/indian-express-malayalam/media/media_files/soxShs0VfQcsWf7VODBb.jpg)
Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
ആദിത്യൻ മിഥുനം രാശിയിൽ മകയിരം, തിരുവാതിര ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ വെളുത്ത പക്ഷത്തിലാണ്. ജൂലൈ 21 - 22 തീയതികളിൽ വെളുത്തവാവ് വരുന്നു. ചന്ദ്രൻ അത്തം മുതൽ മൂലം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുന്നു. ചൊവ്വ മേടം രാശിയിലാണ്.
അശ്വതി-ഭരണി നാളുകളിലായി സഞ്ചരിക്കുന്നു. ബുധനും ശുക്രനും മിഥുനം രാശിയിൽ മകയിരം, തിരുവാതിര നാളുകളിലാണ്. ശുക്രബുധന്മാരുടെ മൗഢ്യവും തുടരുകയാണ് എന്നതും പ്രസ്താവ്യമത്രെ!വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിലൂടെ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ രേവതിയിലും കേതു കന്നി രാശിയിൽ അത്തത്തിലുമാണ്.
ചന്ദ്രൻ്റെ അഷ്ടമരാശിക്കൂറിലെ സഞ്ചാരം ഈ ആഴ്ച ഏതൊക്കെ രാശിക്കാർക്കാണ് എന്ന് നോക്കാം. ഞായറാഴ്ച കുംഭക്കൂറുകാർക്കാണ്. തിങ്കളും ചൊവ്വയും ബുധൻ രാവിലെ വരെയും മീനക്കൂറുകാർക്കാണ് അഷ്ടമരാശി വരിക. തുടർന്ന് വെള്ളി സായാഹ്നം വരെ മേടക്കൂറുകാർക്കും തദനന്തരം ഇടവക്കൂറുകാർക്കും (ശനിയാഴ്ച) ആയി അഷ്ടമരാശി വരുന്നു.
ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ സമ്പൂർണ വാരഫലം ഇവിടെ അപഗ്രഥിക്കുന്നു.
അശ്വതി
നാലാം ഭാവാധിപനായ ചന്ദ്രന് പൂർണബലം ഉള്ള വാരമാകയാൽ മനസ്സുഖവും ദേഹസുഖവുമുണ്ടാവും. സുഹൃൽസമാഗമവും അതുകാരണമുള്ള ഉല്ലാസവും ഭവിക്കുന്നതാണ്. കാര്യങ്ങൾ വരുതിയിലാണെന്ന തോന്നൽ ശക്തമാകും. ന്യായമായ ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതാണ്. തൊഴിലിടത്തിലും സമാധാനം പുലരും. വാരമധ്യത്തിൽ ചൊവ്വ ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നതും ഗുണകരമാണ്. അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിയും. പ്രൊഫഷണലുകൾക്ക് കർമ്മപുഷ്ടിയുണ്ടാകുന്നതാണ്. തൊഴിൽ മാത്സര്യങ്ങളെ നിഷ്പ്രഭമാക്കി മുന്നേറുവാനാവും.
ഭരണി
കുടുംബത്തിൽ സുഖവും സമാധാനവും പുലരും. യാത്രകൾ ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കും. പുതുസൗഹൃദങ്ങൾ മൊട്ടിടാം. ഗൃഹം മോടിപിടിപ്പിക്കാൻ തുനിഞ്ഞേക്കും. വാഹനം വാങ്ങാൻ അഭിലഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. മൂന്നാമെടത്തിലെ ആദിത്യസഞ്ചാരം ഉദ്യോഗസ്ഥർക്ക് ഗുണകരമാണ്. പദവികളിൽ ഉയർച്ചയോ വേതന വർദ്ധനയോ ഉണ്ടാകാനിടയുണ്ട്. സ്വമേഖലയിൽ സ്വശക്തി തിരിച്ചറിയാനാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശുഭാരംഭങ്ങൾ ഒഴിവാക്കുന്നത് ഉചിതം.
കാർത്തിക
വ്യാഴം രണ്ടാം നക്ഷത്രത്തിൽ സഞ്ചരിക്കുന്നതിനാൽ വാക്ചാതുര്യം അഭിനന്ദിക്കപ്പെടും. അതുകൊണ്ടുതന്നെ നേട്ടങ്ങളും കരഗതമാവും. പുതിയ വിഷയങ്ങളോട് ആഭിമുഖ്യമേറും. ഹ്രസ്വകാല കോഴ്സുകളിൽ ചേർന്നേക്കും. സാമ്പത്തിക വരവ് തൃപ്തിയേകുന്നതാണ്. സാമൂഹ്യ ജീവിതത്തിലെ ഇടപെടലുകൾ ആദരിക്കപ്പെടാം. കർമ്മരംഗം ഉണരും. പ്രണയികൾക്ക് ആഹ്ളാദിക്കാൻ കഴിയുന്നതാണ്. ദാമ്പത്യത്തിലെ സൗന്ദര്യപ്പിണക്കം അവസാനിച്ചേക്കും. ബന്ധുക്കളുടെ ആതിഥ്യം സ്വീകരിക്കുന്നതാണ്.
രോഹിണി
നക്ഷത്രനാഥനായ ചന്ദ്രന് പൂർണ്ണബലം ഉള്ള വാരമാണ്. അതിനാൽ അനുകൂലമായ ഫലങ്ങൾക്ക് മുൻതൂക്കം വന്നെത്തും. അല്പ പ്രയത്നത്താൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാവും. സ്ത്രീകളുടെ പിന്തുണ ശക്തി പകരും. മനസ്സന്തോഷത്തിന് കാരണങ്ങൾ വന്നെത്തുന്നതാണ്. കുടുംബത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ നിർവഹിക്കാനാവും. കലാപ്രവർത്തനം അഭംഗുരം തുടരാനാവും. ഔദ്യോഗിക കൃത്യങ്ങളിൽ പ്രത്യുല്പന്നമതിത്വം പുലർത്തും. ഭോഗസുഖം പ്രതീക്ഷിക്കാം. പ്രണയികൾക്കിടയിൽ ഹൃദയൈക്യം ദൃഢമാകുന്നതാണ്.
മകയിരം
ഗാർഹികമായി സുഖവും സമാധാനവും വന്നുചേരും. ദാമ്പത്യത്തിൽ സംതൃപ്തി പുലരും. സ്വാശ്രയ തൊഴിലിൽ മുന്നോട്ട് പോകാനാവും. വായ്പ നേടാനുള്ള ശ്രമം വിജയിക്കും. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനത്തിന് അവസരം ലഭിക്കുന്നതാണ്. സാമൂഹ്യ പ്രവർത്തനത്തിന് വലിയ തോതിൽ പിന്തുണയുണ്ടാവും. മനസ്സന്തോഷത്തിന് പല അവസരങ്ങൾ സംജാതമാകും. കിടപ്പ് രോഗികൾക്ക് ചികിൽസാ മാറ്റം ഗുണകരമാവുന്നതാണ്. ശനിയാഴ്ച ശുഭകാര്യങ്ങൾ തുടങ്ങരുത്.
തിരുവാതിര
വാരാദ്യം കാര്യസാധ്യത്തിന് തടസ്സങ്ങളുള്ളതായി തോന്നും ഗൃഹത്തിൽ സമാധാനം കുറയാം. ചിന്താപരത കാരണം കർമ്മഗുണം മങ്ങുന്നതാണ്. ബുധനാഴ്ച മുതൽ ക്രമേണ കാര്യങ്ങൾ നേരെയാവും. പ്രായോഗികത മുന്നിട്ടു നിൽക്കും. ഉത്തരവാദിത്വങ്ങൾ പൂർത്തീകരിച്ച് ഉന്നതാധികാരികളുടെ പ്രശംസ നേടും. സാമ്പത്തികമായി സ്വാശ്രയത്വം ഉണ്ടാവും. കുടുംബച്ചെലവുകൾക്ക് തടസ്സമുണ്ടാവില്ല. ദാമ്പത്യത്തിൽ സുഖം അനുഭവിക്കും. എതിർപ്പുകളെ നിസ്സാരീകരിക്കും. രാഷ്ട്രീയ ചർച്ചകളിൽ സമദൂരം പാലിക്കുന്നതാണ്.
പുണർതം
ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുകയാൽ ശാരീരിക ക്ലേശങ്ങൾ, അലച്ചിൽ ഇവയുണ്ടാകുന്നതാണ്. പന്ത്രണ്ടിലെ വ്യാഴം ശുഭകാര്യങ്ങളുമായി ബന്ധപ്പെടാനും നല്ല വിഷയങ്ങളിൽ വ്യയമേർപ്പെടുത്താനും അവസരമേകും. ജന്മരാശിയിലെ ശുക്രൻ അല്പം അതിർ കവിഞ്ഞ ആഢംബര ഭ്രമത്തിനും സുഖതൃഷ്ണകൾക്കും വഴിയൊരുക്കാം. പതിനൊന്നിലെ ചൊവ്വ ഭൂമി ഗുണം സമ്മാനിക്കും. വസ്തു വാങ്ങാനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കും. വരാരംഭത്തിൽ പുരോഗതി മന്ദഗതിയിലാവും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉയർച്ച വർദ്ധിക്കും.
പൂയം
രാശിനാഥനായ ചന്ദ്രൻ പൂർണബലവാനാകയാൽ പ്രവർത്തിരംഗം ഉന്മേഷകരമാവും. മാനസിക സന്തോഷം ഭവിക്കുന്നതാണ്. ഉത്തരവാദിത്വങ്ങൾ പരപ്രേരണ കൂടാതെതന്നെ നിർവഹിക്കും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാവും. മാതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽക്കണ്ഠകൾ അകലുന്നതാണ്. ഉദ്യോഗസ്ഥർക്ക് ആദിത്യൻ്റെ പന്ത്രണ്ടിലെ സ്ഥിതി അലച്ചിലിനിടവരുത്തും. സ്ഥലം മാറ്റത്തിൻ്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരാം. വ്യാഴത്തിൻ്റെ ഇഷ്ടഭാവസ്ഥിതി ധനോന്നതിക്ക് ഇടവരുത്തും. ദൈവിക സമർപ്പണങ്ങൾക്ക് മുടക്കം വരില്ല.
ആയില്യം
ന്യായമായ പ്രതീക്ഷകൾ അധികം വിയർപ്പൊഴുക്കാതെ സഫലമാവുന്നതാണ്. ഉപരിപഠനത്തിന് പ്രവേശനം ലഭിച്ചേക്കും. സാമ്പത്തികം മോശമാവില്ല. എന്നാൽ ചെലവധികമാവും. ഔദ്യോഗിക യാത്രകൾ പൊടുന്നനെ തീരുമാനിക്കപ്പെടാം. കുടുംബത്തോടൊപ്പം നിശ്ചയിച്ച ചില സന്ദർശനങ്ങൾ തന്മൂലം ഒഴിവാക്കേണ്ട സ്ഥിതിയുണ്ടാവും. കച്ചവടത്തിലെ നൂതന മാർഗങ്ങൾ ഉപഭോക്താക്കളെ ആകർഷിച്ചേക്കാം. ജന്മനാട്ടിലെ വസ്തു വിൽക്കാനുള്ള തീരുമാനത്തെ കുടുംബാംഗങ്ങൾ എതിർത്തേക്കും. പിതാവിൻ്റെ/ഗൃഹത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം.
മകം
സാമാന്യം അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. പതിനൊന്നാം ഭാവത്തിലെ ആദിത്യ ബുധശുക്രന്മാർ ഔദ്യോഗിക ജീവിതം ശോഭനമാക്കും. പുതിയ ചുമതലകൾ ലഭിക്കുന്നതാണ്. കൃത്യനിർവഹണം അഭിനന്ദനീയമാവും. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. സ്വയം തെറ്റുതിരുത്താനുള്ള മാനസിക പക്വത പുലർത്തുന്നതാണ്. പിതാവിൻ്റെ സ്നേഹവാൽസല്യ ങ്ങൾക്കൊപ്പം സാമ്പത്തിക സഹായവും കൈവരും. രാഷ്ട്രീയ പ്രവർത്തകർക്ക് ധാരാളം പിന്തുണ കിട്ടും.
പൂരം
വ്യക്തിപരമായും തൊഴിൽപരമായും വളർച്ചയ്ക്കും വികസനത്തിനുമുള്ള അനുകൂല സാഹചര്യമുണ്ട്. അർഹതയ്ക്കനുസരിച്ച് ജോലി ലഭിക്കാം. ബിസിനസ്സിൽ ലാഭം കൂടും. പുതിയ ശാഖകൾ ആരംഭിയ്ക്കാനാവും. ആശയവിനിമയശേഷി അഭിനന്ദിക്കപ്പെടും. സുഹൃത്തുക്കളുടെ തർക്കങ്ങൾ പരിഹരിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട രേഖകൾ കൈവശമെത്തും. കുടുംബത്തിൽ പിതൃപുത്രബന്ധം കൂടുതൽ ഐക്യപ്പെടുന്നതാണ്. ബുധൻ, വ്യാഴം ദിവസങ്ങൾ കൂടുതൽ മേന്മയുള്ളതായിരിക്കും.
ഉത്രം
സുഹൃത്തുക്കളിൽ നിന്നും നിസ്സീമമായ പ്രോൽസാഹനം ലഭിക്കും. ചുമതലകൾ നിറവേറ്റുന്നതിൽ പിന്നോട്ട് പോക്കില്ല. ഗവേഷകർക്ക് കൂടുതൽ ആഴമുള്ള നിരീക്ഷണങ്ങളിൽ മുഴുകാനാവും. ഔദ്യോഗികമായി സമയനിഷ്ഠയുടെയും കൃത്യനിർവഹണത്തിൻ്റെയും പൂരകത്വത്തിന് ദൃഷ്ടാന്തമായിരിക്കും. പഴയ കടബാധ്യത പരിഹരിക്കാനുള്ള വഴികൾ തേടുന്നതാണ്. കുടുംബ ബന്ധങ്ങൾ സുഗമമാവുന്നതിന് അനുരഞ്ജനത്തിൻ്റെ പാതയിൽ നിന്നും വ്യതിചലിക്കില്ല. മക്കളുടെ പഠനം, വിദേശ യാത്ര, വിവാഹം മുതലായ വിഷയങ്ങൾ കുടുംബത്തിൽ സജീവ പരിഗണനാ വിഷയങ്ങളാവും.
അത്തം
ജന്മനക്ഷത്രം കൊണ്ടു തുടങ്ങുന്ന വാരമാണ്. വിരുന്നൂണ്, മംഗളകർമ്മങ്ങളിൽ സംബന്ധിക്കൽ ഇവയുണ്ടാവും. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടും. പലരുടെയും മാനസിക പിൻബലം ലഭിക്കും. ബിസിനസ്സിൽ പുരോഗതി വരുന്നതാണ്. ചെലവുകൾ നിയന്ത്രിക്കുവാനാവും. വിജ്ഞാനസമ്പാദനത്തിന് നേരം നീക്കിവെക്കും. പുതിയ ആശയങ്ങൾ മേലധികാരികളുടെ പ്രീതി നേടും. വാഹനം വാങ്ങാനുള്ള ചെറുപ്പക്കാരുടെ ആഗ്രഹം സഫലമായേക്കാം. സാമൂഹിക ജീവിതത്തിൽ അംഗീകാരം ലഭിക്കും. ജീവകാരുണ്യ പ്രവർത്തനത്തിന് നേരം കണ്ടെത്തും.
ചിത്തിര
ബാങ്ക്, അദ്ധ്യാപനം, വ്യാപാരം, ഗണിതം, നിയമം തുടങ്ങിയ മേഖലകളിൽ ശോഭിക്കുന്നതാണ്. ബുദ്ധിമാന്മാരായ സുഹൃത്തുക്കളുടെ ഉപദേശം സ്വീകരിക്കും. ചിലരോട് പറയുന്ന വാക്ക് ഫലിക്കുന്നതായി അഭിപ്രായം വന്നേക്കും. നൂതന സംരംഭങ്ങളുമായി മുന്നോട്ടുപോകുന്നതാണ്. കുടുംബ കാര്യങ്ങളിൽ സ്വേച്ഛാപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതായി അഭിപ്രായം വരാം. ജീവിത പങ്കാളിയുമായി പിണങ്ങും. ഭൂമിയുടെ ക്രയവിക്രയത്തിൽ അമളി വരാനിടയുണ്ട്. ഔദ്യോഗിക യാത്രകൾ ഉണ്ടാവും. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ഉദാസീനതയരുത്.
ചോതി
ഗൃഹനിർമ്മാണം ആരംഭിക്കാനായേക്കും. തൊഴിലാളികൾക്ക് അത്യദ്ധ്വാനം ചെയ്യേണ്ടി വരും. കരാർ പണികൾ പുതുക്കിക്കിട്ടാം. ഉദ്യോഗസ്ഥലത്ത് സമാധാനക്കുറവ് വരുന്നതാണ്. പഴയ കടബാധ്യതകൾ ചിത്തശല്യകാരിയാവും. ബന്ധുക്കളുടെ ആനുകൂല്യം കുറയും. ഏഴിലെ കുജസ്ഥിതി ദാമ്പത്യകലഹത്തിന് വഴിവെക്കുന്നതാണ്. ആദിത്യൻ ഒമ്പതിൽ സഞ്ചരിക്കുന്നതിനാൽ പിതാവിന് പ്രതീക്ഷിച്ച ജോലിക്കയറ്റം കിട്ടിയേക്കില്ല. വ്യാപാരത്തിന് വഴിനടന്നുള്ള ക്ലേശമുണ്ടായേക്കും. നിഗൂഢവിദ്യകളിൽ താല്പര്യമുണ്ടാകും. ശാരീരിക സ്വസ്ഥത കുറയും.
വിശാഖം
തുടരെ തുടരെ അഭിമുഖീകരിച്ചു കൊണ്ടിരുന്ന പ്രശ്നങ്ങൾ തെല്ല് കുറയാം. ആലോചിച്ചുവേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. വളഞ്ഞ വഴികളിലൂടെ പണമുണ്ടാക്കാൻ പ്രലോഭനമുണ്ടാവാം. സുതാര്യമായ പ്രവർത്തന ശൈലി സ്വീകരിക്കപ്പെടണം. പ്രണയികൾ എതിർപ്പുകളെ നേരിടുന്നതാണ്. കരാർ പണികൾ ചെയ്യുന്നവർ മത്സരാധിഷ്ഠിത ടെൻഡറുകൾ ഏറ്റെടുക്കാൻ തുനിയും. പൊതുപ്രവർത്തകർക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടില്ല. ന്യായരഹിതമായ നിലപാടുകളെ വിമർശിക്കുന്നതിനാൽ ഉറ്റമിത്രങ്ങളുടെ ശത്രുത സമ്പാദിക്കും.
അനിഴം
ശത്രുക്കളുടെ നീക്കങ്ങൾ തിരിച്ചറിയും. കൃഷി കർമ്മങ്ങളോട് ആഭിമുഖ്യമേറും. വിദ്യാർത്ഥികൾക്ക് ഏറ്റവും നൂതനമായ സാങ്കേതിക വിഷയങ്ങൾ പഠിക്കാൻ അവസരം സിദ്ധിക്കും. സംഘടനാ പ്രവർത്തനങ്ങളിൽ സ്വതന്ത്രമായ നിലപാടുകളെടുക്കും. ഊഹക്കച്ചവടത്തിൽ നിന്നും ലാഭമുണ്ടാകും. ഭാര്യാഭർത്താക്കന്മാർക്ക് പിണക്കം മറന്ന് ഒരുമിക്കാനവസരം സിദ്ധിക്കുന്നതാണ്. ഓൺലൈൻ വ്യാപാരത്തിലൂടെ ലാഭം വന്നുതുടങ്ങും. ഉദ്യോഗസ്ഥർക്ക് കാലം അനുകൂലമല്ല. സഹപ്രവർത്തകരുടെ സഹകരണം പ്രതീക്ഷിച്ചത്ര ലഭിച്ചേക്കില്ല.
തൃക്കേട്ട
നക്ഷത്ര നാഥനായ ബുധന് മൗഢ്യം തുടരുന്നതിനാൽ ആശയവിനിമയത്തിൽ പ്രശ്നങ്ങൾ വരാം. വാക്കുകൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചേക്കാം. പുതിയ കാര്യങ്ങൾ അറിയാൻ വെമ്പലുണ്ടാവും. എന്നാൽ അകർമ്മണ്യത പിടികൂടിയേക്കും. ബന്ധുക്കൾ വാഗ്ദാനം പാലിക്കാത്തത് നിരാശയുണ്ടാക്കാം. ആഡംബരച്ചെലവുകൾ കൂടിയേക്കാനിടയുണ്ട്. കൂട്ടുകെടുകൾ അതിരുവിടുന്നതായി മാതാപിതാക്കൾ ശാസിച്ചേക്കാം. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്, രേഖകൾ ഇവ കിട്ടാൻ വൈകും. സ്വാശ്രയത്വം പാലിക്കുന്നതിൽ വിജയിക്കുന്നതാണ്.
മൂലം
ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് മുഴുകാനാവും. ന്യായമായ ആഗ്രഹങ്ങൾ സഫലമാവും. സാധാരണകാര്യങ്ങൾ മുടക്കം കൂടാതെ ചെയ്യാനാവും. അധികാരികളുടെ വിശ്വാസം നേടും. സ്വകാര്യസ്ഥാപനത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ലഭിച്ചേക്കാം. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പ്രത്യക്ഷതയിലെത്താം. സാമ്പത്തികമായി ശരാശരിക്കാലമാണ്. കുടുംബത്തിലെ വയോജനങ്ങളുടെ വാക്കുകൾ കരുത്തേകും. പ്രണയികൾക്കിടയിൽ അസ്വാരസ്യം ഉണ്ടാവും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേഹക്ലേശത്തിനും വ്യയാധിക്യത്തിനും ഇടയുണ്ട്.
പൂരാടം
ഗാർഹികമായ അസ്വാരസ്യങ്ങൾ കുറയുന്നതാണ്. കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും പിന്തുണ ലഭിക്കുന്നതാണ്. പുതുസംരംഭങ്ങൾ തുടങ്ങുന്നത് പുനരാലോചിച്ചിട്ടാവുന്നത് നല്ലത്. നിലവിലുള്ള കച്ചവടം വിപുലീകരിക്കുകയാവും കൂടുതൽ ഉചിതം. ഏജൻസി പ്രവർത്തനത്തിൽ ഉണർവ്വണ്ടാകും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം വന്നുചേരുന്നതാണ്. ഉപരിപഠനത്തിനുള്ള വിഘ്നങ്ങൾ നീങ്ങിക്കിട്ടുന്നതാണ്. ഉന്നതരുടെ ശുപാർശമൂലം കാര്യസാധ്യം വേഗത്തിലായേക്കും. സർഗാത്മക പ്രവർത്തനങ്ങൾക്ക് മാന്ദ്യം സംഭവിക്കാം.
ഉത്രാടം
ആദിത്യൻ സഞ്ചാരം ധനുക്കൂറുകാർക്ക് അനുകൂലമല്ല. ഉന്നതാധികാരികളുടെ വിരോധം നേരിടും. അപ്രതീക്ഷത യാത്രകൾ വേണ്ടി വന്നേക്കും. സഹായ വാഗ്ദാനങ്ങൾ പാലിക്കാൻ വിഷമിക്കുന്നതാണ്. സുഹൃൽ ബന്ധങ്ങൾ പുഷ്ടിപ്പെട്ടേക്കാം. മകരക്കൂറുകാർക്ക് പദവികളിൽ ഉയർച്ച സംഭവിക്കാം. കൂട്ടുകച്ചവടത്തിൽ സമ്മിശ്രാനുഭവങ്ങൾ ഉണ്ടാവുന്നതാണ്. ചന്ദ്രബലം മാനസിക പിരിമുറുക്കം കുറയ്ക്കുന്നതാണ്. മാതാവിന് ആരോഗ്യസൗഖ്യം ഭവിക്കും. ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നതാണ്. നല്ല ലക്ഷ്യങ്ങൾക്കായി സമയം കണ്ടെത്തും.
തിരുവോണം
ബുദ്ധിപരമായ നീക്കങ്ങൾ വിജയം സമ്മാനിക്കും. പുതിയ വിഷയങ്ങൾ പഠിക്കാനുള്ള ആർജ്ജവം കാട്ടും. വേണ്ടത്ര തയ്യാറെടുപ്പുകളാൽ പരീക്ഷ, അഭിമുഖം എന്നിവയിൽ മികവുണ്ടാക്കും. കുടുംബവ്യാപാരത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. സാമ്പത്തികാവശ്യങ്ങൾ സ്വാഭാവികമായി തന്നെ നിറവേറപ്പെടും. ഇലക്ട്രിക് / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ അനുകൂലത ലഭിക്കുന്നതാണ്. വാടകവീട് മാറേണ്ടി വന്നേക്കും. അതിസാഹസങ്ങൾക്ക് മുതിരരുത്.
അവിട്ടം
ആത്മാർത്ഥ ശ്രമങ്ങൾ വിജയം കാണുന്ന വാരമാണ്. ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷൻ കഴിഞ്ഞ് സ്വലാവണത്തിലേക്ക് മടങ്ങാനാവും. പ്രതികൂലതകളിൽ പ്രത്യുല്പന്നത്വം കൈവിടില്ല. വിജ്ഞാന സമ്പാദനത്തിന് കൂടുതൽ സമയം നീക്കിവെക്കുന്നതാണ്. തറവാട് ജീർണ്ണോദ്ധാരണം ചെയ്യാൻ അംഗങ്ങളുടെ യോഗം കൂടാൻ തീരുമാനിക്കും. വാഹന വായ്പ അടഞ്ഞു തീരാം. തെറ്റായ പ്രവണതകളെ സമൂഹമാധ്യമങ്ങളിൽ തുറന്നുകാട്ടും. ആവശ്യത്തിന് വിശ്രമം, സുഖഭോഗം ഇവ പ്രതീക്ഷിക്കാം. ബിസിനസ്സുകാർക്ക് പ്രതീക്ഷിച്ച ധനവരവ് ഉണ്ടായേക്കും.
ചതയം
മൂന്നാം ഭാവത്തിൽ ചൊവ്വ സ്ഥിതി ചെയ്യുകയാൽ പരിശ്രമങ്ങൾ നിർവിഘ്നം പരിസമാപ്തിയിലെത്തും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കും. മനസ്സുഖമുണ്ടാവും. കിടപ്പു രോഗികൾക്ക് ആശ്വാസമനുഭവപ്പെടുന്നതാണ്. പുതിയ ജോലി നേടാനുള്ള ശ്രമം ഫലവത്താകാൻ അല്പം കൂടി കാത്തിരിക്കേണ്ടി വരും. ഓൺലൈൻ വിനോദങ്ങളിൽ ധനനഷ്ടം സംഭവിക്കാനിടയുണ്ട്. മകളുടെ പഠിപ്പിനായി വായ്പയ്ക്കുള്ള ശ്രമം തുടരുന്നതാണ്. വാരാദ്യ ദിവസങ്ങൾ ശുഭാരംഭത്തിന് ഉചിതമല്ല. മറ്റു ദിവസങ്ങളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം.
പൂരൂരുട്ടാതി
വിദേശത്തുള്ള സുഹൃത്തിനായി വസ്തു വാങ്ങും. ആത്മവിശ്വാസം ഇടയ്ക്ക് ചോരുന്നതായി തോന്നാം. മോട്ടിവേഷണൽ ക്ളാസ്സുകളിൽ പങ്കെടുക്കാൻ തീരുമാനിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് സ്വന്തം കഴിവ് പരീക്ഷകളിലും അഭിമുഖങ്ങളിലും വേണ്ടത്ര തെളിയിക്കാൻ കഴിഞ്ഞേക്കില്ല. എത്ര മുൻകരുതൽ കൈക്കൊണ്ടാലും ചിലപ്പോൾ അവസരോചിതമായി പ്രവർത്തിക്കാൻ കഴിയണമെന്നില്ല. ചുമതലകളിൽ നിന്നും ഒഴിയാൻ തീരുമാനിക്കും. എന്നാൽ അവയിൽ തുടരേണ്ടി വന്നേക്കും.
ഉത്രട്ടാതി
കഴിവ് തെളിയിക്കാൻ ഒരുപാട് സന്ദർഭങ്ങൾ മുന്നിലെത്തും. സാഹചര്യത്തിൻ്റെ ആനുകൂല്യത പ്രയോജനപ്പെടുത്തും. ഏല്പിച്ച ചുമതലകൾ ഭംഗിയായി പൂർത്തിയാക്കും. പുതിയ പാർട്ണർമാരെ ചേർത്ത് കമ്പനി വിപുലീകരിക്കുവാൻ ശ്രമം തുടരുന്നതാണ്. ചെറുകിട വ്യാപാരികൾക്കും ഗുണകരമാണ്. ധനശോച്യതയ്ക്ക് മാറ്റം കണ്ടുതുടങ്ങും. ബന്ധുക്കളുടെ വിവാഹാദി കർമ്മങ്ങൾക്ക് മുൻകൈയ്യെടുക്കും. വാരാദ്യ ദിവസങ്ങൾക്ക് മേന്മ കുറയാം. ആരോഗ്യപ്രശ്നങ്ങൾ സാധ്യതയാണ്.
രേവതി
ഭാവനാശക്തിയുടെ ഔന്നത്യം കവികൾക്കും കലാകാരന്മാർക്കും പ്രയോജനം ചെയ്യും. കലോപാസനയിൽ മുഴുകാനാവും. ചിന്തിച്ച കാര്യങ്ങൾ സാക്ഷാല്കരിക്കാൻ സാധിക്കുന്നതാണ്. വാഗ്ദാനങ്ങൾ പാലിച്ച് കൃതാർത്ഥത നേടും. കുട്ടികളുടെ അഡ്മിഷൻ സുഗമമാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വദേശത്ത് മടങ്ങാൻ സാധിക്കുന്നതാണ്. ശുഭവാർത്തകൾ സന്തോഷത്തിന് കാരണമാകുന്നതാണ്. അധികാര സ്ഥാനങ്ങളിൽ നിന്നും ചലനമുണ്ടാകാനുള്ള സാധ്യത മുഴുവനായും അവസാനിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഷ്ടമരാശി ഭവിക്കുകയാൽ മനോവാക്കർമ്മങ്ങളിൽ ജാഗ്രതയുണ്ടാവണം.
Read More
- Weekly Horoscope (June 16– June 22, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Midhunam
- Weekly Horoscope (June 9– June 15, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ശുക്രനും ബുധനും മിഥുനം രാശിയിലേയ്ക്ക്; അശ്വതി മുതൽ രേവതി വരെ
- കരിനാളുകളില് മരണം പതിയിരിക്കുന്നുവോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.