scorecardresearch

മിഥുനമാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതി വരെ: Monthly Horoscope for Midhunam

Monthly Horoscope for Midhunam month-Moolam to Revathy: അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ മിഥുന മാസഫലം എപ്രകാരമെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Monthly Horoscope for Midhunam month-Moolam to Revathy: അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ മിഥുന മാസഫലം എപ്രകാരമെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope-Midhunam: മിഥുന മാസം നിങ്ങൾക്കെങ്ങനെ?

Monthly Horoscope-Midhunam: ആദിത്യൻ മിഥുനം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മിഥുനമാസം എന്നുപറയുന്നു. മകയിരം, തിരുവാതിര, പുണർതം എന്നീ മൂന്ന് ഞാറ്റുവേലകൾ മിഥുനമാസത്തിൽ സംഭവിക്കുന്നുണ്ട്.

Advertisment

മിഥുനം ഒന്നിന് (2024 ജൂൺ 15 ന്) ശനിയാഴ്ച ഉത്രം നക്ഷത്രമാണ്. മിഥുനം 31 തീയതികളുണ്ട്. മാസാവസാനദിവസം (ജൂലായ് 15 ന്)  ചോതി നക്ഷത്രമാണ്. മിഥുനം 7- 8 തീയതികളിൽ വെളുത്തവാവും, 21ന് കറുത്തവാവും വരുന്നു.

ചൊവ്വ മേടം രാശിയിൽ സഞ്ചരിക്കുകയാണ്. മിഥുനം 28 ന് ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ബുധൻ മിഥുനം 15 വരെ മിഥുനം രാശിയിലാണ്. ഏതാണ്ട് അതുവരെ ബുധന് മൗഢ്യാവസ്ഥയുമുണ്ട്. തുടർന്ന് കർക്കടകം രാശിയിൽ സഞ്ചരിക്കുന്നു. 

ശുക്രൻ മിഥുനം 22 വരെ മിഥുനത്തിലുണ്ട്. ഇടവമാസത്തിൽ തുടങ്ങിയ ശുക്രൻ്റെ മൗഢ്യാവസ്ഥ മിഥുനം 24വരെ നീളുന്നു. തദനന്തരം ശുക്രൻ കർക്കടകം രാശിയിലേക്ക് സംക്രമിക്കുന്നു. 

Advertisment

വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലും ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിലുമായി സഞ്ചരിക്കുകയാണ്. രാഹുവും കേതുവും മീനം രാശിയിൽ തുടരുന്നു. എന്നാൽ രാഹു മിഥുനം 24 മുതൽ രേവതിയിലെ സഞ്ചാരം കഴിഞ്ഞ് അപ്രദക്ഷിണ ഗതിയായി ഉത്രട്ടാതിയിൽ പ്രവേശിക്കുന്നു. കേതു അത്തം നക്ഷത്രത്തിൽ തന്നെയാണ്.  

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെ മിഥുന മാസഫലം ഇവിടെ രേഖപ്പെടുത്തുന്നു.

അശ്വതി

ആദിത്യൻ സഹായസ്ഥാനത്തിലേക്ക് കടക്കുന്നതിനാൽ ഔദ്യോഗികമായി മെച്ചമുണ്ടാവും. കാര്യനിർവ്വഹണം സുഗമമാകുന്നതാണ്. അധികാരികളുടെ പ്രീതിയും അംഗീകാരവും വന്നെത്തും. സ്ഥലംമാറ്റത്താൽ ക്ലേശിക്കുന്നവർക്ക് ഇഷ്ടസ്ഥലത്തിലേക്ക് മാറ്റം ലഭിച്ചേക്കാം. മറ്റൊരു അനുകൂല ഘടകം  മിഥുനം 5 ന് ചൊവ്വ ജന്മനക്ഷത്രത്തിൽ നിന്നും മാറുന്നു എന്നതാണ്. തന്മൂലം തടസ്സങ്ങളെ മറികടക്കാനാവും. ആരോഗ്യപരമായും മെച്ചം ഭവിക്കുന്നതാണ്. കുടുംബ ബന്ധങ്ങളിലെ പിരിമുറുക്കത്തിന് അയവ് ഉണ്ടാകും. വാക്കുകൾ ശ്രദ്ധിക്കപ്പെടും. കലാസാംസ്കാരിക രംഗങ്ങളിൽ ഉയർച്ച വരാം. പൊതുവേ ഈശ്വരാധീനമുള്ള സന്ദർഭമാണ്. പരിശ്രമങ്ങൾക്ക് നല്ലഫലപ്രാപ്തി പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്കും അനുകൂലമായ സാഹചര്യമാണുള്ളത്.

ഭരണി

മിഥുനമാസത്തിൽ ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം.  നക്ഷത്രനാഥനായ ശുക്രൻ്റെ മൗഢ്യാവസ്ഥ മാസത്തിൻ്റെ മുക്കാൽ പങ്കോളം തുടരുന്നത് തിരിച്ചടികൾക്ക് കാരണമാകുന്നതാണ്. ചൊവ്വ മിഥുനം 5 മുതൽ ഭരണി നക്ഷത്രത്തിൽ സഞ്ചരിക്കുന്നു. അക്കാരണത്താൽ വൈകാരികക്ഷോഭം ഉണ്ടായേക്കാം. പ്രതികരണം  വേഗത്തിലാവും. മുൻ പിൻ നോക്കാതെയാവും. കലഹത്തിന് പ്രേരണ വന്നു ചേരുന്നതാണ്. ആദിത്യൻ്റെ അനുകൂല സഞ്ചാരം മൂലം ഉദ്യോഗത്തിൽ ശോഭിക്കാനാവും. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ ഭംഗിയാക്കുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിലെ ഒറ്റപ്പെട്ട അവസ്ഥയ്ക്ക് മാറ്റം ഭവിച്ചേക്കും. ഗാർഹികമായി തെല്ല് സ്വൈരക്കേടുകൾ വരാം. അവിവാഹിതരുടെ വിവാഹകാര്യം നീണ്ടേക്കും. ദീർഘയാത്രകളും സാധ്യതയാണ്.

കാർത്തിക

വ്യക്തിപരമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അവയിൽ തൃപ്തി കുറയുന്നതാണ്. രാഷ്ട്രീയ നിലപാടുകളിലെ ഭിന്നതകൾ വ്യക്തജീവിതത്തിലും കടന്നുവരാനിടയുണ്ട്. സാമ്പത്തിക ഞെരുക്കമുണ്ടാവും. ബിസിനസ്സിൽ ലാഭം കുറയുന്നതാണ്. കടം വാങ്ങി വ്യാപാരം വിപുലീകരിക്കുന്നത് ഇപ്പോൾ ഉചിതമല്ല. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലുകളിൽ കൂടുതൽ അവസരമുണ്ടാകും. ഉദ്യോഗസ്ഥർക്ക് ചുമതലകൾ വർദ്ധിക്കുന്നതാണ്. ഭൂമിയിൽ നിന്നും പ്രതീക്ഷിച്ച ലാഭം ഉണ്ടായേക്കില്ല. ചിട്ടി, ഇൻഷ്വറൻസ്, ഊഹക്കച്ചവടം ഇവകളിലൂടെ ചില ആദായം വന്നു ചേരാം. മകളുടെ വീട്ടിലേക്ക് താമസം മാറ്റേണ്ടതായ സാഹചര്യം സംജാതമാകും. പാർട്ട് ടൈം ജോലികൾക്ക് അവസരമുണ്ടാകും.

രോഹിണി

ജന്മരാശിയിലും മുന്നിലും പിന്നിലും ഉള്ള രാശികളിലും ഗ്രഹങ്ങൾ സഞ്ചരിക്കുകയാണ്. വ്യാഴം രോഹിണി നക്ഷത്രത്തിലുമുണ്ട്. ആകയാൽ സമ്മർദ്ദങ്ങളുണ്ടാവും. എന്തുചെയ്യണമെന്ന് സന്ദിഗ്ദ്ധത വരാം. സമയബന്ധിതമായി പൂർത്തിയാക്കാൻ ക്ലേശിക്കുന്നതാണ്. സംഭാഷണ ചാതുര്യം കാര്യസാധ്യത്തിന് വഴിയൊരുക്കാം. ഉദ്യോഗസ്ഥന്മാർക്ക് ശരാശരിക്കാലമാണ്. ബിസിനസ്സിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വരവും ചെലവും സമമായിരിക്കും. വീട്, വസ്തു എന്നിവ സംബന്ധിച്ച തർക്കങ്ങൾ വ്യവഹാരമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.  യാത്രകൾക്ക് സാധ്യത കാണുന്നുണ്ട്. ബന്ധുക്കളുടെ പിന്തുണ പലകാര്യങ്ങളിലും ഗുണപ്രദമായേക്കാം. മകളുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം വന്നേക്കാം. ആരോഗ്യപരമായി ജാഗ്രത പുലർത്തണം.

മകയിരം

അഞ്ച് ഗ്രഹങ്ങൾ ജന്മരാശിയിലും മുൻ പിൻ രാശികളിലും സഞ്ചരിക്കുന്നത് വ്യക്തിപരമായ ഏകാഗ്രതയ്ക്ക് ഭംഗമുണ്ടാക്കും. ആലോചിച്ചെടുത്ത തീരുമാനങ്ങൾ പോലും നടപ്പിലാക്കുന്നതിൽ ക്ലേശിക്കുന്നതാണ്. സഹായ വാഗ്ദാനങ്ങൾ നിറവേറപ്പെട്ടേക്കില്ല. ഇടവക്കൂറുകാർക്ക് രഹസ്യ മാർഗങ്ങളിൽ നിന്നും  നേട്ടങ്ങളുണ്ടാവും. മിഥുനക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായത്തിന് സാധ്യത കാണുന്നു. നവസംരംഭങ്ങൾ തുടങ്ങുന്നതിന് അല്പം കാത്തിരിക്കുക ഉചിതമാണ്. ജോലിതേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തിൽ നിയമനം ലഭിച്ചേക്കാം. പ്രണയികൾക്ക് സന്തോഷിക്കാൻ സാഹചര്യങ്ങൾ ഉദയം ചെയ്യുന്നതാണ്. ദാമ്പത്യജീവിതത്തിൽ അനുരഞ്ജനം സാധ്യമാകും. ഇടവക്കൂറുകാർക്ക് അപ്രതീക്ഷിത യാത്രകൾ വേണ്ടി വന്നേക്കാം.

തിരുവാതിര

പന്ത്രണ്ടിലും ജന്മരാശിയിലും വ്യാഴം, ആദിത്യൻ എന്നിവ സഞ്ചരിക്കുന്നു. ബുധശുക്രന്മാർ ജന്മരാശിയിലുമുണ്ട്.  സുഖഭോഗങ്ങൾ ഭവിക്കുന്നതാണ്. വിരുന്നുകൾ, പ്രണയാഭിവൃദ്ധി, സുഹൃൽസംഗമം എന്നിവ ഉണ്ടാവും. ഭാവിയിലേക്ക് പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ ഏർപ്പെടുന്നതാണ്. വസ്തു വാങ്ങാൻ ശ്രമിക്കുന്നവർക്ക് ഇത് അനുകൂലമായ അവസരമാണ്. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിച്ചേക്കാം. തൊഴിൽ രംഗത്ത് തടസ്സങ്ങൾ അനുഭവപ്പെടാമെങ്കിലും അവയെ മറികടക്കുവാൻ കഴിയുന്നതാണ്. യാത്രകൾ കൂടിയേക്കാം. സഹോദരാനുകൂല്യം, വ്യവഹാരങ്ങളിൽ വിജയം ഇവയും സാധ്യതകൾ. വാഹനത്തിനോ ഗൃഹത്തിനോ ചില അറ്റകുറ്റപ്പണികൾ വേണ്ടി വന്നേക്കാം.

പുണർതം

മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയിക്കുന്നതാണ്. തൊഴിൽ തേടുന്നവർക്ക്  വരുമാനമാർഗം തുറന്നുകിട്ടും. മറ്റു ജോലികളിൽ ഏർപ്പെട്ടവർക്ക് അനുബന്ധ ജോലികൾക്കും അവസരമുണ്ടാവും. മുൻപ് നടക്കാതെ പോയ വസ്തുവിൽപ്പന ഇപ്പോൾ നടന്നു കിട്ടാം. ജന്മത്തിൽ ആദിത്യൻ സഞ്ചരിക്കുക മൂലം അലച്ചിലുണ്ടാവും. ഉദ്യോഗസ്ഥർക്ക് അദ്ധ്വാനഭാരം വർദ്ധിക്കുന്നതാണ്. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിന് ധനബാധ്യത വരും. ബന്ധുജനങ്ങളുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങും. വാഹനം വാങ്ങാൻ ഉചിതമായ സമയമല്ല. പൊതുപ്രവർത്തനത്തിൽ സ്തംഭനാവസ്ഥ അനുഭവപ്പെടാം. ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയുണ്ടാവണം. പഴയ വസ്തുക്കൾ ശേഖരിക്കുന്നതിലും കുടുംബത്തിലെ പൂർവ്വികരുടെ വിവരങ്ങൾ കണ്ടെത്താനും മുതിരും.

പൂയം

വ്യാഴം പതിനൊന്നിൽ സഞ്ചരിക്കുന്നത് ഗുണപ്രദമാണ്. തടസ്സമനുഭവപ്പെട്ടിരുന്ന കാര്യങ്ങൾ ഇപ്പോൾ സുഗമമായും ആധികാരികമായും നിർവഹിക്കാനാവും. വിശിഷ്ട വ്യക്തികളുടെ പരിചയം കൊണ്ട് ഗുണം വന്നേക്കാം.  ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ വിഷമതകൾ ഏർപ്പെടാം.  മേലധികാരികളുമായി കലഹിക്കേണ്ട സ്ഥിതിയുണ്ടാവും. സഹപ്രവർത്തകരുമായി ഒത്തുപോകുവാൻ വിഷമിച്ചേക്കും. താത്പര്യമില്ലാത്ത യാത്രകൾ ചെയ്യേണ്ടി വന്നേക്കും. വരവ് അധികരിക്കും. എങ്കിലും ചിലവും അനിയന്ത്രിതമാകാം. വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച പഠനത്തിന് അന്യദിക്കുകളെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതി ഭവിക്കാം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത വരാൻ സാധ്യതയുണ്ട്. കുടുംബ ജീവിതത്തിൽ പിണക്കവും ഇണക്കവും ആവർത്തിക്കുന്നതാണ്.

ആയില്യം

പന്ത്രണ്ടിലെ ബുധശുക്രന്മാരും ആദിത്യനും തൊഴിൽ സമ്മർദ്ദങ്ങൾക്കും സാമ്പത്തികമായ കുഴമറിച്ചിലിനും ഇടവരുത്തും. എന്നാൽ പതിനൊന്നിലെ വ്യാഴ സ്ഥിതി ജീവിതത്തിൽ സന്തുലിതത്വം കൊണ്ടുവരുന്നതായിരിക്കും. യഥാർത്ഥകാരണം കണ്ടെത്താനുള്ള ത്വരയുണ്ടാവും. വിവേകത്തോടെ പെരുമാറാനും ബഹുമാന്യത നേടാനും കഴിയുന്നതാണ്. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റ ഭീഷണി ഉണ്ടാവും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കേണ്ടതായി വന്നേക്കും. ദൗത്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ വിഷമിക്കുന്നതാണ്. ക്ഷേത്രോദ്ധാരണം പോലുള്ള ആത്മീയ കാര്യങ്ങളിൽ താത്പര്യം ഭവിക്കുന്നതാണ്. പുതിയ സുഹൃത്തുക്കളെ നേടും. മകളുടെ ജോലിക്കാര്യം സഫലമാവും. 

മകം

മൂന്നു ഗ്രഹങ്ങൾ പതിനൊന്നാം ഭാവമായ മിഥുനം രാശിയിൽ സഞ്ചരിക്കുന്നുണ്ട്. ന്യായമായ ആവശ്യങ്ങൾ നിർവിഘ്നം നടന്നുകിട്ടും. പഠനത്തിൽ പുരോഗതി ദൃശ്യമാകുന്നതാണ്. ഗവേഷകരുടേയും ശാസ്ത്രജ്ഞരുടേയും  നിഗമനങ്ങളും നിരീക്ഷണങ്ങളും അംഗീകരിക്കപ്പെടും. ഭോഗാനുഭവങ്ങളുണ്ടാവുന്നതാണ്. പ്രണയികളുടെ വിവാഹ തീരുമാനത്തിന് കുടുംബത്തിൻ്റെ പിന്തുണ കിട്ടിയേക്കാം. പിണക്കം മറന്ന് ദമ്പതികൾക്ക്  ഒത്തുചേരുവാനാവും. ആഢംബര വസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. ഉദ്യോഗസ്ഥർക്ക് അനുകൂലമായ സാഹചര്യമാണുള്ളത്. സ്ഥാനക്കയറ്റം/വേതന വർദ്ധനവ് എന്നിവയ്ക്ക് സാധ്യത കാണുന്നു. സ്വാശ്രയ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് വരുമാന വർദ്ധനവ് പ്രതീക്ഷിക്കാവുന്ന സാഹചര്യമാണ്.

പൂരം

അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന മാസമാണ്. ലഘുവായ പരിശ്രമങ്ങൾ കൊണ്ടുതന്നെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നതായിരിക്കും. ഔദ്യോഗിക രംഗം ശോഭനമാകുന്നതാണ്. തൊഴിൽ തേടുന്നവർക്ക് അർഹമായ അവസരങ്ങൾ ലഭിക്കുന്നതാണ്. കുടുംബ വൃത്തങ്ങളിലും സാമൂഹിക രംഗത്തും സ്വാധീനമുയർന്നേക്കും. പൊതുപ്രവർത്തകർ അണികളുടെ വിശ്വാസമാർജ്ജിക്കും. പഠനത്തിൽ ദിശാബോധം കൈവരിക്കുന്നതാണ്. സ്ത്രീകളിൽ നിന്നും പിന്തുണയുണ്ടാവും. മാതാപിതാക്കൾക്ക് മകളുടെ സാമ്പത്തിക സഹായം സിദ്ധിക്കും. അനുരാഗത്തിലെ വിഘ്നങ്ങൾ മാസാന്ത്യത്തോടെ പരിഹൃതമാകും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഹൃദയൈക്യം പുലരും. സാമ്പത്തികമായി മെച്ചപ്പെടുന്നതാണ്.

ഉത്രം

ചിങ്ങക്കൂറുകാർക്ക് ഔദ്യോഗികമായി ഉയർച്ചയുണ്ടാകുന്ന കാലമാണ്.  സ്വതന്തമായ തീരുമാനങ്ങൾ മേലധികാരികളുടെ പ്രശംസ നേടിയേക്കും. വിവാദങ്ങളിൽ നിന്നും ഉപജാപങ്ങളിൽ നിന്നും അകന്നുനിൽക്കുവാനാവും. ഉപരിപഠനത്തിൽ ആഗ്രഹിച്ച വിഷയത്തിൽ തന്നെ പ്രവേശനം നേടുന്നതാണ്. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും ഭവിക്കുന്നതാണ്. ഗാർഹികോപകരണങ്ങൾ വാങ്ങും. കന്നിക്കൂറുകാർക്ക് ഭാഗ്യപുഷ്ടിയുണ്ടാവും. തൊഴിൽ രഹിതർക്ക് വരുമാനമാർഗം വന്നെത്തും. കുടുംബ ബിസിനസ്സിൽ പുരോഗതിയുണ്ടാകും. നവസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യം ഉണ്ട്. സഭകളിലും സമാജങ്ങളിലും പ്രസംഗിക്കാൻ അവസരമുണ്ടാകും. ഊഹക്കച്ചവടം, ചിട്ടി, നിക്ഷേപം ഇവയിൽ നിന്നും ആദായം ഉയർന്നേക്കും.

അത്തം

ആത്മാർത്ഥതയും തൊഴിൽ മികവും സമാദരിക്കപ്പെടും. ഔദ്യോഗികമായി ഉയർച്ച ഉണ്ടായേക്കും. അകലങ്ങളിൽ നിന്നും ആഗ്രഹിച്ച ദിക്കിലേക്ക് സ്ഥലം മാറ്റമുണ്ടാകും.  ബിസിനസ്സിൽ നൂതന മാർഗങ്ങൾ അവലംബിക്കും. തന്മൂലം ഉപഭോക്താക്കളുടെ സ്വീകാര്യത ലഭിക്കുന്നതിണ് സാങ്കേതിക വിഷയങ്ങളിലും ഭാഷാപരമായും കൂടുതൽ അറിവ് നേടുവാൻ അവസരമുണ്ടാകും. ആത്മീയ കാര്യങ്ങൾ തടസ്സം കൂടാതെ നിർവഹിക്കാനാവും. പുതിയ വാഹനം വാങ്ങാൻ സാധിച്ചേക്കും. കുടുംബ ബന്ധങ്ങൾ ദൃഢമായിത്തീരുന്നതാണ്. മകളുടെ വിവാഹ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങും. ജന്മനക്ഷത്രത്തിൽ കേതുവും അഷ്ടമത്തിൽ ചൊവ്വയും സഞ്ചരിക്കുന്നതിനാൽ ആരോഗ്യപരമായി ജാഗ്രത പുലർത്തണം. . 

ചിത്തിര

കന്നിക്കൂറുകാരായ ചിത്തിര നാളുകാർക്ക് കൂടുതൽ അനുകൂല സാഹചര്യമുണ്ട്. പഴയ തൊഴിൽ ഉപേക്ഷിച്ച് പുതിയ തൊഴിൽ തേടുന്നതിൽ വിജയം കാണുന്നതാണ്. ഔദ്യോഗിക കാര്യങ്ങളിലെ ആധികാരികമായ പ്രായോഗിക ജ്ഞാനം വാഴ്ത്തപ്പെടും. വിദ്യാഭ്യാസത്തിൽ പുരോഗതിയുണ്ടാകും. ബന്ധുക്കളുടെ സഹകരണം സന്തോഷമേകും.  തുലാക്കൂറുകാരായ ചിത്തിര നാളുകാർക്ക് തൊഴിൽ സമ്മർദ്ദം അധികരിക്കുന്നതാണ്. ദുർഘട ചുമതലകൾ നിർവഹിക്കുമ്പോൾ സഹപ്രവർത്തകരുടെ പിന്തുണ ലഭിച്ചേക്കില്ല. ന്യായമായ അവകാശങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ട സ്ഥിതിയുണ്ടാകും. യാത്രാക്ലേശത്തിന് സാധ്യതയുണ്ട്. ഓൺലൈൻ വ്യാപാരത്തിൽ ലാഭമുണ്ടായേക്കാം. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾക്ക് പോംവഴി തേടുന്നതാണ്.

ചോതി

കർമ്മരംഗത്ത് മത്സരബുദ്ധി പുലർത്തുന്നതാണ്. വിപണിയിൽ മുന്നേറാനുള്ള തന്ത്രങ്ങൾ വിദഗ്ദ്ധരുമായി കൂടിയാലോചിക്കും. സാമ്പത്തിക പരാശ്രയത്വത്തിന് അവസാനമുണ്ടാവാൻ തീവ്ര പരിശ്രമം നടത്തിയേക്കും.  സാങ്കേതിക വിദ്യാഭ്യാസത്തിന് പ്രവേശനം സിദ്ധിക്കുന്നതാണ്. മുതിർന്നവരോടും സജ്ജനങ്ങളോടും കലഹിച്ചേക്കും. രാഷ്ട്രീയത്തിലെ ഭിന്നപക്ഷങ്ങളെ കണ്ടില്ലെന്ന് നടിക്കും. പുതിയ തൊഴിലിനായി നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമായേക്കില്ല. പ്രണയികൾക്ക് സന്തോഷിക്കാനാവും. ആതിഥ്യമര്യാദ പ്രശംസിക്കപ്പെടും. അന്യനാട്ടിൽ കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സാഹചര്യം അനുകൂലമാവും. കുടുംബാംഗങ്ങളുമൊത്ത് ആസന്നഭാവിയിൽ തീർത്ഥയാത്രയ്ക്കുള്ള ആസൂത്രണം നടത്തും.

വിശാഖം

വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തതു മൂലം നവസംരംഭങ്ങളിൽ ക്ഷീണാവസ്ഥ അനുഭവപ്പെടും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ അനിഷ്ടം നേരിടേണ്ടി  വരുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പ്രതീക്ഷിച്ച സ്ഥാനക്കയറ്റം കിട്ടിയേക്കില്ല. അനാവശ്യ ചിന്തകൾ മനസ്സിനെ മഥിക്കുന്നതാണ്. കലാപ്രവർത്തകർക്ക് ചെറിയ ചില അവസരങ്ങൾ സാധ്യമായേക്കാം. സുഹൃത്തുക്കൾ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് വന്നേക്കാം. കമ്മീഷൻ വ്യാപാരം,  ഏജൻസി പ്രവർത്തനങ്ങൾ, കരാർ പണികൾ എന്നിവയിൽ നിന്നും തരക്കേടില്ലാത്ത ലാഭം വന്നെത്തുന്നതാണ്. കുടുംബത്തിലെ പുതുതലമുറയോട് കലഹത്തിന് മുതിർന്നേക്കും. വഴിനടത്തം, അലച്ചിൽ ഇവ സാധ്യതകൾ. ആത്മീയ കാര്യങ്ങളിൽ മുടക്കം വരാനിടയുണ്ട്.

അനിഴം

ഗുണദോഷ സമ്മിശ്രമായ കാലമാണെങ്കിലും ഗുണാനുഭവങ്ങൾക്കാവും മിഥുനമാസത്തിൽ മുൻതൂക്കം വരിക. ആദിത്യൻ അഷ്ടമത്തിലാവുകയാൽ കർമ്മരംഗം ഉദാസീനമാവും. അകാരണമായി മേലധികാരികൾ കോപിച്ചെന്നു വരാം. ജോലിഭാരം വർദ്ധിച്ചേക്കാം. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിൽ ജാഗ്രത വേണം. വ്യാഴം ഏഴാം ഭാവത്തിൽ ആകയാൽ  വിവാഹാലോചനകൾ ശുഭ തീരുമാനങ്ങളിൽ എത്തുവാനിടയുണ്ട്. കൂട്ടുകച്ചവടത്തിലൂടെ നേട്ടങ്ങൾ വരിക്കാം. കമ്പനികളുടെ/ സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയമിക്കപ്പെടാം. അന്യദേശ / വിദേശ ബിസിനസ്സ് യാത്രകൾ കൊണ്ട് നേട്ടങ്ങളുണ്ടാവും. കുടുംബ സംഗമങ്ങൾക്ക് നേതൃത്വം വഹിക്കും. ബന്ധുക്കളുമായുള്ള വിരോധം അവസാനിപ്പിക്കാൻ മുൻകൈയ്യെടുക്കും. 

തൃക്കേട്ട

ശത്രുക്കളുടെ പ്രവർത്തനത്തെ സമർത്ഥമായി പ്രതിരോധിക്കും. ആറാം ഭാവത്തിലെ ചൊവ്വ സ്വാശ്രയ തൊഴിലിൽ ഉയർച്ചയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും കാരണമാകുന്നതാണ്. സ്ഥാപനത്തിന് പുതിയ ശാഖ തുടങ്ങാനുള്ള ശ്രമം ഫലം കാണും. സഹോദരാനുകൂല്യം ഉണ്ടാവുന്നതാണ്. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം.  ഉദ്യോഗസ്ഥർക്ക് കനത്ത ചുമതലകൾ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റത്തിന് കാലതാമസമുണ്ടാവും. തുടർ പഠനത്തിലെ തടസ്സങ്ങൾ ഒട്ടുമുക്കാലും നീങ്ങുന്നതാണ്. ചിലപ്പോൾ ചിന്താപരത കൂടാനും കർമ്മങ്ങളിൽ ആലസ്യം വരാനും അഞ്ചാം ഭാവത്തിലെ രാഹുസ്ഥിതി വഴിവെക്കാം. ഗൃഹം സൗന്ദര്യവൽക്കരിക്കാൻ അമിതമായ വ്യയം ഉണ്ടാവാനിടയുണ്ട്. ഭാര്യാഭർത്താക്കന്മാർ പിണക്കം മറക്കും.

മൂലം

ആദിത്യൻ്റെയും ബുധശുക്രന്മാരുടേയും ഏഴിലെ സ്ഥിതി അനുകൂലമല്ല. ആറിലെ വ്യാഴം പുരോഗതിയെ മന്ദീഭവിപ്പിച്ചേക്കും. അഞ്ചിലെ ചൊവ്വ അർത്ഥശൂന്യമായ ചിന്തകൾക്ക് കാരണമാകുന്നതാണ്. ഒരേ കാര്യത്തിനായി യാത്രകൾ ആവർത്തിക്കേണ്ടി വരുന്നതാണ്. ലക്ഷ്യം കീറാമുട്ടിയായി അനുഭവപ്പെടാം. പുതിയ കാലത്തിൻ്റെ മാറ്റങ്ങളോട് ഭ്രമമേറും. ആഢംബരച്ചെലവേറുന്നതാണ്. പഴമയെ തള്ളിപ്പറയേണ്ട സ്ഥിതി വന്നേക്കാം. കരുതി വെച്ചിരുന്ന ധനം ആശുപത്രിച്ചെലവുകൾക്ക് പ്രയോജനപ്പെടും. വാഗ്ദാനലംഘനം സുഹൃത്തുക്കളെ വിരോധിയാക്കാം. സ്വന്തം ബിസിനസ്സിൽ ലാഭം സാമാന്യമാവും. വായ്പകൾ തിരിച്ചടക്കാൻ വിഷമിക്കുന്നതാണ്. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാണ്. കമ്മീഷൻ, ഏജൻസി ഇവയിൽ നിന്നും ആദായമുണ്ടാകാം.

പൂരാടം

വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ കഴിയാത്തതിനാൽ ഔദ്യോഗിക മീറ്റിംഗുകളിൽ ശോഭിച്ചേക്കില്ല. വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരാം. പ്രതീക്ഷിച്ച നിയമന ഉത്തരവ് വൈകാം. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഈ മാസം അനുകൂലമല്ല. നിലവിലെ ബിസിനസ്സിൽ നിന്നും സാമാന്യമായിട്ടുള്ള ലാഭം പ്രതീക്ഷിക്കാം. ഭവന/വാഹന വായ്പ അടവ് വൈകിയാണെങ്കിലും മുടങ്ങില്ല. പ്രണയികൾക്ക് ഭാവിയെക്കുറിച്ച് തീരുമാനം കൈക്കൊള്ളാനായേക്കും. ദാമ്പത്യത്തിൽ സന്തോഷമുണ്ടാവും. നൂതന വിജ്ഞാനം സമാർജിക്കും. കലാരംഗത്തുള്ള പ്രവർത്തനങ്ങളിൽ ആത്മവിശ്വാസമേറും. മാസത്തിൻ്റെ അവസാന പാദത്തിൽ സ്ഥിതിഗതികൾ കൂടുതൽ അനുകൂലാവസ്ഥയിൽ എത്തുന്നതാണ്.

ഉത്രാടം

മകരക്കൂറുകാരായ ഉത്രാടം നാളുകാർക്ക് മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം. വ്യക്തിപരമായ ധാരാളം സന്തോഷ സാഹചര്യങ്ങൾ വന്നെത്തുന്നതാണ്. കർമ്മമണ്ഡലത്തിലും ഗുണപരിണാമം ഉണ്ടാകും. പദവികളിൽ സ്വതന്ത്രമായ നിലപാടുകൾ കൈക്കൊള്ളാനാവും. ഒപ്പമുള്ളവരുടെ സമ്പൂർണ്ണ സഹകരണം ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് മികച്ച പഠനാവസരം സംജാതമാകും. വായ്പകൾ പ്രയോജനപ്പെടുത്തി ബിസിനസ്സിൽ നവീകരണം സാധ്യമാകുന്നതാണ്.  കർമ്മരംഗത്തെ എതിർപ്പുകളെ പരാജയപ്പെടുത്താനാവും. ആത്മീയ സാധനകൾ, സമർപ്പണങ്ങൾ എന്നിവയ്ക്കും സമയം കണ്ടെത്തും. തന്മൂലം മാനസികോർജ്ജം വർദ്ധിക്കുന്നതാണ്. വാഹന ഉപയോഗത്തിൽ കരുതൽ വേണം. . 

തിരുവോണം

വ്യക്തിസ്വാധീനം കുടുംബത്തിൽ മാത്രമല്ല ഔദ്യോഗിക മേഖലയിലും ഉയരുന്നതാണ്. കൃത്യനിഷ്ഠയും സമയബന്ധിതമായി ചുമതലകൾ പൂർത്തിയാക്കുന്നതിലെ ആത്മാർത്ഥതയും അംഗീകരിക്കപ്പെടും. സാമൂഹ്യവിഷയങ്ങളിലെ നിലപാടുകൾക്ക് പിന്തുണ കിട്ടുന്നതാണ്. ശാസ്ത, സാങ്കേതിക വിഷയങ്ങളിൽ ഉപരിപഠനാവസരം സിദ്ധിക്കും. ചെറുപ്പക്കാരുടെ തൊഴിൽ സ്വപ്നങ്ങൾ സാക്ഷാൽകൃതമാകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി രേഖകൾ എളുപ്പം കൈവശമെത്തും. ഊഹക്കച്ചവടം, ഇൻഷ്വറൻസ് മുതലായവയിൽ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഭൂമിയുടെ ക്രയവിക്രയത്തിൽ  കാലതാമസമുണ്ടാകും. പ്രണയത്തിൽ തടസ്സങ്ങൾ വരാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ജാഗ്രതയുണ്ടാവണം.

അവിട്ടം

നക്ഷത്രനാഥനായ ചൊവ്വ സ്വക്ഷേത്രബല വാനായി തുടരുന്നതിനാൽ സ്വശക്തി വർദ്ധിക്കും. ഉണർന്ന് പ്രവർത്തിക്കുവാനാൻ കഴിയുന്നതാണ്. അവസരോചിതമായ തീരുമാനങ്ങൾ കൈക്കൊള്ളും. മത്സരങ്ങളിൽ പിറകോട്ട് പോവില്ല. മകരക്കൂറുകാർക്ക് വിജയ സാഹചര്യം കൂടുതലാണ്. എതിർപ്പുകളെ തൃണവൽഗണിക്കും. തൊഴിൽപരമായ പ്രശ്നങ്ങൾ ഒട്ടൊക്കെ പരിഹരിക്കാനാവും. ഉദ്യോഗസ്ഥരുടെ വാക്കുകൾ മേലധികാരികൾ ചെവിക്കൊള്ളുന്നതാണ്. കുംഭക്കൂറുകാർക്ക് ശക്തമായ പിന്തുണ ലഭിക്കുന്നതാണ്. സഹോദരാനുകൂല്യം ഉണ്ടാവും. വിയോജിപ്പുള്ളവരെ ഒപ്പം ചേർത്തു പിടിച്ച് മുന്നേറാൻ ശ്രമിക്കും. കാർഷിക വൃത്തിയിൽ താല്പര്യമേറുന്നതാണ്. അടുക്കള കൃഷി പോലുള്ളവ നടപ്പിൽ വരുത്തും. 

ചതയം

സ്വതന്ത്ര നിലപാടുകൾക്ക് അംഗീകാരം കിട്ടും. ആദർശത്തെയും പ്രായോഗികതയെയും കൂട്ടിയിണക്കാൻ ശ്രമം നടത്തുന്നതാണ്. കുടുംബ ജീവിതത്തിൽ അനുരഞ്ജനത്തിൻ്റെ പാത സ്വീകരിക്കും. മക്കളുടെ പഠനപുരോഗതി / ജോലി എന്നിവയിൽ സന്തോഷിക്കുന്നതാണ്. രണ്ടാം നക്ഷത്രത്തിലും (ശനി), രണ്ടാം രാശിയിലും (രാഹു) പാപഗ്രഹങ്ങൾ സഞ്ചരിക്കുകയാൽ വാഗ്ദാനം പാലിക്കാൻ ക്ലേശിച്ചേക്കും. ചിലപ്പോൾ മനപ്പൂർവ്വമല്ലാതെ തന്നെ നുണ പറയേണ്ട സാഹചര്യം വരാം. ധനപരമായും തടസ്സത്തിന് സാധ്യതയുണ്ട്. മറ്റുള്ളവരുടെ സമ്പത്ത് കൈകാര്യം ചെയ്യുന്നവർ ജാഗരൂകരാവണം. ഗൃഹത്തിലെ നവീകരണങ്ങൾ പൂർത്തിയാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയും.

പൂരൂരുട്ടാതി

ശനി ജന്മനക്ഷത്രത്തിൽ തുടരുകയാൽ വ്യക്തിപരമായിട്ടുള്ള സമ്മർദങ്ങളുണ്ടാവും. മാനസികമായി പൊരുത്തമില്ലാത്തവരോട് സഹകരിക്കേണ്ട സ്ഥിതിയുണ്ടാവും. കൃത്യമായ ആസൂത്രണം നടത്താത്ത കാര്യങ്ങളിൽ പാളിച്ച വരാൻ സാധ്യതയുണ്ട്. ഇളയ സഹോദരങ്ങൾ മൂലം നേട്ടങ്ങൾ വന്നെത്തിയേക്കും. സാഹസങ്ങളിൽ ഏർപ്പെടുന്നതാണ്. നിയമ ലംഘനങ്ങളുടെ പേരിൽ ശാസനയോ ശിക്ഷയോ വരാം. സമയബന്ധിതമായി പൂർത്തീകരിക്കേണ്ട കാര്യങ്ങളിൽ ആലസ്യമുണ്ടായേക്കാം. നിലവിലെ തൊഴിൽ ഒരുവിധം മുന്നോട്ടു നീങ്ങും. തവണ വ്യവസ്ഥകളിലൂടെ കടബാധ്യതകൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ്. നിലവിലെ ജോലി ഉപേക്ഷിക്കുന്നത് ആശാസ്യമല്ല. മകളോടൊപ്പം താമസിക്കാൻ തീരുമാനിച്ചേക്കാം.

ഉത്രട്ടാതി

ജന്മനക്ഷത്രത്തിൻ്റെ മുൻ പിൻ നക്ഷത്രങ്ങളിൽ പാപഗ്രഹങ്ങൾ സഞ്ചരിക്കുന്നു. അതിനാൽ ജാഗ്രത വേണ്ട കാലഘട്ടമാണ്. സുപ്രധാന കാര്യങ്ങൾ തിടുക്കത്തിൽ തീരുമാനിക്കരുത്. പ്രായോഗികമായ തടസ്സങ്ങളുണ്ടാവും. ഔദ്യോഗികമായി തിരക്കേറുന്നതാണ്. അന്യദിക്കിലേക്ക് താൽക്കാലികമായ മാറ്റം ഒരു സാധ്യതയാണ്.  അർഹതയുള്ള നിയമനത്തിന് അല്പം കൂടി കാത്തിരിപ്പ് വേണ്ടി വരും. പുതിയ തലമുറയുടെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാകാത്ത സ്ഥിതിയാൽ ഗൃഹാന്തരീക്ഷം കലുഷമാവാം. തൊഴിൽ / പഠനം സംബന്ധിച്ച് വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അവസരം ലഭിക്കും. പ്രണയ വിവാഹത്തിന് വീട്ടിൽ നിന്നും എതിർപ്പ് ഉയരാം. ഊഹക്കച്ചവടം ലാഭകരമാവും. ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. .

രേവതി

ചൊവ്വ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുകയാൽ വാക്കുകൾക്ക് കാഠിന്യമുണ്ടാവും. മിത്രങ്ങൾ ശത്രുക്കളായേക്കും. നവസംരംഭങ്ങളിൽ നിന്നും സാമാന്യമായ ആദായമുണ്ടാവും. ഏജൻസികൾ നടത്തുന്നവർക്ക് അവയുടെ വിപുലനം സാധ്യമാകുന്നതാണ്. ഉദ്യോഗസ്ഥർക്ക് ഗുണദോഷ സമ്മിശ്രമായ കാലഘട്ടമായിരിക്കും. കൂടുതൽ നേരം പ്രവൃത്തിയെടുക്കേണ്ട സ്ഥിതിയുണ്ടാവും. സഹോദര ഗുണം ഭവിക്കുന്നതാണ്. കലാവാസനകൾ പഠിക്കാനും പ്രായോഗിക പരിചയം നേടാനും അവസരമുണ്ടാകും. സാങ്കേതിക കോഴ്സുകളിൽ തുടർ പഠനത്തിന് പ്രവേശനം ലഭിക്കുന്നതാണ്. സുഖഭോഗങ്ങൾക്കും ഉല്ലാസങ്ങൾക്കും സാഹചര്യം വരും.  മാസാവസാന വാരം രാഹു ഉത്രട്ടാതിയിൽ നിന്നും മാറുന്നത് ഗുണകരമായിരിക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: