scorecardresearch

ശനിദശ നിങ്ങൾക്ക് എപ്പോൾ? മൂന്നാം ഭാഗം

ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരുന്നുവെന്നും സാമാന്യഫലങ്ങൾ എന്താവുമെന്നും ഇവിടെ അന്വേഷിക്കുന്നു. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം  9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്

ശനിദശ ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരുന്നുവെന്നും സാമാന്യഫലങ്ങൾ എന്താവുമെന്നും ഇവിടെ അന്വേഷിക്കുന്നു. അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം  9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്

author-image
S. Sreenivas Iyer
New Update
Horoscope | Astrology

ശനിദശ ആദ്യം ആർക്കൊക്കെ? 

Astrology, Horoscope:നവഗ്രഹങ്ങളുടെ ഭരണകാലമാണ് മനുഷ്യ ജീവിതം.അതിൽ ശനിയുടെ ദശാകാലം 19 വർഷമാണ്. ഏറ്റവും വലിയ ദശ ശുക്രദശയാണ്. 20 വർഷം. രണ്ടാമത്തെ വലിയ ദശ ശനിദശയും (Shani dasha). ദശകളുടെ ക്രമം തീരുമാനിച്ചിരിക്കുന്നത് നക്ഷത്രങ്ങളെ കേന്ദ്രീകരിച്ചാണ്. മൂന്നു നക്ഷത്രങ്ങൾക്കു വീതം ഒരേ വിധത്തിലാവും ദശകളുടെ ക്രമം വരുന്നത്. അതായത് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം  9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്. ഏതു ഗ്രഹത്തിൻ്റെ ദശയാണ് ആദ്യം എന്നു തീരുമാനിക്കുന്നത് ആ രീതി അവലംബിച്ചിട്ടാണ്.

Advertisment

ശനിദശ (Saturn Mahadasha) ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരുന്നുവെന്നും സാമാന്യഫലങ്ങൾ എന്താവുമെന്നും ഇവിടെ അന്വേഷിക്കുന്നു. സൂര്യൻ (സൂര്യദശ -6 വർഷം), ചന്ദ്രൻ (ചന്ദ്രദശ -10 വർഷം), ചൊവ്വ (ചൊവ്വാദശ -7 വർഷം) രാഹു (രാഹുദശ -18 വർഷം), വ്യാഴം (വ്യാഴദശ - 16 വർഷം) ശനി (ശനിദശ -19 വർഷം) ബുധൻ (ബുധദശ -17 വർഷം), കേതു (കേതുദശ - 7 വർഷം), ശുക്രൻ (ശുക്രദശ - 20 വർഷം) എന്നിങ്ങനെയാണ് ക്രമം.

ഉദാഹരണത്തിന് ഒരാൾ സൂര്യദശയിൽ ജനിച്ചാൽ ചന്ദ്രദശ രണ്ടാം ദശയും ചൊവ്വാ ദശ മൂന്നാം ദശയുമാവും. ഒമ്പതാം ദശ ശുക്രദശയായിരിക്കും.

ഇനി ചന്ദ്രദശയിലാണ് ജനനമെങ്കിൽ രണ്ടാം ദശ ചൊവ്വാദശയും മൂന്നാം ദശ രാഹുദശയുമാവും. ഒമ്പതാം ദശയാവുന്നത് സൂര്യദശയാവും. മുകളിലത്തെ പട്ടികയിൽ ഒമ്പതാമതായി വരുന്ന ഗ്രഹം ആയ ശുക്രൻ്റെ ദശയിൽ ജനിച്ചാൽ രണ്ടാം ദശ സൂര്യദശ, മൂന്നാം ദശ ചന്ദ്രദശ എന്നിങ്ങനെ തുടർന്ന് ഒമ്പതാം ദശ കേതുവിൽ അവസാനിക്കും. 

ശനിദശ: ഏഴാം ദശയായി വരുന്നത് ആർക്കൊക്കെ?

Advertisment

ഭരണി, പൂരം, പൂരാടം എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഏഴാം ദശയാണ് ശനി ദശ.  ഈ മൂന്ന് നാളുകാരുടെ ജനനം ഏറ്റവും വലിയ ദശയായ ശുക്രദശയിലാവുന്നു.  20 വർഷമാണ് ശുക്രദശാകാലം. അതിൻ്റെ പകുതി - അർദ്ധദശ - സ്വീകരിച്ചാൽ പത്തു വർഷം അഥവാ പത്തു വയസ്സുവരെ ശുക്രദശയാവും. തുടർന്ന് ക്രമത്തിൽ സൂര്യദശ, ചന്ദ്രദശ, ചൊവ്വാദശ, രാഹുദശ, വ്യാഴദശ എന്നീ ദശകളാണ്. 
ഇത്രയും ദശകൾ/ ഈ ആറ് ദശകൾ പിന്നിടുമ്പോൾ ശരാശരി 67 വയസ്സാകും. ശനിദശ അവിടെ തുടങ്ങുന്നു. ശുക്രദശ കഴിഞ്ഞാൽ ഏറ്റവും വലിയ ദശ ശനി ദശയാണ്! 

19 വർഷമാണ് ശനിദശാകാലം എന്നത് ഓർമ്മിക്കുമല്ലോ. ദശ തീരുമ്പോൾ  വയസ്സ് 86 ആകും. അങ്ങനെ വാർദ്ധകൃത്തിൽ തുടങ്ങി അതിവാർദ്ധക്യത്തിൽ അവസാനിക്കുന്ന ദശകളാണ് 7,8,9 ആയി വരുന്ന ദശകളെല്ലാം തന്നെ. ഏതു നക്ഷത്രക്കാർക്കും ഇതുതന്നെയാവും അനുഭവം.  

ഏഴാം ദശയെ 'വധ നക്ഷത്രദശ' എന്ന് പണ്ഡിതന്മാർ സംബോധന ചെയ്യുന്നു. അപകടകാരിയും മരണമുണ്ടാക്കാൻ  കെല്പുമുള്ളതുമായ ദശ എന്നാണ് അതിൻ്റെ അർത്ഥം. ഏഴാം ദശയിൽ മനസ്സിനെയും ശരീരത്തെയുമെല്ലാം തളർത്തുന്ന അതിവാർദ്ധക്യം അനുഭവിക്കേണ്ടി വരുകയും ചെയ്യുമല്ലോ! രോഗക്ലേശങ്ങൾ നിരന്തരമാവും. പരാശ്രയത്വം ഉണ്ടാവും. ഏകാന്തത, ദാരിദ്ര്യം, വിരഹവിയോഗാദികൾ മൂലം വിഷാദം, ബാധ്യതകൾ എന്നിങ്ങനെ പലതരത്തിൽ ക്ലേശാനുഭവങ്ങൾ ഭവിക്കാം. 

സ്വന്തം ഗ്രഹനിലയിൽ അഥവാ അവരവരുടെ ജാതകത്തിൽ ശനി അനുകൂല ഭാവത്തിൽ സ്ഥിതി ചെയ്യുകയാണെങ്കിൽ ശനിദശ അത്ര ക്ലേശഭൂയിഷ്ഠം ആവണമെന്നില്ല. ഉചിതമായ വഴിപാടുകളും പ്രാർത്ഥനകളും ശനിദശാ ദോഷനിവൃത്തിക്കായി അനുഷ്ഠിക്കുന്ന രീതി വിശ്വാസികളുടെ ഇടയിൽ പതിവുള്ളതാണ്.

ശനിദശ: എട്ടാം ദശയായി വരുന്നത് ആർക്കൊക്കെ? 

അശ്വതി, മകം, മൂലം എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിച്ചവരുടെ എട്ടാം ദശ ശനിദശയാണ്. ഈ മൂന്നുനാളുകാരുടെ ജനനം ചെറിയ ദശകളിലൊന്നായ കേതു ദശയിൽ ആകുന്നു. 7 വർഷമാണ് കേതുദശാകാലം. അതിൻ്റെ പകുതി, അർദ്ധദശ, സ്വീകരിക്കുകയാണ് എങ്കിൽ മൂന്നര വയസ്സുവരെ അഥവാ മൂന്നര വർഷം വരെ കേതുദശയുണ്ടാവും. 

തുടർന്നുള്ള ദശകളുടെ ക്രമം ഇവ്വിധമാണ്: ശുക്രദശ, സൂര്യദശ, ചന്ദ്രദശ, ചൊവ്വാദശ, രാഹുദശ, വ്യാഴദശ. ഈ ഏഴു ദശകൾ പിന്നിടുമ്പോൾ 80 / 81 വയസ്സു പിന്നിടും. അതു മുതൽ  19 വർഷം, അതായത് 99 /100 വയസ്സുവരെയാണ് എട്ടാം ദശയായ ശനി ദശ. ആയുസ്സിൻ്റെ കാര്യത്തിൽ ഭാഗ്യവാന്മാർക്കും ഭാഗ്യവതികൾക്കും ഒക്കെയാവും വാർദ്ധക്യത്തിൻ്റെ ്് പരമകാഷ്ഠയിലെത്തുന്ന ശനിദശയിൽ പ്രവേശിക്കാൻ തന്നെ കഴിയുക. അതുപൂർത്തീകരിക്കാൻ കഴിയുക എന്നതാവട്ടെ അപൂർവ്വം വ്യക്തികൾക്ക് കൈവരുന്ന ഭാഗ്യവുമാണ്. 

എട്ടാം ദശയെ 'മൈത്രീ ദശ' എന്ന് പറയാറുണ്ട്. സുഹൃത്തിനെപ്പോലെ ഗുണകരവും ഹിതകരവും എന്ന് മൈത്രിയെ വ്യാഖ്യാനിക്കാം. മൂന്ന്, അഞ്ച്, ഏഴ് ആയി വരുന്ന ദശകൾ ഉണ്ടാക്കുന്ന അത്രയും ക്ലേശങ്ങൾ വാർദ്ധക്യകാലത്തെ ദശകളായ എട്ടാം ദശയും  ഒമ്പതാം ദശയും സൃഷ്ടിക്കില്ലെന്ന് പറയാറുണ്ട്. 

ഇങ്ങനെയൊക്കെ ആണെന്നുവന്നാലും പ്രായം ഒരു ഘടകം തന്നെയാണല്ലോ. അതിനാൽ
 'മൈത്രീദശ' ആയാലും ദുഃഖദുരിതാദികളുടെ കഷായം കുറശ്ശേ എങ്കിലും കുടിക്കേണ്ടി വരാതിരിക്കില്ല. ബാധ്യതകളൊഴിഞ്ഞ സ്വസ്ഥമായ ജീവിതം, കുടുംബസൗഖ്യം, രോഗാദികളുടെ കഠിനവും നിരന്തരവുമായ ഉപദ്രവം ഇല്ലാതിരിക്കൽ തുടങ്ങിയവ എട്ടാം ദശയിൽ സാമാന്യേന പ്രതീക്ഷിക്കാം.

ശനിദശ: ഒമ്പതാം ദശയായി വരുന്നത് ആർക്കൊക്കെ? 

ആയില്യം, തൃക്കേട്ട, രേവതീ എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിച്ചവർക്കാണ് ശനിദശ ഒമ്പതാം ദശയായി  വരുന്നത്. ഈ മൂന്നു നാളുകാരുടെ ജനനം ബുധദശയിലാകുന്നു.  17 വർഷമാണ് ബുധദശയുടെ കാലാവധി. 

ജനന സമയവും അതിനെ മുൻനിർത്തി ആദ്യദശയുടെ ശിഷ്ടവും കണ്ടെത്തും. അതറിയില്ലെങ്കിൽ ജന്മദശയുടെ പകുതി കണക്കാക്കുകയാണ് സാമാന്യരീതി. ഇതിനെ അർദ്ധദശ എന്ന്  വിളിക്കുന്നു. ബുധദശയുടെ പകുതി എട്ടരവർഷമാണ്. അഥവാ എട്ടര വയസ്സു വരെയാണ് ബുധദശ. തുടർന്ന് കേതുദശ, ശുക്രദശ, സൂര്യദശ, ചന്ദ്രദശ, ചൊവ്വാദശ, രാഹുദശ, വ്യാഴദശ എന്നിങ്ങനെ ശനിദശ ഒഴികെ എല്ലാ ദശകളും കടന്നു വരുന്നു. അത്രയും കഴിയുമ്പോൾ 92/93 വയസ്സിലെത്തും. ശനിദശയുടെ ഊഴം അവിടം മുതലാണ്.

19 വർഷം കണക്കാക്കുമ്പോൾ 111/112 വയസ്സുവരെ ശനിദശയാവും. ഇതിൻ്റെ പ്രായോഗികത ഏതാണ്ട് അസാധ്യമാണ്. അഥവാ ആയില്യം, തൃക്കേട്ട, രേവതി, എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ഒമ്പതാം ദശയായ ശനി ദശ അനുഭവത്തിൽ വരിക എന്നതും പൂർത്തിയാക്കുക എന്നത് 'അപൂർവ്വത്തിൽ അപൂർവ്വ'മാണ്. എന്നല്ല എല്ലാ നാളുകാർക്കും (ആയുഷ്മാന്മാരായ വ്യക്തികൾക്ക്) പ്രായേണ 7, 8 ദശകൾ വരെയൊക്കെയാവും എത്തിച്ചേരാനാവുക എന്നതും പ്രസ്താവ്യമാണ്. 

'പരമ മൈത്രി ദശ' എന്ന പേരുണ്ട്, ഒമ്പതാം ദശയ്ക്ക്. ഏവരുടേയും ബഹുമാനവും സ്നേഹവായ്പും ലഭിക്കാം. ശനി ഗ്രഹനിലയിൽ ദുർബലനെങ്കിൽ വർദ്ധിത ദുരിതങ്ങൾ ഉണ്ടാവുകയും ചെയ്യും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: