/indian-express-malayalam/media/media_files/HlxY1EInppIfOjdVJJRp.jpg)
ആടുജീവിതത്തിന് പിന്നാലെ പൃഥ്വിരാജിന്റെ മറ്റൊരു ചിത്രം കൂടി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ 11ന് തിയേറ്ററിലെത്തുന്ന ബോളിവുഡ് ചിത്രം ബഡേ മിയാന്‍ ഛോട്ടേ മിയാനിൽ പൃഥ്വിയ്ക്ക് ഒപ്പം അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്രോഫ് എന്നിവരും അഭിനയിക്കുന്നു. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കബീര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം, ചിത്രവുമായി ബന്ധപ്പെട്ട് ദുബായിൽ നടത്തിയ പത്രസമ്മേളനത്തിനിടയിൽ അക്ഷയ് കുമാർ പൃഥ്വിരാജിനെ പ്രശംസിച്ചുകൊണ്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. പൃഥ്വിരാജിന്റെ അപാരമായ ഓർമ്മശക്തി തന്നെ അമ്പരപ്പിച്ചു എന്നാണ് അക്ഷയ് പറയുന്നത്.
ബ്രില്ല്യൻ്റ് എന്നാണ് അക്ഷയ് പൃഥ്വിയെ വിശേഷിപ്പിച്ചത്. “ഞാൻ അദ്ദേഹത്തോടൊപ്പവും നിരവധി ആളുകളുമായും പ്രവർത്തിച്ചിട്ടുണ്ട്. ഡയലോഗുകളെല്ലാം ഇങ്ങനെ ഓർത്തുവയ്ക്കുന്ന ഇത്രയും മികച്ച ഓർമ്മശക്തിയുള്ള മറ്റാരെയും ഞാൻ കണ്ടിട്ടില്ല. ടൈഗറും ഞാനും പൃഥ്വിരാജ് ഒരു തെറ്റെങ്കിലും ചെയ്യുന്നതുവരെ കാത്തിരിക്കും, പക്ഷേ എനിക്കറിയില്ല അദ്ദേഹം എന്താണ് കഴിക്കുന്നതെന്ന്, എത്രമാത്രം വെളിച്ചെണ്ണയാണ് കുടിക്കുന്നതെന്ന്, എന്തൊരു ഓർമ്മയാണ്."
രസകരമായ പ്രതികരണങ്ങൾക്കും നർമ്മബോധത്തിനും പേരുകേട്ട നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. ബഡേ മിയാൻ ഛോട്ടേ മിയാനുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനവും അക്ഷയ് കുമാറിന്റെ നർമ്മം കലർന്ന മറുപടിയാൽ ശ്രദ്ധ നേടി.
ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും 15 മിനിറ്റ് വൈകിയതിന് മാധ്യമങ്ങളോടും ആരാധകരോടും ക്ഷമ ചോദിച്ചു. “ഞങ്ങൾ 16 മിനിറ്റ് വൈകി, യഥാർത്ഥത്തിൽ ഞങ്ങൾ കൃത്യസമയത്ത് എത്തിയിരുന്നു, പക്ഷേ നായികമാർ വരുന്നതിനായി ഞങ്ങൾ പുറത്ത് കാത്തിരിക്കുകയായിരുന്നു. സ്ത്രീകൾക്ക് കുറച്ച് സമയമെടുക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ? കുറച്ച് ക്ഷമയോടെയിരിക്കുക, നിങ്ങൾക്ക് വീട്ടിൽ ഒരു ഭാര്യയില്ലേ, അവർ ഒരുങ്ങാൻ സമയമെടുക്കുന്നു, അവർ സമയത്തിന് മുമ്പ് എപ്പോഴെങ്കിലും തയ്യാറായി എത്തിയത് സംഭവിച്ചിട്ടുണ്ടോ?" എന്തുകൊണ്ടാണ് വൈകിയതെന്ന് ചോദിച്ചപ്പോൾ അക്ഷയ് കുമാറിന്റെ പ്രതികരണമിങ്ങനെയായിരുന്നു.
ബഡേ മിയാൻ ഛോട്ടേ മിയാൻ എന്ന ചിത്രത്തിന് വേണ്ടി പൊള്ളുന്ന ചൂടിൽ ലെതർ ജാക്കറ്റുകൾ അണിഞ്ഞു ഷൂട്ട് ചെയ്തിട്ടും തനിക്ക് പരാതിയൊന്നുമില്ലെന്നും അക്ഷയ് തമാശയായി പറഞ്ഞു. " നല്ല ചൂടായിരുന്നു, ഞങ്ങൾക്ക് ധരിക്കാൻ ലെതർ ജാക്കറ്റുകൾ തന്നു, പക്ഷേ ഞങ്ങൾക്ക് നല്ല തുക നൽകിയതിനാൽ ഞങ്ങൾക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല."
പൂജാ എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച് അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ബഡേ മിയാൻ ഛോട്ടേ മിയാനിൽ അലയ എഫ്, മാനുഷി ചില്ലർ, സോനാക്ഷി സിൻഹ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മുൻകൂർ ബുക്കിംഗിൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അഡ്വാൻസ് ബുക്കിംഗിൽ ഇതിനകം രണ്ട് കോടിയിലധികം രൂപ ചിത്രം നേടിയിട്ടുണ്ട്.
Read More Entertainment Stories Here
- ജവാനു കൈകൊടുക്കാൻ കാരണം ഷാരൂഖിനോടുള്ള ആരാധന: നയൻതാര
- അച്ഛനേക്കാളും പത്തിരട്ടി വരുമാനം; അഹാനയുടെയും അനിയത്തിമാരുടെയും വരുമാന കണക്കുകളിങ്ങനെ
- ഒന്നിനു പിറകെ ഒന്നായി പൊട്ടിയത് 66 തമിഴ് സിനിമകൾ; തിയേറ്ററുകൾക്ക് ആശ്വാസമായി മലയാള ചിത്രങ്ങൾ
- കൊറിയയിലെ 'ലാലേട്ടൻ' വിവാഹിതനാകുന്നു
- ഐസ്ക്രീം നുണഞ്ഞ്, കൊച്ചിയിൽ കറങ്ങി നയൻതാര; വീഡിയോ
- സ്വപ്ന സാക്ഷാത്കാരം; പുതിയ ഓഫീസ് കെട്ടിടത്തിന്റെ ചിത്രങ്ങളുമായി നയൻതാര
- ഇതാണ് ആ രണ്ടുവരി പാട്ട്; അമ്മയ്ക്കൊപ്പം ഗംഭീര പ്രകടനവുമായി ഇന്ദ്രജിത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.