scorecardresearch

ഗുണാനുഭവങ്ങൾ വർഷിക്കുന്ന ശുക്രൻ-മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രക്കാരുടെ ഫലം

മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം

മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം

author-image
S. Sreenivas Iyer
New Update
Venus Horoscope  | Astrology

മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം

2024 മാർച്ച് 31 ന് (1199 മീനം18 ന്) ശുക്രൻ തൻ്റെ ഉച്ചക്ഷേത്രമായ മീനം രാശിയിൽ പ്രവേശിക്കുന്നു.  ഏപ്രിൽ 24 (മേടം 11) വരെ, ഏതാണ്ട് 25 ദിവസം ശുക്രൻ മീനം രാശിയിലൂടെ സഞ്ചരിക്കും. 

Advertisment

കാലം കുറഞ്ഞ ദിനമാണെങ്കിലും ഏതുഗ്രഹത്തിൻ്റെയും ഉച്ചരാശിയിലെ സഞ്ചാരം പ്രാധാന്യമുള്ളതാണ്. ഒരു ഗ്രഹം ഉച്ചരാശിയിൽ എത്തുമ്പോൾ അതിൻ്റെ ശക്തി മുഴുവനാകുന്നു. ഫലം തരുന്നതിലും പൂർണ്ണതയുണ്ടാവും. വർഷത്തിൽ ഒരിക്കലാണ് ശുക്രൻ ഉച്ചരാശിയിൽ പ്രവേശിക്കുന്നത്.  

ഗോചരത്തിൽ ഏറ്റവും കൂടുതൽ കൂറുകൾക്ക് ഗുണം നൽകുന്ന ഗ്രഹം ശുക്രനാണ് എന്നത് പ്രസ്താവ്യമാണ്. ഒരു വ്യക്തിയുടെ ജന്മരാശിയുടെ അഥവാ കൂറിൻ്റെ  6,7,10 എന്നീ മൂന്നുസ്ഥാനങ്ങളൊഴികെ മറ്റെല്ലാ രാശികളിൽ സഞ്ചരിക്കുമ്പോഴും ഗുണദാതാവാണ് ശുക്രൻ. അങ്ങനെ ചിന്തിച്ചാൽ തുലാം, കന്നി, മിഥുനം എന്നീ കൂറുകളിൽ ജനിച്ചവർക്കൊഴികെ മറ്റെല്ലാ കൂറുകളിൽ ജനിച്ചവർക്കും ഉച്ചരാശിയായ മീനം രാശിയിലെ ശുക്രൻ്റെ സഞ്ചാരകാലം ഏറ്റവും ഗുണപ്രദമായിരിക്കും. 

കലയുടെ ഗ്രഹമാണ് ശുക്രൻ (Venus). സ്നേഹം, പ്രേമം, വിവാഹം, ദാമ്പത്യം, ഭോഗം, സുഖലോലുപത, ആഢംബര ജീവിതം, സ്ത്രീ സൗഹൃദം, പാരിതോഷികങ്ങൾ, ഭാഗ്യാനുഭവങ്ങൾ, ദേവീഭക്തി എന്നിവയും ശുക്രൻ്റെ വിഷയങ്ങളാണ്. ശുക്രൻ ഉച്ചത്തിലെത്തുമ്പോൾ ഇപ്പറഞ്ഞ വിഷയങ്ങൾക്കും വസ്തുതകൾക്കും പുഷ്ടിയുണ്ടാകും. ജീവിതം വസന്തകാലത്തിലെ ആരാമം പോലെ പൂത്തുലയും; സുരഭിലമാകും.

Advertisment

മീനം രാശിയിൽ പാപഗ്രഹങ്ങളായ സൂര്യനും രാഹുവും ശുകനോടൊപ്പം സംഗമിക്കുന്നുണ്ടെന്നത് ശുക്രൻ്റെ പകിട്ട് അല്പം കുറയ്ക്കുന്നതാണ്. ബുധനും ശുക്രനോടൊപ്പം ചേരുന്നു. ഫലം ചിന്തിക്കുമ്പോൾ ഇക്കാര്യവും പരിഗണിക്കണം. 

മേടം മുതൽ മീനം വരെയുളള പന്ത്രണ്ടുകൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ ശുക്ര ഫലം ഇവിടെ അപഗ്രഥിക്കപ്പെടുന്നു.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

നാലാം ഭാവത്തിലാണ് ശുക്രൻ്റെ ഉച്ചസഞ്ചാരം. വൈകാരിക വിഷയങ്ങൾ പലതും നാലാം ഭാവവുമായി ബന്ധപ്പെടുന്നു. മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന വിഷയങ്ങളിൽ സ്വൈരം തിരികെ കിട്ടാം. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ശക്തമായ പിന്തുണ കൈവരുന്നതാണ്. പൊതുവേ ഗുണാനുഭവങ്ങൾ വർദ്ധിക്കുന്ന കാലഘട്ടമായിരിക്കും. അമ്മയുടെ ആരോഗ്യസ്ഥിതിയിൽ ഗുണപരമായ മാറ്റം ഉണ്ടാകാം. ഗൃഹാന്തരീക്ഷം മെച്ചപ്പെടും. വീടിൻ്റെ നവീകരണം പൂർത്തിയാകുന്നതാണ്. വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനവസരം വന്നുചേരും. വളർത്തുമൃഗങ്ങളെ / പക്ഷികളെ വാങ്ങാനിടയുണ്ട്. പൂരാടം നക്ഷത്രത്തിൻ്റെ അധിപനാണ് ശുക്രൻ. അതിനാൽ ശുക്രൻ്റെ ഉച്ചസ്ഥിതിയാൽ  ധനുക്കൂറുകാരിൽ കൂടുതൽ മെച്ചമുണ്ടാവുക പൂരാടം നാളുകാർക്കാവും.

മകരക്കൂറിന് (ഉത്രാടം മുക്കാൽ , തിരുവോണം, അവിട്ടം ആദ്യ പകുതി)

മൂന്നാം ഭാവത്തിൽ ശുക്രൻ ഉച്ചത്തിൽ സഞ്ചരിക്കുന്നു. സഹോദരഭാവമാണ് മുഖ്യമായിട്ടും മൂന്നാം ഭാവം. പിണക്കത്തിൽ കഴിഞ്ഞ ഉറ്റവർ വീണ്ടും ഇണങ്ങുന്നതാണ്. വസ്തുതർക്കം പരിഹരിക്കപ്പെടാം. സാഹസികമൽസരങ്ങളിൽ നിന്നും പിന്തിരിയുന്നതാണ്. ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വപിതാവിന് ജോലിയിൽ ഉയർച്ച ഉണ്ടാവുന്നതാണ്. ജീവകാരുണ്യ പ്രവർത്തനത്തിൽ മുഴുകുവാൻ സന്ദർഭം സംജാതമായേക്കും. കലാകാരന്മാരെ പരിചയപ്പെടാൻ അവസരമുണ്ടാകും. സ്വതന്ത്രമായ നിലപാടുകൾക്ക് സമൂഹത്തിലെ സ്ത്രീകളുടെ ആദരം സിദ്ധിക്കുന്നതാണ്. പാരിതോഷികങ്ങൾ, പുരസ്കാരങ്ങൾ ഇവ ലഭിക്കാനിടയുണ്ട്. കൃഷികാര്യങ്ങളിൽ കുറച്ചൊക്കെ നേട്ടം ഉണ്ടാവും.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരൂരുട്ടാതി)

രണ്ടാം ഭാവത്തിലാണ് ശുക്രൻ ഉച്ചക്ഷേത്രത്തിലായി സഞ്ചരിക്കുന്നത്. പരീക്ഷ / അഭിമുഖം/ മത്സരം ഇവകളിൽ ശോഭിക്കുവാനാവും. ഉന്നത വിദ്യാഭ്യാസത്തിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ നീങ്ങാം. കവികൾക്കും പ്രഭാഷകർക്കും പാട്ടുകാർക്കും ശബ്ദം കൊണ്ട് ലോകത്തിൻ്റെ ശ്രദ്ധ കവരാനാവും. അംഗീകാരങ്ങൾ ലഭിക്കുവാൻ സാധ്യതയുള്ള സമയമാണ്.  പ്രണയാനുഭവങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യത്തിൽ ഐക്യവും പാരസ്പര്യവും ദൃഢമാകുന്നതാണ്. സുഖഭോഗങ്ങളുണ്ടാവും. മൊബൈൽ ഫോൺ, ഗൃഹോപകരണങ്ങൾ  പുതിയ കണ്ണട, കമ്മൽ, മൂക്കുത്തി തുടങ്ങിയവ വാങ്ങാൻ സാധ്യതയുണ്ട്. ധനപരമായ ഞെരുക്കം കുറയുന്നതാണ്. വായ്പ കിട്ടാനുണ്ടായ തടസ്സം നീങ്ങിയേക്കും. കിടപ്പ് രോഗികൾക്ക് ചികിൽസ കൊണ്ട് ആശ്വാസം അനുഭവപ്പെട്ടേക്കും.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ജന്മരാശിയിൽ ശുക്രൻ ഉച്ചത്തിൽ യാത്ര ചെയ്യുന്ന വേളയാണ്. ജന്മത്തിൽ സഞ്ചരിക്കുമ്പോൾ ഗുണമേകുന്ന ഗ്രഹങ്ങൾ ചന്ദ്രനും ശുക്രനും മാത്രമാണ്. സാമൂഹ്യമായ അംഗീകാരം ലഭിച്ചേക്കും. അലങ്കാരങ്ങളോടും ആഡംബരത്തോടും ഇഷ്ടമേറുന്നതാണ്. കലകൾ, സ്വന്തം ഹോബി, വിനോദ പരിപാടികൾ എന്നിവ ആവോളം ആസ്വദിക്കാനാവും. വിരുന്നുകളിൽ പങ്കെടുക്കാനും മൃഷ്ടാന്നഭക്ഷണം കഴിക്കാനും സന്ദർഭം ഉണ്ടാവും. അധികം വിയർപ്പൊഴുക്കാതെ നേട്ടങ്ങൾ വന്നുചേരാം. വിശ്രമത്തിന് ധാരാളം സമയം ലഭിക്കുന്നതാണ്. കുടുംബാംഗങ്ങളുടെ സ്നേഹം അനുഭവിച്ചറിയും. സ്ത്രീ സൗഹൃദങ്ങൾ പുഷ്ടിപ്പെടുന്നതാണ്. അവിവാഹിതരുടെ വിവാഹം തീരുമാനിക്കപ്പെടാം. ബിസിനസ്സിൽ മെച്ചം പ്രതീക്ഷിക്കാനാവും. സകുടംബം ദൂരദിക്കുകളിലേക്ക് യാത്ര ചെയ്യാൻ അവസരമുണ്ടാകും. പൊതുവേ മാനസികവും ശാരീരികവും ആയ സൗഖ്യത്തിൻ്റെ കാലമായിരിക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: