/indian-express-malayalam/media/media_files/2025/02/13/uHoMGCl7Y9BZ77Z5S3n3.jpg)
പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് ശ്രീ പാർവ്വതി
അപൂർവ്വമായൊരു പ്രണയം പങ്കിടുന്നയാളാണ് എഴുത്തുകാരി ശ്രീ പാർവതിയും ഉണ്ണി മാക്സും. പരസ്പരം കാണാതെ ഇരുലോകങ്ങളിലിരുന്ന് പ്രണയിച്ചു തുടങ്ങിയവർ. ഒരപകടത്തെ തുടർന്ന് സ്പൈനൽ കോഡിന് പരുക്കേറ്റ് വീൽച്ചെയറിൽ ആയിപ്പോയ ഉണ്ണിയുടെ ജീവിതപങ്കാളിയാവാൻ പാർവതി തീരുമാനമെടുത്തപ്പോൾ ചുറ്റുമുള്ളവരെല്ലാം എതിർത്തു. 'സഹതാപവും അനുകമ്പയും കൊണ്ടല്ലേ ഈ തീരുമാനം, ഇതു വേണ്ടെന്നു വയ്ക്കൂ' എന്നു വിലക്കി. അവരോട് 'എന്റെ പ്രണയത്തെ അത്ര വില കുറച്ചു കാണാതിരിക്കൂ' എന്ന് പാർവതി തർക്കിച്ചു. തനിക്ക് ഉണ്ണിയെന്താണെന്നതിനെ കുറിച്ച് അത്രമേൽ ഉറപ്പുണ്ടായിരുന്നു പാർവതിയ്ക്ക്. ആ ഉറപ്പിന്റെ ബലത്തിലാണ്, കഴിഞ്ഞ 20 വർഷത്തിലേറെയായി പാർവതിയുടെയും ഉണ്ണിയുടെയും പ്രണയജീവിതം ഉരുളുന്നത്.
ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ശ്രീ പാർവതി.
ഇഷ്ടപ്പെട്ട പാട്ടുകളെ കുറിച്ച് വെറുതെയുള്ള ഓര്‍മ്മ പോലും സ്നേഹമാണ്. ഏതോ കാലത്ത് നിന്നും ഓര്‍മ്മകളിലും ചിലപ്പോള്‍ ഓരോ അണുവിലും പടര്‍ന്നു കയറിയ താളവും വരികളും. അപ്പോള്‍ സ്നേഹത്തെക്കുറിച്ച് തന്നെ ആദ്യം ഓര്‍ക്കട്ടെ.
“സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
കരയാതെന്‍ ആരോമന്‍ തുമ്പീ...
'ഡിസംബര്‍' എന്ന സിനിമയിലെ ജാസ്സി ഗിഫ്റ്റിന്റെ പാട്ട്. രാത്രി പതിനൊന്നു മുതല്‍ പാതിരാത്രി ഒന്നും രണ്ടും മണി വരെ പ്രിയപ്പെട്ട ഒരാളോട് സംസാരിച്ചു കൊണ്ടിരുന്നിരുന്ന ഒരു രാത്രിയില്‍ അവനു വേണ്ടി പാടിയതാണ് സ്നേഹതുമ്പി...
ആദ്യത്തെ നാല് വരിയ്ക്കപ്പുറം ബാക്കി അവന്‍ പാടി പൂരിപ്പിച്ചു തന്നു. പ്രിയപ്പെട്ട പാട്ട് ഏത് എന്ന ചോദ്യത്തില്‍ മറ്റൊരോർമ്മയിലേയ്ക്ക് പോകും മുന്‍പ് ഹൃദയം മൂളുന്നത് ഇത് തന്നെയാണ്.
“ഒരു ദലം മാത്രംവിടര്‍ന്നൊരു ചെമ്പനീര്‍
മുകുളമായ് നീയെന്റെ മുന്നില്‍ നിന്നു”
ഭിത്തിയില്‍ പ്രിയപ്പെട്ട ഒരുവളുടെ ചിത്രം കരിക്കട്ട കൊണ്ട് കോറി വരയുന്ന ഒരുവന്റെ കണ്ണുകള്‍, ചിരി... ഈ വരി ഇങ്ങനെ തന്നെയാവില്ല, എങ്കിലും ഏതാണ്ട് ഇങ്ങനെയാണ് ആദ്യമായി ഞാന്‍ എഴുതിയത്. ആദ്യമായി ഒരു പത്രത്തില്‍, അച്ചടിച്ച് വന്ന എന്റെ ആദ്യത്തെ എഴുത്തോര്‍മ്മ. കോളേജില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു അത്. ക്യാംപസ് പേജുകളില്‍ ഒന്നില്‍ ആദ്യമായി പേര് ഈ പാട്ടിനോപ്പമായിരുന്നു അച്ചടിച്ച് വന്നത്.
ഈ പാട്ടില്‍ നിന്നാണ് കോളേജില്‍ ആദ്യമായി എഴുത്തുകാരി എന്ന കയ്യടി കിട്ടിയത്. ഇഷ്ടമുള്ള പാട്ടില്‍ നിന്നും ഭാവിയില്‍ ആരാകണം എന്ന സ്വപ്നത്തിലേയ്ക്കുള്ള ആദ്യത്തെ ചുവട്. എങ്ങനെ മറക്കാനാകും ആ ഗാനവും അതിനു വേണ്ടി എഴുതാന്‍ കൊതിച്ച ആ ദിനങ്ങളും!
“ഉണ്ണികളേ ഒരു കഥ പറയാം
ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം”
ഒരു പുല്ലാങ്കുഴലിന്റെ കഥയാണ് എബിയുടെയും. ആദ്യമായി മനസ്സില്‍ തറച്ച പാട്ടും സിനിമയും ഇതായിരുന്നു. ഒരിക്കലും മറന്നു പോകാന്‍ സാധ്യതയില്ലാത്ത, മറക്കാന്‍ പാടില്ലാത്ത അനുഭവമാണ് ആ പാട്ട്. ആ പാട്ടിലെ ഓരോ വരിയും ഏതു ഉറക്കത്തില്‍ ചോദിച്ചാലും പറയാന്‍ എളുപ്പമാണ്, അന്നും ഇന്നും. കേള്‍ക്കുമ്പോള്‍ കണ്ണ് നിറച്ചു അതില്‍ അലിഞ്ഞു തീരാന്‍ തോന്നിപ്പിക്കും.
എത്ര തവണ ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമ കണ്ടിട്ടുണ്ടെന്നറിയില്ല. ആ സിനിമയുടെ ആത്മാവിനെ ഒന്നാകെ ഒരു പാട്ടില്‍ ഒളിപ്പിച്ചു വച്ച ബിച്ചു തിരുമല മാജിക്.
ഇതേ പോലെ തന്നെ മറ്റൊരു പാട്ട് കൂടിയുണ്ട്,
“ദേവഗാനം പാടുവാനീ
തീരഭൂവില്‍ വന്നു ഞാന്‍..”
അധികമൊന്നും ആരും കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു പാട്ട്. 'എഴുതാന്‍ മറന്ന കഥ' എന്ന സിനിമയില്‍ നിന്നുള്ളതാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ചിലര്‍ ഹൃദയത്തിലേയ്ക്ക് ഇടിച്ചു കയറി വന്നു കൂട് കെട്ടി താമസിക്കുന്നത് പോലെയായിരുന്നു അത്. ഒരിക്കല്‍ പതിവുള്ള റേഡിയോ ഗാനോത്സവത്തില്‍ ഉച്ചയ്ക്ക് അലസമായ ഒരു പാതിയുറക്കത്തില്‍ കേട്ടപ്പോള്‍ മുതല്‍ ഗാനവും വരികളും ഹൃദയത്തില്‍, രക്തത്തോടൊപ്പം കലര്‍ന്നു.
ഏതു സിനിമയില്‍ നിന്നുമാണ്, ഇനിയെന്ന് ഇത് വീണ്ടും കേള്‍ക്കാന്‍ പറ്റും എന്നറിയില്ല, ഇത്തരം വിവരങ്ങള്‍ എവിടെ നിന്നും കിട്ടുമെന്നറിയില്ലാത്ത കാലം! വീണ്ടും ഓരോ ദിവസവും പതിവുകള്‍ പലതും തെറ്റിയത് ഓര്‍മ്മയുണ്ട്. ആ ഗാനം വീണ്ടും വീണ്ടും കേള്‍ക്കാനായി കാത്തിരുന്നതും ഓര്‍മ്മയുണ്ട്.
അത്രയ്ക്കിഷ്ടപ്പെടാന്‍ അതിലെന്താണ്?
എനിക്കറിയില്ല...
“തിര നുരയും ചുരുള്‍ മുടിയില്‍
സാഗര സൗന്ദര്യം...”
രണ്ടു ദിവസം മുന്‍പും കൂടി കേട്ടതേയുള്ളൂ. വന്യമായ പ്രണയത്തിന്റെ ആഴത്തില്‍ സ്വയം മറന്നു ദിഗംബരന്‍ പാടുന്നു. ആ വരികളില്‍ ഞാനുണ്ടെന്ന് തോന്നിപ്പിക്കുന്നു. ഗാനമേളകളില്‍ പാടുന്ന പ്രിയപ്പെട്ടവനോട് നിരന്തരം കലഹിക്കുന്ന ഒരു കാരണം ഈ പാട്ടാണ്.
“ഈ പാട്ടൊന്നു പാടുവോ?”
ആവര്‍ത്തിച്ചു ഞാനത് ചോദിച്ചു കൊണ്ടേയിരിക്കും. അവനത് പാടുമ്പോള്‍ കണ്ണുകള്‍ നിറയും, നെഞ്ച് നിറയും. എനിക്ക് വേണ്ടി പാടുന്നതോര്‍ത്ത് രോമകൂപങ്ങള്‍ എഴുന്നു നില്‍ക്കും.
അത്രയുമൊക്കെ മതി. സന്തോഷിക്കാനും ഉന്മാദത്തില്‍ സ്വയം ആകാശമായി മാറാനും. അല്ലെങ്കിലും ഈ പാട്ടുകള്‍ക്കൊക്കെ എന്തു ഭംഗിയാണ്! പലതരം ഓര്‍മ്മകളില്‍ കൊളുത്തി ക്രിസ്തുമസ് രാത്രികളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നത് പോലെ, ഒരൊറ്റ നൂലില്‍ കോര്‍ത്ത കുറെ പാട്ടുകള്‍. അതിന്റെ തിളക്കങ്ങള്‍!
മരണം വരെ ഓര്‍ത്തു വയ്ക്കുന്നവ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.