scorecardresearch

താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച

മാറിയ സിനിമാ അഭിരുചികൾ പരുവപ്പെടുത്തിയ പുതിയ കാലത്തിന്റെ നായക ചട്ടക്കൂടുകളിലേക്ക് മോഹൻലാൽ നടന്നു തുടങ്ങണമെങ്കിൽ കാലങ്ങളായി അദ്ദേഹത്തിന് മേൽ വയ്ക്കപ്പെട്ടിട്ടുള്ള ആലഭാരങ്ങൾ ഇറക്കി വയ്ക്കണം. അതാണ് അദ്ദേഹം 'നേരിൽ' ചെയ്തിരിക്കുന്നത്

മാറിയ സിനിമാ അഭിരുചികൾ പരുവപ്പെടുത്തിയ പുതിയ കാലത്തിന്റെ നായക ചട്ടക്കൂടുകളിലേക്ക് മോഹൻലാൽ നടന്നു തുടങ്ങണമെങ്കിൽ കാലങ്ങളായി അദ്ദേഹത്തിന് മേൽ വയ്ക്കപ്പെട്ടിട്ടുള്ള ആലഭാരങ്ങൾ ഇറക്കി വയ്ക്കണം. അതാണ് അദ്ദേഹം 'നേരിൽ' ചെയ്തിരിക്കുന്നത്

author-image
Dhanya K Vilayil
New Update
Mohanlal Neru Film

'സ്പെഷ്യൽ പിപിയുടെ പേരെന്താന്നാ പറഞ്ഞത്... 'ഏതോ ഒരു വിജയമോഹൻ സർ.' അടുത്ത കാലത്ത് വന്നിട്ടുള്ള മോഹൻലാൽ ചിത്രങ്ങളിലെ ഏറ്റവും മിനിമലിസ്റ്റിക്കായ ഒരു ഇൻട്രോ.  അലങ്കാര വാക്കുകളില്ല, സ്ലോ മോഷനില്ല,  മുണ്ടുമടക്കൽ ഇല്ല, മീശപിരി ഇല്ല, പുകപടലങ്ങളില്ല. അതിസാധാരണമായി, അതിലും സാധാരണക്കാരനായി മോഹൻലാൽ തിരശീലയിൽ എത്തുകയാണ്.  ഇൻട്രോയിൽ മാത്രമല്ല, നേരിൽ ഉടനീളം ലാലിന്റെ കഥാപാത്രത്തിന് ഈ സാധാരണത്വമുണ്ട്.  

Advertisment

സൂപ്പർസ്റ്റാർ ചിത്രങ്ങൾ കാലാകാലങ്ങളായി പിൻതുടരുന്ന ചില പതിവു ഫോർമുലകൾ - എപ്പോഴും സൂപ്പർസ്റ്റാറായിരിക്കണം കേന്ദ്രകഥാപാത്രം. സൂര്യനെ ചുറ്റുന്ന ഉപഗ്രഹങ്ങളെന്ന പോലെ മറ്റു കഥാപാത്രങ്ങൾ ആ കഥാപാത്രത്തിനെ ചുറ്റിപറ്റി കഥാപരിസരത്തെ ശക്തിപ്പെടുത്തുക മാത്രം ചെയ്യണം. 'നേര്' ഇത് പിൻതുടരുന്നില്ല. 'നേര്,' മോഹൻലാൽ എന്ന താരത്തിന് മാത്രം പെർഫോം ചെയ്യാനായി തീർത്തൊരു തട്ടകമല്ല. ആ കഥാപാത്രത്തിന്റെ വീരപരിവേഷത്തിന് കയ്യടിക്കാനായി മാത്രം ഒരുങ്ങി നിൽക്കുന്ന സഹതാരങ്ങളും 'നേരിൽ' ഇല്ല. 'നേര്' അനശ്വര രാജന്റെ സിനിമയാണ്, സിദ്ദിഖിന്റെയും ജഗദീഷിന്റെയും ശാന്തി മായാദേവിയുടെയും ചിത്രമാണ്. ചിത്രത്തിൽ തന്റെ കഥാപാത്രം ആവശ്യപ്പെടുന്ന അത്രയും സ്പേസ് മാത്രമേ മോഹൻലാലിന്റെ വിജയമോഹൻ കയ്യാളുന്നുള്ളൂ.

അത്ഭുതങ്ങൾ തീർക്കാൻ ശേഷിയുള്ള, അതിമാനുഷനല്ല ‘നേരിലെ’ വിജയമോഹൻ.  നിയമത്തെ കുറിച്ചു അഗാധമായ അറിവുണ്ടായിരിക്കുമ്പോഴും ആത്മവിശ്വാസമില്ലാത്ത, താൻ ഈ ജോലിയ്ക്ക് ഫിറ്റല്ലെന്ന അപകർഷത പോലും ഉള്ളിൽ പേറുന്ന മനുഷ്യൻ. പേരും പ്രശസ്തിയുമൊക്കെയായി ജീവിതം കത്തിക്കയറുന്നതിനിടയിൽ സംഭവിച്ച അപ്രതീക്ഷിത വീഴ്ചയിൽ നിന്നും കരകയറാനുള്ള മനോധൈര്യം പോലും ചോർന്നു പോയ, വർഷങ്ങളായി കോടതികളിൽ നിന്നും മാറി തന്റേതായ കഫർട്ട് സോണിലേക്ക് ഒതുങ്ങിയ അഭിഭാഷകൻ.

സാറയ്ക്ക് നീതി നേടി കൊടുക്കാൻ എത്തുന്ന രക്ഷകനായി ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ല ഇവിടെ വിജയമോഹൻ. യഥാർത്ഥത്തിൽ പാതിയിൽ നിന്നു പോയ വിജയമോഹന്റെ ജീവിതത്തിനൊരു കിക്ക് സ്റ്റാർട്ട് നൽകുന്നത് സാറയാണ്.  വിജയമോഹനെ മൂടിയ വാത്മീകത്തിൽ നിന്നും അയാളെ പുറത്തു കടക്കാൻ സഹായിക്കുന്നതും അന്ധയായ ആ പെൺകുട്ടിയാണ്. അപമാനിതയായി, ശക്തരായ എതിരാളികൾക്കു മുന്നിൽ ഇനിയെന്തെന്ന് അറിയാതെ, മുന്നിലെ ഇരുട്ടിലേക്ക് നോക്കി നിൽക്കുമ്പോഴും സാറയിൽ കണ്ട പോരാട്ടവീര്യവും ആർജ്ജവവുമാണ് വിജയമോഹനെ നിർത്തിയിടത്തു നിന്നും വീണ്ടും തുടങ്ങാൻ പ്രചോദിപ്പിക്കുന്നത്. ഏറെ പരിമിതികളോടെ നിത്യജീവനം സാധ്യമാക്കുന്ന, കാഴ്ചയില്ലാത്ത ആ പെൺകുട്ടിയ്ക്ക് പോലും അനീതിയോട് പോരാടാനുള്ള ഉൾകരുത്തുണ്ടെങ്കിൽ എന്തു കൊണ്ട് തനിക്കും തന്നെ മൂടിയ വാത്മീകത്തെ പൊളിച്ചു പുറത്തു വരാൻ  സാധിക്കില്ലെന്നൊരു ചിന്തയാണ് വിജയമോഹനെ മുന്നോട്ടു നടത്തിക്കുന്നത്. 'താൻ തോൽക്കുമെന്ന ഭയമല്ല, ആ കുട്ടി തോൽക്കരുത്' എന്ന കരുതലും മനുഷ്യത്വവുമാണ് പിന്നീട്  അയാളിൽ നിഴലിക്കുന്നത്.

Advertisment

മുണ്ടിന്റെ തുമ്പ് സ്റ്റൈലിൽ കാൽകൊണ്ട് തട്ടി കൈകളിലേക്കെടുത്ത് അനായേസേന മടക്കി കുത്തിയും വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്ന 'നരസിംഹ മൂർത്തി'യായും ഗുണ്ടകളെ ഇടിച്ചു തെറിപ്പിക്കുന്ന മാസ് ഹീറോയായുമൊക്കെ താരഭാരത്തോടെ അവതരിപ്പിക്കപ്പെടാറുള്ള ലാലിനെ ഒരു അസാധാരണത്വവുമില്ലാതെയാണ് സംവിധായകൻ 'നേരിൽ' അവതരിപ്പിക്കുന്നത്. ‘ദൃശ്യ’ത്തിലെ ജോർജുകുട്ടിയെ പോലെ തന്നെ നമ്മുടെയൊക്കെ പരിചയത്തിലുള്ള സാധാരണക്കാരുടെ പ്രതിനിധിയായാണ് വിജയമോഹൻ 'നേരി'ലേക്ക് കയറി വരുന്നത്. കയറി വരുന്നതിൽ മാത്രമല്ല, ആ ഇറങ്ങിപ്പോക്കിലുമുണ്ട് ഒരു സാധാരണത്വം. സ്വന്തം മനസാക്ഷിയെ തൃപ്തിപ്പെടുത്താനായ സന്തോഷത്തോടെ, നേരിനും നീതിയ്ക്കും വേണ്ടി നിലകൊള്ളാനായെന്ന ആത്മാഭിമാനത്തോടെ, കൺകോണിൽ ഒരിറ്റു കണ്ണീരുമായി ആൾക്കൂട്ടത്തിലേക്കാണ് അയാൾ അലിഞ്ഞു ചേരുന്നത്. ആ ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്നത് വിജയമോഹൻ ആണെങ്കിലും ഒരർത്ഥത്തിൽ താരപരിവേഷത്തിന്റെ ദന്തഗോപുരങ്ങളിൽ നിന്നും മോഹൻലാൽ എന്ന നടനെ മോചിപ്പിച്ച് വീണ്ടും മണ്ണിലേക്ക് ഇറക്കുകയാണ് ജീത്തു ജോസഫ്.  

ഈ മോചനം മോഹൻലാലിന് ഏറെ ആവശ്യമായിരുന്നു താനും.  മാറിയ സിനിമാ അഭിരുചികൾ പരുവപ്പെടുത്തിയ പുതിയ കാലത്തിന്റെ നായക ചട്ടക്കൂടുകളിലേക്ക് മോഹൻലാൽ നടന്നു തുടങ്ങണമെങ്കിൽ കാലങ്ങളായി അദ്ദേഹത്തിന് മേൽ വയ്ക്കപ്പെട്ടിട്ടുള്ള ആലഭാരങ്ങൾ ഇറക്കി വയ്ക്കണം. അതാണ് അദ്ദേഹം 'നേരിൽ' ചെയ്തിരിക്കുന്നത്.  

സത്യത്തിൽ, 'നേരിന്' മുന്നോടിയായി തന്നെ ഇത് ചെയ്തു തുടങ്ങി എന്ന് പറയാം. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഒപ്പു വയ്ക്കുന്നതിലൂടെ, കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ചെയ്ത ചിത്രങ്ങളുടെ തിരിച്ചടികൾ കരിയറിൽ ഉണ്ടാക്കിയ ഒരു ഫാൾ ഔട്ടിന്റെ 'ഡാമേജ് കൺട്രോൾ' ആണ് അദ്ദേഹം തുടങ്ങി വച്ചത്.  അതിലേക്കുള്ള പാത സുഗമാക്കുകയാണ്, ഒരർത്ഥത്തിൽ 'നേര്'.  

'നേരിന്' മുന്നോടിയായി നടന്ന മീഡിയ ഇന്ററാക്ഷനുകളും ഇത് വരെ കാണാത്ത ഒരു മോഹൻലാലിനെയാണ് കണ്ടത്. വളരെ സൗഹാർദ്ദപരവും രസകരവും ഊഷ്മളവുമായിരുന്നു 'നേര്' പ്രമോഷൻ അഭിമുഖങ്ങൾ എല്ലാം. ഹൃദയം കൊണ്ടാണ് സംസാരിച്ചതെന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള തുറന്ന സംസാരങ്ങൾ...  തന്റെ പ്ലസും മൈനസുമെല്ലാം തുറന്നു കാട്ടി, വിജയപരാജയങ്ങളെ ഒരേപോലെ നോക്കി കണ്ട്... 'നേര്' പ്രേക്ഷകർക്ക് പ്രിയങ്കരമായി തീരുന്നതിൽ, ആ നായകനെ ഒന്ന് കൂടെ പ്രേക്ഷകന്റെ ഹൃദയത്തിനോട് അടുപ്പിക്കുന്നതിൽ, ഈ അഭിമുഖങ്ങൾക്കുള്ള പങ്കു ചെറുതായിരുന്നില്ല.

ഹൈപ്രഷർ പോയിന്റുകൾക്കിടയിൽ പെട്ടുപോയ താരജീവിതം

അവസാനം ചെയ്തതു മാത്രം അക്കൗണ്ടബിളാവുന്ന സമൂഹത്തിന്റെ ഒരു നടപ്പുരീതിയുണ്ട്. പരാജയങ്ങളുടെ പേരിൽ, പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെങ്കിൽ അതു വരെ ചെയ്തതിനെയെല്ലാം റദ്ദ് ചെയ്തു കൊണ്ട് ഏറ്റവും നിശിതമായി ആളുകൾ വിചാരണ ചെയ്യപ്പെടാം, ഓഡിറ്റിംഗിനു വിധേയരാവാം. സിനിമയുടെ കാര്യമെടുക്കുമ്പോൾ, അത്തരം വിമർശനങ്ങളും ഓഡിറ്റിംഗും വിചാരണകളുമെല്ലാം അതിരു വിടുന്നതിനും നമ്മൾ സാക്ഷികളാവേണ്ടി വരും. പ്രതിപക്ഷ ബഹുമാനമില്ലാതെ പരസ്പരം ചളിവാരിയെറിയുന്ന ഫാൻ ഫൈറ്റുകളും കൂടിയാവുമ്പോൾ ആ വിചാരണകൾ വ്യക്തിഹത്യയോളം നീളും. ബോഡി ഷേമിംഗിൽ തുടങ്ങി മാനസിക സമ്മർദ്ദമേൽപ്പിക്കുന്ന ഏറ്റവും മോശമായ രീതിയിലുള്ള സൈബർ ബുള്ളിയിംഗ് വരെയാവാം. പോയ വർഷങ്ങളിൽ മോഹൻലാലും ഇത്തരത്തിലുള്ള നിരവധി  വിഷമഘട്ടങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്.

അമിത പ്രതീക്ഷകളുടെ ഭാരമാണ് മോഹൻലാൽ എന്ന താരം തലയിലേറ്റേണ്ടി വന്ന മറ്റൊരു വെല്ലുവിളി. മോഹൻലാലിൽ നിന്നും സിനിമ ലോകം പ്രതീക്ഷിക്കുന്നത് കൊടുക്കാൻ പറ്റാതെ പോകുന്ന അവസ്ഥകളിലൂടെയും  അദ്ദേഹം കടന്നു പോയിട്ടുണ്ട്. വലിയ ബോക്സോഫീസ് നമ്പറുകൾ ആണ് മോഹൻലാലിൽ നിന്നും നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ തന്നെ പൂർവ്വകാല റെക്കോർഡുകൾ ആണ് അതിനു കാരണം. അത് പോലൊന്ന് ഇനിയും കിട്ടിയാൽ നല്ലത് എന്ന മനോഭാവത്തോടെയാണ് നിർമ്മാതാക്കളുടെ സമീപനം. മറ്റൊരു വശത്ത്, പഴയ മോഹൻലാലിനെ തിരിച്ചു പിടിക്കണം എന്നാഗ്രഹിക്കുന്ന പ്രേക്ഷകർ. ഒരു നടൻ എന്ന നിലയിലും ഒരു താരം അല്ലെങ്കിൽ പബ്ലിക് ഫിഗർ എന്ന നിലയിലും അദ്ദേഹം വളർന്നു എന്നത് അഭിനയത്തിലും പ്രതിഫലിക്കുമല്ലോ. അപ്പോൾ പിന്നെ പ്രായത്തിനു പറ്റിയ റോളുകൾ ചെയ്യണം. മോഹൻലാലാവട്ടെ, അതിലും പിന്നിലാണ്. അയാൾക്കരികിൽ കഥകളുമായി എത്തുന്ന സിനിമാപ്രവർത്തകർക്കും അത്തരം ചിന്തകൾ കുറവാണ്. ഇങ്ങനെ പലവിധ ഹൈ-പ്രഷർ പോയിന്റുകൾക്കിടയിലൂടെയാണ്  മോഹൻലാൽ എന്ന നടൻ കഴിഞ്ഞ എത്രയോ കാലങ്ങളായി സഞ്ചരിക്കുന്നതെന്ന് പുറത്ത് നിന്നു നോക്കിയാൽ തന്നെ കാണാൻ കഴിയും. ആന്തരികവും നമുക്ക് അറിയാത്തതുമായ സമ്മർദ്ദങ്ങൾ വേറെ.

കഴിഞ്ഞ കുറച്ച് വർഷങ്ങളുടെ കാര്യമെടുത്താൽ 'മരക്കാരി'ൽ തുടങ്ങി കരിയറിൽ ഒരു 'ഫാൾ ഔട്ട്' സംഭവിച്ചു എന്നു പറയാം. 'ആറാട്ട്,' 'ബ്രോ ഡാഡി,' '12ത്ത് മാൻ,' 'മോൺസ്റ്റർ,' 'എലോൺ' എന്നിവയൊന്നും വേണ്ട രീതിയിൽ സ്വീകാര്യത നേടിയില്ല എന്ന് മാത്രമല്ല, ചിലതിലെല്ലാം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ മോഹൻലാൽ നിൽക്കുന്നത് പ്രേക്ഷകരിൽ വലിയ നിരാശയുണ്ടാക്കി. 'ഒടിയ'നിൽ നിന്നും തുടങ്ങിയ രൂപമാറ്റവും താരത്തിനു തിരിച്ചടിയായി. 'ഒടിയനു' മുൻപും ശേഷവും എന്ന രീതിയിൽ മോഹൻലാൽ ഓഡിറ്റ് ചെയ്യപ്പെട്ടു തുടങ്ങി.

തിരക്കഥയുടെ തെരെഞ്ഞെടുപ്പിലെ അപാകതകൾ, പുതിയ ആളുകൾക്ക് അവസരം നൽകുന്നില്ല, തന്റെ ഒരു ചെറിയ സർക്കിളിൽ മാത്രം ജോലി ചെയ്യുന്നു, കരിയർ മറ്റാരൊക്കെയോ നിയന്ത്രിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ വേറെ. അതോടൊപ്പം തന്നെ പൊതു ജീവിതത്തിലും പലവിധ തിരിച്ചടികൾ നേരിടേണ്ടി വന്ന കാലമാണ് കടന്നു പോയത്. അമ്മ-വനിതാ കളക്റ്റിവ് വിഷയത്തിൽ എടുത്ത ചില നിലപാടുകൾ, 'എഡിറ്റിംഗ് അറിയാത്തവർ എഡിറ്റിംഗിനെ വിമർശിക്കുന്നു, തെലുങ്കിൽ സിനിമകളെ വിമർശിക്കില്ല' തുടങ്ങിയ പരാമർശങ്ങൾ, അങ്ങനെ തൊട്ടതും  പിടിച്ചതുമെല്ലാം വിവാദമാകുന്ന കാലമായിരുന്നു കടന്നു പോയത്. 

മമ്മൂട്ടിയുമായുള്ള താരതമ്യം

മലയാള സിനിമ ഒരു നാണയമാണെങ്കിൽ, അതിന്റെ ഇരുവശങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഒന്ന് ഒന്നിനോടു ചേർത്തു മാത്രം മലയാളികൾ പറഞ്ഞു ശീലിച്ച രണ്ടു പേരുകൾ. അതിൽ ഒരാളുടെ ചിത്രങ്ങൾ പരാജയത്തിലേക്കു വീണു കൊണ്ടിരിക്കുകയും മറ്റൊരാൾ അപ്ഡേറ്റഡായി മുന്നേറി കൊണ്ടിരിക്കുകയും ചെയ്തപ്പോൾ ഇരുവരെയും  താരതമ്യപ്പെടുത്തി കൊണ്ടുള്ള ചർച്ചകളും സജീവമായി. മോഹൻലാൽ എപ്പോഴും മമ്മൂട്ടിയുമായുള്ള ‌താരതമ്യത്തിനു വിധേയനായി കൊണ്ടിരുന്നു. 

അദ്ദേഹത്തിന്റെ വഴി അദ്ദേഹത്തിനും, എന്റെ വഴി എനിക്കും എന്ന് ഇരുവരും മാറി മാറി പറഞ്ഞിട്ടും ഫാൻസ്‌ അടക്കമുള്ള പ്രേക്ഷകസമൂഹം ഇന്നും ഈ താരതമ്യം തുടർന്ന് കൊണ്ടിരിക്കുന്നു.  മമ്മൂട്ടിയോ മോഹൻലാലോ എന്നത് മലയാളികൾക്ക്  ഒരിക്കലും തീർപ്പ് കല്പിക്കാനാവാത്ത ഒരു സമസ്യയാണ്.  

'നേര്' തിയേറ്ററുകളിൽ എത്തിയതോടെ, തിയേറ്ററുകൾക്കു മിസ്സായ 'ലാൽ മാജിക്കി'ന്റെ ഉണർവ്വ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുമെന്ന ശുഭ സൂചനയാണ് ലഭിക്കുന്നത്. മലയാളത്തിലെ  ഏറ്റവും വലിയ 'ക്രൗഡ് പുള്ളർ' ആരെന്ന ചോദ്യത്തിനു എക്കാലവും മോഹൻലാൽ എന്നു തന്നെയാണ് ഉത്തരം. ബോക്സ് ഓഫീസിൽ അപ്രമാദിത്യമുള്ള ആ സ്റ്റാർഡത്തിലേക്ക് 'നേര്' തെളിച്ച വഴിയിലൂടെ മോഹൻലാൽ തിരിച്ചു വന്നിരിക്കുകയാണ് ഇപ്പോൾ. ഇത്  വരാനിരിക്കുന്ന വലിയ ചിത്രങ്ങൾക്ക് കൂടിയാണ് ആശ്വാസമാവുക.  'ബാറോസ്,' 'എംപുരാൻ,' 'മലൈക്കോട്ടൈ വാലിബൻ,' ' റാം,' 'ഋഷഭ' തുടങ്ങി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രങ്ങളെയും പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിലേക്ക് നീക്കി നിർത്തുകയാണ് 'നേര്.' 

Read More Entertainment Stories Here

Mohanlal New Release Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: