scorecardresearch

ശനിദശ നിങ്ങൾക്ക് എപ്പോൾ? രണ്ടാം ഭാഗം

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം  9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്: Shani Dasha, Saturn Mahadasha: Know the Shani Dasha Remedies.

അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം  9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്: Shani Dasha, Saturn Mahadasha: Know the Shani Dasha Remedies.

author-image
S. Sreenivas Iyer
New Update
Horoscope | Astrology

ശനിദശ ആദ്യം ആർക്കൊക്കെ? 

Astrology, Horoscope:നവഗ്രഹങ്ങളുടെ ഭരണകാലമാണ് മനുഷ്യ ജീവിതം.അതിൽ ശനിയുടെ ദശാകാലം 19 വർഷമാണ്. ഏറ്റവും വലിയ ദശ ശുക്രദശയാണ്. 20 വർഷം. രണ്ടാമത്തെ വലിയ ദശ ശനിദശയും (Shani dasha). ദശകളുടെ ക്രമം തീരുമാനിച്ചിരിക്കുന്നത് നക്ഷത്രങ്ങളെ കേന്ദ്രീകരിച്ചാണ്. മൂന്നു നക്ഷത്രങ്ങൾക്കു വീതം ഒരേ വിധത്തിലാവും ദശകളുടെ ക്രമം വരുന്നത്. അതായത് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം  9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്. ഏതു ഗ്രഹത്തിൻ്റെ ദശയാണ് ആദ്യം എന്നു തീരുമാനിക്കുന്നത് ആ രീതി അവലംബിച്ചിട്ടാണ്.

Advertisment

ശനിദശ (Saturn Mahadasha) ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരുന്നുവെന്നും സാമാന്യഫലങ്ങൾ എന്താവുമെന്നും ഇവിടെ അന്വേഷിക്കുന്നു. സൂര്യൻ (സൂര്യദശ -6 വർഷം), ചന്ദ്രൻ (ചന്ദ്രദശ -10 വർഷം), ചൊവ്വ (ചൊവ്വാദശ -7 വർഷം) രാഹു (രാഹുദശ -18 വർഷം), വ്യാഴം (വ്യാഴദശ - 16 വർഷം) ശനി (ശനിദശ -19 വർഷം) ബുധൻ (ബുധദശ -17 വർഷം), കേതു (കേതുദശ - 7 വർഷം), ശുക്രൻ (ശുക്രദശ - 20 വർഷം) എന്നിങ്ങനെയാണ് ക്രമം.

ഉദാഹരണത്തിന് ഒരാൾ സൂര്യദശയിൽ ജനിച്ചാൽ ചന്ദ്രദശ രണ്ടാം ദശയും ചൊവ്വാ ദശ മൂന്നാം ദശയുമാവും. ഒമ്പതാം ദശ ശുക്രദശയായിരിക്കും. 

ഇനി ചന്ദ്രദശയിലാണ് ജനനമെങ്കിൽ രണ്ടാം ദശ ചൊവ്വാദശയും മൂന്നാം ദശ രാഹുദശയുമാവും. ഒമ്പതാം ദശയാവുന്നത് സൂര്യദശയാവും. മുകളിലത്തെ പട്ടികയിൽ ഒമ്പതാമതായി വരുന്ന ഗ്രഹം ആയ ശുക്രൻ്റെ ദശയിൽ ജനിച്ചാൽ രണ്ടാം ദശ സൂര്യദശ, മൂന്നാം ദശ ചന്ദ്രദശ എന്നിങ്ങനെ തുടർന്ന് ഒമ്പതാം ദശ കേതുവിൽ അവസാനിക്കും. 

നാലാം ദശയായി വരുന്നത് ആർക്കൊക്കെ?

Advertisment

മകയിരം, ചിത്തിര, അവിട്ടം എന്നീ മൂന്നു നാളുകളിൽ ജനിച്ചവർക്ക് ശനിദശ നാലാം ദശയായി വരുന്നു. ഈ നാളുകാരുടെ ജനനം ചൊവ്വാദശയിലാകുന്നു. ചെറിയ ദശയാണ് ചൊവ്വാദശ. ആകെ 7 വർഷമാണ് ദശാകാലം. ആദ്യദശയെ അർദ്ധദശയായി സ്വീകരിച്ചാൽ മൂന്നര വയസ്സുവരെ ചൊവ്വദശ എന്നൂഹിക്കാം.
 രണ്ടും മൂന്നും ദശകൾ യഥാക്രമം 18 വർഷമുള്ള രാഹുദശയും 16 വർഷമുള്ള വ്യാഴദശയുമാണ്. അപ്പോൾ ശരാശരി മുപ്പത്തിയേഴര വയസ്സാവും. അതു മുതൽ 19 വർഷം ശനിദശ. 37 1/2 വയസ്സു മുതൽ 56 1/2 വയസ്സുവരെ. യൗവ്വനത്തിൽ തുടങ്ങി വാർദ്ധക്യത്തിൻ്റെ പടിവാതിലോളം ശനിദശ നീളുന്നു.

നാലാം ദശയ്ക്ക് 'ക്ഷേമനക്ഷത്രദശ' എന്ന് പേരുണ്ട്. അതിനാൽ മകയിരം, ചിത്തിര, അവിട്ടം എന്നീ നാളുകാരുടെ നാലാം ദശയായ ശനി ദശ  കഠിനമാവാനിടയില്ല.   അദ്ധ്വാനത്തിന് അർഹമായ പ്രതിഫലം, ഗൃഹനിർമ്മാണം, ജോലിയിൽ ഉയർച്ച, മക്കളുടെ വിവാഹം തുടങ്ങിയവ സാക്ഷാൽകരിക്കാൻ കഴിഞ്ഞേക്കും. ചിലർക്ക് പ്രവാസം, ജീവിതശൈലീ രോഗങ്ങൾ, സാമ്പത്തിക ബാധ്യത, വേണ്ടപ്പെട്ടവരുടെ വിയോഗം തുടങ്ങിയ ചില ദുരിതങ്ങളും കൂടി ശനിദശയിൽ അനുഭവിക്കേണ്ടതായി വന്നേക്കാം.

അഞ്ചാം ദശയായി വരുന്നത് ആർക്കൊക്കെ?

രോഹിണി, അത്തം, തിരുവോണം എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിച്ചവരുടെ അഞ്ചാം ദശയായി വരുന്നത് ശനി ദശയാണ്. ഈ മൂന്നുനാളുകാരുടെ ആദ്യദശ ചന്ദ്രദശയാണ്. 10 വർഷക്കാലമാണ് ചന്ദ്രദശയുടേത്. ആദ്യ ദശയായ ചന്ദ്രദശയെ പകുതി അഥവാ അർദ്ധദശയായി കണക്കാക്കിയാൽ 
5 വർഷം അഥവാ  5 വയസ്സുവരെ ഉണ്ടാവും. തുടർന്ന് ക്രമത്തിൽ ചൊവ്വ, രാഹു, വ്യാഴം എന്നീ ദശകൾ. ഇത്രയും ദശകൾ കഴിയുമ്പോൾ 46 വയസ്സാകും. അതുമുതൽ 19 വർഷം, അതായത് 65 വയസ്സുവരെ ശനിദശയാവും. 

അഞ്ചാം ദശയ്ക്ക് 'പ്രത്യരി നക്ഷത്രദശ' എന്നാണ് പേര്. ശത്രുതകളും അസന്തുഷ്ടികളും ഉണ്ടാക്കുന്ന ദശയാവും. ആ വാക്കിൻ്റെ ആശയം ഏതാണ്ട് അപ്രകാരമാണ്. യൗവ്വനാന്ത്യത്തിൽ തുടങ്ങി വാർധക്യത്തോളം നീളുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ സ്വാഭാവികമാവും. വാതരോഗം, മാനസിക വിഷാദം തുടങ്ങിയവയും വേഗം ബാധിക്കാം. ജോലിയിൽ നിന്നും പിരിയുന്ന കാലമാകയാൽ സാമ്പത്തിക ക്ലേശങ്ങളും വരാം. ഗൃഹനിർമ്മാണം, മക്കളുടെ കല്യാണം തുടങ്ങിയവ കടബാധ്യതയ്ക്ക് വഴിവെക്കാം. 

ചിലർക്ക് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ സാധിച്ചേക്കില്ല. ഏകാന്തതയുടെ തുരുത്തിൽ പെട്ട് പോകുന്നവരും ശനിദശയിൽ അപൂർവ്വമല്ല. ഉറ്റവരുടെ വിരഹവിയോഗാദികളും വിഷമിപ്പിക്കാം. ഗ്രഹനിലയിൽ ശനി ഇഷ്ടഭാവത്തിൽ ബലമുള്ള രാശികളിലായി സ്ഥിതി ചെയ്യുന്നവർക്ക് ഗുണാനുഭവങ്ങൾ ശനിദശയിൽ വർദ്ധിക്കുന്നതാണ്.

ആറാം ദശയായി വരുന്നത് ആർക്കൊക്കെ?

കാർത്തിക, ഉത്രം, ഉത്രാടം എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ആറാം ദശയാണ് ശനി ദശ. ഈ നാളുകാർ സൂര്യദശയിൽ ജനിക്കുന്നു. ആറുവർഷമാണ് സൂര്യദശ. അതിൻ്റെ പകുതി സ്വീകരിച്ചാൽ (അർദ്ധദശ) മൂന്നു വർഷം അഥവാ മൂന്നു വയസ്സുവരെ സൂര്യദശയും തുടർന്ന് ക്രമത്തിൽ ചന്ദ്രദശ, ചൊവ്വാദശ, രാഹുദശ, വ്യാഴദശ എന്നീ ദശകളുമാണ്. ഇത്രയും ദശകൾ പിന്നിടുമ്പോൾ 54 വയസ്സാവും. ആറാം ദശയായ ശനിദശ അതുമുതൽക്കാണ്. 

19 വർഷമാണ് ശനി ദശാകാലം എന്നത് ഓർമ്മിക്കുക. 54 വയസ്സ് മുതൽ 73 വയസ്സുവരെ എന്നു ചുരുക്കം. ആറാം ദശയ്ക്ക് 'സാധകനക്ഷത്രദശ' എന്ന് പേരുണ്ട്. പ്രായേണ നേട്ടങ്ങൾക്കാവും മുൻതൂക്കം എന്നാണ് സൂചന. അതുവരെ വിശ്രമം അറിയാതെ അദ്ധ്വാനിച്ചതിൻ്റെ ഫലം അനുഭവിക്കാനാകുന്നത് ശനിദശയിൽ ആണെന്നുവരാം. ഉത്തരവാദിത്വങ്ങൾ പൂർത്തീകരിച്ചതിൻ്റെ സംതൃപ്തിയും അനുഭവിക്കാനായേക്കും. ആദ്ധ്യാത്മികമായ താത്പര്യങ്ങൾക്കും ശനി വഴിയൊരുക്കാം. 

അവരവരുടെ ഗ്രഹനിലയിൽ, ജാതകത്തിൽ ശനി ബലവാനാണെങ്കിൽ ശനിദശയുടെ സ്വതസ്സിദ്ധമായ ക്ലേശങ്ങൾ നാമമാത്രമാവും. ശനി ദുർബലനാണെന്ന് വന്നാൽ അനിഷ്ടഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നതാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: