scorecardresearch

ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം

മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം

author-image
S. Sreenivas Iyer
New Update
Venus Horoscope  | Astrology

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം

2024 മാർച്ച് 31 ന് (1199 മീനം18 ന്) ശുക്രൻ തന്റെ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പ്രവേശിക്കുന്നു.  ഏപ്രിൽ 24 (മേടം 11) വരെ, ഏതാണ്ട് 25 ദിവസം ശുക്രൻ മീനം രാശിയിലൂടെ സഞ്ചരിക്കും. കാലം കുറഞ്ഞ ദിനമാണെങ്കിലും ഏതുഗ്രഹത്തിൻ്റെയും ഉച്ചരാശിയിലെ സഞ്ചാരം പ്രാധാന്യമുള്ളതാണ്. ഒരു ഗ്രഹം ഉച്ചരാശിയിൽ എത്തുമ്പോൾ അതിൻ്റെ ശക്തി മുഴുവനാകുന്നു. ഫലം തരുന്നതിലും പൂർണതയുണ്ടാവും. വർഷത്തിൽ ഒരിക്കലാണ് ശുക്രൻ ഉച്ചരാശിയിൽ പ്രവേശിക്കുന്നത്. 

Advertisment

ഗോചരത്തിൽ ഏറ്റവും കൂടുതൽ കൂറുകൾക്കു ഗുണം നൽകുന്ന ഗ്രഹം ശുക്രനാണ് എന്നത് പ്രസ്താവ്യമാണ്. ഒരു വ്യക്തിയുടെ ജന്മരാശിയുടെ അഥവാ കൂറിൻ്റെ  6,7,10 എന്നീ മൂന്നുസ്ഥാനങ്ങളൊഴികെ മറ്റെല്ലാ രാശികളിൽ സഞ്ചരിക്കുമ്പോഴും ഗുണദാതാവാണ് ശുക്രൻ. അങ്ങനെ ചിന്തിച്ചാൽ തുലാം, കന്നി, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്കൊഴികെ മറ്റെല്ലാ കൂറുകളിൽ ജനിച്ചവർക്കും ഉച്ചരാശിയായ മീനം രാശിയിലെ ശുക്രൻ്റെ സഞ്ചാരകാലം ഏറ്റവും ഗുണപ്രദമായിരിക്കും. 

കലയുടെ ഗ്രഹമാണ് ശുക്രൻ (Venus). സ്നേഹം, പ്രേമം, വിവാഹം, ദാമ്പത്യം, ഭോഗം, സുഖലോലുപത, ആഢംബര ജീവിതം, സ്ത്രീ സൗഹൃദം, പാരിതോഷികങ്ങൾ, ഭാഗ്യാനുഭവങ്ങൾ, ദേവീഭക്തി എന്നിവയും ശുക്രൻ്റെ വിഷയങ്ങളാണ്. ശുക്രൻ ഉച്ചത്തിലെത്തുമ്പോൾ ഇപ്പറഞ്ഞ വിഷയങ്ങൾക്കും വസ്തുതകൾക്കും പുഷ്ടിയുണ്ടാകും. ജീവിതം വസന്തകാലത്തിലെ ആരാമം പോലെ പൂത്തുലയും; സുരഭിലമാകും. . 

മീനം രാശിയിൽ പാപഗ്രഹങ്ങളായ സൂര്യനും രാഹുവും ശുകനോടൊപ്പം സംഗമിക്കുന്നുണ്ടെന്നത് ശുക്രൻ്റെ പകിട്ട് അല്പം കുറയ്ക്കുന്നതാണ്. ബുധനും ശുക്രനോടൊപ്പം ചേരുന്നു. ഫലം ചിന്തിക്കുമ്പോൾ ഇക്കാര്യവും പരിഗണിക്കണം. മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു. .

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

Advertisment

മേടക്കൂറിൽ ജനിച്ചിട്ടുള്ളവർക്ക് ശുക്രൻ പന്ത്രണ്ടാം രാശിയിലാണ് ഉച്ചം പ്രാപിച്ചിരിക്കുന്നത്. പന്ത്രണ്ടാം ഭാവത്തിൽ നവഗ്രഹങ്ങളിൽ ശുക്രനൊഴികെ മറ്റുള്ള എട്ട് ഗ്രഹങ്ങളും ദോഷഫലങ്ങൾ നൽകുന്നവരാണ്. എന്നാൽ പന്ത്രണ്ടാം രാശിയിലെ ശുക്രൻ ഗുണദാതാവാണ്. കിട്ടാക്കടങ്ങൾ ചിലതൊക്കെ കിട്ടാനിടയുണ്ട്. സാമ്പത്തിക മെച്ചം വന്നെത്തുന്നതാണ്. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ പ്രതീക്ഷിക്കാം.  യാത്രകൾ ഗുണകരമാവുന്നതാണ്. കുടുംബാംഗങ്ങളായ സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടും. ആഢംബര വസ്തുക്കൾ വാങ്ങിയേക്കും. ഇഷ്ടവ്യക്തികളുമായി വിനോദയാത്ര നടത്തും.  വിദേശത്ത് പോകാൻ തയ്യാറെടുക്കുന്നവർക്ക് ശുഭസന്ദേശം ലഭിക്കുന്നതാണ്.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

ശുക്രൻ്റെ മാറ്റം ഇടവക്കൂറിൻ്റെ പതിനൊന്നാം ഭാവത്തിലാണ്. ഇടവക്കൂറിൻ്റെ അധിപൻ കൂടിയായ ശുക്രന് ഉച്ചസ്ഥിതി  വന്നതിനാൽ നേട്ടങ്ങൾ വർദ്ധിക്കും. പ്രവർത്തനങ്ങളിലെ തടസ്സങ്ങളും താമസവും മാറുന്നതാണ്.  പ്രതീക്ഷിച്ചതിലധികം ലാഭമുണ്ടാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാഹചര്യം ഒരുങ്ങും. നവസംരംഭങ്ങൾ ഉപഭോക്താക്കളുടെ പ്രീതി നേടുന്നതാണ്. വിശിഷ്ട വസ്തുക്കൾ പാരിതോഷികമായി കിട്ടാനിടയുണ്ട്. പ്രണയികൾക്ക് വിവാഹസാഫല്യം ഉണ്ടാവും. ഭാര്യാഭർത്താക്കന്മാരുടെ പരസ്പര സ്നേഹം അഗാധമാവുന്നതാണ്. വിദേശവ്യാപാരത്തിന് അനുമതി നേടും. ശത്രുക്കളുടെ ഉപജാപങ്ങളെ ചെറുത്തു തോല്പിക്കും. സംഗീതം, ചിത്രകല, നൃത്തം തുടങ്ങിയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതാണ്. സാമ്പത്തികമായ സമ്മർദ്ദങ്ങൾ തെല്ലുമില്ലാത്ത കാലമായിരിക്കും. 

Vishuphalam | Sreenivas Iyyer

മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം മുക്കാൽ)

പത്താം ഭാവത്തിലേക്കാണ് ശുക്രൻ്റെ സംക്രമണം. ശുഭത്വം കുറയുന്ന സന്ദർഭമാണ്. ഉദ്യോഗസ്ഥർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കണമെന്നില്ല. സഹപ്രവർത്തകരുടെ പിഴകൾക്ക് ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട സാഹചര്യം ഭവിക്കാം. ചിലർക്ക് ഡെപ്യൂട്ടേഷൻ അവസാനിച്ച് പഴയ ലാവണത്തിലേക്ക് പോകേണ്ടിതായിട്ടുണ്ട്. തൊഴിൽ തേടുന്നവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരുന്നതാണ്. പ്രൊഫഷണലുകൾക്ക് കിടമത്സരങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയുണ്ടാവും. പ്രണയത്തിൽ വിഘ്നങ്ങൾ സംഭവിക്കാം. പഠനത്തിൽ ഏകാഗ്രത കുറയുന്നതായിരിക്കും. ഗൃഹനിർമ്മാണം വിളംബകാലത്തിലാവും. വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ വിഷമിക്കുന്നതാണ്. സ്ത്രീകളുടെ പിന്തുണ തീരെയുണ്ടാവില്ല. കുടുംബജീവിതത്തിൽ സൗഖ്യം കുറഞ്ഞേക്കാം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)

ശുക്രൻ ഭാഗ്യസ്ഥാനമായ ഒമ്പതാം ഭാവത്തിലേക്ക് പ്രവേശിക്കുന്നതിനാൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ രംഗത്തെയും വ്യക്തിജീവിതത്തിലെയും  അസംതൃപ്തികൾക്ക് പരിഹാരം തെളിഞ്ഞേക്കും. ജീവിത പങ്കാളിയുടെ തൊഴിലിൽ മുന്നേറ്റം ദൃശ്യമാകുന്നതാണ്. ചെറുസംരംഭങ്ങൾ കൂടുതൽ സാമ്പത്തിക പങ്കാളിത്തം സ്വീകരിച്ചുകൊണ്ട് വിപുലീകരിക്കപ്പെടും. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വ്യാപാരം മെച്ചപ്പെടുന്നതാണ്. പൈതൃക വസ്തുക്കൾ സംബന്ധിച്ച വ്യവഹാരത്തിൽ അനുകൂലമായ തീർപ്പുണ്ടാവും. പ്രതിഭാശാലികൾക്ക് നല്ല അവസരങ്ങൾ ലഭിക്കുന്നതാണ്. പുരസ്കാര സാധ്യത തള്ളിക്കളയാനാവില്ല. അനുരാഗികൾക്ക് കുടുംബത്തിൻ്റെ പിന്തുണ പ്രതീക്ഷിക്കാം. മനസ്സിൻ്റെ ജാഡ്യം നീങ്ങി ഉണർവ്വും ഉന്മേഷവും ഉണ്ടാവും. 

ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം) 

അഷ്ടമരാശിയിലാണ് ശുക്രൻ ഉച്ചം പ്രാപിച്ചിരിക്കുന്നത്. പാപഗ്രഹങ്ങളുമായി യോഗം ചെയ്യുന്നുണ്ടെങ്കിലും ഗുണദാതാവാണ് ശുക്രൻ. രണ്ടാം ഭാവത്തിലേക്ക് നോക്കുകയാൽ ധനാഗമം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സുഖസന്തുഷ്ടമാവും. പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ പുലർത്തുവാൻ കഴിയും. ഭോഗാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. പഴയ കടംവീട്ടാൻ ചില സഹായ വഴികൾ തെളിഞ്ഞേക്കും. ആരംഭിച്ച ശേഷം മുടങ്ങിപ്പോയ കലാപ്രവർത്തനം പൂർത്തീകരിക്കാൻ സന്ദർഭം വന്നുചേരുന്നതാണ്. അവിചാരിതമായി ഇഷ്ടജനങ്ങളെ കാണാനാവും. വിവാഹാലോചനകൾക്ക് ഉണർവുണ്ടാവും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമേറും. ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായ ചില കരാറുകളിൽ പങ്കുചേരുന്നതാണ്.

കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി) 

ഏഴാം ഭാവത്തിലാണ് ശുക്രൻ്റെ ഉച്ചരാശിസ്ഥിതി. ഗോചരാൽ ഏഴിലെ ശുക്രൻ്റെ സഞ്ചാരം അശുഭമാണെന്നുണ്ട്. കന്നിരാശിയുടെ അധിപനായ ബുധന് ഇക്കാലയളവിൽ വക്രമൗഢ്യവും നീചസ്ഥിതിയും സംഭവിക്കുന്നുമുണ്ട്. പ്രണയത്തിൽ പരാജയത്തിനിടയുണ്ട്. ദാമ്പത്യത്തിലും സ്വൈരക്കേടുകൾക്ക് സാധ്യത കാണുന്നു. ജീവിത പങ്കാളിയുടെ ജോലിയിൽ പുരോഗതി കുറയുന്നതാണ്. കൂട്ടുകച്ചവടത്തിൽ നിന്നും പിൻവാങ്ങിയാലോ എന്ന ചിന്ത ഉയരും. ബിസിനസ്സ് യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. സമൂഹം പുരികം ചുളിക്കും വിധമുള്ള പ്രവൃത്തികളിൽ ഏർപ്പെടാനിടയുണ്ട്. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കർമ്മങ്ങൾ നീളാം. അപവാദങ്ങൾക്ക് ശരവ്യരായേക്കും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണ്ട സമയമാണ്.

തുലാക്കൂറിന് ( ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)

ആറാം ഭാവത്തിലാണ് ശുക്രൻ ഉച്ചത്തിൽ സഞ്ചരിക്കുന്നത്. ജനിച്ച കൂറിൻ്റെ  6,7,10 എന്നീ മൂന്നുഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ ഗുണം ചെയ്യുന്നില്ല; ദോഷമുണ്ടാക്കുകയും ചെയ്യും. എന്നാൽ തുലാം രാശിയുടെ അധിപനാണ് ശുക്രൻ എന്നതിനാൽ ദോഷങ്ങൾ കുറയും; ഗുണാനുഭവങ്ങൾ വർദ്ധിക്കും. ഇടപാടുകളിൽ സാമ്പത്തിക ലാഭം കുറഞ്ഞാലും തീരെ മോശം സ്ഥിതിയാവില്ല. ശത്രുക്കളുടെ പ്രവർത്തനത്തെ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചേക്കും. സ്വന്തം തൊഴിലിടത്തിൽ ചില അശാന്തികൾ വരാം. എന്നാൽ ആത്മാർത്ഥമായ സമീപനത്താൽ അവയെ സാധാരണ  നിലയിലാക്കാനാവും. ആരോഗ്യ പരിരക്ഷയിൽ അലംഭാവം പാടില്ല. കള്ളന്മാരുടെ ഉപദ്രവത്തിന് സാധ്യതയുണ്ട്. കരുതൽ വേണ്ട സാഹചര്യമാണ്. കുടുംബപരമായി പിണക്കവും ഇണക്കവും മാറി മാറിയുണ്ടാവുന്നതാണ്.

വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)

ശുക്രൻ അഞ്ചാം ഭാവത്തിൽ ഉച്ചനായി സഞ്ചരിക്കുന്നത് അനുകൂല ഫലങ്ങൾക്ക് കാരണമാകും.  പ്രണയികൾക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും. സന്താന ജന്മത്താൽ കുടുംബത്തിൽ വലിയ സന്തോഷം വന്നെത്തുന്നതാണ്. മകളെ / മകനെ സംബന്ധിച്ച കാര്യങ്ങളിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളുവാനാവും. ഭാവനാശാലികളായ എഴുത്തുകാർക്കും കലാകാരന്മാർക്കും അവരുടെ സൃഷ്ടികളിൽ മുഴുകാൻ സാഹചര്യങ്ങൾ തുണച്ചേയ്ക്കും. ഗൃഹത്തിലെ സ്ത്രീകൾക്ക് മനസ്സമാധാനവും അഭ്യുദയവും പ്രതീക്ഷിക്കാം. വ്യാപാരത്തിൽ ഉയർച്ചയുണ്ടാവുന്നതാണ്. ഈശ്വരസമർപ്പണം മുടങ്ങാതെ നടന്നുകിട്ടും. സാമ്പത്തിക ഞെരുക്കത്തിന് അയവുവരുന്നതാണ്. അപ്രതീക്ഷിത പാരിതോഷികങ്ങൾ, ഭാഗ്യപുഷ്ടി എന്നിവ സാധ്യതകളാണ്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

നാലാം ഭാവത്തിലാണ് ശുക്രൻ്റെ ഉച്ചസഞ്ചാരം. വൈകാരിക വിഷയങ്ങൾ പലതും നാലാം ഭാവവുമായി ബന്ധപ്പെടുന്നു. മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന വിഷയങ്ങളിൽ സ്വൈരം തിരികെ കിട്ടാം. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ശക്തമായ പിന്തുണ കൈവരുന്നതാണ്. പൊതുവേ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്ന കാലഘട്ടമായിരിക്കും. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഗുണപരമായ മാറ്റം ഉണ്ടാകാം. ഗൃഹാന്തരീക്ഷം മെച്ചപ്പെടും. വീടിൻ്റെ നവീകരണം പൂർത്തിയാകുന്നതാണ്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം വന്നുചേരും. വളർത്തുമൃഗങ്ങളെ / പക്ഷികളെ വാങ്ങാനിടയുണ്ട്. പൂരാടം നക്ഷത്രത്തിൻ്റെ അധിപനാണ് ശുക്രൻ. അതിനാൽ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ  ധനുക്കൂറുകാരിൽ കൂടുതൽ മെച്ചമുണ്ടാവുക പൂരാടം നാളുകാർക്കാവും.

മകരക്കൂറിന് (ഉത്രാടം മുക്കാൽ , തിരുവോണം, അവിട്ടം ആദ്യ പകുതി)

മൂന്നാം ഭാവത്തിൽ ശുക്രൻ ഉച്ചത്തിൽ സഞ്ചരിക്കുന്നു. സഹോദരഭാവമാണ് മുഖ്യമായിട്ടും മൂന്നാം ഭാവം. പിണക്കത്തിൽ കഴിഞ്ഞ ഉറ്റവർ വീണ്ടും ഇണങ്ങുന്നതാണ്. വസ്തുതർക്കം പരിഹരിക്കപ്പെടാം. സാഹസികമൽസരങ്ങളിൽ നിന്നും പിന്തിരിയുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വപിതാവിന് ജോലിയിൽ ഉയർച്ച ഉണ്ടാവുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകുവാൻ സന്ദർഭം സംജാതമായേക്കും. കലാകാരന്മാരെ പരിചയപ്പെടാൻ അവസരമുണ്ടാകും. സ്വതന്ത്രമായ നിലപാടുകൾക്ക് സമൂഹത്തിലെ സ്ത്രീകളുടെ ആദരം സിദ്ധിക്കുന്നതാണ്. പാരിതോഷികങ്ങൾ, പുരസ്കാരങ്ങൾ ഇവ ലഭിക്കാനിടയുണ്ട്. കൃഷികാര്യങ്ങളിൽ കുറച്ചൊക്കെ നേട്ടം ഉണ്ടാവും.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി)

രണ്ടാം ഭാവത്തിലാണ് ശുക്രൻ ഉച്ചക്ഷേത്രത്തിലായി സഞ്ചരിക്കുന്നത്. പരീക്ഷ / അഭിമുഖം/ മത്സരം ഇവകളിൽ ശോഭിക്കുവാനാവും. ഉന്നത വിദ്യാഭ്യാസത്തിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ നീങ്ങാം. കവികൾക്കും പ്രഭാഷകർക്കും പാട്ടുകാർക്കും ശബ്ദം കൊണ്ട് ലോകത്തിൻ്റെ ശ്രദ്ധ കവരാനാവും. അംഗീകാരങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള സമയമാണ്.  പ്രണയാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ ഐക്യവും പാരസ്പര്യവും ദൃഢമാകുന്നതാണ്. സുഖഭോഗങ്ങളുണ്ടാവും. മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ  പുതിയ കണ്ണട, കമ്മൽ, മൂക്കുത്തി തുടങ്ങിയവ വാങ്ങാൻ സാധ്യതയുണ്ട്. ധനപരമായ ഞെരുക്കം കുറയുന്നതാണ്. വായ്പ കിട്ടാനുണ്ടായ തടസ്സം നീങ്ങിയേക്കും. കിടപ്പ് രോഗികൾക്ക് ചികിൽസ കൊണ്ട് ആശ്വാസം അനുഭവപ്പെട്ടേക്കും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ജന്മരാശിയിൽ ശുക്രൻ ഉച്ചത്തിൽ യാത്ര ചെയ്യുന്ന വേളയാണ്. ജന്മത്തിൽ സഞ്ചരിക്കുമ്പോൾ ഗുണമേകുന്ന ഗ്രഹങ്ങൾ ചന്ദ്രനും ശുക്രനും മാത്രമാണ്. സാമൂഹ്യമായ അംഗീകാരം ലഭിച്ചേക്കും. അലങ്കാരങ്ങളോടും ആഡംബരത്തോടും ഇഷ്ടമേറുന്നതാണ്. കലകൾ, സ്വന്തം ഹോബി, വിനോദ പരിപാടികൾ എന്നിവ ആവോളം ആസ്വദിക്കാനാവും. വിരുന്നുകളിൽ പങ്കെടുക്കാനും മൃഷ്ടാന്നഭക്ഷണം കഴിക്കാനും സന്ദർഭം ഉണ്ടാവും. അധികം വിയർപ്പൊഴുക്കാതെ നേട്ടങ്ങൾ വന്നുചേരാം. വിശ്രമത്തിന് ധാരാളം സമയം ലഭിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ സ്നേഹം അനുഭവിച്ചറിയും. സ്ത്രീ സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടാം. ബിസിനസ്സിൽ മെച്ചം പ്രതീക്ഷിക്കാനാവും. സകുടുംബം ദൂരദിക്കുകളിലേക്ക് യാത്ര ചെയ്യാൻ അവസരമുണ്ടാകും. പൊതുവേ മാനസികവും ശാരീരികവും ആയ സൗഖ്യത്തിൻ്റെ കാലമായിരിക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: