/indian-express-malayalam/media/media_files/fzgoUOMWTjV4RBuUbz9x.jpg)
Interview with Malayalam Movie Writer Adarsh sukumaran: 'നെയ്മർ', 'കാതൽ', 'ആർഡിഎക്സ്'- ഈ വർഷം വിജയം കൊയ്ത മൂന്നു ചിത്രങ്ങൾ. വ്യത്യസ്ത ഴോണറുകളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങൾ. നർമ്മ മുഹൂർത്തങ്ങളും ഇമോഷനുമെല്ലാം ചേരുംപടി ചേർന്ന ഒരു ലൈറ്റ് ചിത്രമായിരുന്നു 'നെയ്മർ', 'ആർഡിഎക്സ്' ആവട്ടെ യുവത്വത്തിന്റെ വീറും വാശിയും തീപ്പാറുന്ന സംഘട്ടനരംഗങ്ങളുമെല്ലാം നിറഞ്ഞ ആക്ഷൻ ത്രില്ലറും. സ്വവർഗ്ഗപ്രണയം പോലെ വളരെ സെൻസിറ്റീവായൊരു വിഷയം കൈകാര്യം ചെയ്ത പല ലെയറുകളുള്ള ചിത്രമായിരുന്നു 'കാതൽ'.
ഒറ്റനോട്ടത്തിൽ ഈ ചിത്രങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന യാതൊരുവിധ സാമ്യങ്ങളുമില്ല, എന്നാൽ ഈ മൂന്നു ചിത്രങ്ങൾക്കും തമ്മിൽ അഭേദ്യമായൊരു കണക്ഷനുണ്ട്. ഈ മൂന്നുചിത്രങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചത് ഒരേ തിരക്കഥാകൃത്താണ്- ആദർശ് സുകുമാരൻ. ആദർശും ഷബാസ് റഷീദും ചേർന്നാണ് 'ആർഡിഎക്സ്' തിരക്കഥ ഒരുക്കിയത്. ആദർശും സുഹൃത്ത് പോൾസൺ സ്കറിയയുമായി ചേർന്നാണ് 'കാതൽ-ദി കോർ' എന്ന സിനിമ എഴുതിയിട്ടുള്ളത്. ആദർശും പോൾസണും ചേർന്നാണ് 'നെയ്മർ' തിരക്കഥ. അങ്ങനെ മൂന്നു വിജയ സിനിമകളിൽ കൈയ്യൊപ്പ് പതിപ്പിച്ച് ഹാട്രിക് വിജയം കൊയ്തു ആദർശ്.
2023ൽ മലയാള സിനിമ കണ്ട 'റിയൽ സ്റ്റാർ' എന്നൊക്കെ വേണമെങ്കിൽ ആദർശിന്റെ വിശേഷിപ്പിക്കാം. മലയാളസിനിമയിൽ ഇത്തരമൊരു അപൂർവ്വ ഭാഗ്യം ലഭിച്ച തിരക്കഥാകൃത്തുകൾ വേറെയുണ്ടോ എന്ന് സംശയമാണ്. തന്റെ എഴുത്തുവഴികളെ കുറിച്ചും നെയ്മർ- ആർഡിഎക്സ്- കാതൽ എന്നിവ സമ്മാനിച്ച വിജയങ്ങളെ കുറിച്ചുമൊക്കെ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് ആദർശ്.
എറണാകുളം കോതമംഗലം സ്വദേശിയായ ആദർശ് ഒരു എഴുത്തുകാരൻ മാത്രമല്ല, അഭിനയവും അൽപ്പസ്വല്പം മിമിക്രിയുമൊക്കെ കയ്യിലുണ്ട്. 'വരത്തൻ', 'ഹൃദയം', 'ആരവം' തുടങ്ങിയ ചിത്രങ്ങളിലൊക്കെ ആദർശ് അഭിനയിച്ചിട്ടുണ്ട്. നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും പത്തോളം ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തു.
"ആദ്യം എഴുതിയ ചിത്രം 'കാതലാണ്'. 2020 അവസാനത്തിലാണ് 'കാതൽ' എഴുതി തുടങ്ങിയത്. എന്നാൽ ആദ്യം ഷൂട്ടിംഗ് ആരംഭിച്ചതും റിലീസ് ചെയ്തതുമൊക്കെ 'നെയ്മറാ'യിരുന്നു. ഈ മൂന്നു ചിത്രങ്ങളുടെയും പ്രീപ്രൊഡക്ഷൻ ജോലികളെല്ലാം ഏതാണ്ട് ഒരേ സമയത്താണ് നടക്കുന്നത്. ഞങ്ങൾ പല വാതിലുകൾ മാറിമാറി മുട്ടികൊണ്ടിരിക്കുമ്പോഴാണ് 'നെയ്മർ' ഞങ്ങളിലേക്ക് എത്തുന്നത്. 'നെയ്മർ' എഴുതികൊണ്ടിരിക്കുന്ന സമയത്തു തന്നെ 'കാതലി'ന്റെ പിച്ചിംഗും കാര്യങ്ങളും നടക്കുന്നുണ്ടായിരുന്നു. 'നെയ്മർ' എഴുതി കഴിഞ്ഞപ്പോഴേക്കും 'ആർഡിഎക്സ്' വർക്ക് തുടങ്ങി. 'നെയ്മർ' ഷൂട്ടിംഗ് നടക്കുമ്പോഴാണ് 'ആർഡിഎക്സിന്റെ' സ്ക്രിപ്റ്റിംഗിലേക്ക് കടക്കുന്നത്. 'നെയ്മർ' ലൊക്കേഷനുകളിൽ വച്ചാണ് ഞാൻ 'ആർഡിഎക്സിലെ' പല സീനുകളും വർക്ക് ചെയ്തിട്ടുള്ളത്. സംഭവിച്ചപ്പോൾ എല്ലാം ഒരുമിച്ചു സംഭവിച്ചു എന്നതാണ് അതിലെ കൗതുകം. മൂന്നു മാസത്തെ ഗ്യാപ്പിൽ എല്ലാം ഓണായി. ആക്സിഡന്റലി എല്ലാം ഒരേ വർഷം റിലീസ് ചെയ്യുകയും ചെയ്തു," ആദർശ് പറയുന്നു.
എഴുത്തിലേക്കുള്ള വഴി
കുട്ടിക്കാലത്ത് തന്നെ സിനിമയിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കലോത്സവങ്ങളിലൊക്കെ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. ആത്യന്തികമായി സിനിമ എന്ന മീഡിയത്തോടായിരുന്നു ഇഷ്ടം. അതിൽ തന്നെ അഭിനയം, എഴുത്ത് എന്നിവയാണ് ഇഷ്ടം. ആദ്യം എനിക്കേറെ അവസരങ്ങൾ കിട്ടിയത് അഭിനയത്തിലായിരുന്നു. 'ഹൃദയം', 'വരത്തൻ', 'ആരവം' തുടങ്ങിയ ചിത്രങ്ങളും ധാരാളം ഷോർട്ട് ഫിലിമുകളും ലഭിച്ചു. അതിനൊപ്പം എഴുത്തും സജീവമായിരുന്നു. എന്നാൽ എഴുത്തിലേക്കു കടന്നപ്പോഴാണ് അതിന്റെയൊരു കിക്ക് എനിക്കു കിട്ടുന്നത്. കോവിഡ് സമയത്ത് മൊത്തത്തിൽ ഒരാശങ്ക ഉണ്ടായി. അഭിനയിക്കാൻ കമിറ്റ് ചെയ്ത 'ഹൃദയം', 'ആരവം' പോലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ് താൽക്കാലികമായി നിന്നു പോയി. ഇനിയെന്ത് എന്നൊരു അവസ്ഥ വന്നു. അതിജീവനത്തിന്റെ ഭാഗമായി കുറച്ചുകാലം മീഡിയയിൽ ജോലി ചെയ്തിരുന്നു.
അതിനിടയിലാണ് എഴുത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. പോള്‍സണ്‍ സ്‌കറിയ എന്റെ കോളേജ് മേറ്റായിരുന്നു. കോതമംഗലത്തു ഞങ്ങളുടെ ഒരു ഗ്യാങ്ങുണ്ട്. പോൾസൺ, 'ഭീഷ്മപർവ്വ'ത്തിന്റെ സ്ക്രിപ്റ്റ് റൈറ്ററായ ദേവദത്ത് ഷാജി... ഞങ്ങളെല്ലാവരും മാർ അത്തനേഷ്യസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണ്. കോളേജ് കാലം മുതൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് സിനിമ സ്വപ്നം കാണുന്നുണ്ട്. ഷോർട്ട് ഫിലിമുകളും ചെയ്യുന്നുണ്ടായിരുന്നു. 'വരത്ത'നിൽ എനിക്ക് ചാൻസ് കിട്ടുന്നത് പോലും ഞാൻ അഭിനയിച്ച ഒരു ഷോർട്ട് ഫിലിം ആ ടീം കണ്ടതു കൊണ്ടാണ്. ഞങ്ങളെല്ലാവരും കൂട്ടായി പിന്നീട് സിനിമയിലെത്തി എന്നതാണ് ഏറ്റവും വലിയ സന്തോഷം.
യൂണീക് ആയി എന്തു ചെയ്യാൻ പറ്റും എന്നായിരുന്നു എന്റെയും പോൾസന്റെയും ആലോചന. പത്തോളം സ്റ്റോറി ത്രെഡുകൾ ഞങ്ങൾ നോക്കി, അതിൽ ഇഷ്ടം തോന്നിയത് 'കാതൽ' ആണ്. പോൾസന്റെ സുഹൃത്ത് പറഞ്ഞൊരു സംഭവകഥയിൽ നിന്നുമാണ് ഞങ്ങൾ 'കാതലി'ലേക്ക് ലാൻഡ് ചെയ്യുന്നത്. വേട്ടയാട് വിളയാട് എന്ന ചിത്രത്തിൽ കമൽഹാസൻ തന്റെ വില്ലൻമാരോട് ചോദിക്കുന്ന 'നീങ്ക എന്താ ഗേസാ' എന്ന ഡയലോഗും ഇതിലേക്ക് പ്രചോദനമായിട്ടുണ്ട്.
'കാതൽ' എഴുതുമ്പോൾ വളരെ ചെറിയൊരു പ്രൊജക്റ്റ് ആയാണ് ഞങ്ങളതിനെ പ്ലാൻ ചെയ്തത്. ബഡ്ജറ്റ് ഫ്രണ്ട്ലിയായി ചെയ്യാവുന്ന, ഒടിടിയ്ക്ക് ഒക്കെ കൊടുക്കാവുന്ന ഒരു ചെറിയ പടം എന്ന രീതിയിലാണ് ഞങ്ങൾ ചിന്തിച്ചത്. അന്ന് മമ്മൂട്ടി സാർ, ജ്യോതിക മാഡം ഒന്നും ഞങ്ങളുടെ മനസ്സിൽ ഇല്ലായിരുന്നു. എന്നാൽ ജിയോ ബേബി ചേട്ടൻ പ്രൊജക്റ്റിലേക്കു വന്നതോടെ അതിന്റെ ക്യാൻവാസ് വലുതായി. മമ്മൂട്ടി സാർ, ജ്യോതിക മാഡം, മമ്മൂട്ടി കമ്പനിയൊക്കെ അതിലേക്ക് വന്നു ചേർന്നു. ആ കണ്ടന്റിനെ ജിയോ ചേട്ടൻ കൃത്യമായി മനസ്സിലാക്കിയതാണ് ഞങ്ങളുടെ ഭാഗ്യമായി മാറിയത്.
Read Here
- ബോൾഡാണ് 'കാതൽ'; റിവ്യൂ
- ഇടിയുടെ പൂരം, എന്നാൽ വെറും തല്ലുപടമല്ല; 'ആർഡിഎക്സ്' റിവ്യൂ
- നെയ്മർ ഒടിടിയിലേക്ക്
മൂന്നു ചിത്രങ്ങൾ, വ്യത്യസ്തതരം വെല്ലുവിളികൾ
മൂന്നു സിനിമകളും സമ്മാനിച്ച ടെൻഷൻ മൂന്നു തരത്തിലുള്ളതായിരുന്നു. സെൻസിറ്റീവായ കണ്ടന്റാണ് 'കാതൽ' പറയുന്നത്. മമ്മൂട്ടിയെ പോലൊരു നടൻ അതിൽ അഭിനയിക്കാനും നിർമ്മിക്കാനും തയ്യാറാവുന്നു എന്നതിനപ്പുറത്തേക്ക്, മലയാളികൾ ഇതെങ്ങനെ എടുക്കുമെന്ന കാര്യത്തിൽ ശരിക്കും ഞങ്ങൾക്കു പേടിയുണ്ടായിരുന്നു. നല്ല സിനിമയാണെന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ പോലും ഇതു പോലെ സ്വീകരിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 'കാതലിൽ', പൊളിറ്റിക്സ് കൃത്യമായി പറഞ്ഞില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. സെൻസിറ്റീവായ കണ്ടന്റായതിനാൽ ആരെയും കളിയാക്കുന്നതു പോലെ ആവരുതെന്ന കാര്യത്തിലും ശ്രദ്ധ പുലർത്തി.
അതേ സമയം, 'ആർഡിഎക്സ്' ഞങ്ങളെ സംബന്ധിച്ച് ഒരു സർവൈവൽ പ്രൊജക്റ്റായിരുന്നു, നഹാസിനെ സംബന്ധിച്ചുമതെ. 'മിന്നൽ മുരളി' പോലെ ആഗോളതലത്തിൽ ശ്രദ്ധ നേടിയൊരു ചിത്രത്തിനു ശേഷം 'വീക്കന്റ് ബ്ലോക്ക്ബസ്റ്റർ' എടുക്കുന്ന മലയാള ചിത്രമാണ്. ബിഗ് ബജറ്റ്, മൂന്നു നായകന്മാരുമുണ്ട്... കൊമേഴ്സ്യൽ ചിത്രങ്ങൾക്ക് അത്ര വലിയ സ്വീകാര്യത കിട്ടാത്തൊരു ഘട്ടത്തിലാണ് 'ആർഡിഎക്സ്' വരുന്നത്. നിലവിലെ ട്രെൻഡൊക്കെ മാറി വന്ന ആ സമയം അൽപ്പം നിർണായകമായിരുന്നു. കൊമേഴ്സ്യൽ ആയി ആളുകൾക്ക് വർക്ക് ചെയ്യുന്നൊരു ടെംപ്ലേറ്റിലേക്ക് തിരക്കഥ കൊണ്ടു വരിക എന്നതായിരുന്നു വെല്ലുവിളി. ആ ചിത്രം ഷൂട്ട് ചെയ്തെടുക്കുന്നതും വലിയ സ്ട്രെയിൻ ഉള്ള കാര്യമായിരുന്നു.
സ്ഥിരം ഡോഗ് മൂവിയിൽ നിന്നും വ്യത്യാസമുള്ള ഒരു സിനിമ ഉണ്ടാക്കണം എന്നതായിരുന്നു 'നെയ്മർ' എന്ന ചിത്രത്തെ കുറിച്ചുള്ള ഞങ്ങളുടെ ആഗ്രഹം. താരതമ്യേന യുവതാരങ്ങളായ മാത്യവിനെയും നസ്ലനെയും വച്ചാണ് അത്രയും ബജറ്റിലുള്ള ചിത്രമൊരുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. പോരാത്തതിന്, ഒരു നാടൻ നായക്കുട്ടിയെ വെച്ചു വേണം ഈ പരിപാടി ഒക്കെ ചെയ്തെടുക്കാൻ. ഡോഗ് ട്രെയിനേഴ്സ് വരെ പറയുന്നുണ്ടായിരുന്നു, 'നാടൻ നായക്കുട്ടികൾ അത്ര സ്മാർട്ടോ ബ്രില്ല്യന്റോ അല്ലെന്ന്'. 'നെയ്മറിനെ' ഞങ്ങൾ മൂന്നു മാസത്തോളം ട്രെയിൻ ചെയ്തെടുത്തു. ആ ചിത്രം ഷൂട്ട് ചെയ്തെടുക്കുക എന്നത് വലിയ കടമ്പയായിരുന്നു. പക്ഷേ വലിയ തടസ്സങ്ങളൊന്നുമില്ലാതെ ചിത്രം പൂർത്തിയാക്കാനായത് ഭാഗ്യമാണ്. ഏതാണ്ട് 500 ഓളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുമാരും ടെക്നീഷ്യൻമാരും അടങ്ങുന്ന ക്രൂ ആയിരുന്നു 'നെയ്മറി'ന്റെ. അവരുടെയെല്ലാം സമയം പാഴാകാതെ, നെയ്മറിനെ കൊണ്ട് പെർഫോം ചെയ്യിക്കാൻ സാധിച്ചു.'നെയ്മറി'നൊരു ഡ്യൂപ്പ് പോലുമില്ലായിരുന്നു.
പ്രതീക്ഷയോടെ 2024ലേക്ക്
എല്ലാ ഴോണർ ചിത്രങ്ങളും ചെയ്യണമെന്നും പരീക്ഷിക്കണമെന്നും ആഗ്രഹമുള്ള ആളാണ് ഞാൻ. പുതിയ ചില പ്രൊജക്റ്റുകളുടെ എഴുത്തിലാണ് ഇപ്പോൾ. അനൗൺസ് ചെയ്യാൻ സമയം ആവുന്നതേയുള്ളൂ. ഇപ്പോൾ ചെയ്യുന്നതിലും ഒരു കോ-റൈറ്റർ കൂടെയുണ്ട്. അതു കഴിഞ്ഞ് ഇൻഡിപെൻഡന്റ് ആയി എഴുതുന്ന ചില പ്രൊജക്റ്റുകളുടെ ചർച്ചയും നടക്കുന്നുണ്ട്.
2023 എന്നെ സംബന്ധിച്ച് ഒരു ഗംഭീര വർഷമായിരുന്നു. ബോക്സ് ഓഫീസിൽ ഈ വർഷം ഹിറ്റായ 14 ചിത്രങ്ങളിൽ മൂന്നെണ്ണം നമ്മുടേതാണ് എന്നു കേൾക്കുമ്പോൾ സന്തോഷമുണ്ട്. വിജയങ്ങൾ നമ്മുടെ ഉത്തരവാദിത്വം കൂട്ടുകയാണ്. എങ്ങനെ കഠിനാധ്വാനം ചെയ്താലാണ് നമുക്ക് പിടിച്ചു നിൽക്കാൻ പറ്റുക എന്ന ആശങ്കയുണ്ട്. ഓരോ ചിത്രത്തെയും 'ആദ്യത്തെ സിനിമ'യെന്ന പോലെ സൂക്ഷ്മതയോടെ സമീപിച്ച് നിരന്തരം ട്രൈ ചെയ്തുകൊണ്ടിരിക്കുക എന്നതാണ് മുന്നിലുള്ള കാര്യം.
Read Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.