scorecardresearch

അവളുടെ ഓർമയാണ് എനിക്ക് ആ പാട്ട്: ജോസഫ് അന്നംകുട്ടി ജോസ്

"എപ്പോൾ ആ പാട്ട് കേട്ടാലും, നിമിഷങ്ങൾക്കുള്ളിൽ എന്റെ മനസ്സ് ബാംഗ്ലൂരിലെ ആ മരച്ചുവട്ടിലേക്ക് എത്തും, അവളിങ്ങനെ പൂക്കൾ വീണ വഴികളിലൂടെ നടന്നുവരുന്ന കാഴ്ച മനസ്സിൽ നിറയും" പ്രിയപ്പെട്ട പാട്ടുകളെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ്

"എപ്പോൾ ആ പാട്ട് കേട്ടാലും, നിമിഷങ്ങൾക്കുള്ളിൽ എന്റെ മനസ്സ് ബാംഗ്ലൂരിലെ ആ മരച്ചുവട്ടിലേക്ക് എത്തും, അവളിങ്ങനെ പൂക്കൾ വീണ വഴികളിലൂടെ നടന്നുവരുന്ന കാഴ്ച മനസ്സിൽ നിറയും" പ്രിയപ്പെട്ട പാട്ടുകളെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ്

author-image
Dhanya K Vilayil
New Update
Joseph Annamkutty

പ്രിയപ്പെട്ട പ്രണയഗാനങ്ങളെ കുറിച്ച് ജോസഫ് അന്നംകുട്ടി ജോസ്

നിങ്ങൾക്കൊരു പ്രണയമോ പ്രണയിനിയോ ഒന്നുമില്ലെങ്കിലും ചില പാട്ടുകൾ കേൾക്കുമ്പോൾ ഉള്ളിൽ എവിടെ നിന്നെന്നില്ലാതെ പ്രണയം ഒഴുകി പടരും. ലോകത്തെ എല്ലാ പ്രണയിനികളും കടന്നുപോവുന്ന ആത്മഹർഷങ്ങളുടെ നറുമലരുകൾ മനസ്സിൽ വിരിയും. ഒരു ഈറൻ കാറ്റിന്റെ തലോടൽ ഏറ്റിട്ടെന്ന പോലെ മനസ്സു കുളിരും. എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നംകുട്ടി ജോസിനുമുണ്ട് അങ്ങനെയൊരു പാട്ടോർമ.  'സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ ഹൃദയരാഗദൂതു പറയാമോ' എന്ന പാട്ടു കേൾക്കുമ്പോഴൊക്കെ സെമിനാരിയുടെ അഞ്ചാം നിലയിൽ ചന്ദ്രനെയും നോക്കി നിൽക്കുന്ന ഒരു കൗമാരക്കാരനെയും  'പിന്നിൽ ഉപേക്ഷിച്ചു വന്ന വീടിനോട്' അവനു തോന്നിയ തീരാപ്രണയവുമാണ് ഓർമ വരിക എന്ന് ജോസഫ് അന്നംകുട്ടി ജോസ് പറയുന്നു.

Advertisment

തന്റെ പ്രിയപ്പെട്ട പ്രണയഗാനങ്ങൾ പങ്കുവയ്ക്കുകയാണ്  ജോസഫ് അന്നംകുട്ടി ജോസ്. 

സ്വയംവരചന്ദ്രികേ സ്വർണ്ണമണിമേഘമേ ഹൃദയരാഗദൂതു പറയാമോ?

എനിക്ക് പ്രിയപ്പെട്ട പാട്ടുകളെല്ലാം തന്നെ കുറച്ചു പഴയ ഓർമകളുമായി ബന്ധപ്പെട്ടതാണ്. നിങ്ങളൊരു പാട്ടുമായി പ്രണയത്തിലാവുന്ന സമയത്ത് ചിലപ്പോൾ ജീവിതത്തിൽ നിങ്ങൾക്കൊരു  പ്രണയം ഉണ്ടാവണമെന്നു പോലുമില്ല. അങ്ങനെയൊരു പാട്ടാണ് എനിക്കിത്. 

ഞാൻ വീട് വിട്ട് സെമിനാരിയിൽ എത്തിയ കാലത്താണ് ദീപക് ദേവിന്റെ സംഗീതത്തിൽ  'സ്വയംവരചന്ദ്രികേ' എന്ന പാട്ടിറങ്ങുന്നത്. ആ പാട്ടിൽ നിറയെ നിലാവാണ് കാണിക്കുന്നത്. ഞങ്ങളുടെ സെമിനാരിയുടെ അഞ്ചാം നിലയിൽ നിന്നു നോക്കിയാൽ ചന്ദ്രനെ കാണാൻ പറ്റും. എനിക്ക് വീട്ടിൽ നിന്നും പടിയിറങ്ങിയപ്പോഴുള്ള അവസാന ഓർമകളെല്ലാം ഈ പാട്ടായിരുന്നു. അതൊരു പ്രണയഗാനമാണെന്ന് എനിക്കറിയാം, പക്ഷേ ആ സമയത്ത് എനിക്കെന്റെ വീടിനോടായിരുന്നു പ്രണയം.  ആ സമയത്തൊരു പ്രണയിനിയില്ലെങ്കിലും പ്രണയം അനുഭവിപ്പിച്ച പാട്ടാണത്. 

Advertisment

വീടു വിട്ടിറങ്ങുമ്പോൾ നമ്മൾ ആകെ ഒറ്റപ്പെട്ടു പോവുകയാണല്ലോ. പോരാത്തതിനു യാത്ര സെമിനാരിയിലേക്കാണ്. ഒരു ലൈഫിനോട് നോ പറഞ്ഞ് മറ്റൊരു ലൈഫ് തിരഞ്ഞെടുക്കുകയാണ്. സത്യത്തിൽ, സെമിനാരിയിലേക്കുള്ള യാത്ര എന്റെ ഇഷ്ടത്തിനായിരുന്നില്ല. ഞങ്ങൾ മൂന്നു ആൺമക്കളാണ്. ഇളയ ആളെ അച്ചനാക്കാൻ വിട്ടാലോ എന്ന് ഫാദർ ആഗ്രഹിച്ചതാണ്. പുള്ളിയെ വിഷമിപ്പിക്കേണ്ടല്ലോ എന്നോർത്തു ഞാനും നോ പറഞ്ഞില്ല. സത്യത്തിൽ ഞാൻ സെമിനാരിയിലേക്ക് പോവാൻ തയ്യാറാവുന്നതു കൂടി ഫാദറിനോടുള്ള സ്നേഹം കൊണ്ടാണ്. പിന്നെ കുറേക്കൂടി പക്വതയൊക്കെ വന്നപ്പോൾ, 'എനിക്കിതു വേണോ?' എന്നു ഞാൻ എന്നോടു തന്നെ ചോദിച്ചു തുടങ്ങിയപ്പോഴാണ് 'ഇതല്ല, എന്റെ വഴി'യെന്നു മനസ്സിലാക്കി അവിടെ വിട്ടിറങ്ങിയത്. 

ആൻഖേൻ തേരി, കിത്നി ഹസീൻ

'അൻവർ' എന്ന ഹിന്ദിപടത്തിലെ  'ആൻഖേൻ തേരി, കിത്നി ഹസീൻ' എന്ന പ്രണയഗാനം എനിക്കേറെ പ്രിയപ്പെട്ടതാണ്. അതിനൊരു കാരണമുണ്ട്. എന്റെ ഫസ്റ്റ് ലവ് സംഭവിക്കുന്നത് ഈ പാട്ടിറങ്ങിയ സമയത്താണ്. മൂന്നുകൊല്ലത്തോളം സെമിനാരിയിൽ പഠിച്ചതിനു ശേഷം ഞാൻ നേരെ പോയത്  ബാംഗ്ലൂരിലേക്കാണ്. സെമിനാരിയിൽ നിറയെ ആൺകുട്ടികളാണല്ലോ, അവിടെ നിന്നും ആദ്യമായി കുറേ പെൺകുട്ടികളുള്ള കോളേജിൽ  എത്തുന്നു, അതും ബാംഗ്ലൂർ പോലൊരു നഗരത്തിൽ. 

ബികോം പഠിക്കാനാണ് ഞാൻ ബാംഗ്ലൂരിലെത്തിയത്, അതിനൊപ്പം കാറ്റ് കോച്ചിംഗിനും ചേർന്നു. രാവിലെ ആറരയ്ക്കാണ് കോച്ചിംഗ് സെന്ററിൽ എത്തേണ്ടത്. ക്രൈസ്റ്റ് കോളേജിന്റെ ഒരു പ്രത്യേകത, നിറയെ പൂക്കളും മരങ്ങളുമുള്ള മനോഹരമായ അന്തരീക്ഷമാണ്.  ആ വഴിയിലൂടെയായിരുന്നു ആ പെൺകുട്ടി സ്ഥിരം നടന്നുവന്നിരുന്നത്. ഈ പാട്ടു ഞാൻ ആദ്യമായി കേൾക്കുന്നതും അവൾക്കൊപ്പമാണ്. അവളുടെ ഓർമയാണ് ഈ പാട്ട്. എപ്പോൾ ആ പാട്ട് കേട്ടാലും, നിമിഷങ്ങൾക്കുള്ളിൽ എന്റെ മനസ്സ് ബാംഗ്ലൂരിലെ ആ മരച്ചുവട്ടിലേക്ക് എത്തും, അവളിങ്ങനെ പൂക്കൾ വീണ വഴികളിലൂടെ നടന്നുവരുന്ന കാഴ്ച മനസ്സിൽ നിറയും. എന്റെ ആദ്യ പുസ്തകമായ 'ബറീഡ് തോട്ട്സ്' (കുഴിച്ചുമൂടപ്പെട്ട ഓർമ്മകൾ) എന്ന ബുക്ക് ഞാൻ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത് ആ കുട്ടിയ്ക്കാണ്. 

പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ...

ബൈസിക്കിൾ തീവ്സ് എന്ന ചിത്രത്തിനു വേണ്ടി കൈതപ്രം എഴുതി ദീപക് ദേവ് സംഗീതം നൽകിയ പുഞ്ചിരി തഞ്ചും ചുണ്ടിലോരോമൽ കൊഞ്ചൽക്കുളിരേ... എന്ന പാട്ടും എനിക്കേറെ പ്രിയപ്പെട്ടതാണ്. ആ പാട്ടിന്റെ വിഷ്വൽസിൽ പ്രണയമില്ലെങ്കിൽ കൂടി ആ പാട്ടിൽ തീവ്രമായ പ്രണയമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അതിന്റെ വരികളും സംഗീതവുമൊക്കെ അത്രയും മനോഹരമാണ്. 'ആരിവൾക്കേകി സ്നേഹ മുഖം, 
ആരിവൾക്കേകി പ്രിയമൊഴുകും, 
വീണയിൽ തുളുമ്പുമീ ജീവസംഗീതം, 
മൗനം മാനസഗീതം." 

ആ പാട്ട് ദീപക് ദേവ് ശങ്കർ മഹാദേവനെ കൊണ്ട് പാടിപ്പിക്കുന്നതിന്റെ ഒരു മേക്കിംഗ് വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. ആ വീഡിയോയിൽ, ശങ്കർ മഹാദേവൻ പറയുന്നുണ്ട് 'വൺസ് ഇൻ എ ബ്ലൂ മൂൺ  ആണ് നമുക്കും പ്രണയം തോന്നുന്ന ഒരു പാട്ട് ഉണ്ടാവുക' എന്ന്. പാടുന്നയാൾക്കും കൂടി പ്രണയം തോന്നിയാൽ അല്ലേ അത് ആ പാട്ടിൽ റിഫ്ളക്റ്റ് ചെയ്യൂ. 

ചില പാട്ടുകൾ കേട്ട് കേട്ടാണ് ഇഷ്ടം തോന്നുക.  എന്നാൽ മറ്റു ചില പാട്ടുകളിലേക്ക് കേൾക്കുന്ന നിമിഷം തന്നെ നമ്മൾ തെന്നി വീഴും. അങ്ങനെ കേട്ടമാത്രയിൽ ഞാൻ തെന്നി വീണ  ലളിതവും സുന്ദരവുമായ പാട്ടാണിത്. അതൊരിക്കലും പ്രണയത്തിന്റെ തീവ്രതയെ കുറിച്ചുള്ളൊരു പാട്ടല്ല, പക്ഷേ ഇങ്ങനെയൊരു പ്രണയിനി അടുത്തുണ്ടായാൽ നല്ലതാണല്ലോ എന്നൊരു ഗുഡ് ഫീൽ നമുക്ക് സമ്മാനിക്കും. 

പുതു വെള്ളൈ മഴ, ഇങ്ങു പൊഴിക്കിന്ദ്രദു

കുട്ടിക്കാലത്ത് ആദ്യരാത്രിയെയൊക്കെ നമ്മൾ വല്ലാതെ ഓവർ ഗ്ലോറിഫൈ ചെയ്യുമല്ലോ. അതുപോലൊരു കുട്ടിക്കാലമായിരുന്നു എന്റേതും. എന്റെ തീവ്രമായ പ്രണയനിമിഷങ്ങളോട് ചേർന്നുനിൽക്കുന്ന പാട്ടാണ് റോജ എന്ന സിനിമയിൽ  എ. ആർ റഹ്മാനൊരുക്കിയ  'പുതുവെള്ളൈ മഴ' എന്ന പാട്ട്. ആ പാട്ടിന്റെ വിഷ്വലുകളും അൽപ്പം ഇൻറ്റെൻസ് ആണ്.  

അതുപോലെ തന്നെയാണ് മഴവിൽ എന്ന ചിത്രത്തിൽ മോഹൻ സിത്താര ഒരുക്കിയ 'രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു'  എന്ന പാട്ടും. 

പൊതുവെ, പുരുഷന്മാർക്ക് പ്രണയത്തിൽ നിന്ന് ലസ്റ്റിലേക്ക് എത്തുകയെന്നത് എളുപ്പമാണ്. എന്നാൽ ഒരു സ്ത്രീയ്ക്ക് കുറച്ചുകൂടി സമയമെടുത്തേ അങ്ങനെ എത്തിച്ചേരാനാവൂ എന്നാണ് ഞാൻ വായിച്ചതിൽ നിന്നുമൊക്കെ മനസ്സിലാക്കിയിട്ടുള്ളത്. അത് ശരിയാവണമെന്നില്ല. പക്ഷേ, ആ വിശ്വാസം അനുസരിച്ചാണെങ്കിൽ ഈ പാട്ട് കുറേക്കൂടി,  'ഒരു പെൺഹൃദയം മെല്ലെ അവനു അനുവാദം കൊടുക്കുന്നു' എന്ന ഫീലിനോട് അടുത്തു നിൽക്കുന്നതായി എനിക്കു തോന്നിയിട്ടുണ്ട്. പ്രണയത്തിനും കാമത്തിനുമിടയിലുള്ളൊരു ബ്യൂട്ടിഫുൾ മൊമന്റാണ് ഈ പാട്ട്.  കാലാപാനിയിലെ 'ചെമ്പൂവേ പൂവേ' എന്ന പാട്ടിലെ 'നാണം കൊണ്ടെൻ നെഞ്ചിൽ' എന്ന ആ ഭാഗവും ഇതു പോലെ ഇൻറ്റെൻസായ,  കേൾക്കാൻ ഇഷ്ടമുള്ള പാട്ടാണ്. 

Read More

Music Valentines Day Film Songs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: