scorecardresearch

Mars Transit 2024: ചൊവ്വ മേടം രാശിയിൽ, മൂലം മുതൽ രേവതി വരെ

Mars In Medam Rashi 2024: ബലം വർദ്ധിക്കുന്തോറും ഏതു ഗ്രഹവും കൂടുതൽ ഗുണദാതാക്കളായി മാറും എന്നതാണ് ജ്യോതിഷതത്ത്വം. അതിനാൽ മൂലക്ഷേത്രമായ മേടം രാശിയിൽ സഞ്ചരിക്കുന്ന ചൊവ്വ, ബലശാലിയാവുകയാൽ  സദ്ഫലങ്ങൾ നൽകുന്ന ഗ്രഹമായി പരിണമിക്കുന്നു

Mars In Medam Rashi 2024: ബലം വർദ്ധിക്കുന്തോറും ഏതു ഗ്രഹവും കൂടുതൽ ഗുണദാതാക്കളായി മാറും എന്നതാണ് ജ്യോതിഷതത്ത്വം. അതിനാൽ മൂലക്ഷേത്രമായ മേടം രാശിയിൽ സഞ്ചരിക്കുന്ന ചൊവ്വ, ബലശാലിയാവുകയാൽ  സദ്ഫലങ്ങൾ നൽകുന്ന ഗ്രഹമായി പരിണമിക്കുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Mars In Medam Rashi 2024 Star Predictions

2024 ജൂൺ 1 ന് (1199 ഇടവം 18) ന് ശനിയാഴ്ച ചൊവ്വ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലൈ 12 വരെ, ഏതാണ്ട് 42 ദിവസങ്ങൾ, ചൊവ്വ മേടം രാശിയിൽ തുടരും. അനന്തരം ഇടവം രാശിയിൽ പ്രവേശിക്കുന്നതാണ്.

Advertisment

ജൂൺ 1 മുതൽ 18 വരെ അശ്വതി നക്ഷത്രത്തിലും, അതിനു ശേഷം ഭരണി നക്ഷത്രത്തിലും ജൂലൈ  8 മുതൽ കാർത്തിക നക്ഷത്രത്തിലുമായിട്ടാണ് ചൊവ്വയുടെ മേടം രാശിയിലെ സഞ്ചാരം. 

ചൊവ്വയെ (Mars) 'കുജൻ' എന്നാണ് ജ്യോതിഷത്തിൽ സാധാരണ വിളിക്കുന്നത്. ഗ്രഹനിലയിലെ 'കു' എന്ന അക്ഷരം കുജൻ എന്നതിൻ്റെ ചുരുക്കെഴുത്താണ്. അംഗാരകൻ, ലോഹിതൻ, രുധിരൻ, ഭൂമിപുത്രൻ, വക്രൻ, മംഗളൻ തുടങ്ങി അനേകം പേരുകൾ ചൊവ്വയ്ക്കുണ്ട്. 

Advertisment

ഗ്രഹകുടുംബത്തിൽ സേനാനായകൻ്റെ സ്ഥാനമാണ് ചൊവ്വയ്ക്ക് നൽകപ്പെട്ടിട്ടുള്ളത്. തീക്ഷ്ണ ഗ്രഹമാണ്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളോട് ചൊവ്വയ്ക്ക് മൈത്രി അഥവാ ബന്ധുത്വമുണ്ട്. ശനിയോടും ശുക്രനോടും ഉദാസീനത അഥവാ സമഭാവനയാണുള്ളത്. ചൊവ്വയ്ക്ക് ശത്രുതയുള്ളത് ബുധനോടാണ്. 

രാശികളിൽ മേടം, വൃശ്ചികം എന്നിവ രണ്ടും ചൊവ്വയുടെ വീടുകളാണ് എന്നാണ് സങ്കല്പം. 'സ്വക്ഷേത്രം' എന്നായാൽ കൃത്യമായ ജ്യോതിഷ ഭാഷയായി. അതിൽ തന്നെ ചൊവ്വയുടെ മൂലക്ഷേത്രം എന്ന ഉയർന്ന പദവിയും മേടം രാശിയ്ക്കുണ്ട്. പ്രസ്തുത രാശിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വ കൂടുതൽ കരുത്തനാകും. 

ബലം വർദ്ധിക്കുന്തോറും ഏതു ഗ്രഹവും കൂടുതൽ ഗുണദാതാക്കളായി മാറും എന്നതാണ് ജ്യോതിഷതത്ത്വം. അതിനാൽ മൂലക്ഷേത്രമായ മേടം രാശിയിൽ സഞ്ചരിക്കുന്ന ചൊവ്വ, ബലശാലിയാവുകയാൽ  സദ്ഫലങ്ങൾ നൽകുന്ന ഗ്രഹമായി പരിണമിക്കുന്നു.

അവരവരുടെ കൂറിൻ്റെ അഥവാ ജന്മരാശിയുടെ 3, 6, 11 എന്നീ മൂന്നുരാശികളിൽ സഞ്ചാരിക്കുമ്പോഴാണ് കുജൻ വലിയ ഗുണം നൽകുന്നത്. ജന്മരാശിയിലും 8,12 എന്നീ ഭാവങ്ങളിലും സഞ്ചരിക്കുമ്പോൾ സ്വതേയുള്ള ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്. മറ്റു ഭാവങ്ങളിൽ അധികവും ഗുണദോഷ സമ്മിശ്രതയാണ് അനുഭവപ്പെടുക. 

ഈ അടിസ്ഥാന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വയുടെ മേടസംക്രമം/മേടരാശി സഞ്ചാരം മേടക്കൂറു മുതൽ ഇടവക്കൂറു വരെയുള്ള പന്ത്രണ്ട് രാശികൾക്കും അവയിലെ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങൾക്കും എന്തൊക്കെ അനുഭവങ്ങളാണ് നൽകുക എന്ന അന്വേഷണമാണ് ഇവിടെ പരിശോധിക്കുന്നത്.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

അഞ്ചാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം. അമിത വികാരക്ഷോഭവും അമിതോത്സാഹവും എടുത്തുചാട്ടത്തോളം ചെല്ലുന്ന സാഹസികതയും ഉണ്ടായേക്കും. മക്കളുടെ പഠനത്തിൽ ശ്രദ്ധ വേണം. അഞ്ചാം ഭാവാധിപൻ അഞ്ചിൽ സഞ്ചരിക്കുകയാൽ ബൗദ്ധികനേട്ടങ്ങളും പ്രതീക്ഷിക്കാം. പ്രസംഗം, എഴുത്ത് എന്നിവയിൽ മികവ് നേടുന്നതാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും  അവ പ്രയോഗിച്ച് നോക്കാനും ഉള്ള സന്നദ്ധത ഉണ്ടാവും. സ്വർണാദി  ദ്രവ്യങ്ങൾ വാങ്ങുവാൻ ഇടയുണ്ട്. കാര്യനിർവഹണത്തിൽ കൃത്യത വർദ്ധിക്കും. പ്രവേശന പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയിക്കുന്നതാണ്. ഇളയ സഹോദരരാൽ ഗുണാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. പിടിവാശി/നിർബന്ധ ബുദ്ധി എന്നിവ ചിലപ്പോൾ ശത്രുക്കളെ സൃഷ്ടിക്കാനോ വേണ്ടപ്പെട്ടവർക്ക് മനക്ലേശത്തിനോ ഇടവരുത്തിയേക്കാം.

മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)

ചൊവ്വ നാലാം ഭാവത്തിൽ സഞ്ചരിക്കുന്നു. പെട്ടെന്ന് കോപിക്കുകയും പരുഷവാക്കുകൾ പറയുകയും ചെയ്യുന്ന ശീലമേറും. ഇഷ്ടജനങ്ങളുമായി പിണങ്ങാനിടയുണ്ട്. ഇലക്ട്രിക്/ഇലക്ട്രോണിക് ഉല്പന്നങ്ങൾ വാങ്ങാനോ നവീകരിക്കാനോ സാധ്യതയുണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, പുതുവാഹനം വാങ്ങുക എന്നിവയും നടക്കാം. വസ്തുവിൻ്റെ വേലി കെട്ടുക, പ്രമാണത്തിനുള്ള ചെലവ്, കരമടയ്ക്കൽ ഇത്യാദികളും സംഭവ്യതകൾ. റിയൽ എസ്റ്റേറ്റ് വ്യാപാരം ലാഭകരമാകുന്നതാണ്. മാതാവിൻ്റെ രോഗകാര്യത്തിൽ ഗുണകരമായ മാറ്റം വരാം. മാതൃബന്ധുക്കൾ സഹായിക്കാനുണ്ടാവും. വളർത്തുമൃഗങ്ങളെ പരിചരിക്കുന്നതിൽ കരുതൽ വേണം. പൊതുവേ ഗുണദോഷ സമ്മിശ്രമായ കാലമായിരിക്കും.

കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

കുംഭക്കൂറിൽ ജനിച്ചവർക്ക് ചൊവ്വ അനുകൂലമായിട്ടുള്ള മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നു. അതിനാൽ  ഐശ്വര്യപ്രദവും പുരോഗതിക്ക് വഴിവെക്കുന്നതുമായ ഫലങ്ങൾ ചൊവ്വയിൽ നിന്നും  പ്രതീക്ഷിക്കാം. ന്യായമായ ആഗ്രഹങ്ങൾ തടസ്സം കൂടാതെ നടന്നു കിട്ടുന്നതാണ്.  ധനവരവ് അധികരിച്ചേക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായമുയരും. കിട്ടാക്കടങ്ങൾ ഭാഗികമായെങ്കിലും കിട്ടാനിടയുണ്ട്. ചെറുപ്പക്കാർക്ക് ദിശാബോധത്തോടെ പ്രവർത്തിക്കാനാവും. കച്ചവടം നടത്തുന്നവർക്ക് അതിൽ സ്ഥായിയായ താത്പര്യമേറും. ലാഭം വർദ്ധിക്കുന്നതാണ്. ഉദ്യോഗസ്ഥർക്കും ഗുണമുണ്ടാകുന്ന സാഹചര്യം സംജാതമാകും. ശത്രുപക്ഷത്തെ നിശബ്ദമാക്കാനാവും. പ്രവർത്തന മികവിന് അംഗീകാരം കൈവരാം. കുടുംബാംഗങ്ങൾക്കിടയിൽ ഐക്യം പുലരുന്നതായിരിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് തെരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പിക്കാൻ കഴിയുന്നതാണ്.

മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

മീനക്കൂറിൽ ജനിച്ചവർക്ക് ചൊവ്വ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്നു. വാക്സ്ഥാനമാണ് രണ്ടാമെടം. അതിനാൽ പരുക്കൻ വാക്കുകൾ പറയാനും കലഹത്തിലേക്ക് നയിക്കപ്പെടാനും സാധ്യത കൂടുതലാണ്.  കുടുംബ ബന്ധങ്ങളുടെ ദൃഢത നിലനിർത്താൻ ക്ലേശിക്കുന്നതാണ്. മനോവ്യസനങ്ങൾക്ക് ഓരോ കാരണങ്ങൾ വന്നുചേർന്നേക്കും. വിദ്യാർത്ഥികൾക്ക് ഉപരിപഠനാവസരം ലബ്ധമാകുന്നതാണ്.  എന്നാൽ ആയത് ദൂരദിക്കുകളിലാവുക, ഇഷ്ടവിഷയമാവാതെ വരിക തുടങ്ങിയ സാധ്യതകളുണ്ട്. ന്യായമായി ലഭിക്കേണ്ട വരുമാനത്തിൽ അല്പം കുറവ് വന്നേക്കാം. ഇഷ്ടവസ്തുക്കൾ ദുർലഭമാകാനിടയുണ്ട്. നവസംരംഭങ്ങൾ സമാരംഭിക്കാൻ  ഉചിതമായ കാലമല്ല. ചൊവ്വ ബലമുള്ള രാശിയിൽ സഞ്ചരിക്കുകയാൽ സാഹചര്യം പൂർണമായും വരുതിയിലല്ല എന്ന സ്ഥിതി വന്നേക്കില്ല. ആരോഗ്യപരമായി ജാഗ്രത വേണ്ടതുണ്ട്. സാമ്പത്തികമായ ക്രയവിക്രയങ്ങളിൽ കൃത്യത പുലർത്തണം.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: