/indian-express-malayalam/media/media_files/CmHTUGOQnUqw7LugIrUd.jpg)
മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം
2024 മാർച്ച് 31 ന് (1199 മീനം18 ന്) ശുക്രൻ തൻ്റെ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പ്രവേശിക്കുന്നു. ഏപ്രിൽ 24 (മേടം 11) വരെ, ഏതാണ്ട് 25 ദിവസം ശുക്രൻ മീനം രാശിയിലൂടെ സഞ്ചരിക്കും.
കാലം കുറഞ്ഞ ദിനമാണെങ്കിലും ഏതുഗ്രഹത്തിൻ്റെയും ഉച്ചരാശിയിലെ സഞ്ചാരം പ്രാധാന്യമുള്ളതാണ്. ഒരു ഗ്രഹം ഉച്ചരാശിയിൽ എത്തുമ്പോൾ അതിൻ്റെ ശക്തി മുഴുവനാകുന്നു. ഫലം തരുന്നതിലും പൂർണ്ണതയുണ്ടാവും. വർഷത്തിൽ ഒരിക്കലാണ് ശുക്രൻ ഉച്ചരാശിയിൽ പ്രവേശിക്കുന്നത്.
ഗോചരത്തിൽ ഏറ്റവും കൂടുതൽ കൂറുകൾക്ക് ഗുണം നൽകുന്ന ഗ്രഹം ശുക്രനാണ് എന്നത് പ്രസ്താവ്യമാണ്. ഒരു വ്യക്തിയുടെ ജന്മരാശിയുടെ അഥവാ കൂറിൻ്റെ 6,7,10 എന്നീ മൂന്നുസ്ഥാനങ്ങളൊഴികെ മറ്റെല്ലാ രാശികളിൽ സഞ്ചരിക്കുമ്പോഴും ഗുണദാതാവാണ് ശുക്രൻ. അങ്ങനെ ചിന്തിച്ചാൽ തുലാം, കന്നി, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്കൊഴികെ മറ്റെല്ലാ കൂറുകളിൽ ജനിച്ചവർക്കും ഉച്ചരാശിയായ മീനം രാശിയിലെ ശുക്രൻ്റെ സഞ്ചാരകാലം ഏറ്റവും ഗുണപ്രദമായിരിക്കും.
കലയുടെ ഗ്രഹമാണ് ശുക്രൻ (Venus). സ്നേഹം, പ്രേമം, വിവാഹം, ദാമ്പത്യം, ഭോഗം, സുഖലോലുപത, ആഢംബര ജീവിതം, സ്ത്രീ സൗഹൃദം, പാരിതോഷികങ്ങൾ, ഭാഗ്യാനുഭവങ്ങൾ, ദേവീഭക്തി എന്നിവയും ശുക്രൻ്റെ വിഷയങ്ങളാണ്. ശുക്രൻ ഉച്ചത്തിലെത്തുമ്പോൾ ഇപ്പറഞ്ഞ വിഷയങ്ങൾക്കും വസ്തുതകൾക്കും പുഷ്ടിയുണ്ടാകും. ജീവിതം വസന്തകാലത്തിലെ ആരാമം പോലെ പൂത്തുലയും; സുരഭിലമാകും.
മീനം രാശിയിൽ പാപഗ്രഹങ്ങളായ സൂര്യനും രാഹുവും ശുകനോടൊപ്പം സംഗമിക്കുന്നുണ്ടെന്നത് ശുക്രൻ്റെ പകിട്ട് അല്പം കുറയ്ക്കുന്നതാണ്. ബുധനും ശുക്രനോടൊപ്പം ചേരുന്നു. ഫലം ചിന്തിക്കുമ്പോൾ ഇക്കാര്യവും പരിഗണിക്കണം.
മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
അഷ്ടമരാശിയിലാണ് ശുക്രൻ ഉച്ചം പ്രാപിച്ചിരിക്കുന്നത്. പാപഗ്രഹങ്ങളുമായി യോഗം ചെയ്യുന്നുണ്ടെങ്കിലും ഗുണദാതാവാണ് ശുക്രൻ. രണ്ടാം ഭാവത്തിലേക്ക് നോക്കുകയാൽ ധനാഗമം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സുഖസന്തുഷ്ടമാവും. പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധ പുലർത്തുവാൻ കഴിയും. ഭോഗാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. പഴയ കടംവീട്ടാൻ ചില സഹായ വഴികൾ തെളിഞ്ഞേക്കും. ആരംഭിച്ച ശേഷം മുടങ്ങിപ്പോയ കലാപ്രവർത്തനം പൂർത്തീകരിക്കാൻ സന്ദർഭം വന്നുചേരുന്നതാണ്. അവിചാരിതമായി ഇഷ്ടജനങ്ങളെ കാണാനാവും. വിവാഹാലോചനകൾക്ക് ഉണർവുണ്ടാവും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമേറും. ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമായ ചില കരാറുകളിൽ പങ്കുചേരുന്നതാണ്.
കന്നിക്കൂറിന് (ഉത്രം മുക്കാൽ, അത്തം, ചിത്തിര ആദ്യ പകുതി)
ഏഴാം ഭാവത്തിലാണ് ശുക്രൻ്റെ ഉച്ചരാശിസ്ഥിതി. ഗോചരാൽ ഏഴിലെ ശുക്രൻ്റെ സഞ്ചാരം അശുഭമാണെന്നുണ്ട്. കന്നിരാശിയുടെ അധിപനായ ബുധന് ഇക്കാലയളവിൽ വക്രമൗഢ്യവും നീചസ്ഥിതിയും സംഭവിക്കുന്നുമുണ്ട്. പ്രണയത്തിൽ പരാജയത്തിനിടയുണ്ട്. ദാമ്പത്യത്തിലും സ്വൈരക്കേടുകൾക്ക് സാധ്യത കാണുന്നു. ജീവിത പങ്കാളിയുടെ ജോലിയിൽ പുരോഗതി കുറയുന്നതാണ്. കൂട്ടുകച്ചവടത്തിൽ നിന്നും പിൻവാങ്ങിയാലോ എന്ന ചിന്ത ഉയരും. ബിസിനസ്സ് യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാവണമെന്നില്ല. സമൂഹം പുരികം ചുളിക്കും വിധമുള്ള പ്രവൃത്തികളിൽ ഏർപ്പെടാനിടയുണ്ട്. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കർമ്മങ്ങൾ നീളാം. അപവാദങ്ങൾക്ക് ശരവ്യരായേക്കും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണ്ട സമയമാണ്.
തുലാക്കൂറിന് ( ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം മുക്കാൽ)
ആറാം ഭാവത്തിലാണ് ശുക്രൻ ഉച്ചത്തിൽ സഞ്ചരിക്കുന്നത്. ജനിച്ച കൂറിൻ്റെ 6,7,10 എന്നീ മൂന്നുഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ ഗുണം ചെയ്യുന്നില്ല; ദോഷമുണ്ടാക്കുകയും ചെയ്യും. എന്നാൽ തുലാം രാശിയുടെ അധിപനാണ് ശുക്രൻ എന്നതിനാൽ ദോഷങ്ങൾ കുറയും; ഗുണാനുഭവങ്ങൾ വർദ്ധിക്കും. ഇടപാടുകളിൽ സാമ്പത്തിക ലാഭം കുറഞ്ഞാലും തീരെ മോശം സ്ഥിതിയാവില്ല. ശത്രുക്കളുടെ പ്രവർത്തനത്തെ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചേക്കും. സ്വന്തം തൊഴിലിടത്തിൽ ചില അശാന്തികൾ വരാം. എന്നാൽ ആത്മാർത്ഥമായ സമീപനത്താൽ അവയെ സാധാരണ നിലയിലാക്കാനാവും. ആരോഗ്യ പരിരക്ഷയിൽ അലംഭാവം പാടില്ല. കള്ളന്മാരുടെ ഉപദ്രവത്തിന് സാധ്യതയുണ്ട്. കരുതൽ വേണ്ട സാഹചര്യമാണ്. കുടുംബപരമായി പിണക്കവും ഇണക്കവും മാറി മാറിയുണ്ടാവുന്നതാണ്.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
ശുക്രൻ അഞ്ചാം ഭാവത്തിൽ ഉച്ചനായി സഞ്ചരിക്കുന്നത് അനുകൂല ഫലങ്ങൾക്ക് കാരണമാകും. പ്രണയികൾക്ക് വീട്ടുകാരുടെ അംഗീകാരം ലഭിക്കും. സന്താന ജന്മത്താൽ കുടുംബത്തിൽ വലിയ സന്തോഷം വന്നെത്തുന്നതാണ്. മകളെ / മകനെ സംബന്ധിച്ച കാര്യങ്ങളിൽ ചില നല്ല തീരുമാനങ്ങൾ കൈക്കൊള്ളുവാനാവും. ഭാവനാശാലികളായ എഴുത്തുകാർക്കും കലാകാരന്മാർക്കും അവരുടെ സൃഷ്ടികളിൽ മുഴുകാൻ സാഹചര്യങ്ങൾ തുണച്ചേയ്ക്കും. ഗൃഹത്തിലെ സ്ത്രീകൾക്ക് മനസ്സമാധാനവും അഭ്യുദയവും പ്രതീക്ഷിക്കാം. വ്യാപാരത്തിൽ ഉയർച്ചയുണ്ടാവുന്നതാണ്. ഈശ്വരസമർപ്പണം മുടങ്ങാതെ നടന്നുകിട്ടും. സാമ്പത്തിക ഞെരുക്കത്തിന് അയവുവരുന്നതാണ്. അപ്രതീക്ഷിത പാരിതോഷികങ്ങൾ, ഭാഗ്യപുഷ്ടി എന്നിവ സാധ്യതകളാണ്.
Read More
- Daily Horoscope March 26, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാരുടെ ഫലം
- Weekly Horoscope (March 24– March 30, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 March 25 to March 31
- സമ്പൂര്ണ വാരഫലം, അശ്വതി മുതൽ രേവതി വരെ; March 24-March 30, 2024, Weekly Horoscope
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.