/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/02/13/qEJS7itL076qBvBiUeWa.jpg)
പ്രിയപാട്ടുകളെ കുറിച്ച് കൽപ്പറ്റ നാരായണൻ
പ്രണയത്തിന്റെ നിറവിൽ, ഉന്മാദങ്ങളിൽ, വിരഹവേദനയിൽ, പിണക്കങ്ങളിൽ ഇഴപിരിഞ്ഞു കിടക്കുന്ന ചില പാട്ടുകളുണ്ട്. അല്ലെങ്കിൽ, 'ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നു, എത്രത്തോളം പ്രിയപ്പെട്ടവളാണ് നീയെനിക്ക്' എന്നൊക്കെ കാമുകിയ്ക്കായി ദൂതുപോകുന്ന പാട്ടുകൾ. മനസ്സിന്റെ ഉള്ളറകളിലെങ്കിലും പ്രിയപ്പെട്ടൊരു പ്രണയഗാനം സൂക്ഷിച്ചുവയ്ക്കാത്തവർ ആരുണ്ട്!
പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് എഴുത്തുകാരനും സാഹിത്യവിമർശകനുമായ കൽപ്പറ്റ നാരായണൻ സംസാരിക്കുന്നു.
അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം..
എന്റെ അഞ്ചു പ്രിയ പാട്ടുകളിൽ ആദ്യത്തേത്, സംഗീതത്തോടാണോ പ്രണയത്തോടാണോ എന്നെ അടുപ്പിച്ചത് എന്ന് ഉറപ്പില്ലാത്ത ഒന്നാണ്. 'അല്ലിയാമ്പല്‍ കടവിലന്നരയ്‌ക്കു വെള്ളം - അന്നു നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം' എന്ന പാട്ട്. റോസി എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി കെ ജെ യേശുദാസ് പാടിയ ആ പാട്ട് ഞാനെന്റെ ഏറ്റവും ചെറുപ്രായത്തിൽ കേട്ടതാണ്. ഒരു ചെറുപ്പക്കാരൻ ട്രാൻസിസ്റ്റർ റേഡിയോയുമായി വയൽവരമ്പത്തൂടെ പോവുമ്പോൾ അതിൽ നിന്നുമാണ് ഞാനീ പാട്ട് ആദ്യം കേൾക്കുന്നത്. അന്നു ഞാൻ വളരെ കുഞ്ഞാണ്. അന്നാണ് ഈ പാട്ടെന്റെ മനസ്സിൽ പതിഞ്ഞത്. ജീവിതത്തിലേക്ക് ഈ പാട്ടിങ്ങനെ പലപ്പോഴും കടന്നു വരും. പ്രണയിക്കാൻ തോന്നുന്ന നിമിഷത്തിലോ, സുഖസുന്ദരമായ സന്ദർഭങ്ങളിലോ ഒക്കെ അതു വന്ന് മനസ്സിലേക്ക് ചേരും.
താമസമെന്തേ വരുവാന്‍ പ്രാണസഖീ എന്റെ മുന്നില്‍
'താമസമെന്തേ വരുവാൻ' ആണ് എന്റെ പ്രിയ പാട്ടുകളുടെ ലിസ്റ്റിലെ രണ്ടാമത്തെ പാട്ട്. സത്യത്തിൽ ഒന്ന്, രണ്ട് എന്നൊന്നും പറയുന്നതിൽ വലിയ അർത്ഥമില്ല. ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്കരൻ എഴുതി, എം എസ് ബാബുരാജ് സംഗീതം നൽകി യേശുദാസ് ആലപിച്ച ഗാനം. സംഗീത സുഖവും ടാഗോറിയൻ ഭംഗിയും ആ ഗാനത്തിനുണ്ട്. എക്കാലത്തെയും വളരെ മനോഹരമായൊരു പ്രണയഗാനമാണത്. ഒരു വേദനയാണ്! അതിലെ ഇമേജുകൾക്കൊക്കെ ഒരു ടാഗോറിയൻ ടച്ച് ഉണ്ട്. അതാവാം ആ പാട്ടിന്റെ അതിഭംഗിയുടെ ഒരു കാരണം. ടാഗോർ കവിതകൾ വായിക്കാത്ത മലയാളികൾക്ക് പോലും ടാഗോറിന്റെയൊരു ഭാവതലം എത്തിച്ചുകൊടുത്ത ഒരാളാണ് പി ഭാസ്കരൻ.
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
എന്റെ ആത്മ വേദനയെ മീട്ടിയ ഗാനമാണിത്. പി ഭാസ്കരൻ എഴുതി, എം എസ് ബാബുരാജ് സംഗീതം നൽകി, യേശുദാസ് പാടിയ 'പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ' എന്ന ഗാനം. ആ പാട്ടിലേക്ക് അതിന്റെ സംഗീതസംവിധായകൻ അനുഭവിച്ചിട്ടുള്ള ഒരു ഏകാന്തതയോ, വേദനയോ ഒക്കെ നന്നായിട്ട് പകർത്തിയിട്ടുണ്ട്. 'പ്രാണസഖി' എന്ന ഭാസ്കരന്റെ പ്രയോഗത്തിനു തന്നെ അയാൾ എത്ര നന്നായിട്ടാണ് സംഗീതം നൽകിയത്. ബാബുരാജിന്റെ അസാധ്യമായൊരു കോമ്പോസിഷനാണ് ഈ പാട്ട്.
പൊൻവെയിൽ മണിക്കച്ചയഴിഞ്ഞുവീണു..
ശരദിന്ദു മലർദീപ നാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി
ശോഭ എന്ന നടിയോട് എനിക്കു പ്രണയമുണ്ടാക്കി തന്ന പാട്ടാണ് 'ശരദിന്ദു മലർദീപ നാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി'. കെ ജി ജോർജിന്റെ സിനിമകളിലെ ഏറ്റവും മനോഹരമായ പാട്ടുകളിൽ ഒന്നാണത്. ഒരു വിസ്മയം പോലെയുള്ള നടിയായിരുന്നു ശോഭ. വളരെ കുറച്ച് സിനിമകളിലേ അവരെ നമ്മൾ കണ്ടിട്ടുള്ളൂ. ഈ പാട്ടു പാടുമ്പോൾ അവളുടെ മുഖത്തൊരു മന്ദഹാസമുണ്ട്, എന്തൊരു ഭംഗിയാണതിന്. ഈ പാട്ടു കേട്ട്, അതിലെ രംഗങ്ങൾ കണ്ട് ഞാൻ ശോഭയെ പ്രണയിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെ കുറേ കാമുകിമാരുണ്ടല്ലോ ലോകത്ത്, ഏകപക്ഷീയമായി നമ്മൾ അനുഭവിക്കുന്ന പ്രണയങ്ങൾ!
ഒരു ചലച്ചിത്രഗാനം നമ്മൾ ഇഷ്ടപ്പെടുന്നത് അതു നമ്മളെ വൈകാരികമായി സ്പർശിക്കുന്നതുകൊണ്ടാണ്. ഹൃദയം ഇൻസ്റ്റാൾ ചെയ്തൊരു കാതുകൊണ്ടാണ് നമ്മൾ ഈ പാട്ടുകൾ കേട്ടുകൊണ്ടിരിക്കുന്നത്. പുതിയ കാലത്തെ പാട്ടുകൾ, എന്റെ അനുഭവങ്ങളോട് വൈകാരികമായി ബന്ധപ്പെടുന്നതല്ല. അതിന്റെയൊരു പാരഡൈം ഷിഫ്റ്റ് നടന്നിട്ടുണ്ട്, അതുകൊണ്ടാണ് പഴയ പാട്ടുകളോടാണ് കൂടുതൽ ഇഷ്ടമെന്നു ഞാൻ പറയുന്നത്.
ഇതിലെ ഓരോ പാട്ടുകളും വേദനയിൽ ഞാൻ കേട്ടതാണ്... അല്ലെങ്കിൽ, ചില ദിവസങ്ങളിലെ പ്രണയത്തിൽ ഞാൻ കേട്ടതാണ്. ഇങ്ങനെ അനുഭവങ്ങളുമായി ബന്ധപ്പെട്ട് ഞാനിഷ്ടപ്പെടാൻ ഇടയായ പാട്ടുകളാണിവ. എനിക്ക് അത്രമേൽ ഇഷ്ടമാവാൻ ആവശ്യമായ ഒരു നീണ്ടകാലവും ഞാൻ പിന്നിട്ടു. കുറേ മുൻപു കേട്ടൊരു പാട്ട്, പല തവണ കേട്ടൊരു പാട്ട്, ഇപ്പോൾ കേൾക്കുമ്പോഴുള്ള സുഖാനുഭൂതിയാണ് വാസ്തവത്തിൽ ഈ പാട്ടുകളെ പ്രിയപ്പെട്ടതാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.