scorecardresearch

കുരവയും പാട്ടുമായെത്തുന്ന പ്രണയഗാനങ്ങൾ

"പ്രണയം പൊതുവേ മിണ്ടായ്മയുടെ നിറവാണ്, പരസ്പരം കാണലിലെ ഉള്‍നിറവാണ് എന്ന തോന്നലിനെ ഒരു പെയിന്റിങ്ങാക്കിയതുപോലുണ്ട് ഈ വരികളിലൂടെ റഫീക്ക്" പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് പ്രിയ എ.എസ്

"പ്രണയം പൊതുവേ മിണ്ടായ്മയുടെ നിറവാണ്, പരസ്പരം കാണലിലെ ഉള്‍നിറവാണ് എന്ന തോന്നലിനെ ഒരു പെയിന്റിങ്ങാക്കിയതുപോലുണ്ട് ഈ വരികളിലൂടെ റഫീക്ക്" പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് പ്രിയ എ.എസ്

author-image
Priya A S
New Update
Priya AS

ഇഷ്ട അനുരാഗ ഗാനങ്ങളെ കുറിച്ച് പ്രിയ എ എസ്

പാട്ടിനെക്കുറിച്ചു പറയുക- അതിന് അസാമാന്യ വാക്‌ബോധവും താളബോധവും വേണം. അതുണ്ടായിരുന്നെങ്കില്‍ പാട്ടെഴുതുമായിരുന്നല്ലോ ഞാന്‍... അതും പ്രണയഗാനങ്ങളെക്കുറിച്ചു പറയുക, പ്രണയവും പ്രണയഗാനങ്ങളും അനുഭൂതികളായി അനുഭവിയ്ക്കാനുള്ളതാണ്, ലയിച്ചുമയങ്ങി പാടാനും കണ്ണടച്ചിരുന്നു കേള്‍ക്കാനുമുള്ളതാണ് അവ. എങ്ങനെയാണ് പറയുക അവയെക്കുറിച്ച്?

Advertisment

ഒരു രാഗവും കേട്ടാല്‍ തിരിച്ചറിയാത്തവളെങ്കിലും 'പ്രണയത്തിനാല്‍ മാത്രം എരിയുന്ന ജീവന്റെ തിരികളുള്ള ആത്മാവിനുള്ളില്‍' ചില അനുരാഗഗാനങ്ങളുണ്ട്.

ശരദിന്ദു മലര്‍ദീപനാളം നീട്ടി...

എട്ടാംക്‌ളാസില്‍ പഠിക്കുമ്പോള്‍ കണ്ട സിനിമയാണ് ഉള്‍ക്കടല്‍. അന്ന് നോവലുകളിലെയും ചെറുകഥകളിലെയും പ്രണയത്തിരകളല്ലാതെ  ഒരു പ്രണയത്തരിയും വന്നുതൊടാത്ത ചെറുപെണ്‍കുട്ടിയായിരുന്നു. പക്ഷേ അന്നുതൊട്ടിന്നോളം, 'ഇതുവരെ കാണാത്ത കരയിലേക്കോ ഇനിയൊരു ജന്മത്തിന്‍ തിരിവിലേക്കോ' എന്നു നിശ്ചയമില്ലാതെ യാത്ര തിരിയ്ക്കാനൊരുങ്ങുമ്പോഴെല്ലാം  മധുരമായ് പാടി വിളിയ്ക്കുന്ന ഒരേ ഒരു ഗാനമായി അത് ഉയിരിലുണ്ട്.

