scorecardresearch

'മലൈക്കോട്ടൈ വാലിബനിൽ' ഒരു സംഭവമേയുള്ളൂ, മോഹൻലാൽ; സിനിമ കഴിയുമ്പോൾ ബാക്കിയാവുന്നതും അദ്ദേഹമാണ്

63 വയസ്സിലും അസാധാരണമായ മെയ് വഴക്കത്തോടെ, അതിനേക്കാൾ പാഷനോടെ, ഇത്തരത്തിൽ കായികബലം വേണ്ട ഒരു റോൾ ഏറ്റെടുത്ത് ഭംഗിയാക്കുക എന്നത് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ നിലവിലുള്ള സൂപ്പർതാരങ്ങളിൽ ഒരുപക്ഷേ മോഹൻലാലിന് മാത്രമാവും, ഇത്രയും ട്രൂത്ത്ഫുൾ ആയി ചെയ്യാൻ സാധിക്കുക.

63 വയസ്സിലും അസാധാരണമായ മെയ് വഴക്കത്തോടെ, അതിനേക്കാൾ പാഷനോടെ, ഇത്തരത്തിൽ കായികബലം വേണ്ട ഒരു റോൾ ഏറ്റെടുത്ത് ഭംഗിയാക്കുക എന്നത് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ നിലവിലുള്ള സൂപ്പർതാരങ്ങളിൽ ഒരുപക്ഷേ മോഹൻലാലിന് മാത്രമാവും, ഇത്രയും ട്രൂത്ത്ഫുൾ ആയി ചെയ്യാൻ സാധിക്കുക.

author-image
Aparna Prasanthi
New Update
Malaikkottai Aparna

ഇടക്ക് ഭ്രമിപ്പിക്കുന്ന കാഴ്ചകൾ കൊണ്ടും മറ്റ് ചിലപ്പോൾ മടുപ്പിക്കുന്ന താളം കൊണ്ടും അത്ഭുതപ്പെടുത്തുന്ന ഒരു സിനിമ... അതിനെ മുഴുവൻ സമയവും ഒരു യോദ്ധാവിനെ പോലെ താങ്ങുന്ന മോഹൻലാൽ... 'മലൈക്കോട്ടൈ വാലിബൻ' കണ്ടിറങ്ങിയപ്പോൾ ബാക്കിയായത് ഇതാണ്. 

Advertisment

മോഹൻലാലിന്റെ (Mohanlal) സിനിമകൾക്ക് കഴിഞ്ഞ കുറേ കാലമായി ഒരു ആശയക്കുഴപ്പമുള്ളതായി തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ താരപ്പൊലിമയെ പരമാവധി ആഘോഷിക്കണോ, ഒരു നടൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനിതര സാധാരണമായ കഴിവ് ഉപയോഗപ്പെടുത്തണോ എന്ന് പലപ്പോഴും സംവിധായകരും തിരക്കഥാകൃത്തുക്കളും വളരെ കാര്യമായി തന്നെ ചിന്തിക്കുന്നത് സിനിമകളിൽ പ്രതിഫലിച്ചു കാണാം. ആ ചിന്തയുടെ ഭാരം പ്രേക്ഷകരും ഓരോ ഫ്രേമിലും അനുഭവിക്കും. മാജിക്കൽ റിയലിസം മുതൽ ലിജോ ജോസ് പെല്ലിശ്ശേരി പുലർത്തുന്ന എല്ലാ വ്യതിരിക്തകൾക്കും അപ്പുറം 'മലൈക്കോട്ടൈ വാലിബനിൽ' അദ്ദേഹവും തുടക്കം മുതൽ ഒടുക്കം വരേ ഇതേ ആശയക്കുഴപ്പം പേറുന്നുണ്ട്.

'മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന', 'ഇൻട്രോ സീനിൽ തീയറ്റർ കുലുങ്ങുന്ന' ലിജോ ജോസ് പെല്ലിശ്ശേരി ഇത് വരേ ചെയ്യാത്ത മാസ്സ് ഒന്നും ഒരിടത്തും 'മലൈക്കോട്ടൈ വാലിബനിൽ' ഇല്ല. അത്തരമൊരു പ്രതീക്ഷ ടിനു പാപ്പച്ചൻ അടക്കമുള്ള അണിയറ പ്രവർത്തകർ പല ഘട്ടങ്ങളിലായി നൽകിയ വാഗ്ദാനങ്ങളായിരുന്നു. ആ വാഗ്ദാനങ്ങളുടെ ലംഘനങ്ങളിൽ അണപൊട്ടിയോഴുകുന്ന മോഹൻലാൽ മാസ് ആരാധകരുടെ ധാർമിക രോഷമാണ് സിനിമയുടെ ആദ്യ പ്രതികരണമായി ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

ഇനി സിനിമയിലേക്ക് വന്നാൽ 'മലൈക്കോട്ടൈ വാലിബൻ' പിന്തുടരുന്നത് അമേച്വർ നാടകങ്ങളുടെ ചില പരീക്ഷണ രീതികളാണ്. പ്രേക്ഷകരെ രസിപ്പിക്കുക എന്നതിനപ്പുറം അവ്യവസ്ഥാപിതമായ രംഗപരീക്ഷണങ്ങൾ കൊണ്ടും ദൃശ്യഭാഷ കൊണ്ടും കാണികളെ അത്ഭുതപ്പെടുത്തുകയാണ് പ്രാഥമികമായി ഇത്തരം പരീക്ഷണങ്ങൾ ചെയ്യാറുള്ളത്. അത്തരം പരീക്ഷണങ്ങളുടെ സ്ക്രീനിലെ തുടർച്ചയായി തോന്നും 'മലൈക്കോട്ടൈ വാലിബൻ.' സിനിമയാണോ നാടകമാണോ എന്ന് തിരിച്ചറിയുന്നില്ല എന്ന വിമർശനത്തിന്റെ പല കാരണങ്ങളിൽ ഒന്ന് ഇതാണ്. നാടകത്തിന്റെ രംഗസജ്ജീകാരണങ്ങൾ, വെളിച്ച വിന്യാസം, സംഭാഷണങ്ങളിലെ പേസ് ഒക്കെ 'മലൈക്കോട്ടൈ വാലിബനിൽ' കണ്ടു. 'മലൈക്കോട്ടൈ വാലിബൻ' എന്ന പേര് മുതൽ എല്ലാത്തിനും നാടകത്തിന്റെ വളരെ പ്രകടമായ സ്വാധീനമുണ്ട്.

Advertisment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നായകൻ' മുതൽ 'നൻപകൽ നേരത്ത് മയക്കം' വരെയുള്ള ചിത്രങ്ങളിൽ സിനിമയുടെ സൗന്ദര്യശാസ്ത്രത്തെ പല നിലക്ക് ആവിഷ്‌കരിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആ സിനിമകളിൽ പൊതുവെ ഉണ്ടായിരുന്ന ആദിമധ്യാന്ത പൊരുത്തം പക്ഷേ 'മലൈക്കോട്ടൈ വാലിബനിൽ' ഒട്ടുമില്ല. തിരക്കഥയിൽ, കഥയുടെ മുന്നോട്ടുള്ള പോക്കിൽ, ഈ പൊരുത്തത്തിന്റെ അഭാവം തെളിഞ്ഞു കാണാം. 'നൻപകൽ നേരത്ത് മയക്കം' വരെ ഉണ്ടായിരുന്ന യുക്തിഭദ്രതയുടെ അഭാവമാണ് 'മലൈക്കോട്ടൈ വാലിബനെ' മറ്റൊരു വിഭാഗം പ്രേക്ഷകരിൽ നിന്നകറ്റുന്നത്.

ഒരു മല്ലന്റെ ട്രാവലോഗ്

സിനിമ കണ്ണ് കൊണ്ടും ആത്മാവ് കൊണ്ടും കാണാം എന്ന് പറയാറുണ്ട്. മധു നീലകണ്ഠന്റെ ക്യാമറ, സിനിമയുടെ ആർട്ട് വർക്ക്‌, ഫ്രെയിം ടു ഫ്രെയിം ഉള്ള കളർ പാലറ്റ് ഒക്കെ കാണാൻ രസമുണ്ട്. ഈസ്തെറ്റിക്കൽ പെർഫെക്ഷൻ എന്നൊക്കെ പറയാവുന്ന കാഴ്ചാനുഭവം പലപ്പോഴും ഇത് തരുന്നുണ്ട്. സിനിമയുടെ താളത്തിനനുസരിച്ചു ക്യാമറ സഞ്ചരിക്കുക എന്ന ലിജോ ജോസ് പെല്ലിശ്ശേരി പാറ്റെണും ഇവിടെ മുറിഞ്ഞു പോകുന്നു.

ആത്മാവ് കൊണ്ട് കാണുക എന്നത് പലപ്പോഴും സിനിമ നൽകുന്ന കൺടെന്റിനെ മുൻനിർത്തി കിട്ടുന്ന അനുഭവമാണ്. മാജിക്കൽ റിയലിസം ഒഴിച്ച് നിർത്തിയാൽ, ലിജോ ജോസ് പെല്ലിശ്ശേരി നൽകുന്ന രീതിയിലുള്ള കണ്ടന്റ് അല്ല ഈ സിനിമയുടേത്. അമർചിത്ര കഥ രീതി എന്നൊക്കെ പല സമയത്തും പറയാം. മനുഷ്യന്റെ അതീത ജീവിതം മുതൽ മറ്റ് പല അദ്ദേഹത്തിന്റെ പതിവ് കണ്ടന്റുകളിലും 'വാലിബൻ' നിൽക്കുന്നില്ല. ആദി മധ്യാന്തപൊരുത്തം ഇല്ലാത്തത് കൊണ്ട് തന്നെ ഇതിൽ ഉള്ള കണ്ടന്റ് ഡീകോഡ് ചെയ്യൽ ശ്രമകരമാണ്... സമകാലികമായ സിനിമാകാഴ്ചകളുടെ പരിധിയിൽ അത് നിൽക്കുന്നില്ല. പോർച്ചുഗൽ അധീന കാലത്തെ ദക്ഷിണേന്ത്യയിലെ ഒരു മല്ലന്റെ ട്രാവലോഗ് ആണ് സിനിമ. പക്ഷെ ആ യാത്രയിൽ തുടക്കമോ ഒടുക്കമോ വ്യക്തമായി അടയാളപ്പെടുത്തുന്നില്ല.

എന്തായാലും 'മലൈക്കോട്ടൈ വാലിബൻ' സംഭവിക്കാൻ ഒരു കാരണമേ ഉള്ളൂ... അത് മോഹൻലാൽ ആണ്... സിനിമ കഴിയുമ്പോൾ ബാക്കിയാവുന്നതും അദ്ദേഹമാണ്. പല നിലക്കുള്ള ആശയക്കുഴപ്പത്തിൽ നിൽക്കുന്ന സിനിമയെ, താരമായും നടനായും, കൊണ്ട് പോകുന്നത് അദ്ദേഹം മാത്രമാണ്. കരിയറിൽ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലാത്ത കാലത്തും, സൂപ്പർ താരമായി, ഏറ്റവും ഇനീഷ്യൽ കളക്ഷൻ കിട്ടുന്ന നടനായി നിൽക്കുമ്പോഴും, ശരീരം കൊണ്ട് ഇനിയെന്തൊക്കെ സാധ്യതകൾ സ്‌ക്രീനിൽ ഉപയോഗപ്പെടുത്താം എന്നദ്ദേഹം കാണിച്ചു തരുന്നു. അത് എളുപ്പമായ ഒന്നല്ല... അദ്ദേഹത്തിന്റെ സമകാലികർ ആ സാധ്യതയെ പാടേ നിരാകരിച്ചും, ചിലപ്പോൾ സാങ്കേതിക വിദ്യകളെയും, ഡ്യൂപ്, ബോഡി ഡബിള് പോലെയുള്ള മറ്റു സൗകര്യങ്ങളെയും ആശ്രയിച്ചാണ് ഈ കാലഘട്ടത്തിൽ കടന്നു പോകുന്നത്. 

63 വയസ്സിലും അസാധാരണമായ മെയ് വഴക്കത്തോടെ, അതിനേക്കാൾ പാഷനോടെ, ഇത്തരത്തിൽ കായികബലം വേണ്ട ഒരു റോൾ ഏറ്റെടുത്ത് ഭംഗിയാക്കുക എന്നത് ഇന്ത്യൻ സിനിമയിൽ ഇപ്പോൾ നിലവിലുള്ള സൂപ്പർതാരങ്ങളിൽ ഒരുപക്ഷേ മോഹൻലാലിന് മാത്രമാവും, ഇത്രയും ട്രൂത്ത്ഫുൾ ആയി ചെയ്യാൻ സാധിക്കുക. 'ഒടിയൻ' മുതൽ കണ്ടു വന്ന മുഖാഭിനയത്തിന്റെ പരിമിതികളേയും അദ്ദേഹം ഇവിടെ പലയിടങ്ങളിലും മറികടക്കുന്നതായി കാണാം. 'സ്റ്റാർഡം' എന്നത് മാത്രമല്ല മോഹൻലാലിന്റെ യു എസ് പി എന്ന് അദ്ദേഹം ഒന്ന് കൂടി അടിവരയിടുകയാണ് ഇവിടെ.

അങ്ങനെ 'മലൈക്കോട്ടൈ വാലിബൻ' ആശയക്കുഴപ്പങ്ങളോടെ അവസാനിക്കുമ്പോഴും അവിടെ ഞെട്ടിക്കുന്ന വിധത്തിൽ ബാക്കിയാവുന്നുണ്ട് മോഹൻലാൽ... കഥ തീരുമ്പോൾ നായകൻ ബാക്കിയാവുന്ന പോലെ...

Read Here

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: