scorecardresearch

Neru Review: പരാജയങ്ങളെയെല്ലാം എഴുതിത്തള്ളുന്ന വിജയം; 'നേര്' റിവ്യൂ

Neru Movie Review: 'ദൃശ്യം' എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫും മോഹൻലാലും സൃഷ്ടിച്ച മാജിക്  വീണ്ടും ആവർത്തിക്കുമെന്ന ശുഭസൂചനയാണ് നേരും നൽകുന്നത്.

Neru Movie Review: 'ദൃശ്യം' എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫും മോഹൻലാലും സൃഷ്ടിച്ച മാജിക്  വീണ്ടും ആവർത്തിക്കുമെന്ന ശുഭസൂചനയാണ് നേരും നൽകുന്നത്.

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Neru Movie Review | Mohanlal

Neru Movie Review

Neru Malayalam Film Review and Rating: 'പരാജയ'ങ്ങളെയെല്ലാം ഒരൊറ്റ വിജയം കൊണ്ട് എഴുതിതള്ളാനാവുന്ന മാജിക്കുണ്ട് സിനിമയ്ക്ക്. അത്തരമൊരു മാജിക്കൽ കാഴ്ചയിലേക്കാണ്  മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം നേര് പ്രേക്ഷകരെ ക്ഷണിക്കുന്നത്. 'ദൃശ്യം' എന്ന ചിത്രത്തിലൂടെ ജീത്തു ജോസഫും മോഹൻലാലും സൃഷ്ടിച്ച മാജിക്  വീണ്ടും ആവർത്തിക്കുമെന്ന ശുഭസൂചനയാണ് നേരും നൽകുന്നത് 

Advertisment

ദൃശ്യം പോലൊരു സസ്പെൻസ് ത്രില്ലറല്ല നേര്, ഏറെ വൈകാരികമായ മുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കോർട്ട് റൂം ഡ്രാമയാണ്.  അമിതമായ ട്വിസ്റ്റുകളോ ഹീറോ പരിവേഷമുള്ള മുഹൂർത്തങ്ങളോ ഇല്ലെങ്കിലും പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കാനും രസിപ്പിക്കാനും നേരിനു കഴിയുന്നുണ്ട്. സിനിമയുടെ തലക്കെട്ടിനോട് അങ്ങേയറ്റം നീതി പുലർത്തുന്ന ചിത്രമാണ് നേര് എന്നു പറയാം. പകൽ പോലെ വ്യക്തമായ നേരിനെ മൂടിയ എല്ലാ ഇരുട്ടുകളെയും വകഞ്ഞുമാറ്റി സത്യത്തെ പുറത്തെടുക്കുകയാണ് ചിത്രം. 

സാറ എന്ന പെൺകുട്ടി ഒരു ദിവസം അജ്ഞാതനായ ഒരു ചെറുപ്പക്കാരനാൽ റേപ്പ് ചെയ്യപ്പെടുകയാണ്. ദൃക്സാക്ഷികളൊന്നുമില്ലാത്ത ആ കേസിൽ പ്രതിയിലേക്കു നയിക്കുന്ന നിർണായകമായ സൂചന നൽകുന്നത് സാറ തന്നെയാണ്. സംശയാസ്പദമായ സാഹചര്യം പരിഗണിച്ച് ആ ചെറുപ്പക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്നാൽ ഇവിടെ പ്രതി നിസ്സാരക്കാരനല്ല, സ്വാധീനമുള്ളയാളാണ്.  മൈക്കിളിനെ രക്ഷിച്ചെടുക്കാനായി  പേരുകേട്ട വക്കീൽ തന്നെ എത്തുന്നു. സാറയുടെ കേസ് ആര് ഏറ്റെടുക്കും? എന്നത് ചോദ്യചിഹ്നമാവുന്നിടത്തേക്കാണ് അഡ്വക്കേറ്റ്  വിജയമോഹൻ എത്തുന്നത്. നീതി തേടിയുള്ള സാറയുടെയും അഡ്വക്കേറ്റ്  വിജയമോഹൻ്റെയും ശ്രമകരമായ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്. 

ആത്മവിശ്വാസം നഷ്ടപ്പെട്ട, താൻ ഈ ജോലിയ്ക്ക് ഫിറ്റല്ലെന്നു വിശ്വസിച്ച് ഒതുങ്ങികൂടി കഴിയുന്ന വിജയമോഹനിൽ നിന്നും സത്യം തെളിയിക്കാനായി സാധ്യമായ എല്ലാ വഴികളിലൂടെയും സഞ്ചരിക്കുന്ന മിടുക്കൻ അഭിഭാഷകനായി മോഹൻലാൽ കത്തികയറുകയാണ്. മിതത്വത്തോടെയും വളരെ കൺവീൻസിംഗായുമാണ് മോഹൻലാലിന്റെ  കഥാപാത്രത്തിന്റെ നിർമിതി.  ഇതുവരെ കാണാത്തൊരു മോഹൻലാലിനെ കൂടിയാണ് നേര് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.  

ചിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മറ്റൊരാൾ അനശ്വര രാജനാണ്. കാഴ്ചപരിമിതിയുള്ള ഒരു പെൺകുട്ടിയുടെ നിസ്സഹായാവസ്ഥകളും കടന്നുപോവുന്ന ഇമോഷൻസും അവളിലെ പോരാട്ടവീര്യവുമൊക്കെ മനോഹരമായി തന്നെ അനശ്വര പോർട്രൈ ചെയ്തിട്ടുണ്ട്. അനശ്വരയുടെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിൽ ഒന്നാണ് നേരിലെ സാറ. എതിർഭാഗം വക്കീലായി എത്തുന്ന സിദ്ദിഖാണ് പ്രകടനം കൊണ്ട് ശ്രദ്ധ കവരുന്ന മറ്റൊരാൾ. പ്രേക്ഷകർക്ക് അങ്ങേയറ്റം ദേഷ്യവും വെറുപ്പും തോന്നുന്ന രീതിയിൽ ഒരു ക്രൂക്കഡ് വക്കീലായി അഴിഞ്ഞാടുകയാണ് സിദ്ദിഖ്. ജഗദീഷ്, ശ്രീധന്യ, പ്രിയാമണി, ശാന്തി മായാദേവി, ഗണേഷ് കുമാർ തുടങ്ങി ചിത്രത്തിലെ മറ്റു അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.  

എന്താണ് സാറയ്ക്ക് സംഭവിച്ചത്? ആരാണ് പ്രതി? ആരുടെ ഭാഗത്താണ് നീതി? എന്നൊക്കെ കൃത്യമായി സിനിമയുടെ തുടക്കത്തിൽ തന്നെ വ്യക്തമാക്കി കൊണ്ടാണ് ജീത്തു ജോസഫും സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. പകൽ പോലെ തെളിച്ചമുള്ള സത്യത്തെ, ക്രിമിനൽ ബുദ്ധിയുള്ള രാജശേഖരന്റെ വാദങ്ങളെയും പ്രതിയുടെ സ്വാധീനത്തെയും മറികടന്ന് വിജയമോഹൻ എങ്ങനെ കോടതിയ്ക്കു മുന്നിൽ തെളിയിക്കും എന്നിടത്താണ് ചിത്രത്തിന്റെ എസെൻസ് കിടക്കുന്നത്. 

കോർട്ട് റൂം ഡ്രാമകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബോറടിപ്പിക്കാതെ പ്രേക്ഷകരെ  പിടിച്ചിരുത്തുക  എന്നതാണ്. ആ ഉദ്യമത്തിൽ ജീത്തു ജോസഫ് വിജയിച്ചിട്ടുണ്ടെന്നു വേണം പറയാൻ. അങ്ങേയറ്റം ഉദ്വേഗജനകമായി തന്നെയാണ് കഥയുടെ  മുന്നോട്ടുപോക്ക്. പരമാവധി റിയലിസ്റ്റിക്കായി കോടതി മുറി പ്രൊസീജിയറുകളെ അവതരിപ്പിക്കുമ്പോഴും ചിത്രത്തിന്റെ സിനിമാറ്റിക് കാഴ്ചയ്ക്കു വേണ്ട ചേരുവകളുടെ കാര്യത്തിൽ ജീത്തു ജോസഫ് കോംപ്രമൈസ് ചെയ്യുന്നില്ല. കഥാഗതിയിൽ കല്ലുകടിയാവാത്ത രീതിയിൽ ചില ഔട്ട് ഓഫ് ബോക്സ് ആശയങ്ങളും സിനിമാറ്റിക് ചേരുവകളുമെല്ലാം ബ്രില്ല്യന്റായി ചിത്രത്തിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. 

തിരക്കഥയിലും അഭിനേതാക്കളുടെ പ്രകടനത്തിലും മാത്രമല്ല സാങ്കേതിക വശങ്ങളിലും നേരു മികവു പുലർത്തുന്നുണ്ട്. സതീഷ് കുറുപ്പാണ്  ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വി എസ് വിനായകനും സംഗീതം വിഷ്ണു ശ്യാമും നിർവഹിച്ചിരിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നേര് നിർമ്മിച്ചിരിക്കുന്നത്. 

സ്ത്രീകൾക്കെതിരെയായ അതിക്രമത്തെ കുറിച്ചു സംസാരിക്കുന്ന ചിത്രത്തിന്റെ തിരക്കഥാരചനയിൽ ഒരു സ്ത്രീ പങ്കാളിയാവുന്നതിന്റേതായ ഒരു ഫ്രഷ്നെസ്സും നേരിൽ കാണാം.  കാരണം തെളിച്ചമുള്ള ചില കാഴ്ചകളും ആശയങ്ങളും കൂടിയാണ് നേര് മുന്നോട്ടുവയ്ക്കുന്നത്. കോടതിമുറികളിൽ വാദപ്രതിവാദങ്ങൾക്കിടയിൽ പീഡനത്തിനിരയായ സ്ത്രീകളും അവരുടെ കുടുംബവുമൊക്കെ എങ്ങനെയൊക്കെയാണ് അപമാനിക്കപ്പെടുന്നത്, സമൂഹം അവരെ എങ്ങനെയാണ് വിചാര ചെയ്യുന്നത് തുടങ്ങിയ ചില യാഥാർത്ഥ്യങ്ങളിലേക്ക് കൂടിയാണ് നേര് ക്യാമറ തിരിക്കുന്നത്. വിതുര പെൺകുട്ടിയെന്നും സൂര്യനെല്ലി പെൺകുട്ടിയെന്നുമൊക്കെ വെറും സ്ഥലപേരുകളായി മാത്രം നമ്മുടെ ചരിത്രത്തിൽ ജീവിക്കുന്ന, മുഖം നഷ്ടപ്പെട്ട എത്രയോ പെൺകുട്ടികൾക്കൊപ്പം കൂടി ചേർന്നുനിന്നാണ് 'നേര്' അതിന്റെ കഥ പറയുന്നത്. 

Read Here

Mohanlal Review Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: