scorecardresearch

Mars Transit 2024: ചൊവ്വ ഇടവം രാശിയിൽ, മൂലം മുതൽ രേവതി വരെ

Mars In Idavam Rashi 2024: ധനുക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള നാലു കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു

Mars In Idavam Rashi 2024: ധനുക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള നാലു കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Mars In Idavam Rashi 2024 Star Predictions

2024 ജൂലൈ 12 ന് (1199 മിഥുനം 28 ന്)  ചൊവ്വ (Mars) മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഓഗസ്റ്റ് 26 (1200 ചിങ്ങം  10) വരെ, ഏതാണ്ട് 45 ദിവസങ്ങൾ,  ചൊവ്വ ഇടവം രാശിയിൽ തുടരും. ഇടവം രാശിയിൽ കാർത്തിക, രോഹിണി, മകയിരം എന്നീ മൂന്നു നക്ഷത്ര മണ്ഡലങ്ങളുണ്ട്. അവയിലൂടെയാവും കുജൻ്റെ യാത്ര. ജൂലൈ 27 വരെ കാർത്തികയിലും ആഗസ്റ്റ് 17 വരെ രോഹിണിയിലും അതിനുശേഷം മകയിരം നക്ഷത്രത്തിലുമായി ചൊവ്വ സഞ്ചരിക്കുന്നു. 

Advertisment

ഇടവം രാശി ചൊവ്വയുടെ 'സമൻ' ആയി കരുതപ്പെടുന്ന ശുക്രൻ്റെ സ്വക്ഷേത്രമാണ്. അവിടെ ചൊവ്വയുടെ ബന്ധുവായ വ്യാഴം സഞ്ചരിക്കുന്നു. ജ്യോതിഷ ഭാഷയിൽ ഇതിനെ 'ഗുരുമംഗല യോഗം'  എന്നാണ് വിശേഷിപ്പിക്കുക. (ഗുരു = വ്യാഴം, മംഗലൻ = ചൊവ്വ). ചൊവ്വയുടെ കാഠിന്യത്തെ ഒരു പരിധി വരെ കുറയ്ക്കാൻ ഗുരുവിന് കഴിയുന്നതാണ്. അതിനാൽ ഇടവം രാശിയിൽ ചൊവ്വ സഞ്ചരിക്കുമ്പോൾ ഏതൊക്കെ കൂറുകളിൽ ജനിച്ചവർക്കാണോ, പ്രതികൂലത വരിക, ആ ദോഷം അത്ര കഠിനമാവില്ലെന്ന് ചുരുക്കം. ഇക്കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. 

ചൊവ്വ അഥവാ കുജൻ ഗോചരസഞ്ചാരത്തിൽ അനുകൂലമാവുന്നത് 3, 6, 11 എന്നീ കൂറുകളിൽ ജനിച്ചവർക്ക് മാത്രമാണ്. അതായത് ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ ഇടവം 3,6,11 രാശികളായി വരുന്ന മീനം, ധനു, കർക്കിടകം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ്. അവർക്കാണ് ഇടവച്ചൊവ്വ ഉന്നതമായ ഗുണാനുഭവങ്ങൾ സമ്മാനിക്കുന്നത്.

ജന്മം, എട്ട്, പന്ത്രണ്ട് എന്നിങ്ങനെ മൂന്ന് രാശികളിൽ ചൊവ്വ സഞ്ചരിക്കുമ്പോഴാവും ദോഷഫലങ്ങൾ കൂടുതലായി വരിക. അതായത് ചൊവ്വ സഞ്ചരിക്കുന്ന ഇടവം രാശി കൂറായി വരുന്ന ഇടവക്കൂറുകാർക്കും, ഇടവം രാശി എട്ടാമെടമായി വരുന്ന  തുലാക്കൂറുകാർക്കും, ഇടവം രാശി പന്ത്രണ്ടാമെടമായി വരുന്ന മിഥുനക്കൂറുകാർക്കും ദോഷാനുഭവങ്ങൾ അധികമായിരിക്കും എന്ന് സാരം. മറ്റുള്ള ആറ് കൂറുകാർക്ക് ഗുണവും ദോഷവും ഏറിയും കുറഞ്ഞും അനുഭവപ്പെടുന്നതാണ്. 

Advertisment

ധനുക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള നാലു കൂറുകളിൽ വരുന്ന മൂലം മുതൽ രേവതി വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു.

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)

ചൊവ്വ ആറാം ഭാവത്തിൽ സഞ്ചരിക്കുകയാൽ അനുകൂല ഫലം പ്രതീക്ഷിക്കാം. മുൻപ് വലുതായ ശ്രമം കൈക്കൊണ്ടിട്ടും നടക്കാതെ പോയ കാര്യങ്ങൾ ഇപ്പോൾ അല്പ യത്നം കൊണ്ട് സഫലമാവും. സ്വാഭാവികമായ നേട്ടങ്ങൾ, വിജയം എന്നിവയെ ചെറുക്കാൻ ശത്രുക്കൾക്ക് കഴിയില്ല. സാമ്പത്തികമായി അനുകൂലാന്തരീക്ഷമാണ്. കച്ചവട രംഗം പുഷ്ടിപ്പെടും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. പഴയ കടബാധ്യതകൾ ഭാഗികമായെങ്കിലും പരിഹരിക്കാനാവും. നീണ്ടുപോയ വ്യവഹാരങ്ങൾക്ക് നല്ല പരിസമാപ്തിയുണ്ടാവും. പുതിയ വാഹനം വാങ്ങാനുള്ള സാധ്യതയുണ്ട്. മത്സരങ്ങളിലും തെരഞ്ഞെടുപ്പുകളിലും വിജയിക്കുന്നതാണ്. നേതൃരംഗത്തേക്ക് ഉയർത്തപ്പെടും. ഉദ്യോഗസ്ഥർക്ക് പല നിലയ്ക്കും ആശ്വാസമനുഭവപ്പെടുന്ന കാലമാണ്. ദാമ്പത്യരംഗം സമാധാനപൂർണമാവും.

മകരക്കൂറിന് (ഉത്രാടം 2,3,4 , തിരുവോണം, അവിട്ടം 1,2 പാദങ്ങൾ)

ചൊവ്വ അഞ്ചാം ഭാവത്തിൽ സഞ്ചരിക്കുന്നു. പ്രായേണ പ്രതികൂല / സമ്മിശ്ര ഫലങ്ങളാവും അനുഭവത്തിൽ വരിക. പ്രധാനമായും മക്കളെ സംബന്ധിച്ച കാര്യങ്ങൾ, കാര്യാലോചന, ഭാവനാവിലാസം തുടങ്ങിയവ അഞ്ചാമെടം കൊണ്ട് മനസ്സിലാക്കപ്പെടുന്നു. ചെറുതോ വലുതോ ആകട്ടെ തീരുമാനങ്ങൾ, അവ കൈക്കൊള്ളും മുൻപ് വരുംവരായ്കകളെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.  ജോലിസ്ഥലത്തെ ചർച്ചകളിലും ബിസിനസ്സ് മീറ്റിംഗുകളിലും പങ്കുവെക്കുന്ന ആശയങ്ങൾ വിമർശനം ഏറ്റുവാങ്ങുന്നതാണ്. സഹപ്രവർത്തകരുടെ ദുരാരോപണങ്ങൾക്ക് ശരവ്യമാക്കപ്പെടാം. മക്കളുടെ ഉപരിപഠനം, വിദേശ യാത്ര മുതലായവയും പുനരാലോചനകൾക്ക് വിധേയമാക്കണം. ധനവരവ് പതിവുപോലെ തന്നെയാവും. ആരോഗ്യപ്രശ്നങ്ങൾ ഉടലെടുക്കാം. 

കുംഭക്കൂറിന് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ)

ചൊവ്വ നാലാം ഭാവത്തിൽ  സഞ്ചരിക്കുന്നു. അമ്മ, അമ്മാവൻ, സുഹൃത്തുക്കൾ, വാഹനം, ഭൂമി, വീട്, മനസ്സന്തോഷം ഇവയെല്ലാം നാലാമെടം കൊണ്ട് മനസ്സിലാക്കാം. ചൊവ്വ നാലിൽ സഞ്ചരിക്കുമ്പോൾ വസ്തു സംബന്ധിച്ച വ്യവഹാരം, അയൽ തർക്കം, വീടിന് അറ്റകുറ്റപ്പണി എന്നിവ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി പിണങ്ങാനിടയുണ്ട്.  അമ്മ വഴി ബന്ധുക്കളുമായുള്ള സ്വൈരക്കേട് തുടരപ്പെടുന്നതാണ്. അമ്മയുടെ ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. വാഹനം വാങ്ങാനുള്ള താത്പര്യം തടസ്സപ്പെടാനിടയുണ്ട്. വാഹനം ഉപയോഗിക്കുന്നതിലും ശ്രദ്ധ വേണം. മാനസിക ആരോഗ്യം മെച്ചപ്പെട്ടതാവില്ല. ഭയം, വിഷാദം, ദേഷ്യം ഇവ ചിലപ്പോൾ അകാരണമായിട്ടാവും, എന്നാലും മനസ്സിനെ ബാധിച്ചേക്കാം. സ്വന്തം ഇരിപ്പിടം അഥവാ പദവി സംബന്ധിച്ച് ഔദ്യോഗിക ജീവിതത്തിൽ തർക്കങ്ങൾ ഉണ്ടാവാനിടയുണ്ട്.

മീനക്കൂറിന് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ചൊവ്വ അനുകൂല ഭാവമായ മൂന്നാമെടത്തിൽ സഞ്ചരിക്കുന്നു. ആത്മവിശ്വാസം ഉയരും. തടസ്സപ്പെട്ടിരുന്ന കാര്യങ്ങൾ നിർവിഘ്നം നടന്നു കിട്ടും. ഉദ്യോഗസ്ഥർക്ക് അധികാരികളുടെ പ്രീതി ലഭിക്കാം. സ്ഥാനപ്രാപ്തി, ബഹുമതി ഇവ പ്രതീക്ഷിക്കാം.  സഹോദരാനുകൂല്യം / കുടുംബത്തിൻ്റെ പിന്തുണ ഇവയുണ്ടാവുന്നതാണ്. ബിസിനസുകാർക്ക് വളർച്ചയുടെ കാലഘട്ടമാണ്. മുടങ്ങിപ്പോയ വായ്പാ തിരിച്ചടവുകൾ  പൂർത്തീയാക്കാനാവും. വിപുലീകരണത്തിനും അവസരമുണ്ടാകും. ഭൂമി വിൽപ്പന, വസ്തു വാങ്ങൽ ഇവ രണ്ടും നടന്നുകിട്ടും. പൊതുപ്രവർത്തകർക്ക് നല്ല സമയമാണ്. സംഘടനാ തലത്തിൽ നേതൃപദവി ലഭിച്ചേക്കും. എതിർപ്പുകളെ നിരാകരിച്ച് മുന്നോട്ട് പോകാനാവും. ആഗ്രഹിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുവാനായേക്കും.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: