/indian-express-malayalam/media/media_files/2025/02/13/EAOHoIjfb7MB9ZXd20YY.jpg)
പ്രിയപ്പെട്ട പ്രേമപ്പാട്ടുകളെ കുറിച്ച് ലിജിഷ് കുമാർ
ഓളെ മെലഡീ
മെലഡീ ഓളെ മെലഡീ
പ്രസാദാത്മകമായ അബദ്ധങ്ങൾ പ്രണയപാതയിൽ
ചന്നം പിന്നം വാരിവിതറിക്കൊണ്ട് അവൻ വരികയാണ് !
വാലൻ്റൈൻസ് ഡേയിലിരുന്നോർക്കുമ്പോൾ പാട്ടിലൂടെ പറന്നു വരുന്ന എൻ്റെ കാമുകൻ മജ്നുവാണ്.
മാരിവില്ലങ്ങാടീല് പൂക്കള് വിക്കണ
നഴ്സറീല് വെളിച്ചപ്പൂക്കള് പൂത്ത് നിക്കണ
സിദറത്തുൽ മുൻതഹ മാതിരി അവൻ്റെ ലൈല!
എൻ്റെ പ്രിയപ്പെട്ട പ്രേമപ്പാട്ടുകളിൽ ആദ്യത്തേത് അതാണ്.
സല്ലാപ കലാപങ്ങളിലൂടെ കഥാന്ത്യം തേടിയുള്ള പാച്ചിൽ മത്സരത്തിന്
തയ്യാറാവുന്ന കഥാനായകനെയും കഥാനായികയെയും കുറിച്ച് മുഹ്സിൻ പരാരി എഴുതി വിഷ്ണു വിജയ് സംഗീതമിട്ട പാട്ട്. ഒരഞ്ചാറ് അടിയുള്ള, കണ്ടാല് മൊഞ്ചുള്ള, തല്ലുമാലയിലെ പഞ്ചാരയടിക്കാരനെ പാട്ടിലാക്കിയ ഓളെ മെലഡി!
ഓന് കൊണ്ട അടികളിൽ
ഏറ്റം ഏറ്റം പവറാർന്നൊരടി
ഓളെ മെലഡീ മെലഡീ ഓളെ മെലഡീ
ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..
ഈ മരങ്ങളുണ്ടല്ലോ, അതിൽ പലതിനും ആണും പെണ്ണുമില്ല. പക്ഷേ, ആൺമരവും പെൺമരവും വെവ്വേറെ കാണുന്ന ഒരു മരമുണ്ട്. ആ മരമാണ് ജാതി മരം. ജാതിക്കാ തോട്ടങ്ങളിൽ ചെന്നാൽ ആൺമരങ്ങൾ പെൺമരങ്ങളെ പ്രണയിക്കുന്നത് കാണാം, പരാഗണം കാണാം. മാഷിന്റെ ഏദനിൽ നിന്ന് പുറത്താക്കപ്പെട്ട ആദം, ഹവ്വയെയും കൂട്ടി ജാതി മരങ്ങളുടെ പ്രണയം കാണാൻ പോവുന്നതാണ് തണ്ണീർ മത്തൻ ദിനങ്ങളുടെ കഥ.
അവിടെ വെച്ചാണ് ജയ്സൺ, കീർത്തിയോടു പറയുന്നത്:
"ഈ ജാതിക്കാ തോട്ടം... മ് മ്..
എജ്ജാതി നിന്റെ നോട്ടം... മ് മ്..
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം ...
കണ്ടാ കള്ളപ്പെരുമാറ്റം!!" എന്ന്.
എനിക്ക് പ്രിയപ്പെട്ട പ്രേമപ്പാട്ടുകളിലൊന്ന് ഇതാണ്. സുഹൈൽ കോയ എഴുതി, ജസ്റ്റിൻ വർഗീസ് സംഗീതമിട്ട പാട്ട്. ഈ തണ്ണീർ മത്തനുണ്ടല്ലോ, വേനലിൽ വിളയുന്ന പഴമാണത്. ജയ്സൺ തണ്ണീർ മത്തനാണ്. കീർത്തിയുടെ ഒറ്റയുമ്മ കൊണ്ട് അവന്റെ പുറന്തോട് പൊട്ടി, ഉള്ളിലെ മധുരച്ചോപ്പ് തെറിച്ച് കണ്ണിലും കവിളിലും ചുണ്ടിലുമെല്ലാം വന്നു വീണു. നാക്ക് ആവാവുന്നത്രയും വട്ടം കറക്കി, നക്കി നക്കി ഞാനത് കണ്ടിരുന്നു, കേട്ടിരുന്നു.
എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റം,
കണ്ടാ കള്ളപ്പെരുമാറ്റം
പുന്നാരക്കാട്ടിലെ പൂവനത്തിൽ
കൊണ്ടുപോകാം നിന്നെ കൊണ്ടുപോകാം
‘മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും / മുത്തെടുക്കും പോൽ പുറത്തെടുക്കൂ’ എന്നു പാടി ചിന്നപ്പയ്യനു മുമ്പിൽ വിരിയുന്ന ഒരു ജമന്തിപ്പൂവുണ്ട് എൽ.ജെപിയുടെ മലൈക്കോട്ടൈ വാലിബനിൽ, ബംഗാളി നടി കഥ നന്ദി.
സുചിത്ര നായർ അഭിനയിച്ച ഒരു മാതംഗിയുമുണ്ട് വാലിബനിൽ. “എനിക്കാ കഥ പറഞ്ഞു തരാമോ, കുതിരയെ നഷ്ടപ്പെട്ട യോദ്ധാവിൻ്റെ കഥ?” എന്നു വാലിബൻ ചോദിക്കുന്നത് അവളോടാണ്. “കാണാൻ കൊതിയുള്ളവർ പലരില്ലേ, പലയിടത്തും?” എന്ന അവളുടെ ചോദ്യവും - “പല പേരുണ്ട് പലയിടത്തും, പക്ഷേ നിന്നെപ്പോലൊരാൾ വേറെയില്ല.” എന്ന ഉത്തരവും വാലിബനിൽ വിരിയുന്ന നേരം മാങ്കൊമ്പൊടിഞ്ഞൂരിലെ മാതംഗിയുടെ അന്ത:പുരത്തിലെ നേരമാണ്.
'മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും / മുത്തെടുക്കും പോൽ പുറത്തെടുക്കൂ' എന്ന പി.എസ് റഫീക്കിൻ്റെ വരികൾ പ്രശാന്ത്പിള്ളയുടെ സംഗീതത്തിൽ ചെവിയിൽ വന്നിങ്ങനെ മൂളുമ്പോൾ പറയാൻ തോന്നുന്നത് അതാണ്: പല പാട്ടുണ്ട് ഓർമയിൽ പലയിടത്തായി, പക്ഷേ നിന്നെപ്പോലൊരാൾ വേറെയില്ല എന്ന്!
പാട്ടു കേട്ടാൽ നിന്റെ പാട്ടിലാവാൻ
നേരമില്ലിന്നൊട്ടും നേരമില്ല
മുത്തമെന്നുള്ളിന്റെ ഉള്ളിലല്ലോ
മുത്തെടുക്കും പോൽ പുറത്തെടുക്കൂ
ലവ് യൂ മുത്തേ ലവ് യൂ
നീ എന്തു പറഞ്ഞാലും ലവ് യൂ
ഓർമ്മയുണ്ടോ, അനിയത്തിപ്രാവിലെ സുധീഷ് കുമാറിനെ? മിനിയെയും പുറകിലിരുത്തി ഹീറോ ഹോണ്ട സ്പ്ലെൻഡറിൽ പറന്ന സുധിയെ? 28 കൊല്ലം മുമ്പ് 1997 മാർച്ചിലാണ് അനിയത്തിപ്രാവ് വരുന്നത്. ഞാനന്ന് അഞ്ചാം ക്ലാസിലാണ്. 255 ദിവസങ്ങളിലേറെ തീയേറ്ററുകളിൽ ഓടി ബ്ലോക്ക് ബസ്റ്ററായ സിനിമ, പ്രേമ പടങ്ങളുടെ പൂരത്തിന് തിരികൊളുത്തിയ ട്രെൻഡ് സെറ്റർ ഫിലിം, ഞങ്ങളുടെ കൗമാരത്തിന് അനിയത്തി പ്രാവ് അങ്ങനെ പലതുമാണ്. പിന്നാലെ കാതലുക്കു മരിയാതൈ ആയി തമിഴിലേക്കും ഡോലി സജാ കെ രക്നാ ആയി ഹിന്ദിയിലേക്കും പറന്നു അനിയത്തി പ്രാവ്. നക്ഷത്രത്താരാട്ടും നിറവും മുതൽ കസ്തൂരിമാൻ വരെ മലയാളി ഒരു പതിറ്റാണ്ട് നുണഞ്ഞ ചോക്ലേറ്റുകളുടെ എല്ലാം രസക്കൂട്ടിൽ അനിയത്തി പ്രാവുണ്ട്, ചാക്കോച്ചനുമുണ്ട്.
മനു മഞ്ജിത്ത് എഴുതി ജെയ്ക് ബിജോയ് മ്യൂസിക്കിട്ട ഒരു പാട്ടുണ്ട് പദ്മിനിയിൽ,
‘തേനല്ലേ പാലല്ലേ / കൽക്കണ്ടമല്ലേ !
വീഴല്ലേ മാറല്ലേ / കണ്ണാടി ചില്ലേ,
മേലേ മാനത്തെ മാരിവില്ലേ
ഉള്ളിൽ പൂവിട്ട കുറ്റി മുല്ലേ
നല്ല മിന്നണ വൈരക്കല്ലേ
എൻ്റെ കൈവിട്ടു പോയിടല്ലേ
കാമിനി നീയെന്നെ ഒറ്റയ്ക്കാക്കല്ലേ
കൊടും കൂരിരുളിൽ
ഞാൻ ചുറ്റി പോവില്ലേ..’
വിദ്യാധരൻ മാഷ് അങ്ങനേ പാടിക്കൊണ്ടിരിക്കുന്നതിനിടയിൽ വന്ന്,
‘ലവ് യൂ മുത്തേ ലവ് യൂ
നീ എന്തു പറഞ്ഞാലും ലവ് യൂ
വീണ്ടും വീണ്ടും ലവ് യൂ
എന്നെ വട്ടു പിടിപ്പിക്കും ലവ് യൂ!’ എന്നു പാടി ചാക്കോച്ചൻ കൊണ്ടു പോകുന്നത് ആ കാലത്തേക്കാണ്. ബിന്ദു ടാക്കീസിലെ മടക്കു കസേരയിലിരുന്ന് സുധിയെയും മിനിയെയും നോക്കി, എന്നെ വട്ടു പിടിപ്പിക്കും ലവ് യൂ എന്നു പാടിയ എന്നിലെ പഴയ അഞ്ചാം ക്ലാസുകാരനിലേക്ക്.
കുഞ്ചാക്കോ ബോബനും ശാലിനിയ്ക്കും, ഏദനിൽ നിന്ന് പുറത്താകാൻ കൈവിഷം തന്നതിൻ്റെ ട്രിബ്യൂട്ടായി,
ലവ് യൂ മുത്തേ ലവ് യൂ
നീ എന്തു പറഞ്ഞാലും ലവ് യൂ
വീണ്ടും വീണ്ടും ലവ് യൂ !!
‘മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
മന്ദാരമലര്‍ കൊണ്ട് ശരം തൊടുത്തു’
എന്നു തുടങ്ങുന്ന പി.ഭാസ്കരൻ്റെയും ദേവരാജൻ മാഷിൻ്റെയും ഒരു പാട്ടുണ്ട് അച്ചാണിയിൽ. ജയചന്ദ്രനും മാധുരിയുമാണ് അതു പാടുന്നത്. നന്ദിത ബോസ് എന്ന ബംഗാളി നടി നസീറിൻ്റെ നായികയായി അഭിനയിച്ച സിനിമയാണത്. ഈ പാട്ടിലെ കാമുകർ അവരല്ല. രശ്മിക മന്ദാനയും അല്ലു അർജുനുമാണ്, സിനിമ പുഷ്പ 2.
‘മല്ലികബാണന്റെ അമ്പുകളോ കണ്മുനതുമ്പുകളോ
അമ്പിളി പൂനില നാമ്പുകളോ
പുഞ്ചിരി തുമ്പികളോ
മുല്ല മലർമണി ചെണ്ടുകളോ
നിൻ മണിചുണ്ടുകളോ
തേൻ തിരഞ്ഞെത്തുന്ന വണ്ടുകളോ
പൂങ്കിനാ തുണ്ടുകളോ!’
പുഷ്പരാജും ശ്രീവല്ലിയും ആടിത്തിമിർക്കുമ്പോൾ തീയേറ്ററിലെഴുന്നേറ്റു നിന്ന് ആൾക്കൂട്ടം ആനന്ദനൃത്തമാടി. ട്രാക്ക് മാറിയത് പെട്ടന്നാണ്.
‘വന്നല്ലോ പീലിംഗ്സ്,
വന്നല്ലോ പീലിംഗ്സ്..
വന്നു വന്നു കൊല്ലുന്നല്ലോ
പീലിംഗ് പീലിംഗ്സ് ’ എന്ന് രശ്മിക പാടുമ്പോഴേക്കും ഡാൻസ് നിന്നു. ഇരുന്നുപോയവർ അനങ്ങാതായി. ശബ്ദം തിരിച്ചു കിട്ടിയവർ കൂക്കിവിളിച്ചു.
പണ്ടും ഇങ്ങനെയായിരുന്നു. നീ നഗ്നപാദയായി അകത്തുവരൂ, കിടത്തട്ടെ നിന്നെ കിടത്തട്ടെ, നിന്റെ മാറിലെ മായാചന്ദനപ്പൊട്ടെനിക്കല്ലേ, നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ, നേദിച്ചുകൊണ്ടുവരും ഇളനീർക്കുടമിന്നുടയ്ക്കും ഞാൻ എന്നൊക്കെയാണുങ്ങൾ സെല്ലുലോയ്ഡിലാടിത്തിമിർക്കുന്നത് കണ്ടാനന്ദനിർവൃതി കൊണ്ട മനുഷ്യന് ഡാഡി മമ്മി വീട്ടിലില്ല വിളയാടാൻ വാ എന്നൊരു പെണ്ണ് പരസ്യമായി വിളിച്ചപ്പോൾ തൊലിയുരിഞ്ഞ് മാനം പോയി. ശ്രീവല്ലിക്ക് പീലിംഗ്സ് വരുമ്പോഴെല്ലാം തീയേറ്ററിലിരുന്ന് ഒച്ചപ്പാടുണ്ടാക്കിയ കാഴ്ചക്കാർ അവരാണ്. അന്നു പൊള്ളിയതിൻ്റെ നീറ്റലിലാണ് ഇന്നും നിലവിളിക്കുന്നത്. അവരുടെ നെഞ്ചത്ത് കയറി നിന്ന് ശ്രീവല്ലി പാടുന്നു,
‘വന്നല്ലോ പീലിംഗ്സ്,
വന്നല്ലോ പീലിംഗ്സ്..
വന്നു വന്നു കൊല്ലുന്നല്ലോ
പീലിംഗ് പീലിംഗ്സ് !’
ശ്രീവല്ലി ഫ്ലവറല്ല, ഫയറാണ്.
Read More
- അവളുടെ ഓർമയാണ് എനിക്ക് ആ പാട്ട്: ജോസഫ് അന്നംകുട്ടി ജോസ്
- കുരവയും പാട്ടുമായെത്തുന്ന പ്രണയഗാനങ്ങൾ: പ്രിയ എ എസ്
- വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ: ബി കെ. ഹരിനാരായണൻ
- ഭൂതകാലത്തിലേക്കുള്ള ഈസി ടിക്കറ്റ്: അശ്വതി ശ്രീകാന്ത്
- ഹൃദയം ഇൻസ്റ്റാൾ ചെയ്ത കാതുകൊണ്ട് ഞാൻ കേട്ട പാട്ടുകൾ: കൽപ്പറ്റ നാരായണൻ
- തമിഴ് പ്രേമവും മാധവനും പിന്നെ ശ്രീനിയും: പേളി മാണി
- ഉന്മാദത്തില് സ്വയം ആകാശമായി മാറുന്ന പാട്ടുകൾ: ശ്രീ പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.