scorecardresearch

കൂടത്തായിയിലെ ഫോക്കസ് ജോളിയില്‍ നിന്നും രഞ്ജിയിലേക്കെത്തുമ്പോള്‍: Curry and Cyanide movie review

ഈ ഡോക്യുമെന്ററിയുടെ ചരിത്രപരമായ സംഭാവന നേരത്തെ രഞ്ജി എന്ന സ്ത്രീയെ പറ്റിയുള്ള അടയാളപ്പെടുത്തലാണ്. രഞ്ജിയിലൂടെ ചിത്രം ആ കുടുംബവുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്നു

ഈ ഡോക്യുമെന്ററിയുടെ ചരിത്രപരമായ സംഭാവന നേരത്തെ രഞ്ജി എന്ന സ്ത്രീയെ പറ്റിയുള്ള അടയാളപ്പെടുത്തലാണ്. രഞ്ജിയിലൂടെ ചിത്രം ആ കുടുംബവുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്നു

author-image
Aparna Prasanthi
New Update
Curry and Cyanide

Curry and Cyanide movie review

Film Review: തന്‍റെ കുടുംബത്തിൽ നടന്ന ആറു മരണങ്ങളിലെ ദുരൂഹതകളും സംശയങ്ങളും നീക്കാൻ പോരാടുന്ന ഒരു സ്ത്രീയുടെ ജീവിതം- കൂടത്തായി കേസിന്‍റെ ഇത് വരെ ആരും സംസാരിക്കാത്ത ഈ വശത്തെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഒറിജിനൽ ഡോക്യുമെന്ററി 'കറി ആൻഡ് സൈനേഡ്- ദി ജോളി ജോസഫ് കേസ്.' സംസാരിച്ചു കേട്ട ജോളിയുടെ കഥകൾ മാത്രം ആഘോഷിച്ച സമൂഹത്തിനു മുന്നിൽ രഞ്ജി വിത്സൻ എന്ന സ്ത്രീയെ തുറന്നു കാട്ടുകയാണ് സംവിധായകൻ ക്രിസ്റ്റോ ടോമി. തന്‍റെ അമ്മയുടെയും അച്ഛന്‍റെയും ജോളിയുടെ ആദ്യ ഭർത്താവായ റോയിയുടെയും അടക്കം ആറു പേരുടെ മരണത്തിനു പിന്നിലുണ്ടെന്ന് അവർക്ക് തോന്നിയ, അനുഭവപ്പെട്ട, ദുരൂഹതയാണ് കൂടത്തായി സംഭവമായി ലോകത്തെ തന്നെ ഞെട്ടിച്ച ക്രൂരതയായി ചുരുളഴിയുന്നത്.

Advertisment

സ്തോഭജനകമായ അവതരണം, ത്രില്ലർ മോഡില്ലുള്ള നിർമിതി, ചില്ലിംഗ് ആയ രീതിയിൽ കഥ കാണികളിലേക്ക് എത്തിക്കുന്ന പാറ്റേൺ തുടങ്ങി അടിമുടി സിനിമാറ്റിക് ആണ് 'കറി ആൻഡ് സൈനൈഡ്.' നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററികള്‍ക്ക് പൊതുവേയുള്ള റിയലിസ്റ്റിക് സ്വഭാവം 'കറി ആൻഡ് സൈനൈഡിനു' ഒട്ടുമില്ല. ചില രംഗങ്ങളുടെ ഒക്കെ റി-ക്രീയേഷൻ വളരെയധികം നാടകീയത നിറഞ്ഞതായിരുന്നു. വളരെ ഏകാതാനമായി സംഭവങ്ങൾ പറയുകയും നരേറ്റ് ചെയ്യുകയും ചെയ്യുന്ന ഡോക്യുമെന്ററിയുടെ സ്ഥിരം ശൈലിയിൽ നിന്ന് പൂർണമായ മാറി നടത്തം ഇവിടെ കാണാം. പശ്ചാത്തല സംഗീതം മുതൽ കളർ പാലറ്റുകൾ വരെ സിനിമാറ്റിക് ആയി തോന്നി. സംഭവങ്ങളുടെ തീവ്രതയും വൈചിത്ര്യവും കൊണ്ട് അതൊരു ഏച്ചുകേട്ടൽ ആയി ഒരിടത്തും തോന്നിയില്ല. ഇന്ത്യ ടുഡേ ഒറിജിനൽസ് ആണ് കറി 'ആൻഡ് സൈനൈഡിന്‍റെ' നിർമാതാക്കൾ. അത് കൊണ്ടാവാം അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്‍റെ സ്വഭാവവും ഇടക്ക് ഡോക്യുമെന്ററിക്ക് വന്നു ചേരുന്നുണ്ട്.

സ്തോഭജനകമായ അവതരണം കൊണ്ട് സംഭവത്തിൽ നിന്ന് മാറി നിൽക്കുന്നില്ല ചിത്രം ഒരിക്കലും. സ്വന്തം ഭർത്താവിനെയും അയാളുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും വിവാഹം കഴിക്കാൻ ആഗ്രഹിച്ച ആളുടെ ഭാര്യയെയും രണ്ട് വയസുള്ള കുഞ്ഞിനേയും ജോളി എന്ന വീട്ടമ്മ കൃത്യമായ ഇടവേളകളിൽ സൈനേഡ് പല രീതിയിൽ നൽകി കൊന്ന സംഭവമാണ് കൂടത്തായി കൊലപാതക പരമ്പര. സ്വത്ത്‌, അധികാരം തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങൾ. തൊഴിൽ, വിദ്യാഭ്യാസ പരമായ കബളിപ്പിക്കലുകൾ അടക്കം നിരവധി കുറ്റ കൃത്യങ്ങൾ വേറെയും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. 

മരിച്ചവർക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ

കട്ടപ്പനയിലെ കർഷക കുടുംബത്തിൽ ജനിച്ചു പ്രീഡിഗ്രി വരെ പഠിച്ച ഒരു സാധാരണ വീട്ടമ്മ നടത്തിയ അനിതര സാധാരണമായ കുറ്റകൃത്യങ്ങളുടെ പരമ്പര ഞെട്ടലുണ്ടാക്കുന്നതാണ്. ഈ ഞെട്ടലിനെ അതേ പോലെ കാണികളിലെത്തിക്കുന്നുണ്ട് 'കറി ആൻഡ് സൈനേഡ്.' പക്ഷേ വിഷയത്തെ പല അടരുകളായി തിരിച്ച്, സംഭവത്തിന്‍റെ തുടക്കം, പരിണാമം, നാൾവഴികൾ തുടങ്ങി മനഃശാസ്ത്ര പരമായ വിശകലനം വരെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ നടത്തിയിട്ടുണ്ട്. ഡിഫെൻസ് വക്കീൽ ആയ ബി ആളൂരിന്‍റെ വിശദീകരണത്തിനും ഡോക്യുമെന്ററി ഇടം കൊടുത്തിട്ടുണ്ട്. കുറ്റം, ശിക്ഷ, അമിതാവേശം, വിചാരണ, വിധിയെഴുതൽ തുടങ്ങിയ ഈ കേസിൽ ആദ്യം മുതൽ ഉണ്ടായിരുന്ന വശങ്ങളെയൊക്കെ 'കറി ആൻഡ് സൈനേഡ്' മുഴുവനായി ഉപേക്ഷിക്കുന്നുണ്ട്. ഇതിൽ ജോളിയെ എതിർക്കുന്നവർ പോലും സംസാരിക്കുന്ന രീതി അത്തരത്തിൽ ഉള്ളതാണ്.

Advertisment

ഡോക്യുമെന്ററിയുടെ ചരിത്രപരമായ സംഭാവന നേരത്തെ പറഞ്ഞത് പോലെ രഞ്ജി എന്ന സ്ത്രീയെ പറ്റിയുള്ള അടയാളപ്പെടുത്തലാണ്. വളരെ അശ്രദ്ധമായി വിട്ടു കളയാവുന്ന വ്യക്ത്യനുഭവങ്ങൾ, ഓർമകൾ, തോന്നലുകൾ, നിരീക്ഷണങ്ങൾ, മുറിവുകൾ, ഇന്‍റ്റ്യൂഷൻ എന്നൊക്കെ പറയാവുന്ന തോന്നലുകൾ ഒക്കെയാണ് രഞ്ജിയെ ഈ സംഭവങ്ങൾക്ക് പുറകെ നയിച്ചത്. 'ഇരുട്ടത്തു ചെയ്യുന്നതൊക്കെ പുരമുകളിൽ പ്രോഘോഷിക്കപ്പെടും' എന്ന ബൈബിൾ വചനമാണ് ഒന്നര പതിറ്റാണ്ട് പഴക്കമുള്ള സ്വന്തം അമ്മയുടെ മരണം വരെ കൊലപാതകമാണെന്ന തിരിച്ചറിവിലേക്കുള്ള യാത്രയുടെ തുടക്കത്തിൽ അവരെ നയിക്കുന്നത്. 

'മരിച്ചവർക്ക് വേണ്ടി സംസാരിക്കാനും ആരെങ്കിലും വേണ്ടേ' എന്നു മറ്റൊരു നിർണായക സാഹചര്യത്തിൽ അവർ പറയുന്നുണ്ട്. തന്‍റെ അമ്മയെയും അച്ഛനെയും സഹോദരനെയും ഏറ്റവും അടുപ്പമുണ്ടായിരുന്ന അമ്മാവനെയും വരെ കൊന്ന ജോളിയെ ജയിലിൽ പോയി കണ്ട സന്ദർഭത്തെ കുറിച്ച് അവർ പറയുന്നുണ്ട്. പകയോ വെറുപ്പോ അല്ല, പശ്ചാത്താപം, പാപം, പൊറുക്കപ്പെടൽ തുടങ്ങി മനുഷ്യ സാധ്യമാണോ എന്ന് പല സമയത്തും തോന്നുന്ന തലങ്ങളെ കുറിച്ചാണ് അവർ സംസാരിച്ചവസാനിപ്പിക്കുന്നത്. ഡോക്യുമെന്ററിക്ക് കാണികളുമായി വൈകാരിക കണക്റ്റ് ഉണ്ടാക്കുന്ന ഘടകം ഇതാണ്. രഞ്ജിയിലൂടെ ചിത്രം ആ കുടുംബവുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുന്നു. കൂടത്തായി സംഭവം ജോളിയുടെ കുറ്റകൃത്യങ്ങളുടെയും അവരാൽ കൊല ചെയ്യപ്പെട്ടവരുടെയും മാത്രമല്ല രഞ്ജിയുടെ ഉറച്ച പോരാട്ടങ്ങളുടേത് കൂടിയാണെന്ന് അടയാളപ്പെടുത്തുന്നതാണ് 'കറി  ആൻഡ് സൈനേഡി'ന്‍റെ ചരിത്ര പ്രസക്തി.

Read Here

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: