scorecardresearch

മോഹൻലാൽ മിന്നിച്ചിട്ടും മനസ്സ് തൊടാതെ പോകുന്ന സിനിമ; 'മലൈക്കോട്ടൈ വാലിബന്‍' റിവ്യൂ: Malaikottai Vaaliban Review

രൂപത്തിൽ മാത്രമല്ല, ആക്ഷൻ രംഗങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വയ്ക്കുന്നത്.  സംഘട്ടനസീനുകളിലെല്ലാം അനിഷേധ്യമായ രീതിയിൽ മികവു പുലർത്തുന്നു: Malaikottai Vaaliban Malayalam Movie Review

രൂപത്തിൽ മാത്രമല്ല, ആക്ഷൻ രംഗങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വയ്ക്കുന്നത്.  സംഘട്ടനസീനുകളിലെല്ലാം അനിഷേധ്യമായ രീതിയിൽ മികവു പുലർത്തുന്നു: Malaikottai Vaaliban Malayalam Movie Review

author-image
Dhanya K Vilayil
New Update
Malaikottai Vaaliban Review

Malaikottai Vaaliban Malayalam Movie Review

Malaikottai Vaaliban malayalam Movie Review: 'നൻപകൽ മയക്ക'ത്തിനു ശേഷം വരുന്ന ഒരു ലിജോ ജോസ് പെല്ലിശ്ശേരി പടം, ലിജോയ്ക്ക് ഒപ്പം ആദ്യമായി മോഹൻലാൽ കൈകോർക്കുന്ന ചിത്രം... അനൗൺസ് ചെയ്യപ്പെട്ടപ്പോൾ മുതൽ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണർത്തിയ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ.' ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിലൊരാളായ  മോഹൻലാലിനെ, മലയാളത്തിലെ എക്കാലത്തെയും വലിയ ക്രൗഡ് പുള്ളറെ എങ്ങനെയാവും ലിജോ തന്റെ സിനിമയിൽ ഉപയോഗപ്പെടുത്തുക എന്നറിയാനുള്ള കൗതുകം തന്നെയായിരുന്നു 'മലൈക്കോട്ടെ വാലിബനു' വേണ്ടിയുള്ള കാത്തിരിപ്പിന് ആവേശം പകർന്നത്. 

Advertisment

ഏറെ നാളുകൾക്കു ശേഷം അതിരാവിലെയുള്ള ഷോകൾ സജീവമായതും മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബനു' വേണ്ടിയാണ്. രാവിലെ ആറര മണിയോടെ തുടങ്ങിയ ഷോകൾ എല്ലാം ലിജോ- മോഹൻലാൽ മാജിക്കിനു സാക്ഷിയാവാനായി നിറഞ്ഞു കവിഞ്ഞിരുന്നു.

വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ പതിഞ്ഞ താളത്തിലാണ് 'മലൈക്കോട്ടൈ വാലിബൻ' ആരംഭിച്ചത്.  സദാ മണൽ കാറ്റടിയ്ക്കുന്ന, പച്ചപ്പ് എന്നത് അപൂർവ്വ കാഴ്ചയാവുന്ന ഗ്രാമങ്ങൾ. അവിടേക്ക് ജയഭേരി മുഴക്കി കൊണ്ട് എത്തുന്ന മലൈക്കോട്ടെ വാലിബൻ! താണ്ടിയ ദേശങ്ങളിലെല്ലാം വിജയത്തിന്റെ വെന്നിക്കൊടി സ്ഥാപിച്ചാണ് വാലിബൻറെ വരവ്. എതിരാളികളെയെല്ലാം നിമിഷനേരം കൊണ്ട് നിലംപരിശാക്കി വാലിബൻറെ ജൈത്രയാത്ര. കുടുംബമോ കാത്തിരിക്കാൻ പ്രണയമോ ഇല്ല. വാലിബന്റെ വാക്കുകളിൽ പറഞ്ഞാൽ, മണ്ണിൽ  ഉറപ്പിച്ചു നിർത്താൻ എവിടെയും വേരുകളില്ലാത്തവൻ. യാത്രകളിൽ കൂട്ടായി, നിഴലു പോലെ ആശാനും മകനും മാത്രം. ദേശങ്ങൾ താണ്ടിയുള്ള വാലിബന്റെ ആ യാത്രയിലേക്കാണ് ലിജോ പ്രേക്ഷകരെ കൂടെ കൂട്ടുന്നത്. 

മോഹൻലാലിന്റെ ഫിസിക്കിനെ നന്നായി പ്രയോജനപ്പെടുത്തുന്നുണ്ട് 'മലൈക്കോട്ടൈ വാലിബനിൽ.' ഇടിവളയും കഴുത്തിൽ വലിയ മാലയും താടിയും കെട്ടിവച്ച മുടിയുമൊക്കെയായി കരുത്തിന്റെ ആൾരൂപമായി വാലിബൻ എത്തുമ്പോൾ ആ കഥാപാത്രത്തിന്റെ ശക്തിയിലോ ഇടിപ്പെരുമയിലോ പ്രേക്ഷകനു സംശയമേതും തോന്നില്ല. ആദ്യകാഴ്ചയിൽ തന്നെ മോഹൻലാലിന്റെ വാലിബൻ അവതാരത്തെ കൺവീൻസിംഗ് ആയി പ്രസന്റ് ചെയ്യുകയാണ് ലിജോ. 

Advertisment

രൂപത്തിൽ മാത്രമല്ല, ആക്ഷൻ രംഗങ്ങളിലും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ കാഴ്ച വയ്ക്കുന്നത്.  സംഘട്ടനസീനുകളിലെല്ലാം അനിഷേധ്യമായ രീതിയിൽ മികവു പുലർത്തുന്നു. എന്നാൽ പുറം കാഴ്ചയ്ക്കപ്പുറം, വാലിബന്റെ മനസ്സു പ്രേക്ഷകനു പിടി കിട്ടണമെങ്കിൽ കുറച്ചേറെ ദൂരം സഞ്ചരിക്കേണ്ടി വരും. രണ്ടാം പകുതിയോടെ മാത്രമാണ് വാലിബൻ എന്ന കഥാപാത്രം പ്രേക്ഷകരുമായി അൽപ്പമെങ്കിലും 'ഇമോഷണലി കണക്റ്റ്' ആവുന്നത്. അതു വരെ നാടോടികഥയിലെ അതിശക്തനായൊരു മല്ലനെ പോലെ അയാൾ ജയങ്ങളിൽ നിന്നും ജയങ്ങളിലേക്കു സഞ്ചരിക്കുക മാത്രം ചെയ്യുന്നു. 

വാലിബൻ മാത്രമല്ല, കഥയിൽ വന്നു പോവുന്ന പല കഥാപാത്രങ്ങളും സമാനമായ പ്രശ്നം അനുഭവപ്പെടുന്നുണ്ട്. ഇടനേരങ്ങളിൽ വന്നു പോവുന്നു എന്നതിനപ്പുറം കഥാപാത്രങ്ങൾ  പ്രേക്ഷകരുമായി കണക്റ്റ് ആവുന്നുണ്ടോ എന്നു ചോദിച്ചാൽ സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യ പകുതിയെ വിരസമാക്കുന്നത് ഈ കണക്ഷൻ ഇല്ലായ്മയാണ്. 

Read Here

ഹരീഷ് പേരാടി, ഡാനിഷ് സേട്ട്, മനോജ് മോസസ് എന്നിവരാണ് ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം കാഴ്ച വയ്ക്കുന്ന മറ്റു അഭിനേതാക്കൾ. 

ഒരു നാടോടിക്കഥ പറയുന്നതു പോലെയാണ് ചിത്രത്തിന്റെ ട്രീറ്റ്‌മെന്റ്. ആ കഥകളിൽ നിന്നിറങ്ങി വന്നതു പോലുള്ള ദേശങ്ങൾ, മാൻ കൊമ്പൊടിഞ്ഞൂര്, നൂറാനതലയൂര്, മങ്ങാട്ടൂര്, അമ്പത്തൂർ മലൈക്കോട്ടെ... കാവ്യാത്മകമായ പേരുകളുള്ള ആ ദേശങ്ങളെ മികവാർന്ന ദൃശ്യങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ കൊത്തി വയ്ക്കുന്നതിൽ ഛായാഗ്രാഹകൻ മധു നീലകണ്ഠനും കയ്യടി നേടുന്നു. മലയാള സിനിമ ഇതുവരെ അധികം എക്സ്പ്ലോർ ചെയ്തിട്ടില്ലാത്ത ഭൂപ്രദേശങ്ങളാണ് 'മലൈക്കോട്ടൈ വാലിബനിൽ' എങ്ങും. വലിയ ക്യാൻവാസുകൾ, ആൾക്കൂട്ടം നിറയുന്ന ഫ്രെയിമുകൾ എല്ലാം എണ്ണഛായാചിത്രങ്ങൾ പോലെ അഴകിൽ സ്ക്രീനിൽ തെളിയുകയാണ്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് ഈ വിഷ്വൽ ലാൻഡ്സ്കേപ്പ് തന്നെയാണ്. കാഴ്ചയുടെ ഉത്സവമാണ് 'മലൈക്കോട്ടൈ വാലിബൻ' സമ്മാനിക്കുന്നത്. പലയിടത്തും പതിഞ്ഞ താളത്തിൽ നീങ്ങുന്ന ചിത്രം, എൻഗേജിംഗ് അല്ലാതെ മുന്നോട്ടു പോവുമ്പോൾ, കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത് കാഴ്ചയുടെ ഈ പകിട്ട് കൂടിയാണെന്ന് പറയാതെ വയ്യ. 

കാഴ്ചക്കാർക്ക് കാണാക്കാഴ്ചകൾ സമ്മാനിക്കാനും പരീക്ഷണങ്ങൾക്കും യാതൊരു മടിയും കാണിക്കാത്ത ലിജോയുടെ സിനിമാറ്റിക് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള വേറിട്ടൊരു ശ്രമമാണ് 'മലൈക്കോട്ടൈ വാലിബൻ.' ലിജോയുടെ മുൻചിത്രങ്ങൾ വച്ചു നോക്കുമ്പോൾ ഇവിടെ നായകൻ കരുത്തനാണ്. 

'ലിജോ ജോസ് പെല്ലിശ്ശേരി പടം' എന്ന ടാഗിൽ നിന്നും എന്തും പ്രതീക്ഷിക്കാം എന്ന രീതിയിലേക്ക് ലിജോ തന്റെ പ്രേക്ഷകരെ ഇക്കാലം കൊണ്ട് പരിശീലിപ്പിച്ചെടുത്തിട്ടുണ്ട് എന്നതിനാൽ ഒരു LJP പടം പ്രതീക്ഷിച്ചു വന്നവരെ ചിത്രം നിരാശപ്പെടുത്തില്ല. എന്നാൽ, എല്ലാവർക്കും ഇഷ്ടമാകുന്ന തരത്തിലുള്ള ചിത്രമല്ല 'മലൈക്കോട്ടൈ വാലിബൻ.' മോഹൻലാലിന്റെ മാസ് പടം പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ചിത്രം നിരാശപ്പെടുത്തും, അത്തരം ചിത്രങ്ങളുടെ ചടുലതയോ എൻഗേജിംഗ് സ്വഭാവമോ 'മലൈക്കോട്ടൈ വാലിബനിൽ' കണ്ടെത്താനാവില്ല. തിയേറ്ററിൽ ഓളം സൃഷ്ടിക്കാൻ കെൽപ്പുള്ള 'അഡ്രിനാലിൻ റഷ്' മൊമന്റുകളും 'വാലിബനിൽ' ഇല്ല. 

പി എസ് റഫീക്കും ലിജോയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങളും ഒർജിനൽ സ്കോറും ഒരുക്കിയത്  പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫാണ് എഡിറ്റിംഗ്. റോണക്സ് സേവ്യറിന്റെ മേക്കപ്പും മികവു പുലർത്തുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള  ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, സെഞ്ച്വറി ഫിലിംസ്, മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 

Read More Film Reviews Here

Mohanlal Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: