/indian-express-malayalam/media/media_files/OyBr18u8OFqYNLpJcbhc.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ഏപ്രിൽ 6 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ശനി ചതയത്തിൽനിന്നും പൂരൂരുട്ടാതിയിലേക്ക് പ്രവേശിക്കും. ചൊവ്വ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. മാർച്ച് 31 ന് വൈകിട്ട് ശുക്രൻ കുംഭത്തിൽ നിന്നും ഉച്ചരാശിയായ മീനത്തിലേക്കു സംക്രമിക്കും. പൂരൂരുട്ടാതി - ഉത്രട്ടാതി നാളുകളിലായാണ് ശുക്രൻ്റെ ഈയാഴ്ചയിലെ സഞ്ചാരം.
ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചാരം തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിയിൽ അത്തം നക്ഷത്രത്തിലും അപ്രദക്ഷിണ സഞ്ചാരം തുടരുന്നു. കറുത്ത പക്ഷത്തിൽ ഷഷ്ഠി മുതൽ ദ്വാദശി വരെയുള്ള തിഥികളാണ് ഈയാഴ്ച. ചന്ദ്രൻ തൃക്കേട്ട മുതൽ ചതയം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.
ഈയാഴ്ചയിലെ ചന്ദ്രന്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം എപ്രകാരമാണെന്ന് നോക്കാം. ഞായറാഴ്ച അർദ്ധരാത്രി വരെ മേടക്കൂറുകാർക്കാണ് അഷ്ടമരാശി. തിങ്കളും ചൊവ്വയും ഇടവക്കൂറുകാർക്കും ബുധനും വ്യാഴവും മിഥുനക്കൂറുകാർക്കും വെള്ളിയും ശനിയും കർക്കടകക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ഈയാഴ്ചയിലെ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ പരിശോധിക്കുന്നു.
മകം
സാമാന്യമായ നേട്ടങ്ങൾ വന്നെത്തുന്ന വാരമാണ്. പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരുന്നതാണ്. കുടുംബകാര്യങ്ങളിൽ മകൻ്റെയോ മകളുടെയോ അഭിപ്രായം ഉൾക്കൊള്ളാൻ തയ്യാറാവുകയില്ല. ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാവും. നിലവിലെ ബിസിനസ്സ് കൈമാറ്റം ചെയ്യാൻ ആഗ്രഹിച്ചേക്കും.
ഭൂമി വിൽപ്പനയിൽ തടസ്സങ്ങൾ വരാം. ഉദ്യോഗസ്ഥർക്ക് ക്ഷേമകാലമാണ്. ആഗ്രഹിച്ച സ്ഥാനക്കയറ്റം ലഭിച്ചേക്കും. സംഘടനാ പ്രവർത്തനത്തിന് കൂടുതൽ സമയം കണ്ടെത്തുന്നതാണ്.
പൂരം
നക്ഷത്രനാഥനായ ശുക്രന് ഉച്ചസ്ഥിതി വരികയാൽ സ്വാഭിമാനം വർദ്ധിക്കും. മുൻപ് കിട്ടാത്ത അംഗീകാരം / ആദരം ഒക്കെ ഇപ്പോൾ സമൂഹത്തിൽ നിന്നും ലഭിച്ചേക്കാം. കലാപ്രവർത്തനം വിജയിക്കുന്നതാണ്. സംരംഭങ്ങളിൽ ലാഭം വന്നുതുടങ്ങും. പ്രണയ വിവാഹത്തിനുള്ള വീട്ടുകാരുടെ എതിർപ്പ് മാറിയേക്കാം. ഭോഗസുഖമുണ്ടാവും. സസ്പെൻഷനിൽ കഴിയുന്നവർക്ക് തിരികെ ജോലിയിൽ പ്രവേശിക്കുവാനാവും. രോഗബാധിതർക്ക് നല്ല ചികിൽസ ലഭിക്കുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ഉത്രം
സുഹൃത്തുക്കളുമായി ചുറ്റിക്കറങ്ങുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടും. നിയന്ത്രണങ്ങൾ വരാം. തൊഴിൽ തേടുന്നവരുടെ പരിശ്രമങ്ങൾ തടസ്സപ്പെടുന്നതാണ്. ഔദ്യോഗിക രംഗത്തുള്ളവർക്ക് മേലധികാരിയുടെ അപ്രീതിയുണ്ടാവും. രോഗക്ലേശങ്ങൾ സാധ്യതയാണ്. സാമ്പത്തിക പിരിമുറുക്കത്തിന് തെല്ല് അയവുണ്ടാകും. വീടുവിട്ടു നിൽക്കുന്നവർക്ക് തിരികെ മടങ്ങാൻ കാലതാമസം വന്നുചേരുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ പരസ്യപ്പെടുത്താൻ മുന്നോട്ടുവരും.
അത്തം
പ്രവർത്തനത്തിൽ നിശ്ചയദാർഢ്യമുണ്ടാകും. ഉത്സാഹം പ്രകടമാവും. കുടുംബ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുന്നതാണ്. വിദ്യാർത്ഥികൾ ഇടക്കാല കോഴ്സുകൾ തെരഞ്ഞെടുത്തേക്കാം. ഏജൻസി/കമ്മീഷൻ തുടങ്ങിയ ഏർപ്പാടുകളിൽ നിന്നും ലാഭം ഉണ്ടായേക്കും. വസ്തുവിൻ്റെ ഭാഗം സംബന്ധിച്ച് സഹോദരരുടെ വാക്കുകൾ ചെവിക്കൊള്ളും. എതിർപ്പ് പ്രകടിപ്പിച്ചവർ ഐക്യത്തിലെത്താം. വാഹനം വാങ്ങാനുള്ള ഉദ്യമം ലക്ഷ്യം കാണുന്നതാണ്. ഗവേഷണത്തിലും ഗ്രന്ഥരചനയിലും പുരോഗതിയുണ്ടാവും.
ചിത്തിര
പ്രവേശനപ്പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്ക് തീവ്രപരിശീലനം വേണ്ടിവരുന്നതാണ്. കുടുംബകാര്യങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കും. പ്രതികൂലതകളെ ആത്മശക്തിയോടെ നേരിടുന്നതാണ്. അനൗദ്യോഗിക യാത്രകൾ ഉണ്ടാവും. കൂട്ടുകച്ചവടത്തിൽ പുതിയ പങ്കാളികളെ ചേർക്കാൻ ശ്രമിക്കുന്നതാണ്. വായ്പ നേടാൻ നടത്തുന്ന ശ്രമം വിജയിച്ചേക്കും. ബന്ധുഗൃഹത്തിലെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ്. പേരക്കുട്ടിയുടെ ജനനത്താൽ ഗൃഹത്തിൽ ആഹ്ളാദം അലയടിക്കും.
ചോതി
അന്യദേശ-വിദേശ യാത്രകൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങുവാനാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ പ്രതീക്ഷിച്ച സമയത്തിൽ തന്നെ ലഭിക്കുന്നതാണ്. ബന്ധുക്കളുമായി ഇണങ്ങാൻ ശ്രമം നടത്തുന്നതായിരിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. സ്ഥലംമാറ്റക്കാര്യത്തിൽ സ്വന്തം സംഘടനയിൽ തന്നെ ചില തർക്കങ്ങൾ ഉടലെടുത്തേക്കും. അഞ്ചാം ഭാവത്തിലെ ശനി- കുജ യോഗം മൂലം കുട്ടികളുമായി തർക്കത്തിന് ഇടവരുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ അമിതാവേശം കാണിക്കും.
വിശാഖം
സാമാന്യം നല്ലതുടക്കം ലഭിക്കുന്ന വാരമാണ്. അനുകൂലമായ വാർത്ത തേടിയെത്തും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചെലവ് കൂടുന്നതാണ്. സുഹൃത്തുക്കളോട് പിണങ്ങേണ്ടി വരാം. സാമൂഹ്യ ജീവിതത്തിൽ അംഗീകാരം കുറയുന്നതായി ശങ്കിക്കുന്നതാണ്. വ്യാഴം മുതൽ മനക്ലേശം കുറയും. സ്വന്തം തൊഴിലിൽ സാമ്പത്തിക മെച്ചം പ്രതീക്ഷിക്കാം. ഊഹക്കച്ചവടം ഗുണകരമാവുന്നതാണ്. എതിർപ്പുകളെ പ്രതിരോധിക്കുന്നതിൽ വിജയിക്കും. ഉന്നത വ്യക്തികളുടെ പിന്തുണ ലഭിക്കുന്നതാണ്. കാര്യക്ഷമത അഭിനന്ദിക്കപ്പെടും.
അനിഴം
ആത്മാർത്ഥത അഭിനന്ദിക്കപ്പെടും. അയവില്ലാത്ത നിലപാടുകൾ ശത്രുക്കളെ സൃഷ്ടിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ വളർച്ചയുണ്ടാവും. അസാധ്യം
എന്നു കരുതി മുൻപ് മാറ്റിവെച്ച കാര്യങ്ങൾ ഇപ്പോൾ നടന്നു കിട്ടാം. പുതിയ കോഴ്സുകളിൽ ചേരാൻ അവസരം ലഭിക്കാനിടയുണ്ട്. പ്രിയസുഹൃത്തുക്കളുമായി വിനോദയാത്രക്ക് സന്ദർഭമുണ്ടാവും. ഭാവനാശക്തി അധികരിക്കുന്നതാണ്. സ്വതസ്സിദ്ധമായ കഴിവുകൾക്ക് തെളിച്ചമുണ്ടാവും. കലാപ്രവർത്തകർക്ക് പുതിയ അവസരം ലഭിക്കുന്നതാണ്.
തൃക്കേട്ട
ഗുണാനുഭവങ്ങൾ വർദ്ധിക്കും. ശത്രുപക്ഷത്തിൻ്റെ ദുരാരോപണങ്ങളെ മറികടക്കുന്നതാണ്. സഹപ്രവർത്തകർ വേണ്ടത്ര പിന്തുണയേകും. തർക്കവസ്തുക്കൾ സംബന്ധിച്ച കേസ് രാജിയായേക്കും. സംഘടനാ പ്രവർത്തനത്തിന് കൂടുതൽ സമയം ചെലവഴിക്കുന്നതാണ്. ഗൃഹാന്തരീക്ഷം അല്പം പ്രക്ഷുബ്ധമാവാം. വാക്കുകൾ വഴക്കിന് വഴിവെച്ചേക്കും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ സന്ദർഭമുണ്ടാകും. ബിസിനസ്സുകാർക്ക് മെച്ചപ്പെട്ട സമയമാണ്.ഏജൻസി പ്രവർത്തനത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കും.
Read More
- വാരഫലം, അശ്വതി മുതൽ ആയില്യം വരെ; March 31-April 06, 2024, Weekly Horoscope
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-അശ്വതി മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Weekly Horoscope (March 24– March 30, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 25 to March 31
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 24-March 30, 2024, Weekly Horoscope
- Daily Horoscope March 29, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.