/indian-express-malayalam/media/media_files/D8vCzvDGOBBljMkZNM4u.jpg)
ശനിദശ ആദ്യം ആർക്കൊക്കെ?
Astrology, Horoscope:നവഗ്രഹങ്ങളുടെ ഭരണകാലമാണ് മനുഷ്യ ജീവിതം.അതിൽ ശനിയുടെ ദശാകാലം 19 വർഷമാണ്. ഏറ്റവും വലിയ ദശ ശുക്രദശയാണ്. 20 വർഷം. രണ്ടാമത്തെ വലിയ ദശ ശനിദശയും (Shani dasha). ദശകളുടെ ക്രമം തീരുമാനിച്ചിരിക്കുന്നത് നക്ഷത്രങ്ങളെ കേന്ദ്രീകരിച്ചാണ്. മൂന്നു നക്ഷത്രങ്ങൾക്കു വീതം ഒരേ വിധത്തിലാവും ദശകളുടെ ക്രമം വരുന്നത്. അതായത് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ 3 വീതം 9 ഗ്രൂപ്പുകളാക്കി തിരിച്ചിട്ടാണ് ദശകളുടെ ക്രമം നിർണയിച്ചിരിക്കുന്നത്. ഏതു ഗ്രഹത്തിൻ്റെ ദശയാണ് ആദ്യം എന്നു തീരുമാനിക്കുന്നത് ആ രീതി അവലംബിച്ചിട്ടാണ്.
ശനിദശ (Saturn Mahadasha) ഓരോ നക്ഷത്രക്കാർക്കും എപ്പോൾ വരുന്നുവെന്നും സാമാന്യഫലങ്ങൾ എന്താവുമെന്നും ഇവിടെ അന്വേഷിക്കുന്നു. സൂര്യൻ (സൂര്യദശ -6 വർഷം), ചന്ദ്രൻ (ചന്ദ്രദശ -10 വർഷം), ചൊവ്വ (ചൊവ്വാദശ -7 വർഷം) രാഹു (രാഹുദശ -18 വർഷം), വ്യാഴം (വ്യാഴദശ - 16 വർഷം) ശനി (ശനിദശ -19 വർഷം) ബുധൻ (ബുധദശ -17 വർഷം), കേതു (കേതുദശ - 7 വർഷം), ശുക്രൻ (ശുക്രദശ - 20 വർഷം) എന്നിങ്ങനെയാണ് ക്രമം.
ഉദാഹരണത്തിന് ഒരാൾ സൂര്യദശയിൽ ജനിച്ചാൽ ചന്ദ്രദശ രണ്ടാം ദശയും ചൊവ്വാ ദശ മൂന്നാം ദശയുമാവും. ഒമ്പതാം ദശ ശുക്രദശയായിരിക്കും.
ഇനി ചന്ദ്രദശയിലാണ് ജനനമെങ്കിൽ രണ്ടാം ദശ ചൊവ്വാദശയും മൂന്നാം ദശ രാഹുദശയുമാവും. ഒമ്പതാം ദശയാവുന്നത് സൂര്യദശയാവും. മുകളിലത്തെ പട്ടികയിൽ ഒമ്പതാമതായി വരുന്ന ഗ്രഹം ആയ ശുക്രൻ്റെ ദശയിൽ ജനിച്ചാൽ രണ്ടാം ദശ സൂര്യദശ, മൂന്നാം ദശ ചന്ദ്രദശ എന്നിങ്ങനെ തുടർന്ന് ഒമ്പതാം ദശ കേതുവിൽ അവസാനിക്കും.
ശനിദശ ആദ്യം ആർക്കൊക്കെ?
ആദ്യം ശനിദശ വരുന്നത് പൂയം, അനിഴം, ഉത്രട്ടാതി എന്നീ മൂന്നു നാളുകാർക്കാണ്. ഒമ്പതു ദശകളിൽ ഇവരുടെ ഒന്നാം ദശ ശനിദശ എന്നർത്ഥം. ജനനം ശനിദശയിൽ എന്നും ഇതിനെ പറയാം. ശനിദശ ആകെ 19 വർഷമാണ്. ഒരു നക്ഷത്രം കണക്കാക്കുന്നത് ശരാശരി 24 മണിക്കൂർ എന്ന തോതിലാണ്. പൂയം, അനിഴം, ഉത്രട്ടാതി എന്നീ മൂന്നു നാളുകാർ നക്ഷത്രത്തിൻ്റെ തുടക്കത്തിൽ ജനിച്ചാൽ ആദ്യദശയായ ശനിദശയും 19 വർഷം കിട്ടും. നക്ഷത്രം തുടങ്ങി പകുതി ചെന്നപ്പോൾ അതായത് 12 മണിക്കൂർ പിന്നിട്ടപ്പോഴാണ് ജനിച്ചതെങ്കിൽ ശനിദശയും പകുതി പിന്നിട്ട് ശേഷിക്കുന്ന ഒമ്പതര വർഷം അഥവാ ഒമ്പതര വയസ്സുവരെ മാത്രമേ അനുഭവത്തിൽ വരൂ. ഇത് എല്ലാ ആദ്യ ദശകൾക്കും സ്വീകാര്യമായ തത്ത്വമാണ്.
ശനിദശയിൽ ജനനവും ബാല്യകൗമാരങ്ങളും വരുമ്പോൾ ജീവിതത്തിൻ്റെ ക്ലേശങ്ങൾ നേരത്തെ തന്നെ അറിയുന്നു എന്ന സ്ഥിതി വരാം. "തീയിൽക്കുരുത്തത് വെയിലത്ത് വാടില്ല" എന്ന പഴമൊഴിയിൽ വ്യക്തമാക്കുന്നതുപോലെ പിന്നീട് ജീവിതത്തിൽ ഉണ്ടാവുന്ന ക്ലേശങ്ങളെ അതിജീവിക്കാനുള്ള ശക്തി വരുന്നു. ക്ഷമയും സഹനവും പരിശീലിക്കുന്നു.
സഹിഷ്ണുതയുടെ പാഠങ്ങൾ പഠിപ്പിക്കുന്ന ഒരു ഗുരുനാഥനായി ശനി മാറുകയാണ് എന്നതാണ് ഉൺമ.
രണ്ടാം ദശയായി വരുന്നതാർക്കൊക്കെ?
പുണർതം, വിശാഖം, പൂരൂരുട്ടാതി എന്നീ മൂന്നു നാളുകാർക്കാണ് രണ്ടാം ദശയായി ശനിദശ വരുന്നത്. ഈ മൂന്നു നാളുകാരുടേയും ജനനം വ്യാഴദശയിലാണ്.
വ്യാഴം 16 വർഷമാണ്. ജനന സമയത്ത് ജന്മനക്ഷത്രം എത്ര കഴിഞ്ഞു എന്ന് കൃത്യം അറിയാത്തതിനാൽ ആദ്യദശ പകുതി കണക്കുകൂട്ടുകയാണ് രീതി (അർദ്ധദശ). അപ്പോൾ ശരാശരി 8 വയസ്സുവരെ വ്യാഴദശയും അതുമുതൽ 19 വർഷം ശനിദശയും എന്ന് കണക്കാക്കാം.
രണ്ടാംദശയെ 'ധനനക്ഷത്രദശ' എന്നു പറയും. തന്മൂലം ശനിദശയിൽ, പുണർതം, വിശാഖം, പൂരൂരുട്ടാതി എന്നീ നാളുകാർക്ക് സാമ്പത്തികമായ പുരോഗതി വരാം. തനിക്ക് അപ്രകാരം വന്നില്ലെങ്കിൽ മാതാപിതാക്കൾക്ക് ജോലിയിൽ ഉയർച്ച, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാവും. ക്ലേശങ്ങൾ കുറയാം. വിദ്യാ പുരോഗതി, ന്യായമായ തൊഴിൽ, ചിലർക്ക് വിവാഹാം എന്നിവയും സിദ്ധിച്ചേക്കാം. ശനിയുടെ സൗമ്യവും ഗുണം തരുന്നതുമായ വശമാണ് രണ്ടാം ദശയായി വരുമ്പോൾ അനുഭവത്തിൽ വരിക.
മൂന്നാം ദശയായി വരുന്നത് ആർക്കൊക്കെ?
തിരുവാതിര, ചോതി, ചതയം എന്നീ മൂന്നു നക്ഷത്രങ്ങളിൽ ജനിക്കുന്നവർക്കാണ് ശനിദശ മൂന്നാം ദശയായി വരുന്നത്. ഈ നാളുകാരുടെ ജനനം രാഹുദശയിലാകുന്നു. ദശകളിൽ വെച്ച് ശുക്രദശ, ശനിദശ എന്നിവ കഴിഞ്ഞാൽ വലിയ ദശയാകുന്നു രാഹുദശ. സർപ്പദശ എന്നും രാഹുദശയ്ക്ക് പേരുണ്ട്. 18 വർഷമാണ് രാഹുദശയുടെ ദൈർഘ്യം.
ആദ്യദശ പകുതി കണക്കാക്കും (അർദ്ധ ദശയായി) എന്ന നിയമമനുസരിച്ച് 18 വർഷത്തിൻ്റെ പകുതിയായ 9 വർഷമായിട്ടാണ് രാഹുദശയെ ആദ്യദശയായി വരുമ്പോൾ കണക്കാക്കുന്നത്. തുടർന്ന് 16 വർഷം നീളുന്ന രണ്ടാം ദശയായ വ്യാഴ ദശ. അതും കഴിയുമ്പോൾ ശരാശരി 25 വയസ്സായിട്ടുണ്ടാവും. പൊതുനിയമപ്രകാരം അതുമുതൽ ഈ മൂന്നു നാളുകാർക്കും ശനിദശ തുടങ്ങുന്നു.
25 മുതൽ 44 വരെ, ഏതാണ്ട് നിറയൗവ്വനം കാലം മുഴുവൻ തിരുവാതിര, ചോതി, ചതയം നാളുകാർക്ക് ശനിദശയാവാം. മൂന്നാം ദശയ്ക്ക് 'ആപന്ന ദശ' അഥവാ ആപത്തുണ്ടാക്കുന്ന ദശ എന്നു പേരുണ്ട്. അതിനാൽ ഇവരുടെ ശനിദശ കഠിനമായിരിക്കും.
നേട്ടങ്ങൾ തടസ്സപ്പെടാം. പരാശ്രയത്വം ഭവിച്ചേക്കാം. സമസ്തവും വൈകിച്ചെയ്യുന്ന ശീലം സ്വഭാവമായി പരിണമിക്കാം. വിശ്വാസവഞ്ചനയ്ക്ക് പാത്രീഭവിക്കാനും ഇടവരാം. ചുരുക്കത്തിൽ ജീവിതത്തിലെ പരീക്ഷണ കാലമാവും, മൂന്നാം ദശയായി വരുന്ന ശനി ദശ. ക്ഷമയും കഠിനാധ്വാനവും സ്ഥിരോത്സാഹവും ഉചിത പ്രാർത്ഥനകളും കൊണ്ടേ വിജയിക്കാനാവൂ!
-തുടരും
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.