/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/02/08/xVy4xQj9c6XnguvNIGQZ.jpg)
ചില പാട്ടുകൾ കേൾക്കുമ്പോൾ നമ്മളും അറിയാതെ താളം പിടിച്ചുപോവും, മനസ്സു മയക്കുന്ന എന്തോ ഒന്ന് ആ പാട്ടിലുണ്ടാവും. ആ ഗണത്തിൽ പെടുന്ന പാട്ടാണ് ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത 'പൊന്മാൻ' എന്ന ചിത്രത്തിലെ ടൈറ്റിൽ ട്രാക്ക്.
"കൊല്ലം കണ്ടോടാ ... ഇല്ലം കാണണ്ടാ ...
കൊല്ലം കണ്ടോടാ ... ഇനി ഇല്ലം കാണണ്ടാ..." പാട്ടിലൂടെ ഒരു കൊല്ലം ടൂറിനു ക്ഷണിക്കുകയാണ് ഗാനരചയിതാവ് അൻവർ അലിയും സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസും. രശ്മി സതീഷാണ് ഈ വൈബ് പാട്ട് ആലപിച്ചിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിലും കൊല്ലം പാട്ട് ഇടം പിടിച്ചുകഴിഞ്ഞു.
‘കൊല്ലം പാട്ടി’ന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഗായിക രശ്മി സതീഷ്.
"എനിക്കേറെ ആരാധന തോന്നിയിട്ടുള്ള ഒരു മ്യൂസീഷനാണ് ജസ്റ്റിൻ. ആളുമായി നല്ല സൗഹൃദവുമുണ്ട്. പൊന്മാനിൽ ഇങ്ങനെയൊരു പാട്ടുണ്ടെന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത് ജസ്റ്റിനാണ്. അൻവർ അലിയുടെ വരികൾ, ജസ്റ്റിന്റെ മ്യൂസിക്... ഇവരുടെ കോമ്പോ മുൻപും ഉണ്ടായിട്ടുണ്ട്. രസമുള്ള പാട്ടുകളാണ് അവരുടേത്. ആ ടീമിനൊപ്പം വർക്ക് ചെയ്യാൻ എനിക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അൻവർ അലിയുമായും വർഷങ്ങളുടെ പരിചയമുണ്ട്, സ്വന്തം മേഖലയിൽ തിളങ്ങുന്ന ആളാണ് അൻവറും," കൊല്ലം പാട്ടിലേക്ക് എത്തിയതിനെ കുറിച്ച് രശ്മി പറയുന്നു.
ക്ലിക്കായ പാട്ട്
പാട്ടു പാടി ഞാൻ തിരിച്ചുപോന്നു. ഇപ്പോൾ സിനിമയിൽ പാടിയാലും ആ പാട്ടു അതുപോലെ സിനിമയിൽ ഉണ്ടാവണമെന്നില്ല. പണ്ട് മ്യൂസിക് ഡയറക്ടർ മാത്രം ആയിരുന്നു പാട്ടിന്റെ കാര്യത്തിൽ ഡിസിഷൻ മേക്കേഴ്സ്. ഇന്ന് അതല്ല, ഒരുപാട് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടല്ലോ, പലരുടെയും അഭിപ്രായങ്ങൾ വരുമ്പോൾ മാറിപ്പോവാം. ചിലപ്പോൾ ആ പാട്ടു തന്നെ സിനിമയിൽ ഉണ്ടാവണമെന്നില്ല. ചിലപ്പോൾ നമ്മുടെ ശബ്ദം സിനിമയിലുണ്ടാവും, പക്ഷേ പേരുണ്ടാവില്ല. അങ്ങനെ പലതും സംഭവിക്കും. സിനിമ വന്നു കഴിഞ്ഞാലേ പറയാനാവൂ. 'കൊല്ലം പാട്ട്' പക്ഷേ ശരിക്കും ക്ലിക്കായി.
മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെയായി ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. പാട്ട് നല്ലതാവും, പക്ഷേ ആ സിനിമ ചിലപ്പോൾ തിയേറ്ററിൽ വർക്കാവില്ല. അല്ലെങ്കിൽ, സിനിമ വർക്കാവും, പക്ഷേ പാട്ടു ശ്രദ്ധിക്കപ്പെടില്ല. ഇതെല്ലാം ഒന്നിച്ചുവരുമ്പോഴാണല്ലോ ക്ലിക്ക് ആയെന്ന് നമ്മൾ പറയുക. അങ്ങനെ ക്ലിക്ക് ആയൊരു പാട്ടാണ് കൊല്ലം പാട്ട്. ചിത്രത്തിലെ ആ പാട്ടു മാത്രമല്ല, മറ്റു പാട്ടുകളും സിനിമയുമായി നന്നായി ജെൽ ആയി പോവുന്നുണ്ട്.
റീൽസിന്റെ കാലത്തെത്തിയ പാട്ട്
17 വർഷമായി ഞാൻ ഇൻഡസ്ട്രിയിൽ ഉണ്ട്. ഉറുമിയൊക്കെ ഞാൻ തുടക്കക്കാലത്ത് ചെയ്ത വർക്കാണ്. കൂടുതലും ടൈറ്റിൽ ട്രാക്കുകളാവും ഞാൻ സിനിമയ്ക്കു വേണ്ടി പാടിയിട്ടുള്ളത്. മുൻപു ഞാൻ പാടിയ പല ടൈറ്റിൽ ട്രാക്കുകളും ഇന്ന് എവിടെയും കേൾക്കാൻ കൂടിയില്ല. ടൈറ്റിൽ ട്രാക്കുകളൊക്കെ പലപ്പോഴും സിനിമ ഒക്കെയിറങ്ങി കുറേകഴിഞ്ഞാണല്ലോ ഇറക്കിയിരിക്കുന്നത്. റീലുകൾ എന്നു പറയുന്ന സംഗതിയും അന്നൊന്നുമില്ല. 2013ൽ ഞാൻ ബോളിവുഡിൽ പാടിയിരുന്നു. ഇന്നായിരുന്നെങ്കിൽ, അതിനു കുറച്ചുകൂടി വാർത്താപ്രാധാന്യം കിട്ടിയേനെ എന്നു തോന്നാറുണ്ട്. സോഷ്യൽ മീഡിയയും റീലുകളുമൊക്കെ കുറേക്കൂടി ആക്റ്റീവായ കാലത്തിനു ശേഷം വന്ന എന്റെ ഒരു പാട്ടാണിത്. അതിന്റെയൊക്കെ ബെനിഫിറ്റും വിസിബിലിറ്റിയും ഈ പാട്ടിനു കിട്ടുന്നുണ്ട്, ഏറെ സന്തോഷമുണ്ടതിൽ.
ചിലതെല്ലാം ആവർത്തിച്ചു പറയേണ്ടതുണ്ട്!
കൊല്ലം പാട്ടിന്റെ യൂട്യൂബ് ലിങ്കിനുതാഴെയുള്ള കമന്റുകളൊക്കെ ഞാൻ നോക്കാറുണ്ട്. അഭിമാനത്തോടെ ആ പാട്ടിനെ നെഞ്ചിലേറ്റുന്ന കൊല്ലംക്കാരെ കാണാം. ചിലരുടെ കമന്റ്, ഇതു മാത്രമല്ല കൊല്ലം, ഇനിയുമേറെ കാര്യങ്ങളുണ്ട് കൊല്ലത്ത് എന്നാണ്.
സ്വന്തം നാടിനെ കുറിച്ചുള്ള പാട്ടു കേൾക്കുമ്പോൾ എല്ലാവർക്കും സ്വാഭാവികമായി ഉണ്ടാവുന്ന ഒരു സന്തോഷമുണ്ട്. ഖൽബിലെ കോയിക്കോട് പാട്ടും, മഹേഷിന്റെ പ്രതികാരത്തിലെ മിടുമിടുക്കി ഇടുക്കി പാട്ടുമൊക്കെ ഇങ്ങനെ ആളുകളുടെ ഇഷ്ടം നേടിയവയാണ്. എല്ലാ ജില്ലകളെ കുറിച്ചും ഇങ്ങനെ പാട്ടുണ്ടാവണമെന്നാണ് ഞാൻ പറയുക. ആളുകൾ അതിൽ അഭിമാനം കൊള്ളുന്നുണ്ടല്ലോ, അതിനൊപ്പം തന്നെ ആ അഭിമാനം കാത്തുസൂക്ഷിക്കുക എന്ന റെസ്പോൺസിബിലിറ്റിയും അവരെടുക്കുന്നുണ്ട്. അതു നല്ലതാണ്.
ചരിത്രങ്ങൾ മാറ്റിയെഴുതികൊണ്ടും ഇല്ലാതാക്കി കൊണ്ടും തിരുത്തിയെഴുതികൊണ്ടുമൊക്കെ മുന്നേറുന്ന ഈ കാലത്ത് ഹിസ്റ്ററി പറയുന്ന പാട്ടുകൾക്ക് പ്രസക്തിയുണ്ട്. ഈ രാഷ്ട്രീയസാഹചര്യത്തിൽ സമൂഹജീവിയെന്ന നിലയിൽ ജീവിക്കുമ്പോൾ മാറ്റിനിർത്തുന്നതിനെയും വെട്ടികളയുന്നതിനെയും വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയല്ലേ നമുക്കു ചെയ്യാൻ പറ്റൂ. ആ കാഴ്ചപ്പാടിൽ നോക്കുമ്പോൾ രാഷ്ട്രീയം കൂടി പറയുന്നുണ്ട് ഇത്തരം പാട്ടുകൾ. അതിനെ അങ്ങനെ കൂടി നോക്കി കാണാനാണ് എനിക്കു താൽപ്പര്യം. കാരണം പല രീതിയിൽ ചരിത്രം ഓർമപ്പെടുത്തേണ്ടതും ആവർത്തിച്ചു പറയേണ്ടതും ഈ കാലത്ത് നിലനിൽപ്പിന്റെ കൂടി ആവശ്യമാണ്.
'അലമ്പോട് അലമ്പെങ്കിലും തങ്ക മനസ്സാടാ'
കൊല്ലം കാണാൻ എത്തിയ ഒരു ആട്ടിൻകൂട്ടം തമ്മിൽ സംസാരിച്ചാൽ എന്തൊക്കെയാവും പറയുക? അങ്ങനെയൊരു ആശയമാണ് ആ പാട്ട്. കൂടുതലും ചോദ്യോത്തര ശൈലിയിലാണ്.
"അവിടാരാണ്ടടാ ദോണ്ടേ?
ഇരുകാലമ്മാരാടാ
ലവിടാരാണ്ടടാ ദോണ്ടേ?
മഹാ ചൂടമ്മാരാടാ
ഒരു നോട്ടപ്പെശകുണ്ടേ
ഉണ്ട് പെശകുണ്ട്
തെറി പേച്ചുന്നതുമുണ്ടേ
ഒണ്ടേ അതുമൊണ്ടേ
ആ മുട്ടൻ ഗേയ്റ്റെന്താ?
പൂട്ടിയ പാർവതി മില്ലാന്നേ
ഈ മട്ടൻ വടമോടാ?
ഫയൽവാനീന്നാ"
പാട്ടിലൂടെ ഒരു ചോദ്യം ചോദിക്കുന്നു, അതിനുള്ള മറുപടിയാണ് കോറസ്.
'അലമ്പോട് അലമ്പെങ്കിലും തങ്ക മനസ്സാടാ' എന്ന വരികളാണ് കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടമായത്. മുൻകോപമുള്ള കൂട്ടുകാരെ കുറിച്ചു നമ്മൾ പറയില്ലേ, 'വല്യ ചൂടനാണെങ്കിലും ശരിക്കും പാവമാ' എന്ന്. ആ ഒരു സ്നേഹമുണ്ട് ഈ പാട്ടിലും.
Read More
- തെലുങ്ക് വിട്ടൊരു കളിയില്ല; ടോളിവുഡിൽ അടുത്ത ഹിറ്റടിക്കാൻ ദുൽഖർ
- വമ്പൻ ഹിറ്റിനായി അജിത്ത്; വിഡാമുയർച്ചിയുടെ ഒരു ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
- February OTT Release: ഫെബ്രുവരിയിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
- എൻ ഇനിയ പൊൻ നിലാവിൻ്റെ പകർപ്പവകാശം: കേസിൽ ഇളയരാജയ്ക്ക് തിരിച്ചടി
- ആ സംഭവം ഒരു ട്രോമയായിരുന്നു: സിജു വിൽസൺ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.