/indian-express-malayalam/media/media_files/krc2T03qQ8XdPsby1p8n.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ഏപ്രിൽ 6 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ശനി ചതയത്തിൽനിന്നും പൂരൂരുട്ടാതിയിലേക്ക് പ്രവേശിക്കും. ചൊവ്വ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. മാർച്ച് 31 ന് വൈകിട്ട് ശുക്രൻ കുംഭത്തിൽ നിന്നും ഉച്ചരാശിയായ മീനത്തിലേക്ക് സംക്രമിക്കും. പൂരൂരുട്ടാതി - ഉത്രട്ടാതി നാളുകളിലായാണ് ശുക്രൻ്റെ ഈയാഴ്ചയിലെ സഞ്ചാരം.
ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചാരം തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിയിൽ അത്തം നക്ഷത്രത്തിലും അപ്രദക്ഷിണ സഞ്ചാരം തുടരുന്നു. കറുത്ത പക്ഷത്തിൽ ഷഷ്ഠി മുതൽ ദ്വാദശി വരെയുള്ള തിഥികളാണ് ഈയാഴ്ച. ചന്ദ്രൻ തൃക്കേട്ട മുതൽ ചതയം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.
ഈയാഴ്ചയിലെ ചന്ദ്രന്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം എപ്രകാരമാണെന്ന് നോക്കാം. ഞായറാഴ്ച അർദ്ധരാത്രി വരെ മേടക്കൂറുകാർക്കാണ് അഷ്ടമരാശി. തിങ്കളും ചൊവ്വയും ഇടവക്കൂറുകാർക്കും ബുധനും വ്യാഴവും മിഥുനക്കൂറുകാർക്കും വെള്ളിയും ശനിയും കർക്കടകക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ഈയാഴ്ചയിലെ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ പരിശോധിക്കുന്നു.
മൂലം
തീരുമാനങ്ങൾ സാക്ഷാൽകരിക്കാൻ കാലതാമസമുണ്ടാവും. വ്യക്തിബന്ധങ്ങളുടെ പവിത്രത നിലനിർത്താൻ ക്ലേശിച്ചെന്നു വരാം. സ്വയം ചെയ്യുന്ന തൊഴിലുകളിൽ കൂടുതൽ മുതൽമുടക്കിന് / വിപുലീകരണത്തിന് തൽകാലം മുതിരരുത്. നിക്ഷേപങ്ങൾ നടത്തും മുൻപ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം കൈക്കൊള്ളണം. മാനസിക ക്ലേശങ്ങൾക്ക് പതിയെ അയവുവരുന്നതാണ്. കുടുംബാംഗങ്ങൾ അവസരോചിതമായി പെരുമാറും. അകലങ്ങളിൽ കഴിയുന്നവർക്ക് ഉത്സവാഘോഷാദികളിൽ പങ്കെടുക്കാൻ നാടണയാനായേക്കും.
പൂരാടം
തീരെ പ്രതീക്ഷിക്കാത്ത ചിലരുടെ സഹായം പ്രയോജനകരമാവും. ഉദ്യോഗസ്ഥർക്ക് ദൗത്യങ്ങൾ ഏറ്റെടുക്കാനും അവയിൽ തിളങ്ങാനും സന്ദർഭം വന്നെത്തും. ഗൃഹനിർമ്മാണം വേഗത്തിലാക്കാൻ ശ്രമം തുടരുന്നതാണ്. ആഢംബര വസ്തുക്കൾ വാങ്ങുന്നതിന് ചെലവുണ്ടായേക്കും. മകൻ്റെ / മകളുടെ ഉപരിവിദ്യാഭ്യാസത്തിന് വിദേശ സാധ്യത തേടും. പൊതുപ്രവർത്തനത്തിന് സമയം കണ്ടെത്തും. സമയബന്ധിതമായി പ്രവർത്തിക്കുന്നതിൽ വിജയിക്കുന്നതാണ്. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ കുറയാം.
ഉത്രാടം
ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. വ്യക്തിജീവിതത്തിലും സാഹചര്യങ്ങളെ വരുതിയിലാക്കാൻ കൂടുതൽ പ്രയത്നം വേണ്ടി വരും. ഗവേഷകർക്ക് പ്രബന്ധ രചന പൂർത്തീകരിക്കാനാവും. കുടുംബ ജീവിതത്തിൽ സ്വൈരം പ്രതീക്ഷിക്കാം. കടബാധ്യതകൾ പരിഹരിക്കാനായുള്ള ശ്രമം തുടരുന്നതാണ്. ഓഹരി ലഭിച്ച വസ്തുവിന് പ്രതീക്ഷിച്ച വില കിട്ടാതെ വരാം. സ്ത്രീകളിൽ നിന്നും പിന്തുണയുണ്ടാവും. പ്രൊമോഷൻ സാധ്യത തള്ളിക്കളയാനാവില്ല. സുഹൃത്തിനു നൽകുന്ന സമയോചിത നിർദ്ദേശം സ്വീകാര്യമായിത്തീരും.
തിരുവോണം
പ്രവർത്തനോർജ്ജം ലഭിക്കുന്ന വാരമാണ്. പ്രധാന തീരുമാനങ്ങൾ സന്ദിഗ്ദ്ധതയില്ലാതെ തന്നെ കൈക്കൊള്ളും. സഹപ്രവർത്തകരുടെ എതിർപ്പുകളെ തൃണവൽഗണിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കാൻ മകനെ ഉപദേശിച്ചേക്കും. തന്മൂലം ചില അലോസരങ്ങൾ ഗാർഹികാന്തരീക്ഷത്തിൽ ഉരുണ്ടുകൂടാം. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം ഉപയോഗത്തിലെത്തും. ബന്ധുവിൻ്റെ വിവാഹത്തിന് മുൻനിന്ന് പ്രവർത്തിക്കും. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങും.
അവിട്ടം
വേണ്ടപ്പെട്ടവരോട് പരുഷവാക്കുകൾ പറയേണ്ടി വന്നേക്കാം. പ്രതീക്ഷിച്ച ധനം തടസ്സപ്പെടുന്നതാണ്. രാഷ്ട്രീയ പദവികളോ അംഗീകാരങ്ങളോ നിരാകരിച്ചേക്കും. കുടുംബാംഗങ്ങളുടെ സഹകരണമില്ലായ്മയെ വിമർശിക്കുന്നതാണ്. ഗൂഢശാസ്ത്രങ്ങളിൽ താല്പര്യമേറും. നവസംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രഹാനുകൂല്യം ഇല്ലാത്ത സമയമാണ്. അതിഥികളെ സൽകരിക്കേണ്ടി വരാം. അപ്രസക്തമായ കാര്യങ്ങൾക്കായി അധികനേരം ചെലവഴിക്കേണ്ട സ്ഥിതിയുണ്ടാവും. ദൈവീക സമർപ്പണം ആത്മസംതൃപ്തിയേകാം.
ചതയം
ചൊവ്വ ജന്മനക്ഷത്രത്തിൽ തുടരുന്നതിനാൽ വൈകാരികഷോഭം തുടർക്കഥയാവും. നീതിബോധത്തോടെ പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് വരാം. ഷോപ്പിംഗ് ചെലവുകൾ കൂടുന്നതിൻ്റെ പേരിൽ കുടുംബ കലഹം ഉയർന്നേക്കാം. വസ്തു വിൽപ്പനയിൽ ലാഭം കുറയുന്നതാണ്. സഹോദരരുടെ നിലപാടുകളിൽ അതൃപ്തിയുണ്ടാവും. സാമൂഹ്യ മാധ്യമങ്ങളിലെ അഭിപ്രായങ്ങൾക്ക് കനത്ത വിമർശനം നേരിടാനിടയുണ്ട്. സാധാരണ ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരു വിധം തൃപ്തിയായി പൂർത്തീകരിക്കും. ആരോഗ്യപരമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
പൂരൂരുട്ടാതി
നേട്ടങ്ങൾക്ക് മുൻതൂക്കമുണ്ടാവും. വിജയത്തിനുള്ള വഴി തെളിഞ്ഞു കിട്ടുന്നതാണ്. പ്രവർത്തനത്തിലെ മികവ് മേലധികാരികളുടെ പ്രീതിക്കിടയാക്കും. സമൂഹം അംഗീകരിക്കുന്ന വ്യക്തികളുടെ പിന്തുണ പ്രതീക്ഷിക്കാം. തൊഴിലിടം ശാന്തമാകും. സ്വതസ്സിദ്ധമായ കഴിവുകൾ പുറത്തെടുക്കാനാവും. വീടുവിട്ടു കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയുന്നതാണ്. കടം വാങ്ങിയ തുക മടക്കി നൽകാനാവും. സംഘടനാ പ്രവർത്തനത്തിൽ നേതൃത്വം വഹിക്കും.
ഉത്രട്ടാതി
ഭൗതിക നേട്ടങ്ങൾ പലതുണ്ടാവും. അപ്രതീക്ഷിത യാത്രകൾ കൊണ്ട് ചില പ്രയോജനങ്ങൾ വന്നു ചേരും. ഗൃഹാന്തരീക്ഷം സമാധാനപൂർണമാകും. മകൻ്റെ ജോലിക്കാര്യത്തിൽ ശുഭവാർത്തയുണ്ടാവും. കരാർ ജോലിക്കാർക്ക് സ്ഥിരനിയമനത്തിന് സാധ്യതയുണ്ട്. പ്രണയികൾക്ക് ഹൃദയബന്ധം ദൃഢമാകുന്നതാണ്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കാം. എതിർപ്പുകളിൽ കൂസുകയില്ല. വാരാന്ത്യ ദിവസങ്ങൾക്ക് മികവ് കുറയാം. അനാവശ്യച്ചെലവുകൾ ഉണ്ടാവുന്നതാണ്.
രേവതി
ജന്മനക്ഷത്രത്തിൽ രാഹു സഞ്ചരിക്കുകയാൽ സുലഭങ്ങൾ ദുർലഭങ്ങളാവും. ദുഷ്കീർത്തിയുണ്ടായേക്കും. ആലസ്യം തുടരും. എന്നാലും ചില നേട്ടങ്ങളും മെച്ചങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക ഞെരുക്കത്തിന് അയവ് പ്രതീക്ഷിക്കാം. ശുക്രൻ ജന്മരാശിയിൽ സഞ്ചരിക്കുകയാൽ കലാജീവിതത്തിൽ ഉയരാൻ അവസരം വന്നെത്തുന്നതാണ്. അശനശയനത്തിന് ഭംഗമുണ്ടാവില്ല. ഭോഗസുഖം ഭവിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കാം. ദാമ്പത്യത്തിൽ സ്വൈരം ഉണ്ടാവും. കൃഷികാര്യങ്ങളിൽ ശ്രദ്ധ പതിഞ്ഞേക്കും. കർമ്മരംഗത്ത് വളർച്ചയുടെ ലക്ഷണം കാണപ്പെടും.
Read More
- Daily Horoscope March 30, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- വാരഫലം, മകം മുതൽ തൃക്കേട്ട വരെ; March 31-April 06, 2024, Weekly Horoscope
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 31-April 06, 2024, Weekly Horoscope
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Weekly Horoscope (March 24– March 30, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 25 to March 31
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 24-March 30, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us