/indian-express-malayalam/media/media_files/ksTZM8dHxQuFhDxlKbu8.jpg)
Mars In Medam Rashi 2024 Star Predictions
2024 ജൂൺ 1 ന് (1199 ഇടവം 18) ന് ശനിയാഴ്ച ചൊവ്വ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്നു. ജൂലൈ 12 വരെ, ഏതാണ്ട് 42 ദിവസങ്ങൾ, ചൊവ്വ മേടം രാശിയിൽ തുടരും. അനന്തരം ഇടവം രാശിയിൽ പ്രവേശിക്കുന്നതാണ്.
ജൂൺ 1 മുതൽ 18 വരെ അശ്വതി നക്ഷത്രത്തിലും, അതിനു ശേഷം ഭരണി നക്ഷത്രത്തിലും ജൂലൈ 8 മുതൽ കാർത്തിക നക്ഷത്രത്തിലുമായിട്ടാണ് ചൊവ്വയുടെ മേടം രാശിയിലെ സഞ്ചാരം.
ചൊവ്വയെ (Mars) 'കുജൻ' എന്നാണ് ജ്യോതിഷത്തിൽ സാധാരണ വിളിക്കുന്നത്. ഗ്രഹനിലയിലെ 'കു' എന്ന അക്ഷരം കുജൻ എന്നതിൻ്റെ ചുരുക്കെഴുത്താണ്. അംഗാരകൻ, ലോഹിതൻ, രുധിരൻ, ഭൂമിപുത്രൻ, വക്രൻ, മംഗളൻ തുടങ്ങി അനേകം പേരുകൾ ചൊവ്വയ്ക്കുണ്ട്.
ഗ്രഹകുടുംബത്തിൽ സേനാനായകൻ്റെ സ്ഥാനമാണ് ചൊവ്വയ്ക്ക് നൽകപ്പെട്ടിട്ടുള്ളത്. തീക്ഷ്ണ ഗ്രഹമാണ്. സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നീ ഗ്രഹങ്ങളോട് ചൊവ്വയ്ക്ക് മൈത്രി അഥവാ ബന്ധുത്വമുണ്ട്. ശനിയോടും ശുക്രനോടും ഉദാസീനത അഥവാ സമഭാവനയാണുള്ളത്. ചൊവ്വയ്ക്ക് ശത്രുതയുള്ളത് ബുധനോടാണ്.
രാശികളിൽ മേടം, വൃശ്ചികം എന്നിവ രണ്ടും ചൊവ്വയുടെ വീടുകളാണ് എന്നാണ് സങ്കല്പം. 'സ്വക്ഷേത്രം' എന്നായാൽ കൃത്യമായ ജ്യോതിഷ ഭാഷയായി. അതിൽ തന്നെ ചൊവ്വയുടെ മൂലക്ഷേത്രം എന്ന ഉയർന്ന പദവിയും മേടം രാശിയ്ക്കുണ്ട്. പ്രസ്തുത രാശിയിൽ സഞ്ചരിക്കുമ്പോൾ ചൊവ്വ കൂടുതൽ കരുത്തനാകും.
ബലം വർദ്ധിക്കുന്തോറും ഏതു ഗ്രഹവും കൂടുതൽ ഗുണദാതാക്കളായി മാറും എന്നതാണ് ജ്യോതിഷതത്ത്വം. അതിനാൽ മൂലക്ഷേത്രമായ മേടം രാശിയിൽ സഞ്ചരിക്കുന്ന ചൊവ്വ, ബലശാലിയാവുകയാൽ സദ്ഫലങ്ങൾ നൽകുന്ന ഗ്രഹമായി പരിണമിക്കുന്നു.
അവരവരുടെ കൂറിൻ്റെ അഥവാ ജന്മരാശിയുടെ 3, 6, 11 എന്നീ മൂന്നുരാശികളിൽ സഞ്ചാരിക്കുമ്പോഴാണ് കുജൻ വലിയ ഗുണം നൽകുന്നത്. ജന്മരാശിയിലും 8,12 എന്നീ ഭാവങ്ങളിലും സഞ്ചരിക്കുമ്പോൾ സ്വതേയുള്ള ചൊവ്വയുടെ ക്രൗര്യം വർദ്ധിക്കുന്നതാണ്. മറ്റു ഭാവങ്ങളിൽ അധികവും ഗുണദോഷ സമ്മിശ്രതയാണ് അനുഭവപ്പെടുക.
ഈ അടിസ്ഥാന വിവരങ്ങളുടെ പശ്ചാത്തലത്തിൽ ചൊവ്വയുടെ മേടസംക്രമം/മേടരാശി സഞ്ചാരം മേടക്കൂറു മുതൽ ഇടവക്കൂറു വരെയുള്ള പന്ത്രണ്ട് രാശികൾക്കും അവയിലെ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങൾക്കും എന്തൊക്കെ അനുഭവങ്ങളാണ് നൽകുക എന്ന അന്വേഷണമാണ് ഇവിടെ പരിശോധിക്കുന്നത്.
ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം)
ചിങ്ങക്കൂറുകാർക്ക് ഭാഗ്യഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം. ഭാഗ്യനാഥനായ ഗ്രഹം ഭാഗ്യസ്ഥാനത്ത് നിൽക്കുകയാണ് എന്ന് സാങ്കേതികമായി പറയാം. അതിനാൽ ഭാഗ്യാനുഭവങ്ങൾ പുഷ്ടിപ്പെടും. അപ്രതീക്ഷിത നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പിതൃധനം അനുഭവത്തിൽ വരാം. തൽസംബന്ധമായ വ്യവഹാരങ്ങളിൽ വിജയം നേടും. ഭൂമിയുടെ വിൽപ്പനയിലെ തടസ്സം നീങ്ങുന്നതാണ്. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ സ്വാധീനശക്തി ഉയരും. സഹോദരരുടെ പിന്തുണ തൊഴിൽ വളർച്ചയ്ക്ക് സഹായകമാവും. കടബാധ്യതകൾക്ക് ആശ്വാസം ലഭിക്കാം. ദേവീ ക്ഷേത്രത്തിലെ നേർച്ചകൾക്കും സമർപ്പണങ്ങൾക്കും അവസരം സിദ്ധിക്കുന്നതാണ്.
കന്നിക്കൂറിന് (ഉത്രം 2, 3, 4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
കന്നിക്കൂറുകാർക്ക് ദുഃസ്ഥാനമായ അഷ്ടമത്തിൽ അഥവാ എട്ടാം ഭാവത്തിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. അനിഷ്ടഫലങ്ങളാണ് പ്രായേണ സംഭവിക്കുക. എന്നാൽ ചൊവ്വ ബലവാനാവുകയാൽ ദുരിതം കുറയും. ദുർഘടങ്ങൾക്കിടയിൽ ചില നേട്ടങ്ങൾക്കും സാധ്യതയുണ്ട്. ശത്രുക്കളായിരുന്നവർ മിത്രങ്ങളായേക്കും. ഭൂമി വില്പനയിൽ പ്രതീക്ഷിച്ച ലാഭം കിട്ടിക്കൊള്ളണം എന്നില്ല. പ്രമാണങ്ങളിലും രേഖകളിലും ഒപ്പുവെക്കുമ്പോൾ അവയിൽ പറയുന്ന കാര്യങ്ങൾ വായിച്ചറിയുന്നത് നന്ന്. ആരോഗ്യ പരിശോധനകളിൽ അലംഭാവമുണ്ടാവരുത്. പ്രധാന കാര്യങ്ങളിൽ വിദഗ്ദ്ധോപദേശം കൈക്കൊള്ളണം. സാഹസകർമ്മങ്ങൾ ഒഴിവാക്കുകയും ചെയ്യേണ്ടതുണ്ട്.
തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1, 2, 3 പാദങ്ങൾ)
ഏഴാം ഭാവത്തിലാണ് ചൊവ്വയുടെ സഞ്ചാരം എന്നതിനാൽ പ്രണയികൾക്ക് അനുകൂലമല്ലാത്ത സാഹചര്യം സംജാതമാകാം. ദാമ്പത്യത്തിലും അലോസരങ്ങൾക്ക് സാധ്യതയുണ്ട്. അവിവാഹിതരുടെ സ്വപ്നങ്ങൾ തടസ്സപ്പെടുന്നതാണ്. കൂട്ടുബിസിനസ്സിൽ തർക്കങ്ങൾ ഉടലെടുക്കാനിടയുണ്ട്. നീണ്ട യാത്രകൾക്ക് സാധ്യത കാണുന്നു. വിദേശത്ത് പോകാൻ കാത്തിരിക്കുന്നവർക്ക് ആഗ്രഹസാഫല്യം ഉണ്ടായേക്കും. തുടർ പഠനത്തിന് അന്യനാട്ടിൽ അവസരം സിദ്ധിക്കുന്നതാണ്. വ്യവഹാരങ്ങളിൽ തീർപ്പുണ്ടാവാൻ കാത്തിരിപ്പ് തുടരേണ്ടതായി വന്നേക്കും. കായിക മത്സരങ്ങളിൽ ഏർപ്പെട്ടവർക്ക് നേട്ടങ്ങൾ സംഭവിക്കുന്നതാണ്.
വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
രാശിനാഥനായ ചൊവ്വ ഉപചയത്തിൽ സ്വക്ഷേത്രബലവാനായി സഞ്ചരിക്കുകയാൽ പല നേട്ടങ്ങൾ വന്നെത്തും. ആത്മവിശ്വാസം അധികരിക്കും. തൊഴിൽ രംഗത്ത് മുന്നേറ്റത്തിന് സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് അർഹമായ സ്ഥാനക്കയറ്റം, ശമ്പളവർദ്ധന എന്നിവ സ്വാഭാവികമായി തന്നെ ലഭിക്കുന്നതാണ്. എതിരാളികളെ നിഷ്പ്രഭമാക്കുവാൻ സാധിച്ചേക്കും. കടബാധ്യതകൾ പരിഹരിക്കുവാൻ വഴി തെളിയുന്നതാണ്. ഭൂമിയിൽ നിന്നും ആദായം അധികരിക്കും. വ്യവഹാരങ്ങളിൽ ന്യായമായ പരിഹാരം പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടുന്നതാണ്. സഹോദരരുടെ പിന്തുണയുണ്ടാവുന്നതായിരിക്കും. കിടപ്പ് രോഗികൾക്ക് ആശ്വാസിക്കാറാവും. ധനപരമായി ഗുണം പ്രതീക്ഷിക്കാം.
Read More
- Daily Horoscope May 28, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- WeeklyHoroscope(May 26– June 1, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നതെന്ത്? സംഖ്യാശാസ്ത്ര ഫലങ്ങളിങ്ങനെ: Numerology Predictions 2024 May 27 to June 02
- വാരഫലം, അശ്വതി മുതൽ രേവതി വരെ; May 26-June 01, 2024, Weekly Horoscope
- ദേവഗണത്തിലെ നക്ഷത്രങ്ങൾ
- അക്കങ്ങളിൽ തെളിയും ഭാവികാലം
- മകയിരം നക്ഷത്രക്കാർ പ്രണയലോലരാണ്
- Bharani Star: ഭരണി നാളുകാർ ജീവിത ശൈലീ രോഗങ്ങളെ ശ്രദ്ധിക്കണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.