ഹരിനീലക്കംബളചുരുള്‍ നിവര്‍ത്തി അതെന്റെ എല്ലാ ആധിവ്യാധികളെയും ദൂരേയ്ക്കു പായിച്ച് ഇനിയും ത്രിസന്ധ്യ പൂചൂടി നില്ക്കും എന്നു പാടി, കുരവയും പാട്ടുമായി കൂടെയെത്തും സ്വപ്‌നങ്ങളെന്നോര്‍മ്മിപ്പിച്ച് അവയെ വരവേല്‍ക്കാന്‍ പഠിപ്പിയ്ക്കുന്നു. ചില മങ്ങിയ ദിവസങ്ങളില്‍ കണ്ണില്‍ ചിരിയും തെളിച്ചവുമില്ലാതെ ഇരിയ്ക്കുമ്പോള്‍ എവിടെ നിന്നെങ്കിലും ഈ പാട്ടുവന്നെന്നെപൊതിയും, 'സാരമില്ല' എന്ന്  ഞാനറിയാത്തൊരിടയന്‍ അയച്ചതാണീ പാട്ടെന്നന്നേരമെന്റെ കണ്ണും മനസ്സും നിറയും, ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഈ പാട്ട് ഞാനറിയാതെ വന്നെന്നെ തൊടുന്ന നേരം തരുന്ന ശുഭാപ്തിവിശ്വാസമെന്നാല്‍ ഒരന്ധവിശ്വാസം പോലുമാണെനിയ്ക്ക്.

Advertisment

ഇത്രമേല്‍ മധുരലളിതമായി പ്രണയം പകര്‍ന്നാടിയ ഒരു നടിയുണ്ടോ എന്ന് ഈ പാട്ടിലെ ശോഭയെ കണ്ടിരിക്കുമ്പോഴൊക്കെ ഞാനത്ഭുതപ്പെടും. ആ പാട്ടുസീനിലെ തെങ്ങോല പോലും എത്ര പരിചിതമാണെനിയ്‌ക്കെന്നോ! എം ബി ശ്രീനിവാസനല്ലാതെ, ഒ എന്‍ വിയ്ക്കല്ലാതെ, പി ജയചന്ദ്രനല്ലാതെ, സെല്‍മാ ജോര്‍ജിനല്ലാതെ മറ്റാര്‍ക്കും സാദ്ധ്യമാകാത്ത പാട്ട്. ഹൃദയം കൊതിച്ചു കൊതിച്ചിരിയ്ക്കും പ്രണയസന്ദേശം, ഒരിയ്ക്കലും അകന്നു പോകാത്ത പ്രണയസന്ദേശമുള്ള പാട്ട്.

ശാരദേന്ദുവും കംബളവുമായി തന്നെയാണ് ഒ എൻ വി ദയയിലെത്തുന്നത് എന്നതൊരു രസം (ശാരദേന്ദു നെയ്തു നെയ്തു നിവർത്തി ഈ നിലാവിൽ നീല രാവിൻ ചിത്രകംബളം...)

നീയില്ലെങ്കില്‍ എനിയ്‌ക്കൊരു വീടില്ല ഭൂമിയില്ലാകാശമില്ല

'കരയിലേയ്‌ക്കൊരു കടല്‍ദൂരം' എന്ന സിനിമയില്‍ സച്ചിദാനന്ദന്‍ മാഷുടെ കവിതയിലെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകര്‍ന്ന് അദ്ദേഹം തന്നെ പാടിയ, ഞാനിതുവരെ കാണാത്ത സിനിമയിലെ പാട്ടാണ്. ഈ പാട്ടു കേള്‍ക്കുമ്പോഴൊക്കെ ഇത്രയ്ക്കാഴമുള്ള പേരുള്ള ഒരു സിനിമയോ, ഞാനിതെന്താണു കാണാതെ പോയത് എന്നാലോചിയ്ക്കും. ആരാവും ഈ പാട്ട് തേടിപ്പിടിച്ചു കൊണ്ടുവന്ന് സിനിമയില്‍ ചേര്‍ത്തത് എന്ന് അന്തമില്ലാത്ത ഒരത്ഭുതത്തിലുമെത്തും ഞാനപ്പോഴെല്ലാം.

ഗഹനമായ കാര്യങ്ങളൊന്നുമില്ല ഇതില്‍. നീയില്ലയെങ്കില്‍ ഞാന്‍ എന്തല്ല എന്ന് കുറേ കുഞ്ഞുകുഞ്ഞു വാക്കുകളില്‍ വരച്ചുവയ്ക്കുന്നുവെന്ന് മാത്രം. പക്ഷേ അത് എല്ലാ പ്രണയികള്‍ക്കും സംഗതമാണ് താനും. 'നീയില്ലയെങ്കില്‍ എനിയ്ക്കു ചിറകില്ല, മേഘവും താരവും ഇല്ല, ഇല്ലാ മഴകള്‍ വെയിലുകള്‍ സന്ധ്യകള്‍ ഇല്ലാ കടല്‍ മലര്‍ക്കാടും, ഇല്ലാ ഛായയാം ഞാനും'  എന്നു പാടുന്ന പാട്ട് അവസാനം പാടുന്നു 'നീയില്ലയെങ്കില്‍ ഏകാന്തതയും ഏകാന്തം'- ആ പ്രയോഗത്തിന്റെ ഏകാന്തപ്പരപ്പിലേയ്ക്ക് ഒരു പ്രണയത്തിലെന്നപോലെ പിടഞ്ഞുവീഴും  ഈ പാട്ടുകേള്‍ക്കുമ്പോള്‍ ഞാനെപ്പോഴും. സച്ചിദാനന്ദന്‍മാഷുടെ കവിതകള്‍ ഇനിയും സിനിമയിലേയ്ക്കു വരേണ്ടതുണ്ട്.

രാജീവനയനേ നീയുറങ്ങൂ

ചന്ദ്രകാന്തം എന്ന ബ്ലാക്ക് ആൻ്റ് വൈറ്റ് സിനിമയ്ക്കു വേണ്ടി ശ്രീകുമാരന്‍ തമ്പിസാറെഴുതിയ വരികളില്‍ പ്രണയിനിയ്ക്കായുള്ള താരാട്ടീണമെന്ന അപൂര്‍വ്വതയാണ്. 'എന്‍ പ്രേമഗാനത്തിന്‍ ഭാവം നിന്‍ നീലക്കണ്‍പീലിയായി' എന്നു കേള്‍ക്കുമ്പോള്‍ ഇതിനേക്കാള്‍ ഭംഗിയായി പ്രണയവരികളിലെ ഭാവം  വരയ്ക്കുന്നതെങ്ങനെ എന്ന് ആലോചന കണ്ണിമകളില്‍ പടരുന്നു.

'രാജീവ നയനേ നീയുറങ്ങൂ, ഉറങ്ങുന്ന ഭൂമിയെ നോക്കി ഉറങ്ങാത്ത നീലാംബരം പോല്‍',  അരികത്തുറങ്ങാതിരിയ്ക്കാം എന്ന് നസീര്‍, ജയഭാരതിയോട് എം എസ് വിശ്വനാഥന്‍ - പി ജയചന്ദ്രന്‍ കൂട്ടുകെട്ടിലൂടെ പറയുന്നു. 'ആയിരം ചുംബനസ്മൃതിസുമങ്ങള്‍ അധരത്തില്‍ ചാര്‍ത്തി നീയുറങ്ങൂ' എന്ന വരിയില്‍ വാക്കുകളുടെ ചാരുലയനം കൊണ്ടുവരുന്ന ഇമേജറിയുടെ സമൃദ്ധിയില്‍ എനിയ്ക്ക് തമ്പിസാറിനെ നമിയ്ക്കാന്‍തോന്നുന്നു.

അല്ലെങ്കിലും  വരികളുടെ ഈണമാണോ അതിലെ പദചാതുര്യമാണോ പാട്ടാളുടെ ശബ്ദത്തികവാണോ എന്നെ ഓരോ പാട്ടിലേയ്ക്കും കൊത്തിയെടുത്തു പറക്കുന്നതെന്ന് എനിയ്‌ക്കെപ്പോഴും സംശയമുണ്ട്. സത്യമായും ഒരു മകളുണ്ടായിരുന്നുവെങ്കില്‍ ഞാനവള്‍ക്ക് രാജീവനയന എന്ന് പേരിട്ടേനെ.

സ്പിരിറ്റിലെ  പാട്ടുകള്‍

പാട്ടുകളാണ് സ്പിരിറ്റിന്റെ സ്പിരിറ്റ് എന്നു തോന്നാറുണ്ട്. മോഹന്‍ലാലിന്റെ അഭിനയമികവിനോളം മികവുള്ള പാട്ടുകള്‍ തന്നതിനോട് സംവിധായകന്‍ രഞ്ജിത്തിനോടോ വരികളെഴുതിയ റഫീക്കിനോടോ സംഗീതദാതാവായ ഷഹബാസ് അമനോടോ പാട്ടുപാടിയവരോടോ നന്ദി പറയേണ്ടത് എന്ന് നിശ്ചയം പോരാ. 'സമയകല്ലോലങ്ങള്‍ കുതറുമീകരയില്‍' ഈ പാട്ടുകള്‍ തീരാപ്രണയമായി നിലനില്‍ക്കും തീര്‍ച്ച.

എനിയ്ക്ക്, വിജയ് യേശുദാസിന്റെ ഏറ്റവും നല്ല പാട്ടാണ് 'മഴ കൊണ്ടുമാത്രം മുളയ്ക്കുന്ന വിത്തുകള്‍'.   

'പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ മധുരം പടര്‍ന്നൊരു ചുണ്ടുമായി
വെറുതെ പരസ്പരം നോക്കിയിരിക്കുന്നു നിറമൗനചഷകത്തിനിരുപുറം നാം' - പ്രണയം പൊതുവേ മിണ്ടായ്മയുടെ നിറവാണ്, പരസ്പരം കാണലിലെ ഉള്‍നിറവാണ് എന്ന തോന്നലിനെ ഒരു പെയിന്റിങ്ങാക്കിയതുപോലുണ്ട് ഈ വരികളിലൂടെ റഫീക്ക്. റഫീക്ക് ഒരു വരക്കാരനുമാണല്ലോ. ഈ പാട്ടിലെ കനിഹയുടെ ചുവപ്പു സ്‌കേര്‍ട്ടും ബാക് ഓപ്പണ്‍ സ്ലീവ്‌ലെസ് ബ്‌ളാക്ക് ടോപ്പും എനിയ്ക്ക് ഹൃദിസ്ഥം.

'മരണമെത്തുന്ന നേരത്തുനീയെന്റെ അരികില്‍ ഇത്തിരിനേരമിരിക്കണേ'  എന്നു പ്രിയതയോട് പാടുന്ന ഉണ്ണിമേനോനെ കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ എനിയ്ക്ക് പരിചിതരായ പലപല മനുഷ്യരെ ഓര്‍ക്കും, അവർ  വിടപറയുംനേരത്ത് ആരോടാവും അങ്ങനെ പറയാന്‍ കൊതിയ്ക്കുക എന്ന് ആലോചിയ്ക്കും.

'പ്രണയമേ നിന്നിലേക്കുനടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്‍ പാദം തണുക്കുവാന്‍
അതുമതി ഉടല്‍ മൂടിയ മണ്ണില്‍ നിന്നിവനു പുല്‍ക്കൊടിയായി ഉയിര്‍ത്തെഴുന്നേല്ക്കുവാന്‍' എന്ന വരികളില്‍ പ്രണയത്തിന്റെ പരിപാകവഴികള്‍ ഹരിതസ്വച്ഛസ്മരണകളായി നിറയുന്നതു കാണുമ്പോഴൊക്കെ എനിയ്ക്കത്തരം പ്രണയസാദ്ധ്യതകളോര്‍ത്തസൂയ വരും. മരണമെത്തുന്ന നേരത്തിലെ ഏതു വരിയിലാണ് എനിയ്ക്ക് റഫീക്കിനോട് സ്‌നേഹാസൂയ തോന്നാത്തെന്ന് പറയുക അസാദ്ധ്യം.

'ഈ ചില്ലയില്‍ നിന്നു ഭൂമി തന്‍ കൗമാരകാലത്തിലേയ്ക്കു പറക്കാം' എന്നു കേള്‍ക്കുമ്പോഴൊക്കെ പലകാലച്ചില്ലകളില്‍നിന്ന് പ്രണയകാലത്തിലേയ്ക്ക് പറക്കാന്‍ സഹായിക്കുന്നവയാണല്ലോ ഏതൊരാള്‍ക്കും  പ്രണയഗാനങ്ങള്‍ എന്നാണ് എനിയ്ക്ക് തോന്നുക. യേശുദാസിന്റെ പഴയ ഗാനഗാംഭീര്യമുള്ള പുതുപാട്ടുകളില്‍ ഏതാണ്ടവസാനത്തേതാവാം ഇതെന്നാണെന്റെ നിഗമനം. ഇതില്‍ പ്രണയം കടും നിറങ്ങളില്‍ കെട്ടുപിണയുന്ന തീവ്രതയാണ്. 'സൗരമയൂഖങ്ങള്‍ മാത്രമുടുത്തു നാം ഈറന്‍ മഴക്കാടിനുള്ളില്‍ വള്ളികളായി പിണഞ്ഞുനില്‍ക്കാം പൊന്‍വെയിലിലകളിലെന്നപോലെ  എന്നില്‍ നിന്നെത്തിരഞ്ഞു പടര്‍ന്നു ചേരാം  ജലപാതം പുതച്ചൊന്നുനില്‍ക്കാം' എന്ന വിധം പ്രണയമാപിനിയിലെ അടയാളങ്ങള്‍ ഇതില്‍ വളരെ ഉയര്‍ന്നതാണ്.

ശ്രീപദങ്ങള്‍ മന്ദമന്ദം ഹൃദയശ്രീകോവിലിന്റെ നടകടന്നെത്തും

കോട്ടയ്ക്കല്‍ മധു പാടിയിട്ടുള്ള ഒരേ ഒരു സിനിമാഗാനമാണ് ശ്രീപദം എന്നാണ് വിചാരം.അമൃതെന്തിനാണ് നാനാഴി എന്ന് പഴഞ്ചൊല്ല് പുതുക്കിയെഴുതാന്‍ തോന്നുന്ന പാട്ട്. ഇതും രഞ്ജിത്തിന്റെ പാട്ടുസംഭാവനയാണ്. സിനിമയിലെ അന്ധയായ പെണ്‍കുട്ടിയുടെ ഉള്‍വെളിച്ചത്തെ പെറുക്കിയെടുത്ത് കോര്‍ത്തുവച്ച് എങ്ങനെയാണ് കഥയുടെ കാമ്പിനോടിത്ര ചേരുന്ന പ്രണയസംഗീതം എഴുത്തുകാരന്‍ ഒരുക്കിയതെന്ന് വല്ലാത്ത വിസ്മയമുണ്ടെനിയ്ക്ക്. വെറും മര്‍ത്യമിഴികളാല്‍ അഗോചരം അനുരാഗലിപികളാല്‍ എഴുതിയ ഹൃദയകാവ്യം എന്നേ റഫീക്കിന്റെ വരികളെക്കുറിച്ച് പറഞ്ഞുകൂടൂ.

'തുറക്കാത്ത മിഴികളില്‍ ഒളിപ്പിച്ച രശ്മിയാല്‍ നീ
തുറക്കുകെന്‍ തിമിരാന്ധ ഹൃദയഗേഹം
മലിനമീ നടുമുറ്റം മനസ്സാകും ശംഖിലൂറും
ശുഭതീര്‍ത്ഥക്കണങ്ങളാല്‍ തളിച്ചാലും നീ,' എന്ന വരികളിലൊക്കെ സരസ്വതി മീട്ടുന്ന വീണയാണുള്ളത്. ബിജിബാലിലും സരസ്വതിവിളയാട്ടം ഒപ്പത്തിനൊപ്പം.

മുന്നിലേക്കാഞ്ഞ് ചരിഞ്ഞ് കല്യാണപ്പന്തലിലെ ദുല്‍ഖര്‍ ജ്യോതി ലക്ഷ്മി അഭിനയിക്കുന്ന വധുവിനെ നോക്കുന്ന നോട്ടം, അതുപോലെ അവള്‍ അകക്കണ്ണുകൊണ്ട് തറവാട്ടുജനലിലെ അഗോചരമുന്‍തലമുറയെ നോക്കുന്ന നോട്ടം... ഒക്കെ ഈ പാട്ടിന്റെ ഓഡിയോ കേള്‍ക്കുമ്പോഴൊക്കെ ഞാന്‍ കാണും മനക്കണ്ണില്‍.

പണ്ട് എന്റെ ഒരു ചെറുകഥ സംഗീതാപത്മനാഭന്‍ ഷോര്‍ട്ട്മൂവിയായി എടുത്തപ്പോള്‍ അറിയപ്പെടാത്ത ഒരു മാസികയില്‍ വന്ന, ഞാന്‍ ഏറെ പ്രിയത്തോടെ കീറിയെടുത്തുവച്ച 'അത്രയും' എന്ന റഫീക്ക് കവിത അതില്‍ ചേര്‍ക്കാനാലോചിച്ചത് ഓര്‍മ്മ വരുന്നു. ആ ഗാനപദ്ധതി നടന്നില്ല എങ്കിലും ആ പഴഞ്ചന്‍ കട്ടിങ് ഇപ്പോഴും എന്റെ കൈയിലുണ്ട് . റഫീക്കിന്റെ കവിതകള്‍ പുസ്തകമായപ്പോള്‍ ആ കവിത പിന്നീട് പ്രണയാത്മാക്കളുടെ ഉപനിഷത്തായിമാറി, അതിപ്രശസ്തമായി, ശബ്ദരൂപവുമായി, വീഡിയോരൂപവുമായി. എന്നാലും ഇപ്പോഴും എനിയ്ക്കത് സിനിമയില്‍ ബിജിബാലോ ജയചന്ദ്രനോ തൊട്ട പാട്ടായി വരണമെന്നാണ്.

'നിന്നോളമിത്രയ്ക്കനാഥമാക്കുന്നില്ല
മറ്റൊരസാന്നിദ്ധ്യവുമായുസ്ഥലികളെ
നിന്നിലും വേഗത്തില്‍ നീരാവിയാക്കുന്ന-
തില്ലൊരു സൂര്യനുമെന്റെ ശൃുംഗങ്ങളെ' - ഈ വരികളെ ഒരു സിനിമാപ്രണയചിത്രീകരണക്കണ്ണുകളും കാണാതെ പോകുന്നതെന്താണാവോ?ഈ കവിതയ്ക്ക് 'അത്രയും' എന്ന് തലക്കെട്ടല്ല 'നിന്നോളം' എന്നാണ് എപ്പോഴും എന്റെ വായില്‍ വരുന്ന പേര്.

ഞാൻ തൊട്ട, കെട്ടിപ്പിടിച്ച, കൂടെ നിത്യവും നടന്ന ഒരേ ഒരു സിനിമാ ഗാന രചയിതാവായ ഒ വി ഉഷയെ കുറിച്ചു കൂടി പറയാതെ വയ്യ. എൻ്റെ സഹപ്രവർത്തകയായിരുന്നു, ഉഷ ചേച്ചിയുടെ കവിതാ സമാഹാരം എഡിറ്റ് ചെയ്യുക എന്ന പാതകം പോലും ഞാനന്ന് ചെയ്തിട്ടുണ്ട്.

'ആരുടെ മനസ്സിലെ ഗാനമായി ഞാൻ, ധ്യാനമായി ഞാൻ' (1971 ൽ ഇൻക്വിലാബ് സിന്ദാബാദിലെ പി ലീല പാടിയ ദേവരാജൻ ഗാനം) എന്ന് ഇരുപതാം വയസ്സിലെ കിളുന്നു കാലത്ത്, സിനിമാ ഗാനമെഴുത്തെന്ന് മോഹിച്ച് പ്രണയമെഴുതിയ ആൾ പിന്നെ അൻപതാം വയസ്സിലാണ് ഒരു സിനിമ ഗാനമാവുന്നത്. യുവത്വ കാലത്തെഴുതിയ ആരാദ്യം പറയും എന്ന കവിത, മഴയിലെ പ്രണയിനിക്കായി ലെനിൻ രാജേന്ദ്രൻ 2000 ൽ കണ്ടെടുത്തപ്പോൾ ആദ്യഗാനത്തിനു ശേഷം ഒരിയ്ക്കലും സിനിമാഗാനമാകാതിരുന്ന എഴുത്തുകാരിക്കും പുതുപാട്ടുകാരിക്കും സംസ്ഥാന അവാർഡായി.

'എരിയുന്നു നീയും ഞാനും എന്ന് ഒരു ചിമിഴിലാണതിൽ പ്രണയം' ആരാദ്യം ആശാ മേനോൻ പാടുമ്പോൾ, ഉഷച്ചേച്ചിയുടെ ശബ്ദം തന്നെ എന്ന് കണ്ടു പിടിച്ച് സാമ്യം പറഞ്ഞ കൂട്ടുകാരനെയും ഓർമ്മിപ്പിക്കുന്നു ആ രവീന്ദ്രസംഗീതം. എവിടെപ്പോയി മറഞ്ഞു ആവോ അവാർഡുമായി ആശ?

'പൊയ് ശൊല്ലക്കൂടാത് കാതലി, പൊയ് ശൊന്നാലും നീയേ എന്‍ കാതലി' എന്നു റണ്‍ എന്ന തമിഴ് സിനിമയില്‍ പാട്ടുവന്ന നേരത്തെല്ലാം, എനിയ്ക്ക് എന്ത് കള്ളവുമാകാം, എന്നാലുമെന്നെ ചേര്‍ത്തുനിര്‍ത്തുമെന്നതാണ്  എല്ലാക്കാലത്തും ആരുടെയും  പ്രണയസങ്കല്പം എന്നു തോന്നുമായിരുന്നു. അഭി നാ ജാവോ ഛോഡ്കര്‍, ദില്‍ അഭി ഭരാ നഹി (റാഫി, ആശ) ആജ് ജാനെ കാ സിദ് നാ കരോ (ഫരീദാ ഖാനും) എന്ന ഗസല്‍ വരികൾ, ഇതിലെല്ലാമുള്ള ലളിതശാഠ്യവും പാട്ടിലെ പ്രണയം തന്നെ.

'യെ രാതേം യെ മോസം നദി കാ കിനാരാ, യെ ചഞ്ചല്‍ ഹവാ' എന്ന പേരിലൊരു കഥ എഴുതണമെന്ന മോഹത്തിനു പിന്നിലും പാട്ടിലെ പ്രണയത്തിനോടുള്ള പ്രണയം തന്നെ. 'തൂ ഹെ തോ ദില്‍ ധഡക്താഹെ തൂ ഹെതോ സാസ് ആതീ ഹെ തൂ നാ തോ ഖര്‍ ഖര്‍ നഹി ലഗ്താ തൂ ഹോ തോ ഡര്‍ നഹി ലഗ്താ' എന്ന ജാന്‍വി കപൂര്‍ പുതുപാട്ടില്‍ വരെ ഞാന്‍ പ്രണയസിനിമാഗാനപ്രണയിനിതന്നെ. ഇതേ പാട്ടില്‍ പറയും പോലെ, 'മെ മുസാഫിര്‍ തൂ മുസാഫിര്‍ ഇസ് മൊഹബത് കീ സഫര്‍ മെ' എന്ന പരമസത്യത്തിനു മുന്നില്‍ നില്‍ക്കവേ പ്രണയഗാനങ്ങളെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ?

Read More

Music Valentines Day Film Songs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: