/indian-express-malayalam/media/media_files/2025/02/13/TJTpRFyz7VdFGqcnqeJp.jpg)
ഇഷ്ടപ്പെട്ട പ്രണയഗാനങ്ങളുമായി അശ്വതി ശ്രീകാന്ത്
ടൈം മെഷീൻ പോലെയാണ് ചില പാട്ടുകൾ. ചിലപ്പോൾ ഒരു പാട്ടിന്റെ ചിറകിലേറി നമ്മൾ യാത്ര പോവുന്നത്, ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മയിലേക്കാവും... മറവിയിൽ ആണ്ടുപോയ, ഹൃദയം തൊട്ടൊരു പ്രണയകാലത്തിന്റെ നനുത്ത ഓർമകളിലേക്കുള്ള ജനൽവാതിലുകളാവാം ചിലപ്പോൾ ആ പാട്ട് നമുക്കു മുന്നിൽ തുറന്നിടുന്നത്.
'ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ...' എന്ന പാട്ടു കേൾക്കുമ്പോഴെല്ലാം അശ്വതി ശ്രീകാന്ത് ഓർക്കുക, തന്റെ കുട്ടിക്കാലമാണ്. ആദ്യ പ്രണയത്തിന്റെ ഈറൻമഴയിൽ നനഞ്ഞു നിൽക്കുന്ന ആ പഴയ എട്ടാം ക്ലാസുകാരിയെ ആണ്.
തനിക്കേറെ പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് മനസ്സു തുറക്കുകയാണ് നടിയും എഴുത്തുകാരിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്.
"കാലാകാലങ്ങളായി ആവർത്തിച്ച് കേട്ട് നെഞ്ചിലേറ്റിയ, ഇഷ്ടപ്പെട്ട ഒരുപാട് പാട്ടുകളുണ്ട്. അതിൽ നിന്നും പെട്ടെന്ന് മനസ്സിലേക്കുവന്ന അഞ്ചു പാട്ടുകളാണ് ഇവിടെ പറയുന്നത്. ഈ പാട്ടുകളിൽ ഒരു വ്യക്തിയേയോ അയാളുടെ ഓർമയേയോ അടയാളപ്പെടുത്തുന്നവ ഒന്നോ രണ്ടോ മാത്രമായിരിക്കും. എന്നെ സംബന്ധിച്ച്, ഈ പാട്ടുകളെല്ലാം എന്റെ വേരുകളുമായി കണക്റ്റ് ചെയ്യുന്നതായി തോന്നാറുണ്ട്."
"എല്ലാ ബഹളങ്ങളിൽ നിന്നും മാറി, പാർട്ണറോ സുഹൃത്തുക്കളോ ഒന്നുമില്ലാതെ നമ്മൾ തനിയെ ഇരിക്കുന്ന ഒരു സമയമുണ്ടല്ലോ? 'ഞാനും ഞാനും മാത്രം' എന്നു പറയാവുന്ന, സെൽഫ് ലവിന്റേതായൊരു സ്പേസ്? എന്റെ ഫേവറേറ്റ് പാട്ടുകൾ ഞാൻ കേൾക്കാൻ ഇഷ്ടപ്പെടുന്നത് അങ്ങനെ ഒറ്റയ്ക്കിരിക്കുന്ന സമയങ്ങളിലാണ്. അതാണ് എന്റെ ആസ്വാദനം എന്നെനിക്കു തോന്നിയിട്ടുണ്ട്. ചിലപ്പോൾ, എന്റെ കൂടെയിരിക്കുന്നവർ ആ പാട്ട് എൻജോയ് ചെയ്യണമെന്നില്ല, ആ പാട്ട് പാർട്ണറുമായി ഒന്നിച്ച് പങ്കിടാൻ പറ്റുന്ന ഒന്നായിരിക്കണമെന്നുമില്ല," അശ്വതി പറയുന്നു.
മോഹ് മോഹ് കെ ധാഗെ....
'ദം ലഗാ കെ ഹൈഷ' എന്ന ചിത്രത്തിനു വേണ്ടി മൊണാലി താക്കൂർ പാടിയ 'മോഹ് മോഹ് കെ ധാഗെ' എന്ന ഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്. അതിമനോഹരമായൊരു മെലഡിയാണ്. ഏതു മൂഡിൽ നിന്നും റൊമാന്റിക് മൂഡിലേക്ക് എന്നെ ഷിഫ്റ്റ് ചെയ്യുന്നൊരു ഗാനമാണത്.
മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ മൃദുല നിലാവുദിക്കുമ്പോൾ....
അത്ര പോപ്പുലർ സോങ്ങല്ലെങ്കിലും എന്റെ പേഴ്സണൽ ഫേവറേറ്റ് ആണ് മഴയിലെ 'മഞ്ഞിന്റെ മറയിട്ടോരോർമ്മകൾക്കുള്ളിൽ' എന്നു തുടങ്ങുന്ന ചിത്ര ചേച്ചി പാടിയ പാട്ട്. ആ സിനിമയിലെ മറ്റു പാട്ടുകളാണ് (ആരാദ്യം പറയും, ഇത്രമേൽ മണമുള്ള, വാർമുകിലെ വാനിൽ നീ.... ) പലപ്പോഴും ആളുകൾ ഇഷ്ടഗാനങ്ങളായി പറയാറുള്ളത്. പക്ഷേ അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഈ പാട്ടാണ് എനിക്കേറെയിഷ്ടം. സങ്കടം വരുമ്പോഴും റൊമാന്റിക് മൂഡിലും ഒരുപോലെ എനിക്ക് കണക്റ്റ് ചെയ്യാൻ പറ്റിയ ഒന്നാണത്. ആ പാട്ട് കേൾക്കുമ്പോൾ അതെന്റെ ആത്മാവിലെവിടെയോ ടച്ച് ചെയ്യുന്നതു പോലെ തോന്നും.
ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ...
'കൊട്ടാരം വീട്ടിലെ അപ്പൂട്ടനി'ൽ ബേണി- ഇഗ്നേഷ്യസ് സംഗീതം നൽകി എം ജി ശ്രീകുമാർ പാടിയ 'ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ' എന്ന പാട്ടിനോട് എനിക്കൊരു പേഴ്സണൽ കണക്ഷൻ ഉണ്ട്. എനിക്കാദ്യമായി ഒരു ക്രഷ് ഫീൽ ചെയ്യുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്, സ്കൂളിലെ ഒരു സീനിയർ ചേട്ടനോട്. പുള്ളിയൊരിക്കൽ സ്റ്റേജിൽ ഈ പാട്ടുപാടി. അതുകേട്ടതു മുതൽ ഈ പാട്ടിനോട് എനിക്ക് ഭയങ്കര പ്രണയമാണ്.
ആ പുള്ളി ഇപ്പോൾ എവിടെയാണ് എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഇപ്പോഴും 'ആവണിപ്പൊന്നൂഞ്ഞാൽ' കേൾക്കുമ്പോൾ ഞാനെന്റെ കുട്ടിക്കാലത്തു നിൽക്കുന്ന ഒരു ഫീലാണ്. അതുകൊണ്ടുതന്നെ, എത്ര കേട്ടാലും മടുക്കാത്ത, സന്തോഷം തരുന്ന ഒരു പാട്ടാണിത്.
ഇന്നും കൊഞ്ചനേരം...
പാർവതി തിരുവോത്തും ധനുഷും അഭിനയിച്ച മരിയൻ എന്ന ചിത്രത്തിലെ 'ഇന്നും കൊഞ്ചനേരം' എന്ന പാട്ടും എനിക്കേറെ പ്രിയപ്പെട്ടതാണ്. പൊതുവെ, പാട്ടിലെ വരികൾ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ. ഈണത്തേക്കാളും ചിലപ്പോൾ എന്നെ ഹുക്ക് ചെയ്യുന്നത് പാട്ടിലെ വരികൾ ആണെന്നു തോന്നിയിട്ടുണ്ട്.
അഭീ ന ജാവോ ചോട്‌കർ
കുറച്ചു കാലമായി എപ്പോഴും കേൾക്കുന്ന പാട്ടുകളിൽ ഒന്നാണ് 'അഭീ ന ജാവോ ചോട്‌കർ' എന്ന ഗാനം. കുറേനാൾ എന്റെ ഡയലർ ട്യൂൺ ഈ പാട്ടായിരുന്നു. ഏതു സമയത്തും പ്ലേ ചെയ്ത് കേൾക്കാൻ ഇഷ്ടമുള്ള ഒന്നാണിത്.
മുൻപ് ഞാൻ ഓൺ ഡിമാന്റ് ഷോകളൊക്കെ ചെയ്തിരുന്നു. ആളുകൾ ഡിമാന്റ് ചെയ്യുന്ന പാട്ടുകളാണ് കൂടുതലും പ്ലേ ചെയ്തിരുന്നെങ്കിലും, അതു കഴിഞ്ഞിട്ട് രണ്ടാമതായി ഒരു പാട്ടു തിരഞ്ഞെടുക്കാൻ നമുക്ക് പെർമിഷൻ കിട്ടും. ആ സമയത്ത് ടൈമിംഗ് പോലും നോക്കാതെ ഞാൻ പിക്ക് ചെയ്തിരുന്നത് ഇത്തരത്തിലുള്ള ചില റൊമാന്റിക് പാട്ടുകളായിരുന്നു. സ്റ്റുഡിയോയിൽ ഇരുന്ന് ഹെഡ് ഫോൺ വച്ചു എനിക്ക് ആ പാട്ടുകൾ കേൾക്കാൻ വേണ്ടി മാത്രം 'ലിസണേഴ്സിനെ ചതിച്ച്' ഞാൻ എന്റെ ഫേവറേറ്റ് പാട്ടുകൾ പ്ലേ ചെയ്തിരുന്നുവെന്നു പറയാം.
പാട്ടുകൾക്ക് ഒരു വല്ലാത്ത സൗന്ദര്യമുണ്ടെന്ന് എനിക്കു മനസ്സിലായ ചില അനുഭവങ്ങളുണ്ട്. നമ്മളുടെ ഏറ്റവും നല്ലൊരു ഓർമയുമായി കണക്റ്റ് ചെയ്ത പാട്ടാണെങ്കിൽ, പിന്നീട് എവിടെയിരുന്ന് ആ പാട്ടു കേൾക്കുമ്പോഴും ആ ഓർമകൾ നമ്മളിലേക്ക് ഓടിയെത്തും. വല്ലാത്തൊരു തെറാപ്പി സ്വഭാവമുണ്ട് പാട്ടുകൾക്ക്. നമ്മുടെയൊക്കെ ഓർമകളിലേക്കും, ഭൂതകാലത്തിലേക്കുമുള്ള ഈസി ടിക്കറ്റാണ് അവ. അന്നു നമ്മൾ എത്ര സന്തോഷിച്ചിരുന്നു, ആ സന്തോഷമൊന്നും എവിടെയും പോയിട്ടില്ല, ഓർമകളിൽ എവിടെയൊക്കെയോ എല്ലാം ഇപ്പോഴുമുണ്ടെന്ന് ആ പാട്ടുകൾ നമ്മെ ഓർമപ്പെടുത്തും.
പാട്ടു വർത്തമാനങ്ങളും രസമാണ്. എനിക്കിഷ്ടമുള്ള, അത്ര പോപ്പുലർ അല്ലാത്ത ചില പാട്ടുകളെ കുറിച്ചൊക്കെ ഞാൻ പറയുമ്പോൾ ചിലപ്പോൾ ആളുകൾ പറയാറുണ്ട്, അതെന്റെയും ഫേവറേറ്റ് ആണെന്ന്. അതേ വരെ സംസാരിക്കാനൊരു സബ്ജെക്ട് പോലുമില്ലാത്ത ആളായിരിക്കും നമ്മുടെ മുന്നിൽ ഇരിക്കുന്നത്. പക്ഷേ, ആ ഒരൊറ്റ പാട്ടിലൂടെ നമുക്ക് സംസാരിക്കാനൊരു വാതിൽ തുറന്നുകിട്ടുകയാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.