/indian-express-malayalam/media/media_files/htkR6PwfhTAvfnMbQHtJ.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മീനം രാശിയിൽ രേവതി ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ഏപ്രിൽ 6 ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് ശനി ചതയത്തിൽനിന്നും പൂരൂരുട്ടാതിയിലേക്ക് പ്രവേശിക്കും. ചൊവ്വ കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. മാർച്ച് 31 ന് വൈകിട്ട് ശുക്രൻ കുംഭത്തിൽ നിന്നും ഉച്ചരാശിയായ മീനത്തിലേക്ക് സംക്രമിക്കും. പൂരൂരുട്ടാതി - ഉത്രട്ടാതി നാളുകളിലായാണ് ശുക്രൻ്റെ ഈയാഴ്ചയിലെ സഞ്ചാരം.
ബുധൻ മേടം രാശിയിൽ അശ്വതി നക്ഷത്രത്തിൽ സഞ്ചാരം തുടരുന്നു. വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നിയിൽ അത്തം നക്ഷത്രത്തിലും അപ്രദക്ഷിണ സഞ്ചാരം തുടരുന്നു. കറുത്ത പക്ഷത്തിൽ ഷഷ്ഠി മുതൽ ദ്വാദശി വരെയുള്ള തിഥികളാണ് ഈയാഴ്ച. ചന്ദ്രൻ തൃക്കേട്ട മുതൽ ചതയം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. ഈയാഴ്ചയിലെ ചന്ദ്രന്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം എപ്രകാരമാണെന്ന് നോക്കാം. ഞായറാഴ്ച അർദ്ധരാത്രി വരെ മേടക്കൂറുകാർക്കാണ് അഷ്ടമരാശി. തിങ്കളും ചൊവ്വയും ഇടവക്കൂറുകാർക്കും ബുധനും വ്യാഴവും മിഥുനക്കൂറുകാർക്കും വെള്ളിയും ശനിയും കർക്കടകക്കൂറുകാർക്കും അഷ്ടമരാശിയുണ്ട്.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ഈയാഴ്ചയിലെ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെയും വാരഫലം ഇവിടെ പരിശോധിക്കുന്നു.
അശ്വതി
വാരാദ്യദിനത്തിന് ശോഭ കുറയും. വിശ്രമത്തിന് സമയം കിട്ടിയേക്കില്ല. വ്യർത്ഥമായ കാര്യങ്ങൾ ചെയ്യേണ്ടി വരുന്നതാണ്. മറ്റു ദിവസങ്ങളിൽ പരിശ്രമമനുസരിച്ചാവും നേട്ടങ്ങൾ. സാമ്പത്തിക സ്ഥിതി മോശമാവില്ല. എന്നാൽ ആഢംബരച്ചെലവുകൾ ഏറുന്നതാണ്. ബന്ധുക്കളുടെ കാര്യത്തിൽ ഇടപെടുന്നത് ദുഷ്കീർത്തിക്ക് ഇടവരുത്തിയേക്കും. പ്രസ്ഥാനത്തിൽ നിന്നും വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന തോന്നൽ ശക്തമാവും. ഊഹക്കച്ചവടത്തിൽ നേട്ടമുണ്ടാകുന്നതാണ്. എല്ലാക്കാര്യത്തിലും സംതൃപ്തി ശരാശരിയായിരിക്കും.
ഭരണി
നക്ഷത്രനാഥൻ ആയ ശുക്രന് ഉച്ചസ്ഥിതി വരുന്നത് ഗുണകരമാണ്. വീട്ടിലും പുറത്തും ആദരിക്കപ്പെടും. പറയുന്ന വാക്കിന് വിലയുണ്ടാവുന്നതാണ്. കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാനാവും. സ്ത്രീകളുടെ പിന്തുണ പ്രതീക്ഷിക്കാം. ഇഷ്ടജനങ്ങൾക്കൊപ്പം യാത്രകൾക്ക് അവസരമുണ്ടാവും. ബിസിനസ്സിൽ നിന്നുള്ള വരുമാനം ഉയരാം. എന്നാൽ ചെലവിനങ്ങളും കൂടാം. എതിർപ്പ് പ്രകടിപ്പിച്ചവർ അനുകൂല നിലപാടുകൾ കൈക്കൊണ്ടേക്കും. ബുധനാഴ്ച മുതൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്.
കാർത്തിക
സമ്മിശ്രമായ അനുഭവങ്ങൾക്കാവും സാധ്യത. മേടക്കൂറുകാർക്ക് പ്രതിസന്ധികളെ നേരിടേണ്ടിവരും. എന്നാൽ അവയെ മറികടക്കുവാൻ സാധിക്കുന്നതാണ്. ബന്ധുക്കളുടെ വിരോധം സമ്പാദിക്കേണ്ടിവരും. ഇടവക്കൂറുകാരിൽ ഉദ്യോഗസ്ഥരായിട്ടുള്ള വ്യക്തികൾക്ക് ഗുണകരമായ വാരമാണ്. സ്വന്തം തൊഴിൽ ചെയ്യുന്നവർക്ക് ലാഭം കുറയും. തടസ്സങ്ങൾ വരാനിടയുണ്ട്. എന്നാലും ആത്മവിശ്വാസത്തിന് ഇളക്കം തട്ടാനിടയില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്.
രോഹിണി
തിങ്കളും ചൊവ്വയും അഷ്ടമരാശിക്കൂറ് ദിനങ്ങളാണ്. ശുഭാരംഭം ഒഴിവാക്കണം. ജാമ്യം നിൽക്കുക മുതലായവ കരുതലോടെ വേണം. പണച്ചെലവ് കൂടാം. മറ്റു ദിവസങ്ങളിൽ പ്രയത്നം അംഗീകരിക്കപ്പെടും. കർമ്മരംഗത്ത് ഉന്മേഷം ഉണ്ടാവുന്നതാണ്. വായ്പക്കായി നടത്തുന്ന ശ്രമം
ഫലം കണ്ടേക്കും. കുടുംബകാര്യങ്ങളിൽ സംതൃപ്തിയുണ്ടാവും. സ്വതന്ത്ര നിലപാടുകൾക്ക് പിന്തുണ വർദ്ധിക്കുന്നതാണ്. രാശിനാഥനായ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ പ്രവർത്തനവിജയം പ്രതീക്ഷിക്കാം.
മകയിരം
പ്രശ്നങ്ങളെ വൈകാരികമായി സമീപിച്ചേക്കും. എതിരാളിയുടെ കൗശലങ്ങളെ തിരിച്ചറിയുന്നതിൽ അമളി പിണയാം. പുതുസംരംഭങ്ങൾ തുടങ്ങാൻ ഈയാഴ്ച അനുകൂലമാവില്ല. വീടുപണി ഇഴയുന്നതിന് സാമ്പത്തികം കാരണമായേക്കും. സുഹൃത്തുക്കളുമായി തീരുമാനിച്ചിരുന്ന യാത്രയിൽ നിന്നും സ്വയം ഒഴിവാകും. പ്രണയവിവാഹത്തിന് വീട്ടുകാരുടെ അംഗീകാരം ലഭിക്കാം. പ്രതീക്ഷിച്ച ധനം കൈവശമെത്താൻ ചെറിയ കാലതാമസം വരുന്നതാണ്. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ ലഭിച്ചേക്കാം.
തിരുവാതിര
കുടുംബത്തിലെ തർക്കങ്ങൾ ഒരുവിധം പരിഹരിക്കും. ജീവിത പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കുവാനാവും. ഔദ്യോഗിക ചുമതലകൾ ഭംഗിയായി നിറവേറ്റുന്നതാണ്. കടം വാങ്ങിയ തുക ഭാഗികമായി കൊടുത്തു തീർക്കാൻ കഴിയും. മകനെ ഉപരിപഠനത്തിന് മുന്നോടിയായി ഇടക്കാല കോഴ്സുകളിൽ ചേർക്കുന്നതാണ്. വസ്തുവിന്റെ വില്പനക്കായി പരസ്യം കൊടുക്കും. അന്യനാട്ടിൽ കഴിയുന്നവർ കൂട്ടുകാരുടെ പ്രേരണയാൽ നാട്ടിലെ ഉത്സവത്തിന് വരാൻ തയ്യാറെടുപ്പുകൾ നടത്തും. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതായിരിക്കും.
പുണർതം
പതിനൊന്നാം ഭാവത്തിൽ രാശിനാഥനായ ബുധൻ വ്യാഴത്തോടൊപ്പം സഞ്ചരിക്കുകയാൽ ഗുണാധിക്യം പ്രതീക്ഷിക്കാം. സാമ്പത്തികമായ അലട്ടലുകൾക്ക് പോംവഴി തെളിയുന്നതാണ്. കർമ്മരംഗത്ത് വിജയിക്കാൻ കഴിയും. വാക്കുകൾ ശ്രവിക്കാൻ ആളുണ്ടാവും. ഗൃഹസൗഖ്യം പ്രതീക്ഷിക്കാം. ജീവിത പങ്കാളിക്ക് ജോലി ലഭിക്കുന്നതാണ്. അല്ലെങ്കിൽ നിലവിലെ ജോലിയിൽ ഉയർച്ച ഉണ്ടാവുന്നതായിരിക്കും. ആഴ്ച മധ്യത്തിലെ രണ്ടു ദിവസങ്ങൾ തെല്ല് ക്ലേശപ്രദങ്ങളായേക്കാം. സമയനിഷ്ഠ തെറ്റാനുമിടയുണ്ട്.
പൂയം
വാരാന്ത്യത്തിലൊഴികെ മറ്റുദിവസങ്ങളിൽ മെച്ചപ്പെട്ട അനുഭവങ്ങൾ വന്നെത്തുന്നതാണ്. തീരുമാനങ്ങൾ ചിന്തിച്ച് കൈക്കൊള്ളും. സഹപ്രവർത്തകരോട് യുക്തിയുക്തമായി സംസാരിക്കുവാനാവും. പൊതുപ്രവർത്തകർ ഏല്പിക്കപ്പെട്ട ദൗത്യങ്ങളിൽ മുഴുകും. കുടുംബകാര്യങ്ങളിൽ അനാസ്ഥയുണ്ടാവാം. തന്മൂലം ഗൃഹാന്തരീക്ഷം അല്പം കലുഷമാവാൻ സാധ്യതയുണ്ട്. അനുരാഗികളുടെ ഹൃദയബന്ധം ശക്തമാകുന്നതാണ്. സുഹൃത്തുക്കൾ തമ്മിലുള്ള കലഹത്തിൽ മാധ്യസ്ഥത്തിന് മുതിരുന്നതുമൂലം അപകീർത്തിക്ക് അവസരം വന്നേക്കാം.
ആയില്യം
നക്ഷത്രനാഥനായ ബുധൻ പത്താം രാശിയായ മേടത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗം മെച്ചപ്പെടുന്നതാണ്. തൊഴിൽ തേടുന്നവർക്ക് ശുഭവാർത്ത കേൾക്കാനാവും. കരാറു പണികൾ പുതുക്കപ്പെടുന്നതാണ്. സ്ഥാനോന്നതിക്ക് സാധ്യത കാണുന്നു. പരീക്ഷ / അഭിമുഖം എന്നിവയിൽ ശോഭിക്കാൻ കഴിയും. കലാകായിക മത്സരങ്ങളിൾ വിജയിക്കുന്നതാണ്. സ്വജനങ്ങളുടെ പിണക്കം തീർക്കാൻ പരിശ്രമം തുടരും. ചുറ്റുപാടുമുള്ളവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്യാൻ മുന്നിട്ടിറങ്ങും. സാമൂഹ്യമാധ്യമങ്ങളിൽ പിന്തുണ വർദ്ധിക്കുന്നതാണ്.
Read More
- Daily Horoscope March 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Weekly Horoscope (March 24– March 30, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 25 to March 31
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 24-March 30, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.