/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/2025/04/09/m8ZRbvGh5Pmbt2UIzUrr.jpg)
EAlappuzha Gymkhana Malayalam Movie Review & Rating
Alappuzha Gymkhana malayalam Movie Review & Rating: ഇടിയുടെ പൂരം കാഴ്ച വച്ച ചിത്രമായിരുന്നു ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല. വളരെ കളർഫുളും വൈബ്രന്റുമായ ചിത്രം യൂത്തിനെ ഒന്നാകെ കയ്യിലെടുക്കുകയും ചെയ്തു. സമാനമായൊരു വൈബാണ് ആലപ്പുഴ ജിംഖാനയും സമ്മാനിക്കുന്നത്. യൂത്തിനെ തന്നെയാണ് ഇത്തവണയും ഖാലിദ് റഹ്മാൻ ലക്ഷ്യമിടുന്നത്.
ഒന്നോ രണ്ടോ വാചകങ്ങളിൽ പറഞ്ഞുപോവാവുന്നത്ര സിമ്പിളാണ് ആലപ്പുഴയുടെ ജിംഖാനയുടെ സ്റ്റോറി ലൈൻ. പക്ഷേ, വലിയ കഥയോ കഥാമുഹൂർത്തങ്ങളോ ഒന്നുമില്ലെങ്കിലും പ്രേക്ഷകരെ രസിപ്പിച്ചു തന്നെയാണ് ജിംഖാന മുന്നേറുന്നത്. അമേച്വർ ബോക്സിംഗ് മത്സരങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം റിയലിസ്റ്റിക്കായൊരു അപ്രോച്ച് ആണ് സ്വീകരിക്കുന്നത്.
പഠനത്തോടൊന്നും വലിയ മമതയില്ലാത്തവനാണ് ജോജോ ജോൺസൺ. ജോജോയുടെ ചങ്ങാതിമാരുടെ കാര്യവും വ്യത്യസ്തമല്ല. 'സ്വന്തം പ്രതീക്ഷകൾ കാത്തുകൊണ്ട്' ആ അഞ്ചംഗ സംഘത്തിലെ നാലുപേരും അന്തസ്സായി പ്ലസ് ടു പരീക്ഷയിൽ തോൽക്കുന്നു. വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾക്കും ഇനിയങ്ങോട്ട് എന്തെന്ന ആലോചനകൾക്കുമൊടുവിൽ കോളേജിൽ അഡ്മിഷൻ നേടാനായി ജോജോ ഒരു കുറുക്കുവഴി കണ്ടെത്തുന്നു. സംസ്ഥാന തല കായിക മേളയിൽ പങ്കെടുത്ത് ഗ്രേസ് മാർക്ക് നേടി സ്പോർട്സ് ക്വാട്ടയിലൂടെ കോളേജിൽ കയറിക്കൂടുക എന്നതാണ് ജോജോയുടെയും സംഘത്തിന്റെയും പ്ലാൻ.
അതിനായി ബോക്സിംഗ് പഠിക്കാൻ ജോജോയും കൂട്ടരും തീരുമാനിക്കുന്നു. അവരെത്തി ചേരുന്നതാവട്ടെ ആലപ്പുഴ ജിംഖാനയിലും. ബോക്സിംഗ് കോച്ചായ ആന്റണി ജോഷ്വായ്ക്ക് കീഴിൽ ജോജോയും കൂട്ടുകാരും ബോക്സിംഗ് അഭ്യസിക്കുന്നു. എന്നാൽ, ഒറ്റ മൈൻഡിൽ എടുത്തു ചാടിയ ബോക്സിംഗ് പഠനം പോലെയല്ല മുന്നോട്ടുള്ള കാര്യങ്ങൾ. മുന്നിലെത്തുന്ന പ്രതിബന്ധങ്ങളെ ജോജോയും കൂട്ടരും അതിജീവിക്കുമോ?
തോൽവിയും വിജയവുമൊക്കെ മാറിമറിയുന്ന കഥാസന്ദർഭങ്ങളിലൂടെ സഞ്ചരിച്ച് പ്രേക്ഷകർക്ക് അഡ്രിനാലിൻ റഷ് സമ്മാനിച്ച് അവസാനിക്കുന്ന പതിവു സ്പോട്സ് ഡ്രാമ ചിത്രങ്ങളുടെ ട്രീറ്റ്മെന്റല്ല ഇവിടെ ഖാലിദ് റഹ്മാൻ സ്വീകരിച്ചിരിക്കുന്നത്. പകരം സ്വീകരിച്ച ട്രീറ്റ്‌മെന്റാവട്ടെ, കഥയെ മുന്നോട്ടു കൊണ്ടുപോവാതെ ബോക്സിംഗ് റിങ്ങിനു ചുറ്റും കറങ്ങിതിരിയുകയാണ്. ചിത്രത്തിന്റെ ഒരു പ്രധാന പോരായ്മയായി തോന്നിയത്, ബോക്സിംഗ് കോമ്പറ്റീഷൻ സീനുകളുടെ ദൈർഘ്യമാണ്. പല തമാശകളും വർക്കാവാതെ പോയി. വലിയ സംഭവവികാസങ്ങളൊന്നും ഇതിനിടയിൽ അരങ്ങേറാത്തതിനാൽ തന്നെ ആ ഭാഗങ്ങൾക്ക് അൽപ്പം ലാഗ് ഫീൽ ചെയ്യുന്നുണ്ട്. ചിത്രം അവിടെ സ്റ്റക്കായി പോവുകയും ചെയ്യുന്നു. ചില ലോജിക്കൽ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും ആകെത്തുകയിൽ അധികം മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒരു എന്റർടെയിനർ തന്നെയാണ് ആലപ്പുഴ ജിംഖാന.
ജോജോ എന്ന കഥാപാത്രത്തെ വളരെ ലൈവായി അവതരിപ്പിച്ചിരിക്കുകയാണ് നസ്ലെൻ. ആരംഭശൂരത്വമുള്ള, അൽപ്പം പഞ്ചാരകുഞ്ചു എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രത്തെയാണ് നസ്ലെൻ അവതരിപ്പിക്കുന്നത്. നസ്ലെന്റെ തനതായ ചില ഭാവങ്ങൾ, ഡയലോഗ് ഡെലിവറി എന്നിവയെ ഒക്കെ ഏറ്റവും രസകരമായി തന്നെ ചിത്രത്തിൽ കൊണ്ടുവരുന്നുണ്ട് സംവിധായകൻ. ആലപ്പുഴക്കാരനായിരിക്കുമ്പോഴും ജോജോ പലയിടത്തും നസ്ലെന്റെ കൊടുങ്ങല്ലൂർ സ്ലാഗിൽ സംസാരിക്കുന്നു എന്നത് ഒരു പോരായ്മയായി തന്നെ മുഴച്ചുനിൽക്കുന്നുണ്ട്.
ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, കോട്ടയം നസീർ, അനഘ രവി, നന്ദ നിഷാന്ത്, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നോയില ഫ്രാൻസി എന്നിവരും റിയലിസ്റ്റിക്കായ അഭിനയമാണ് കാഴ്ച വച്ചിരിക്കുന്നത്. പല രംഗങ്ങളിലും നസ്ലനോളം തന്നെ കയ്യടികൾ കൊണ്ടുപോവുന്നുണ്ട് കൂട്ടുകാരായെത്തുന്ന അഭിനേതാക്കളും. നസ്ലെനും കൂട്ടുകാരും തമ്മിലുള്ള കെമിസ്ട്രിയും നല്ല രീതിയിൽ വർക്ക് ആയിട്ടുണ്ട്. ചിത്രത്തിലെ ബോക്സിംഗ് സീനുകൾക്കു വേണ്ടി ഈ അഭിനേതാക്കൾ നടത്തിയ മേക്കോവറും പ്രത്യേകം കയ്യടി അർഹിക്കുന്നുണ്ട്.
ബോക്സിംഗ് സീനുകളുടെ ചിത്രീകരണവും മികവു പുലർത്തിയിട്ടുണ്ട്. ജിംഷി ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ വൈബ് നിലനിർത്തുന്നതിൽ സംഗീതമൊരുക്കിയ വിഷ്ണു വിജയും വിജയിച്ചിട്ടുണ്ട്. രതീഷ് രവിയുടെ സംഭാഷണങ്ങൾ അൽപ്പം കൂടി പഞ്ച് ആവാമായിരുന്നു എന്നു തോന്നി. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫിന്റെ എഡിറ്റിംഗും ചിത്രത്തോട് നീതി പുലർത്തുന്നു.
പ്ലാൻ ബി മോഷൻ പിക്ചേഴ്സ്, റീലിസ്‌റ്റിക് സ്റ്റുഡിയോഎന്നിവയുടെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഈ അവധിക്കാലത്ത്, ഫാമിലിയ്ക്കും സുഹൃത്തുക്കൾക്കുമൊക്കെ ഒപ്പം ഒരു ഫൺ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന.
Read More
- സുന്ദരിയായ അമ്മയുടെ അതിസുന്ദരിയായ മകൾ; ഈ നടിയെ മനസ്സിലായോ?
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
- Machante Maalakha & Painkili OTT: മച്ചാൻ്റെ മാലാഖയും പൈങ്കിളിയും ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.