scorecardresearch

Mars Transit 2024: ചൊവ്വ ഇടവം രാശിയിൽ, അശ്വതി മുതൽ ആയില്യം വരെ

Mars In Idavam Rashi 2024: മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു

Mars In Idavam Rashi 2024: മേടക്കൂറ് മുതൽ മീനക്കൂറ് വരെയുള്ള പന്ത്രണ്ട് കൂറുകളിൽ വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Mars In Idavam Rashi 2024 Star Predictions

2024 ജൂലൈ 12 ന് (1199 മിഥുനം 28 ന്)  ചൊവ്വ (Mars) മേടം രാശിയിൽ നിന്നും ഇടവം രാശിയിലേക്ക് സംക്രമിക്കുന്നു. ഓഗസ്റ്റ് 26 (1200 ചിങ്ങം  10) വരെ, ഏതാണ്ട് 45 ദിവസങ്ങൾ,  ചൊവ്വ ഇടവം രാശിയിൽ തുടരും. ഇടവം രാശിയിൽ കാർത്തിക, രോഹിണി, മകയിരം എന്നീ മൂന്നു നക്ഷത്ര മണ്ഡലങ്ങളുണ്ട്. അവയിലൂടെയാവും കുജൻ്റെ യാത്ര. ജൂലൈ 27 വരെ കാർത്തികയിലും ആഗസ്റ്റ് 17 വരെ രോഹിണിയിലും അതിനുശേഷം മകയിരം നക്ഷത്രത്തിലുമായി ചൊവ്വ സഞ്ചരിക്കുന്നു. 

Advertisment

ഇടവം രാശി ചൊവ്വയുടെ 'സമൻ' ആയി കരുതപ്പെടുന്ന ശുക്രൻ്റെ സ്വക്ഷേത്രമാണ്. അവിടെ ചൊവ്വയുടെ ബന്ധുവായ വ്യാഴം സഞ്ചരിക്കുന്നു. ജ്യോതിഷ ഭാഷയിൽ ഇതിനെ 'ഗുരുമംഗല യോഗം'  എന്നാണ് വിശേഷിപ്പിക്കുക. (ഗുരു = വ്യാഴം, മംഗലൻ = ചൊവ്വ). ചൊവ്വയുടെ കാഠിന്യത്തെ ഒരു പരിധി വരെ കുറയ്ക്കാൻ ഗുരുവിന് കഴിയുന്നതാണ്. അതിനാൽ ഇടവം രാശിയിൽ ചൊവ്വ സഞ്ചരിക്കുമ്പോൾ ഏതൊക്കെ കൂറുകളിൽ ജനിച്ചവർക്കാണോ, പ്രതികൂലത വരിക, ആ ദോഷം അത്ര കഠിനമാവില്ലെന്ന് ചുരുക്കം. ഇക്കാര്യം പ്രത്യേകം ഓർമ്മിക്കേണ്ടതുണ്ട്. 

ചൊവ്വ അഥവാ കുജൻ ഗോചരസഞ്ചാരത്തിൽ അനുകൂലമാവുന്നത് 3, 6, 11 എന്നീ കൂറുകളിൽ ജനിച്ചവർക്ക് മാത്രമാണ്. അതായത് ചൊവ്വ ഇടവം രാശിയിൽ സഞ്ചരിക്കുമ്പോൾ ഇടവം 3,6,11 രാശികളായി വരുന്ന മീനം, ധനു, കർക്കിടകം എന്നീ കൂറുകളിൽ ജനിച്ചവർക്കാണ്. അവർക്കാണ് ഇടവച്ചൊവ്വ ഉന്നതമായ ഗുണാനുഭവങ്ങൾ സമ്മാനിക്കുന്നത്.

ജന്മം, എട്ട്, പന്ത്രണ്ട് എന്നിങ്ങനെ മൂന്ന് രാശികളിൽ ചൊവ്വ സഞ്ചരിക്കുമ്പോഴാവും ദോഷഫലങ്ങൾ കൂടുതലായി വരിക. അതായത് ചൊവ്വ സഞ്ചരിക്കുന്ന ഇടവം രാശി കൂറായി വരുന്ന ഇടവക്കൂറുകാർക്കും, ഇടവം രാശി എട്ടാമെടമായി വരുന്ന  തുലാക്കൂറുകാർക്കും, ഇടവം രാശി പന്ത്രണ്ടാമെടമായി വരുന്ന മിഥുനക്കൂറുകാർക്കും ദോഷാനുഭവങ്ങൾ അധികമായിരിക്കും എന്ന് സാരം. മറ്റുള്ള ആറ് കൂറുകാർക്ക് ഗുണവും ദോഷവും ഏറിയും കുറഞ്ഞും അനുഭവപ്പെടുന്നതാണ്. 

Advertisment

മേടക്കൂറ് മുതൽ കർക്കടകക്കൂറ് വരെയുള്ള നാലു കൂറുകളിൽ വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള 9 നക്ഷത്രങ്ങളിൽ ജനിച്ചവർക്ക് ചൊവ്വയുടെ ഇടവം രാശിയിലെ സഞ്ചാരം സൃഷ്ടിക്കുന്ന അനുഭവങ്ങൾ ചുവടെ വിശദമായി വിശകലനം ചെയ്യുന്നു.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)

ചൊവ്വ രണ്ടാം ഭാവത്തിലാണ് മേടക്കൂറുകാർക്ക് സഞ്ചരിക്കുന്നത്. ജന്മരാശിയിൽ നിന്നും മാറുന്നതിനാൽ അനാവശ്യ സമ്മർദ്ദങ്ങൾ ഒഴിവാകും എന്ന ഗുണമുണ്ട്. രണ്ടാമെടം ധനം, കുടുംബം, വാക്ക്, വിദ്യാഭ്യാസം ഇവയെ കുറിക്കുന്നു. ചൊവ്വ രണ്ടാംഭാവത്തിൽ സഞ്ചരിക്കുമ്പോൾ ഇവക്കെല്ലാം സമ്മിശ്രമായ ഫലമാവും വരിക. തൊഴിലിൽ നിന്നുള്ള ധനവരവ് അല്പം മന്ദീഭവിക്കാം. ഭൂമിയിൽ നിന്നുള്ള ആദായം പ്രതീക്ഷിച്ചവിധം ഉയരണമെന്നില്ല. കുടുംബസുഖം കുറയുന്നതാണ്. തർക്കിക്കുന്ന ശീലമേറും. കുറ്റം കണ്ടെത്തുവാൻ ഔൽസുക്യം കാട്ടും. വിദ്യാർത്ഥികളുടെ പഠന പുരോഗതി മെല്ലെയാവുന്നതാണ്. വാക്കുകൾ ആവശ്യത്തിലധികം മൂർച്ചയുള്ളതായി അനുഭവപ്പെടും. രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വിഷമിപ്പിച്ചേക്കാം.

ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 3,4 പാദങ്ങൾ) 

ജന്മരാശിയിലാണ് ചൊവ്വ സഞ്ചരിക്കുന്നത്. പ്രായേണ ദോഷാനുഭവങ്ങൾക്ക് മുൻതൂക്കമുണ്ടാവാം. വ്യക്തിത്വം, കീർത്തി, ദേഹസൗഖ്യം ഇവയെല്ലാം  ബാധിക്കപ്പെടാം. സന്തുലിത വ്യക്തിത്വത്തിൻ്റെ ഉടമകളാണ്, സ്വതേ ഇടവക്കൂറുകാർ. എന്നാൽ ചൊവ്വ ജന്മരാശിയിൽ സഞ്ചരിക്കുമ്പോൾ അതിവൈകാരികത ഉണ്ടാവുന്നു. ക്ഷോഭമേറാം.  പരീക്ഷകൾ, അഭിമുഖം മുതലായവയിൽ തടസ്സമുണ്ടാവാനിടയുണ്ട്. അഥവാ  അവയിൽ പ്രതീക്ഷിച്ച വിധമുള്ള നേട്ടം കൈവരിക്കാൻ കഴിഞ്ഞേക്കില്ല. അപവാദങ്ങളെ പ്രതിരോധിക്കേണ്ടതായുണ്ട്. ഏഴാമെടത്തേക്ക് ചൊവ്വ നോക്കുകയാൽ പ്രണയ തടസ്സം, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവയും സാധ്യതകളാണ്. പതിവ് ആരോഗ്യ പരിശോധനകൾ മുടങ്ങാനിടയുണ്ട്. അക്കാര്യത്തിൽ അലംഭാവമരുത്.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ)

പതിനൊന്നാമെടത്തു നിന്നും പന്ത്രണ്ടാം ഭാവത്തിലേക്കാണ് കുജൻ സഞ്ചരിക്കുന്നത്. യാത്ര, ചെലവ്,  പാപകർമ്മാസക്തി എന്നിങ്ങനെ പ്രതികൂല വിഷയങ്ങളാണ് പൊതുവേ പന്ത്രണ്ടാമെടം കൊണ്ട് ചിന്തിക്കുക. ചെലവ് അധികരിക്കുന്നതാണ്. കുറച്ചൊക്കെ അതിൽ പാഴ്ച്ചെലവുകളും ഉണ്ടാവും. നിഷ്പ്രയോജന യാത്രകളും തന്മൂലം ദേഹക്ലേശവും അനുഭവപ്പെടും. ചിലർക്ക് വീടുവിട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടായേക്കും. പിന്നീട് പശ്ചാത്തപിക്കാൻ ഇടവരുന്ന വാക്കോ കർമ്മമോ ഭവിക്കാം. അമിതമായ ആത്മവിശ്വാസത്തിന് സാധ്യതയുണ്ട്. അത് ദോഷകരമാവാം. ഭൂമിയുടെ ക്രയവിക്രയം തടസ്സപ്പെടും.  സഹോദരരുമായി രമ്യബന്ധം പുലർത്താൻ കഴിഞ്ഞേക്കില്ല. വീഴ്ച, മുറിവ്, അപകടങ്ങൾ ഇവ വരാതിരിക്കാൻ ജാഗ്രത പുലർത്തണം.

കർക്കടകക്കൂറിന് (പുണർതം 4-ാം പാദം, പൂയം, ആയില്യം)

ചൊവ്വ അനുകൂല ഭാവമായ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുകയാണ്. വളരെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. തടസ്സങ്ങൾ അകലുന്നതാണ്. പരീക്ഷാ വിജയം, നേതൃസിദ്ധി, സമൂഹത്തിൻ്റെ അംഗീകാരം ഇവയുണ്ടാവും.  ഉദ്യോഗാർത്ഥികൾക്ക് നിരാശപ്പെടേണ്ടി വരില്ല. ബിസിനസ്സിലെ നിരുന്മേഷത അകന്ന് ഉണർവനുഭവപ്പെടും. സാമ്പത്തികമായി മെച്ചമുണ്ടാകുന്ന കാലമാണ്. വസ്തുവ്യാപാരം ലാഭകരമാവും. എതിർപ്പുകളെ സമർത്ഥമായി പ്രതിരോധിക്കും. പിണങ്ങി നിന്നവർ ഇണങ്ങുന്നതാണ്. അവിവാഹിതരുടെ വിവാഹ വിഷയത്തിൽ അനുകൂലത സംജാതമാകും. സഹജമായ കഴിവുകൾ പുറത്തെടുക്കാനാവും. രാഷ്ട്രീയ പ്രവർത്തനത്തിൽ വിജയം ഭവിക്കുന്നതാണ്.

Read More

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: