scorecardresearch

ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി അടിയ്ക്കടിയുള്ള പ്രകൃതി ദുരന്തങ്ങൾ

കോവിഡും പ്രളയവും അതിജീവിച്ച് കയറിയ ടൂറിസം മേഖലയാണ് കഴിഞ്ഞ ഒറ്റമാസം കൊണ്ട് തകർച്ചയിലേക്ക് വീണത്. കാലവർഷക്കെടുതിയും മലപ്പുറത്തെ നിപ്പയുമെല്ലാം ടൂറിസത്തെ ബാധിച്ചപ്പോൾ, വയനാട്ടിലെ ഉരുൾപൊട്ടൽ തകർച്ചയുടെ ആക്കംകൂട്ടി

കോവിഡും പ്രളയവും അതിജീവിച്ച് കയറിയ ടൂറിസം മേഖലയാണ് കഴിഞ്ഞ ഒറ്റമാസം കൊണ്ട് തകർച്ചയിലേക്ക് വീണത്. കാലവർഷക്കെടുതിയും മലപ്പുറത്തെ നിപ്പയുമെല്ലാം ടൂറിസത്തെ ബാധിച്ചപ്പോൾ, വയനാട്ടിലെ ഉരുൾപൊട്ടൽ തകർച്ചയുടെ ആക്കംകൂട്ടി

author-image
Lijo T George
New Update
Munnar Tourism

മൂന്നാർ ഉൾപ്പടെയുള്ള കേരളത്തിലെ മറ്റിടങ്ങളിലേക്കും സഞ്ചാരികൾ വരാതെയായി

കൊച്ചി: അടിയ്ക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ കൂപ്പുകുത്തി സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖല. കോവിഡും പ്രളയവും അതിജീവിച്ച് മുന്നേറിയ ടൂറിസം മേഖലയാണ് കഴിഞ്ഞ ഒറ്റമാസം കൊണ്ട് തകർച്ചയിലേക്ക് വീണത്. കാലവർഷക്കെടുതിയും മലപ്പുറത്തെ നിപ്പയുമെല്ലാം ടൂറിസത്തെ ബാധിച്ചപ്പോൾ, വയനാട്ടിലെ ഉരുൾപൊട്ടൽ തളർച്ചയുടെ ആക്കംകൂട്ടി.

Advertisment

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുകയായിരുന്നു വിനോദസഞ്ചാര മേഖല. ആഭ്യന്തര, വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഗണ്യമായ വളർച്ചയും രേഖപ്പെടുത്തിയിരുന്നു. വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരം 2022ൽ കേരളം സന്ദർശിച്ചത് 1.88 കോടി സഞ്ചാരികളായിരുന്നെ​ങ്കിൽ, 2023ൽ അത് 2.18 കോടിയിലെത്തി. ഒറ്റവർഷം കൊണ്ട് 15.92 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയുണ്ടായിടത്ത് നിന്നാണ് നിലവിലെ തകർച്ച.

വില്ലനായി വയനാട് ദുരന്തം

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം ആഭ്യന്തര, വിദേശ സഞ്ചാരികളുടെ ബുക്കിങ്ങിൽ ഗണ്യമായ കുറവുണ്ടായെന്ന് വയനാട്, മൂന്നാറിലും അടക്കം പ്രവർത്തിക്കുന്ന സ്റ്റ്രയിഡ് ഹോട്ടൽ ശൃഖലയുടെ എം.ഡി സുധീഷ് നായർ പറഞ്ഞു. സംസ്ഥാനത്ത് മുൻകൂട്ടി ബുക്ക് ചെയ്ത 70 ശതമാനം ബുക്കിങ്ങുകളും റദ്ദായി. പുതിയ ബുക്കിങ്ങുകൾ​ ഇല്ല. ഇതോടെ ജീവനക്കാരുടെ ശമ്പളം ഉൾപ്പടെ പ്രതിസന്ധിയിലായ സ്ഥിതിയാണെന്ന് സുധീഷ് നായർ പറഞ്ഞു. 

വയനാട്ടിലെ ഹോട്ടൽ, റിസോർട്ട് എന്നിവടങ്ങളിലേക്കുള്ള തൊണ്ണൂറ് ശതമാനം ബുക്കിങും റദ്ദായി. മൂന്നാർ ഉൾപ്പടെയുള്ള കേരളത്തിലെ മറ്റിടങ്ങളിലേക്കും സഞ്ചാരികൾ വരാതെയായി. എപ്പോഴും പ്രകൃതി ദുരന്തമുണ്ടാകുന്ന സ്ഥലമെന്ന് തരത്തിൽ നടക്കുന്ന പ്രചാരണങ്ങളാണ് സഞ്ചാരികളെ പിന്നോട്ടടിക്കുന്നതെന്നും സുധീഷ് നായർ പറഞ്ഞു.

സഞ്ചാരികൾ എത്തേണ്ട സമയം

Advertisment

ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സംസ്ഥാനത്തേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയമാണ്. ഗൾഫ് നാടുകളിൽ അവധി സമയമായതിനാൽ അവിടെ നിന്നുള്ളവരും പ്രവാസികളും കേരളത്തിലേക്കെത്താറുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 5000ത്തോളം പശ്ചിമേഷ്യയിൽ നിന്ന് കേരളം കാണാനെത്തിയതെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പാടിക്കൽ പറഞ്ഞു. കർക്കടക ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എത്തുന്ന സഞ്ചാരികൾ മൂന്നാർ ഉൾപ്പടെയുള്ള വിനോദ കേന്ദ്രങ്ങൾ സഞ്ചരിച്ചാണ് മടങ്ങുന്നത്. എന്നാൽ പ്രകൃതി ദുരന്തങ്ങൾ കാരണം പശ്ചിമേഷ്യയിൽ നിന്നുള്ള സഞ്ചാരികൾ ഉൾപ്പടെ തങ്ങളുടെ ബുക്കിങ്ങുകൾ റദ്ദാക്കുകയാണ്. അഭ്യന്തര സഞ്ചാരികളും ഇതേ പാത പിന്തുടരുകയാണ്.

Munnar Tourism
മൂന്നാർ (ഫൊട്ടോ കടപ്പാട്-കേരളം ടുറിസം വകുപ്പ്)


മൂന്നാറിലേക്കാണ് ഏറ്റവുമധികം സഞ്ചാരികൾ എത്തുന്നത്. ചെറുതും വലുതുമായ ആയിരത്തിലധികം ഹോട്ടലുകളും റിസോർട്ടുകളുമാണ് മൂന്നാർ- തേക്കടി മേഖലയിലുള്ളത്. രണ്ട് ദിവസം മൂന്നാർ, ഒരു ദിവസം തേക്കടി, ഒരു ദിവസം  കുമരകം-ആലപ്പുഴ എന്ന തരത്തിലാണ് മിക്ക ടൂർ ഓപ്പറേറ്റർമാരും യാത്രകൾ ക്രമീകരിക്കുന്നത്. എന്നാൽ ഇപ്പോൾ ബീച്ച് ഉൾപ്പടെയുള്ള സംസ്ഥാനത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള സഞ്ചാരികളുടെ വരവ് നിലച്ച സ്ഥിതിയാണ്. ആലപ്പുഴ, കുമരകം എന്നിവടങ്ങളിലെ ഹൗസ് ബോട്ടുകളെയും പ്രതിസന്ധി ബാധിച്ചു.

ഓണക്കാലത്ത് കൂടുതൽ സഞ്ചാരികൾ വള്ളംകളി കാണാൻ ആലപ്പുഴ, കുമരകം മേഖകളിലേക്ക് എത്തേണ്ടതായിരുന്നു. എന്നാൽ ഓഗസ്റ്റ് 10ന് നടക്കേണ്ടിയിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവച്ചതിനാൽ ഹൗസ് ബോട്ടുകളിൽ മിക്കതും ഒഴിഞ്ഞ് കിടക്കുകയാണെന്ന് ആലപ്പുഴ പള്ളാത്തുരുത്തിയിലെ ഹൗസ് ബോട്ട് ഉടമകളിലൊരാളായ ജോമോൻ ജോസ് പറയുന്നു. ഓഗസ്റ്റ് രണ്ടാം വാരത്തിൽ ഉണ്ടാകേണ്ടിയിരുന്ന മുഴുവൻ ബുക്കിങ്ങും വയനാട്ടിലെ ഉരുൾപൊട്ടലിന് ശേഷം റദ്ദായെന്നും അദ്ദേഹം പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ

ടൂറിസം മേഖല സ്തംഭിച്ചതോടെ മിക്ക ഹോട്ടലുകളും പ്രതിസന്ധിയുടെ വക്കിലാണ്. ഇരുപത്തഞ്ച് മുറികളുള്ള ഒരു ത്രീസ്റ്റാർ ഹോട്ടലിൽ ഒരു മുറിക്ക് ഒന്നര സ്റ്റാഫെന്ന് അനുമാനത്തിലാണ് ജീവനക്കാരെ വിന്യസിക്കുന്നത്. ദിവസേന മൊത്തം മുറികളുടെ അമ്പത് ശതമാനം ബുക്കിങ് ഉണ്ടായെങ്കിൽ മാത്രമേ ചിലവ് നടന്നുപോകുവെന്ന് ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ സംസ്ഥാനത്തെ ടൂറിസം മേഖല വലിയ തകർച്ചയിലേക്ക് പോകുമെന്ന് സ്‌പൈസ് ലാൻഡ് ഹോളിഡേയ്‌സ് ട്രാവൽ ഏജന്റെ റെയ്‌സൺ പറഞ്ഞു.

Kovalam
കോവളം ബീച്ച് | ഫൊട്ടോ കടപ്പാട്-കേരളം ടുറിസം വകുപ്പ്)


തെറ്റിദ്ധരിക്കപ്പെടുന്ന പ്രസ്താവനകൾ വിനോദസഞ്ചാര മേഖലെയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും റെയ്‌സൺ പറഞ്ഞു. അതേസമയം, സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ എല്ലാവരെയും ഉൾപ്പെടുത്തി കേരളത്തിലെ ടൂറിസം രംഗത്ത് വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പാടിക്കൽ പറഞ്ഞു.

എന്നാൽ, വയനാട്ടിൽ അടുത്തിടെയുണ്ടായ പ്രകൃതിദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിനോദസഞ്ചാരത്തിൻ്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനത്തിൻ്റെ മറ്റെല്ലാ ഭാഗങ്ങളിലും വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ടെന്നും, വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കാണ് ടൂറിസം വകുപ്പിൻ്റെയും മുഴുവൻ മുൻഗണനയും ഉണ്ട്. കേരളത്തിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളിലോ സീസണിലോ ഒതുങ്ങുന്നില്ല. എല്ലാ സീസണുകളും അനുഭവിച്ചറിയുന്ന സ്ഥലമെന്ന അപൂർവമായ ഖ്യാതി സംസ്ഥാനത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. 

Read More

Tourism Kerala Tourism Wayanad Landslide

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: