/indian-express-malayalam/media/media_files/rDi2SnE2SYZoa746dWaY.jpg)
Perilloor Premier League Review
Perilloor Premier League Review: ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ ക്യാരക്ടർ ഡീറ്റെയിലിംഗിനും ഫ്ളാഷ്ബാക്ക് സീനുകൾക്കും പശ്ചാത്തല കഥകൾക്കുമൊക്കെ വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും, സിനിമയെ രണ്ടര - മൂന്നു മണിക്കൂർ എന്ന സമയപരിധിയിലേക്ക് ഒതുക്കുമ്പോൾ സംവിധായകരും തിരക്കഥാകൃത്തുകളുമൊക്കെ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. എഡിറ്റിംഗ് ടേബിളിൽ വച്ച് മനസ്സില്ലാ മനസ്സോടെ കട്ട് ചെയ്തു മാറ്റേണ്ടി വന്ന രംഗങ്ങളെ കുറിച്ച് പിന്നീട് പല സിനിമാസംവിധായകരും വിഷമത്തോടെ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്.
സിനിമകളെ വച്ചു നോക്കുമ്പോൾ, ഈ സമയപരിധിയില്ല എന്നതു തന്നെയാണ് വെബ് സീരിസുകളുടെ ഏറ്റവും പ്രധാന ആകർഷണം. വലിയൊരു കാൻവാസിലേക്ക് കഥാപാത്രങ്ങളെയും കഥാപശ്ചാത്തലത്തെയും പ്ലെയ്സ് ചെയ്യാൻ തിരക്കഥാകൃത്തുകൾക്ക് അവസരം ലഭിക്കുകയാണ്. വെബ് സീരീസുകളുടെ ആ വിശാലമായ സാധ്യതയെ, ഒടിടി എന്ന പ്ലാറ്റ്‌ഫോമിനെ, രസകരമായും ബുദ്ധിപൂർവ്വവും ഉപയോഗപ്പെടുത്തുകയാണ് പ്രവീൺ ചന്ദ്രൻ സംവിധാനം ചെയ്ത 'പേരില്ലൂർ പ്രീമിയം ലീഗ്'. വെറുതെ നീട്ടിപ്പരത്തി പറഞ്ഞുപോവുകയല്ല, രസച്ചരടു മുറിക്കാതെ ഒരു ദേശത്തിന്റെ കഥ ഏറെ ഹൃദ്യമായി തന്നെ പറയുന്നുണ്ട് ഈ സീരിസ്.
പേര് സൂചിപ്പിക്കും പോലെ, പേരില്ലൂർ എന്ന ഗ്രാമത്തിന്റെയും അവിടെയുള്ള 'കാൽ പിരി/ അര പിരി/ മുക്കാൽ പിരി/ മുഴുപിരി' ലൂസായ ഒരു പറ്റം മനുഷ്യരുടെയും കഥയാണ് പേരില്ലൂർ പ്രീമിയം ലീഗ് പറയുന്നത്. ആകാശ പറമ്പിന്റെയും പാതാളക്കുഴിയുടെയും നടുവിലുള്ള പേരില്ലൂർ. ഫ്ളക്സ് പ്രിന്റിംഗും ഓൺലൈനുമൊക്കെ എത്തിതുടങ്ങിയെങ്കിലും ഇപ്പോഴും പേരില്ലൂരിലേക്ക് ബസ് സൗകര്യമൊന്നുമില്ല. വണ്ടികളുടെ നമ്പർ പ്ലേറ്റുകളിൽ 'പിഎൽ' എന്നു തെളിഞ്ഞു നിൽക്കുന്ന ഒരു സാങ്കൽപ്പിക ഗ്രാമം.
അധികാരത്തോടും അഴിമതിയോടും ആർത്തിയുള്ള, വർഷങ്ങളായി പേരില്ലൂരിൽ ഭരണം തുടരുന്ന, ഭരണം നിലനിർത്താനായി ഏതറ്റം വരെയും പോവുന്ന പീതാംബരൻ മാസ്റ്റർ, തോറ്റു തോറ്റ് തോൽവിയുടെ മറ്റൊരു പര്യായമായി മാറിയ കേമൻ സോമൻ, ഇത്തവണ കല്യാണം കഴിച്ചിട്ടേ തിരിച്ചു ഗൾഫിലേക്ക് മടങ്ങൂ എന്നു ദൃഢപ്രതിഞ്ജയെടുത്ത് പേരില്ലൂരിലെത്തിയ, 'പെണ്ണുകാണൽ മാരത്തോൺ' നടത്തുന്ന ശ്രീക്കുട്ടൻ, ജ്യോതിഷത്തെ ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാൻ മനകോട്ട കെട്ടുന്ന ജ്യോതിഷി അംബരീഷ്, നിരീശ്വരവാദ സംഘത്തിന്റെ നേതാവായ സതീശനും മകളും മുതൽ ഏറ്റവും സ്നേഹത്തോടെ കഴിയുന്ന രണ്ടുപേർക്കിടയിൽ പോലും സെക്കന്റുകൾക്കൊണ്ട് കുത്തിതിരിപ്പുണ്ടാക്കാൻ മിടുക്കുള്ള സൈക്കോ ബാലചന്ദ്രൻ വരെ നീളുന്ന വിചിത്ര സ്വഭാവമുള്ള ഒരുപിടി മനുഷ്യർ... അവർക്കിടയിലേക്കാണ് ബികോമും എംകോമുമെല്ലാം പാസ്സായി ഉന്നത ഉദ്യോഗവും പിഎച്ച് ഡി പഠനവുമൊക്കെ സ്വപ്നം കാണുന്ന മാളവിക എത്തുന്നത്.
അമ്മാവന്റെ നാടായ പേരില്ലൂരിൽ ആയിരുന്നു മാളവികയുടെ കുട്ടിക്കാലവും. ജീവിതത്തിൽ ആദ്യമായി മാളവികയ്ക്ക് പ്രണയം തോന്നിയതും ഒരു പേരില്ലൂർകാരനോടായിരുന്നു. ഇഷ്ടം തുറന്നു പറഞ്ഞ മാളവികയെ ശ്രീക്കുട്ടൻ എന്ന ആ പേരില്ലൂരുകാരൻ നിഷ്കരുണം നിരസിച്ചു. എന്നാൽ, 'പിക്ചർ അഭി ഭി ബാക്കി ഹേ' എന്നു ഓർമ്മിപ്പിച്ചുകൊണ്ട് കാലം വീണ്ടും മാളവികയേയും ശ്രീക്കുട്ടനെയും മുഖാമുഖം നിർത്തുകയാണ്. വർഷങ്ങൾക്കു ശേഷമുള്ള ആ കൂടിക്കാഴ്ചയും നല്ല രീതിയിലല്ല അവസാനിക്കുന്നത്.
അതിനിടെ, പഞ്ചായത്ത് ഇലക്ഷനിൽ അമ്മാവൻ പീതാംബരനു പകരക്കാരിയായി മാളവികയ്ക്കു മത്സരിക്കേണ്ടി വരികയാണ്. മാളവിക പെട്ടിയും ബാഗുമൊക്കെ തൂക്കി പേരില്ലൂരിലെത്തുന്നു, ഒപ്പം പ്രേക്ഷകരും! മാളവികയിലൂടെ കാഴ്ചക്കാരും പേരില്ലൂരിനെ അറിഞ്ഞു തുടങ്ങുന്നു. 'ഇന്നാട്ടിന് ശരിക്കുമെന്തോ കുഴപ്പമുണ്ടെന്ന്' വർഷങ്ങൾ കൊണ്ട് തിരിച്ചറിഞ്ഞ പീതാംബരൻ മാസ്റ്ററുടെ ഭാര്യയും മാളവികയുടെ അമ്മായിയുമായ ഗോമതിയുടെ ലൈവ് കമന്ററിയും പേരില്ലൂരിലൂടെയുള്ള കാഴ്ചക്കാരുടെ യാത്ര സുഗമമാക്കുന്നു. പിന്നീടങ്ങോട്ട് 'കണ്ടും കേട്ടും അനുഭവിച്ചും സഹികെട്ടും' പേരില്ലൂരുകാരെ മാളവിക അടുത്തറിഞ്ഞു തുടങ്ങുകയാണ്. ആദ്യകാഴ്ചയിൽ പാവത്താൻമാരാണെന്ന് തോന്നുമെങ്കിലും പേരില്ലൂരുകാർ അത്ര നിഷ്കളങ്കരല്ല!
പ്രേക്ഷകരെ ചിരിപ്പിക്കാൻ കഷ്ടപ്പെടുന്നില്ല പേരില്ലൂർ പ്രീമിയം ലീഗ് എന്നതാണ് ഏറ്റവും വലിയ പ്ലസ്. സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന പേരില്ലൂർ പ്രീമിയം ലീഗ് ഇടയ്ക്കിടയ്ക്ക് ചിരിയുടെ മാലപ്പടക്കത്തിന് തീ കൊളുത്തുന്നുണ്ട്. പെരുവണ്ണാപ്പുരത്തെ വിശേഷങ്ങൾ, പൊൻമുട്ടിയിടുന്ന താറാവ് എന്നു തുടങ്ങി കുഞ്ഞിരാമായണം വരെയുള്ള ചിത്രങ്ങളിൽ നമ്മൾ കണ്ടു പരിചിതമായ രസകരമായ ഗ്രാമാന്തരീക്ഷമുണ്ട്. അത്തരമൊരു രസകരമായ ഗ്രാമത്തിലേക്കും അതിലും രസികരായ മനുഷ്യരിലേക്കുമാണ് 'പേരില്ലൂർ പ്രീമിയം ലീഗ്' ക്യാമറ തിരിക്കുന്നത്.
ത്രിശങ്കു സ്വർഗ്ഗത്തിലായി പോയ മാളവിക എന്ന കഥാപാത്രത്തെ വളരെ കയ്യടക്കത്തോടെയാണ് നിഖില വിമൽ അവതരിപ്പിക്കുന്നത്. സൂക്ഷ്മമായ ഭാവപ്രകടനങ്ങളിലൂടെ ആ കഥാപാത്രത്തിന്റെ മാനസികാവസ്ഥയും ധർമ്മസങ്കടവുമെല്ലാം പ്രേക്ഷകരിലേക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ നിഖിലയ്ക്ക് സാധിക്കുന്നുണ്ട്. കുഞ്ഞിരാമായണത്തിലെ ലാലുവിന്റെയും കുഞ്ഞിരാമന്റെയും ഒരു മിക്സാണ് ശ്രീക്കുട്ടൻ എന്നു വേണമെങ്കിൽ പറയാം. അവിടെ 'കാതര'യാണ് ലാലുവിനെ ചതിക്കുന്നതെങ്കിൽ, ഇവിടെ ശ്രീക്കുട്ടനെ ഒറ്റുന്നത് 'കിന്നാരതുമ്പിയാണ്'. അവിടെ സൽസ മുതൽ കല്യാണം വരെ ശാപമായി മാറുകയാണ് കുഞ്ഞിരാമന്, ഇവിടെ ശ്രീക്കുട്ടൻ എന്തുതൊട്ടാലും അതു ഏടാകൂടമാണ്. വെറുതെ അങ്ങാടിയിൽ നിന്നാൽ പോലും 'മണ്ടയ്ക്ക് ചെണ്ട വന്നു വീണ് പണികിട്ടുന്നത്ര ഗതികെട്ടവൻ' അന്നാട്ടിൽ വേറെ കാണില്ല. ക്യാരക്ടർ ആർക്കിൽ ഈ കുഞ്ഞിരാമായണം സാമ്യതകൾ ഉണ്ടെങ്കിൽ പോലും, സീരിസിൽ ഉടനീളം ചിരിസാന്നിധ്യമായി മാറുന്നുണ്ട് സണ്ണി വെയ്ൻ.
പേരില്ലൂരിലെ രാഷ്ട്രീയ ഭീഷ്മാചാര്യൻ പീതാംബരൻ മാസ്റ്ററായി നിറഞ്ഞാടുകയാണ് വിജയരാഘവൻ. ആദ്യാവസാനം പേരില്ലൂർ ഒരു വിജയരാഘവൻ ഷോയാണ്. ആ വേഷത്തിലേക്ക് മറ്റാരെയും സങ്കൽപ്പിക്കാനാവാത്ത രീതിയിൽ കഥാപാത്രത്തിനു പൂർണത നൽകാൻ വിജയരാഘവനു സാധിച്ചിട്ടുണ്ട്. എവിടെയൊക്കെയോ ഒരുവേള പഞ്ചവടിപ്പാലത്തിലെ ദുശാസന കുറുപ്പിനെയും ഓർമ്മിപ്പിക്കുന്നുണ്ട് പീതാംബരൻ. വിജയരാഘവനോട് തോളോടു തോൾ നിൽക്കുന്ന കഥാപാത്രമാണ് അശോകന്റെ കേമൻ സോമൻ. ദയനീയമായി തോൽക്കുമ്പോഴും സോമൻ കാണിക്കുന്ന സ്പോർട്സ്മാൻ സ്പിരിറ്റ് എടുത്തു പറയാതെ വയ്യ, അപാരമായ ആത്മവിശ്വാസം കൊണ്ടാണ് സോമൻ കേമനാവുന്നത്. സോമന്റെ ശരീരഭാഷയും മാനറിസങ്ങളുമെല്ലാം മികവോടെ അവതരിപ്പിക്കുന്നുണ്ട് അശോകൻ. മുൻപെ പറഞ്ഞ പിരി പോയ മനുഷ്യരിൽ, 'മുഴു പിരി ലൂസ്' പട്ടം കൊടുക്കാവുന്ന കഥാപാത്രമാണ് അജു വർഗ്ഗീസിന്റെ സൈക്കോ ബാലചന്ദ്രൻ എന്ന ബാ. ച. ഓരോ തവണ അയാൾ സ്ക്രീനിലെത്തുമ്പോഴും അടുത്തത് എന്താണാവോ എന്ന ജിജ്ഞാസ കൂടിയാണ് സമ്മാനിക്കുന്നത്. നടൻ എന്ന രീതിയിൽ തന്നെ കൂടുതൽ കൂടുതൽ ബ്രഷപ്പ് ചെയ്തുകൊണ്ടാണ് അജുവിന്റെ പ്രയാണം, പേരില്ലൂരിൽ അതു പ്രകടമാണ് താനും.
മാളവികയും ശ്രീക്കുട്ടനും പീതാംബരനും കേമൻ സോമനും അമ്മായിയുമൊക്കെ മെയിൻ കഥാപാത്രങ്ങളായി നിറഞ്ഞാടുമ്പോഴും പേരില്ലൂർ ഇവരുടെ മാത്രം സാമ്രാജ്യമല്ല. സ്ക്രീനിൽ വന്നുപോവുന്ന പേരില്ലൂർ ഗ്രാമത്തിലെ ഓരോ ചെറിയ കഥാപാത്രങ്ങൾക്കും പറയാനൊരു കഥയുണ്ട്. സ്ക്രീനിൽ വന്നുപോവുന്ന പ്രശസ്തരും പുതുമുഖങ്ങളുമായ ഓരോരുത്തരും കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയാണ് സീരിസിൽ ഉടനീളം.
ഒരിക്കൽ കാണാതെ പോയി എന്നതുകൊണ്ട് ഇന്നും നാട്ടുകാർക്ക് മുന്നിൽ 'കാണാതായ കുഞ്ഞിപ്പ'യെന്ന ഇരട്ടപ്പേരുമായി ജീവിക്കുന്ന കുഞ്ഞിപ്പ, ഒറ്റ മോഷണം പോലും സക്സസ്സ്ഫുൾ ആയില്ലെങ്കിലും പേരില്ലൂരിലെ ആസ്ഥാന കള്ളൻപട്ടം അലങ്കരിക്കുന്ന കള്ളൻ സത്യരാജ്, പേര് ശീലാവതി എന്നാണെങ്കിലും സത്യരാജിനേക്കാളും കള്ളത്തരം കയ്യിലുള്ള 'കക്കാനും അതിനനുസരിച്ച് നിക്കാനും അറിയുന്ന' ഭാര്യ, പടക്കം പൊട്ടിയാൽ പോലും അത് ഉൽക്ക പതിച്ചതാണെന്ന നിഗമനത്തിലെത്തുന്ന വാര്യർ, അന്യഗ്രഹജീവികൾക്കു പോലും വേണ്ടാത്ത ദിൽകുഷ് എന്നിങ്ങനെ കാർട്ടൂൺ സ്വഭാവമുള്ള ഒരുപറ്റം കഥാപാത്രങ്ങളെ പേരില്ലൂരിൽ കാണാം. കേന്ദ്രകഥാപാത്രങ്ങളുടെ പ്ലോട്ട് വികസിക്കുന്നതിനൊപ്പം തന്നെ ഈ നാട്ടുകാരെ ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും കാഴ്ചക്കാരെ രസിപ്പിക്കും.
കഥകളും ഉപകഥകളും ധാരാളമുണ്ട് പേരില്ലൂരിൽ, അവയെ ഒരു മാലയിലെ മുത്തുകളെന്ന പോലെ മനോഹരമായി കോർത്തെടുക്കുകയാണ് തിരക്കഥാകൃത്ത്. കുഞ്ഞിരാമായണത്തിന്റെ തിരക്കഥ ഒരുക്കിയ ദീപു പ്രദീപാണ് പേരില്ലൂരിന്റെയും രചയിതാവ്. ഗ്രാമീണ കഥകൾ പറയുന്നതിൽ ദീപുവിനുള്ള മികവിനു വീണ്ടും അടിവരയിടുകയാണ് ഈ വെബ് സീരിസും.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് 'പേരില്ലൂർ പ്രീമിയം ലീഗ്' സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. 30 മുതൽ 45 മിനിറ്റ് വരെ ദൈർഘ്യമുള്ള ഏഴു എപ്പിസോഡുകളാണ് പേരില്ലൂർ പ്രീമിയർ ലീഗിലുള്ളത്. തുടക്കത്തിലെ ഗ്രിപ്പ് നഷ്ടപ്പെട്ട് ഇടയ്ക്ക് ഒന്നു വിരസമാവുന്നുവെങ്കിലും ക്ലൈമാക്സിലേക്ക് അടുക്കുന്നതോടെ വീണ്ടും സംഭവ ബഹുലമാവുകയാണ് പേരല്ലൂർ പ്രീമിയം ലീഗ്. കേട്ടു മറന്ന പല ഫലിതബിന്ദുക്കളും കഥയിലേക്ക് കേറി വരുന്നുണ്ടെങ്കിലും അവ സീരിസിൽ മുഴച്ചുനിൽക്കാത്ത രീതിയിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒറ്റവാചകത്തിൽ പറഞ്ഞാൽ മലയാള സിനിമാകാഴ്ചകളിൽ നിന്നും ഇടയ്ക്കാലത്ത് അപ്രത്യക്ഷമായ ഗ്രാമീണാന്തരീക്ഷം തിരിച്ചു പിടിക്കുന്നു, സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങൾ, കാസ്റ്റിംഗ് മികവ്, കഥാപാത്രങ്ങളുടെ രസകരമായ പ്രകടനം എന്നിവ കൊണ്ട് കാഴ്ചക്കാരെ രസിപ്പിക്കാനും ചിരികോളൊരുക്കാനും 'പേരില്ലൂർ പ്രീമിയം ലീഗി'ന് കഴിയുന്നുണ്ട്. ഒറ്റയിരുപ്പിൽ കണ്ടു തീർക്കാനാവുന്ന രീതിയിൽ എൻഗേജിംഗ് ആയി പേരില്ലൂർ പ്രീമിയർ ലീഗിനെ ഫിനിഷിംഗ് പോയിന്റിൽ വരെയെത്തിക്കാൻ കഴിഞ്ഞ സംവിധായകനും അണിയറപ്രവർത്തകരും കയ്യടി അർഹിക്കുന്നു.
ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ഈ സീരിസ് നിർമിച്ചിരിക്കുന്നത്. സാങ്കേതികവശങ്ങളിലും പേരില്ലൂർ മികവു പുലർത്തുന്നുണ്ട്, ഭവൻ ശ്രീകുമാർ ആണ് എഡിറ്റർ. മുജീബ് മജീദ് ആണ് സംഗീത സംവിധായകൻ. അനൂപ് വി ശൈലജയും അമീലും ചേർന്നാണ് ഛായാഗ്രഹണം, ഒന്നു പേരില്ലൂർ വരെ പോയി വന്ന അനുഭവമാണ് ദൃശ്യങ്ങൾ സമ്മാനിക്കുന്നത്.
Read More
- ആദർശ് തൊട്ടതെല്ലാം പൊന്നായ വർഷം
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.