ഭുതമില്ല. എന്നാൽ സമുദ്രനിരപ്പിൽ നിന്ന് 5000 മുതൽ 6500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ ഏറ്റവും അമ്പരപ്പിച്ചത്. ഏഷ്യയിലെ സ്വിറ്റ്‌സർലാൻഡ് എന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്നാറിന്റെ സൗന്ദര്യത്തെയും സൗകര്യങ്ങളെയും അപ്പാടെ തകർത്തെറിഞ്ഞതായിരുന്നു മഹാപ്രളയം.
ജൂലൈ പകുതിയോടെ തുടങ്ങിയ കനത്തമഴയിൽ വൻതോതിൽ മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകിയും മാട്ടുപ്പെട്ടിയിൽ രണ്ടു മലകൾ ചേരുന്ന സ്ഥലത്ത് തനിയെ ഒരു ബണ്ട് ഉണ്ടായി (ഇന്നവിടെ ഒരണക്കെട്ടുണ്ട്). തുടർന്നുള്ള, ദിവസങ്ങളിൽ രാവും പകലും പെയ്ത മഴയിൽ ഉരുൾപൊട്ടലുണ്ടായി. ഒഴുകിവന്ന മണ്ണും വെള്ളവും താങ്ങാനാവാതെ മാട്ടുപ്പെട്ടിയിലെ ബണ്ട് തകർന്നതോടെ ഒരു അണക്കെട്ട് പൊട്ടിയപോലെയുള്ള വെള്ളപ്പാച്ചിലിൽ ഒഴുകിവന്ന വെള്ളവും ഒപ്പം വന്ന മരങ്ങളും കൂടി മൂന്നാർ പട്ടണം തകർത്ത് തരിപ്പണമാക്കുകയായിരുന്നു.
/indian-express-malayalam/media/media_files/munnar-floods-2.jpg)
അന്ന് മൂന്നാറിൽ വൈദ്യുതിയും റോപ്പ് വേയും മോണോറെയിൽ തീവണ്ടിയും വരെ ഉണ്ടായിരുന്നു. കുണ്ടളവാലി റെയിൽവേ ലൈൻ എന്നാണ് മൂന്നാറിലെ നാരോ-ഗേജ് റെയിൽപ്പാത അറിയപ്പെട്ടിരുന്നത്. പ്രളയത്തിൽ ആ റെയിൽപ്പാതകളും സ്റ്റേഷനുകളും പൂർണ്ണമായി നശിച്ചു. 1902-ൽ സ്ഥാപിച്ച റെയിൽപ്പാത മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടി, കുന്തള വഴി തമിഴ്‌നാടിന്റെ അതിർത്തിയായ ടോപ്പ് സ്റ്റേഷൻവരെയുള്ളതായിരുന്നു. പ്രളയത്തോടെ റെയിൽവേ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷനമായ മൂന്നാറിന് പിന്നീടൊരിക്കലും റെയിൽവേ ഭൂപടത്തിലേക്ക് തിരിച്ചുവരാനായിട്ടില്ല. റെയിൽവേയ്ക്ക് പുറമേ മൂന്നാറിലെ ആശൂപത്രികൾ, തപാൽ സേവനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം അവിടെ നിന്ന് തുടച്ചുമാറ്റപ്പെട്ടു. കിലോമീറ്ററുകൾ പരന്നു കിടന്ന ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളും പൂർണ്ണമായി നശിച്ചു.
മൂന്നാറിന്റെ ഭൂപ്രകൃതിയിലും പ്രളയം മാറ്റം വരുത്തി. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കർ പരന്നു കിടന്നിരുന്ന സ്ഥലം ഒരു വൻ തടാകമായി മാറി. മഴ തുടങ്ങിയതിന്റെ ആറാം ദിവസം ഈ അണക്കെട്ട് പൊട്ടി. ഈ മലവെള്ളപ്പാച്ചിൽ അവസാനിപ്പിച്ചത് പള്ളിവാസലിൽ 200 ഏക്കർ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു. പള്ളിവാസലിന്റെ രൂപം തന്നെ മാറിപ്പോയി. 150 അടി ഉയരമുള്ള ഒരു വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടു. പള്ളിവാസലിൽ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്ന രണ്ടു ജനറേറ്ററുകൾ മണ്ണിനടിയിലായി.
പൂർണ്ണമായും തകർന്ന മൂന്നാറിനെ വീണ്ടും ഒരുയർത്തെഴുനേൽപ്പിനു സഹായിച്ചത് ബ്രിട്ടീഷുകാരായിരുന്നു. വീണ്ടും തേയില നട്ടു, റോഡുകൾ നന്നാക്കി, മൂന്നാർ പഴയ മൂന്നാറായി. എന്നാൽ, തീവണ്ടി മാത്രം വീണ്ടും മൂന്നാർ മലനിരകൾ താണ്ടിയെത്തിയില്ല.
/indian-express-malayalam/media/media_files/munnar-floods-3.jpg)
സാഹിത്യത്തിലും 99ലെ വെള്ളപ്പൊക്കം
ജ്ഞാനപീഠ ജേതാവ് തകഴി ശിവശങ്കര പിള്ളയുടെ 'വെള്ളപ്പൊക്ക'ത്തിൽ (1935) എന്ന കഥയിൽ വിഷയമാക്കുന്നത് 99-ലെ പ്രളയമാണ്. കാക്കനാടന്റെ "ഒറോത" (1982) എന്ന കൃതിയിലെ മുഖ്യകഥാപാത്രമായ ഒറോത 'തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽ'മീനച്ചിലാറ്റിലൂടെഒഴുകിയെത്തിയവളാണ്. പിന്നെയും നിരവധി കൃതികളിൽ 99-ലെ മഹാപ്രളയം ചർച്ചായിട്ടുണ്ട്. ഈ നൂറ്റാണ്ടിലെ സാഹിത്യത്തിലും 99-ലെ വെള്ളപ്പൊക്കം പ്രത്യക്ഷപ്പെട്ടു. എസ്. ഹരീഷ് എഴുതിയ ശ്രദ്ധേയമായ 'മീശ' (2018) എന്ന നോവലിലും നോവലിലും ഈ പ്രളയകാലമുണ്ട്.
ബാക്കിവെച്ചത്
കേരളത്തിൽ 99-ലെ പ്രളയത്തിന് മുമ്പും പിമ്പും വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ നാശനഷ്ടമുണ്ടാക്കിയിട്ടില്ലെന്ന് രേഖകൾ പറയുന്നു. തൊണ്ണുറ്റിയൊൻപതിലെ വെള്ളപ്പൊക്കത്തിന് ശേഷം നിർമിച്ച മിക്ക വീടുകളും ഭൂമി മണ്ണിട്ടുക്രമാതീതമായി ഉയർത്തിയതിന് ശേഷമായിരുന്നു. കേരളത്തെ സംബന്ധിച്ചുള്ള പല നിർണ്ണായക ചരിത്രരേഖകളും നശിച്ചുപോയത് ഈ പ്രളയത്തിലാണെന്നാണ കരുതപ്പെടുന്നത്. കൃത്യമായ വാർത്താവിനിമിയ സംവിധാനങ്ങളും മതിയായ ഗതാഗത സൗകര്യങ്ങളും ഇല്ലാതിരുന്ന അക്കാലത്ത് പ്രളയത്തിൽ എത്രപേർ മരിച്ചെന്ന് സംബന്ധിച്ചും കൃത്യമായ കണക്കില്ല. 1939ലും 1961ലും എന്തിനേറെ 2018 ലും കേരളത്തെ പിടിച്ചുക്കുലുക്കിയ പ്രളയമുണ്ടായിട്ടുണ്ടെങ്കിലും തൊണ്ണുറ്റിയൊൻപതിലെ പോലെ കേരളത്തിന്റെ ഭൂപ്രകൃതിയെ വരെ മാറ്റിമറിച്ച ഒരുപ്രളയം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെയാവണം ഒരുനൂറ്റാണ്ട് പിന്നിടുമ്പോഴും തൊണ്ണൂറ്റിയൊൻപതിലെ പ്രളയം പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ എല്ലാ തലമുറയുടെയും ഉള്ളിൽ മായാത്ത മുറിവായി പെയ്തിറങ്ങുന്നത്.
/indian-express-malayalam/media/media_files/doR7bDsiUaV0HN0G82ci.jpg)
ഓർമപുതുക്കി മൂന്നാർ
മഹാപ്രളയത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടത്തുകയാണ് മൂന്നാർഗവൺമെന്റ് എച്ച് എസിലെ അലുമിനി അസോസിയേൻ. ഇതിന്റെ ഭാഗമായി 'സെന്റീനിയൽ' എന്ന പേരിൽ സുവനീയർ പുറത്തിറക്കി.
വിവിധക്കാലങ്ങളിൽ മൂന്നാറിനെ സംബന്ധിച്ച് പുറത്തിറങ്ങിയ ചരിത്രഗ്രന്ഥങ്ങളെ ഉദ്ദരിച്ചാണ് സ്മരണിക തയ്യാറാക്കിയത്. ഇതിനുപുറമേ ജൂലൈ 17,18,19 തീയതീകളിലായി മൂന്നാർ ഗവൺമെന്റ്എൻജിനീയറിങ് കോളേജിൽ പ്രളയക്കാലത്തെ ചിത്രങ്ങൾ ഉൾപ്പെടുത്തി ചിത്രപ്രദർശനം, സെമിനാർ, ചർച്ചകൾ, അനുസ്മരണം എന്നിവ സംഘടിപ്പിക്കുമെന്ന് അലുമിനി അസോസിയേഷൻ പ്രസിഡന്റും മുതിർന്ന് മാധ്യമപ്രവർത്തകനുമായ എം.ജെ. ബാബു പറഞ്ഞു.
Read More
- നെഹ്റുവിന്റെ കോൺഗ്രസ് ഫാസിസ്റ്റ് സ്വഭാവം കാണിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ? കോൺഗ്രസിനെതിരെ കെ.കെ ശൈലജ
- ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്ര; വാഹനം പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
- വീണ്ടും 'കേരളീയം' നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ
- കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്നത് 15 ലക്ഷം വീടുകൾ; 2021-22ൽ കൂടിയത് 2.9 ലക്ഷം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.