/indian-express-malayalam/media/media_files/D4COXuPZ2WGIvMEirSbq.jpg)
Mars In Medam Rashi 2024 Star Predictions
2024 ജൂൺ 1 ന് (1199 ഇടവം 18) ന് ശനിയാഴ്ച ചൊവ്വ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലൈ 12 വരെ, ഏതാണ്ട് 42 ദിവസങ്ങൾ, ചൊവ്വ മേടം രാശിയിൽ തുടരും. അനന്തരം ഇടവം രാശിയിൽ പ്രവേശിക്കുന്നതാണ്.
ജൂൺ 1 മുതൽ 18 വരെ അശ്വതി നക്ഷത്രത്തിലും, അതിനു ശേഷം ഭരണി നക്ഷത്രത്തിലും ജൂലൈ 8 മുതൽ കാർത്തിക നക്ഷത്രത്തിലുമായിട്ടാണ് ചൊവ്വയുടെ മേടം രാശിയിലെ സഞ്ചാരം.
ചൊവ്വയെ (Mars) 'കുജൻ' എന്നാണ് ജ്യോതിഷത്തിൽ സാധാരണ വിളിക്കുന്നത്. ഗ്രഹനിലയിലെ 'കു' എന്ന അക്ഷരം കുജൻ എന്നതിൻ്റെ ചുരുക്കെഴുത്താണ്. അംഗാരകൻ, ലോഹിതൻ, രുധിരൻ, ഭൂമിപുത്രൻ, വക്രൻ, മംഗളൻ തുടങ്ങി അനേകം പേരുകൾ ചൊവ്വയ്ക്കുണ്ട്.
ഗ്രഹകുടുംബത്തിൽ സേനാനായകൻ്റെ സ്ഥാനമാണ് ചൊവ്വയ്ക്ക് നൽകപ്പെട്ടിട്ടുള്ളത്. തീക്ഷ്ണ ഗ്രഹമാണ്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളോട് ചൊവ്വയ്ക്ക് മൈത്രി അഥവാ ബന്ധുത്വമുണ്ട്. ശനിയോടും ശുക്രനോടും ഉദാസീനത അഥവാ സമഭാവനയാണുള്ളത്. ചൊവ്വയ്ക്ക് ശത്രുതയുള്ളത് ബുധനോടാണ്.
രാശികളിൽ മേടം, വൃശ്ചികം എന്നിവ രണ്ടും ചൊവ്വയുടെ വീടുകളാണ് എന്നാണ് സങ്കല്പം. 'സ്വക്ഷേത്രം' എന്നായാൽ കൃത്യമായ ജ്യോതിഷഭാഷയായി. അതിൽ തന്നെ ചൊവ്വയുടെ മൂലക്ഷേത്രം എന്ന ഉയർന്ന പദവിയും മേടം രാശിയ്ക്കുണ്ട്. പ്രസ്തുത രാശിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വ കൂടുതൽ കരുത്തനാകും.
ബലം വർദ്ധിക്കുന്തോറും ഏതു ഗ്രഹവും കൂടുതൽ ഗുണദാതാക്കളായി മാറും എന്നതാണ് ജ്യോതിഷതത്ത്വം. അതിനാൽ മൂലക്ഷേത്രമായ മേടം രാശിയിൽ സഞ്ചരിക്കുന്ന ചൊവ്വ, ബലശാലിയാവുകയാൽ സദ്ഫലങ്ങൾ നൽകുന്ന ഗ്രഹമായി പരിണമിക്കുന്നു.
അവരവരുടെ കൂറിൻ്റെ അഥവാ ജന്മരാശിയുടെ 3, 6, 11 എന്നീ മൂന്നുരാശികളിൽ സഞ്ചാരിക്കുമ്പോഴാണ് കുജൻ വലിയ ഗുണം നൽകുന്നത്. ജന്മരാശിയിലും 8,12 എന്നീ ഭാവങ്ങളിലും സഞ്ചരിക്കുമ്പോൾ സ്വതേയുള്ള ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്. മറ്റു ഭാവങ്ങളിൽ അധികവും ഗുണദോഷ സമ്മിശ്രതയാണ് അനുഭവപ്പെടുക.
ഈ അടിസ്ഥാന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വയുടെ മേടസംക്രമം/മേടരാശി സഞ്ചാരം മേടക്കൂറു മുതൽ ഇടവക്കൂറു വരെയുള്ള പന്ത്രണ്ട് രാശികൾക്കും അവയിലെ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്കും എന്തൊക്കെ അനുഭവങ്ങളാണ് നൽകുക എന്ന അന്വേഷണമാണ് ഇവിടെ പരിശോധിക്കുന്നത്.
മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
ജന്മരാശിയിൽ കുജൻ സഞ്ചരിക്കുന്നു. എന്നാൽ മൂലത്രികോണ രാശിയിലുമാണ്. അതിനാൽ ഗുണഫലങ്ങൾക്കാവും മുൻതൂക്കം. ആത്മശക്തി അധികരിച്ചേക്കും. ചിലപ്പോൾ അതുതന്നെ ആജ്ഞാശക്തിയായി വളർന്ന് ഒപ്പമുള്ളവർക്ക് ഉപദ്രവകാരിയാവാനും ഇടയുണ്ട്. ശരീരോഷ്മാവ് കൂടിയിരിക്കുന്നതായി തോന്നും. അതിസാഹസങ്ങൾക്ക് മുതിരുന്നതാണ്. മത്സരങ്ങളിൽ എതിരാളികളെ തറപറ്റിക്കും. ദാമ്പത്യത്തിൽ സ്വസ്ഥത കുറയുന്നതാണ്.
വീഴ്ച, മുറിവ് ഇവയ്ക്ക് സാധ്യതയുണ്ട്. പഴയ കടബാധ്യതകൾ ഓർമ്മിപ്പിക്കപ്പെടും. സഹോദരാനുകൂല്യം പ്രതീക്ഷിക്കാം. വൈകാരിക ക്ഷോഭങ്ങൾ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 3,4 പാദങ്ങൾ)
ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാകയാൽ ഗുണദോഷസമ്മിശ്ര ഫലങ്ങൾക്കാവും മുൻതൂക്കം. വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താൻ സാവകാശം ലഭിക്കാത്ത യാത്രകൾ ഉണ്ടാവും. അനാവശ്യ കാര്യങ്ങൾക്ക് ഊർജ്ജവും സമയവും ചെലവഴിക്കേണ്ടതായി വന്നേക്കും. അന്യനാട്ടിൽ പഠനത്തിന് അവസരം ലഭിക്കുന്നതാണ്.
ഭൂമി വ്യവഹാരം നീളാം. സഹോദരരുമായി പൊരുത്തക്കേടുകൾക്ക് ഇടയുണ്ട്. മേലധികാരികളുടെ നീരസത്തിന് പാത്രമാകുന്നതാണ്. തെരഞ്ഞെടുപ്പുകളിൽ അനുകൂലമല്ലാത്ത വിധി നേരിടാൻ സാധ്യതയുണ്ട്. ചെലവിൻ്റെ കാര്യത്തിൽ കർശന നിയന്ത്രണം വേണ്ടതാണ്. തീരുമാനങ്ങൾ പുനപ്പരിശോധിച്ച് പ്രാവർത്തികമാക്കുകയാവും ഉചിതം.
മിഥുനക്കൂറിന് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)
പതിനൊന്നാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ വ്യവഹാരങ്ങളിൽ അനുകൂലവിധി വന്നു ചേരും. മത്സരങ്ങളിലും തെരഞ്ഞെടുപ്പുകളിലും വിജയം ഭവിക്കുന്നതാണ്. ന്യായമായ ആഗ്രഹങ്ങൾ നിറവേറപ്പെടും. സഹോദരർക്കും തനിക്കും പരസ്പരം ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ മറികടന്ന് ലക്ഷ്യത്തിലെത്തും. ഭൗതിക നേട്ടങ്ങൾ പലതുണ്ടാവും. വസ്തുവോ വീടോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യം സംജാതമാകും. ബിസിനസ്സിൽ ആദായം ഉയരുന്നതാണ്. പരീക്ഷണങ്ങളിൽ സംതൃപ്തിയുണ്ടാവും. ഉദ്യോഗാർത്ഥികൾക്ക് നിരാശപ്പെടേണ്ടി വരില്ല.
കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം)
ചൊവ്വ രുചക യോഗം ചെയ്ത് പത്താം ഭാവത്തിൽ സഞ്ചരിക്കുകയാൽ കർമ്മരംഗം പുഷ്ടിപ്പെടുന്നതാണ്. ഉദ്യമശാലികൾക്ക് വെന്നിക്കൊടി പറപ്പിക്കാൻ അനുകൂലമായ സാഹചര്യം തെളിയും. മേലധികാരികൾ ചുമതലാബോധത്തിൽ തൃപ്തി രേഖപ്പെടുത്തും. തസ്തികകളുടെ പുനക്രമീകരണത്തിൽ നേട്ടമുണ്ടാകുന്നതാണ്. ഏജൻസികളിൽ നിന്നും കരാർ പണികളിൽ നിന്നും ആദായം വർദ്ധിക്കും. ഭൂമി വാങ്ങുക, വിൽക്കുക മുതലായവ ലാഭത്തിൽ കലാശിക്കുന്നതാണ്. സഹോദരരുമായി ചേർന്ന് നടത്തുന്ന വ്യാപാരം വളർച്ചയുടെ വഴിയിൽ നീങ്ങും. രാഷ്ട്രീയ പ്രവർത്തകർക്ക് അധികാര സോപാനത്തിലേക്ക് നടന്നുകയറാനാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതിപത്രം, രേഖകൾ മുതലായവ വിളംബം വിനാ സാധകമാവുന്നതാണ്.
To read moreHoroscope columns click here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.