/indian-express-malayalam/media/media_files/2025/04/27/8DiDSJQn59BW5vqcYUtv.jpg)
പാക്കിസ്ഥാൻ പുറത്തുവിട്ട കസ്റ്റഡിയിലായ ബിഎസ്എഫ് ജവാൻറെ ദൃശ്യങ്ങൾ
Jammu Kashmir Pahalgam Terrorist Attack:കൊൽക്കത്ത: തന്റെ ഭർത്താവിന്റെ മോചനത്തിനായി രാഷ്ട്രപതിയയെും പ്രധാനമന്ത്രിയെയും കാണുമെന്ന് പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിയിലായ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായുടെ ഭാര്യ രജനി ഷാ. തന്റെ ഭർത്താവിന്റെ തിരിച്ചുവരവ് ഉറപ്പാക്കണമെന്നും ഗർഭിണിയായ രജനി ഷാ മാധ്യമങ്ങളോട് പറഞ്ഞു.
"പാകിസ്ഥാൻ സൈന്യം അദ്ദേഹത്തെ പിടികൂടിയിട്ട് നാല് ദിവസമായി. ഞങ്ങൾ ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥർ പറയുന്നത് ചർച്ചകൾ നടക്കുകയാണെന്നാണ്. ഇതുവരെയും ഒരു നല്ല വാർത്തയും വരുന്നില്ല. എന്റെ ഭർത്താവ് എപ്പോൾ തിരിച്ചുവരുമെന്ന് എനിക്കറിയില്ല".-രജനി പറഞ്ഞു.
"എന്റെ ഭർത്താവിന്റെ തിരിച്ചുവരവ് ഉറപ്പാക്കാൻ പത്താൻകോട്ട് സന്ദർശിക്കാനും ബിഎസ്എഫ് ഉദ്യോഗസ്ഥരോട് അഭ്യർത്ഥിക്കാനും തീരുമാനിച്ചു.ഭർത്താവിൻറെ മോചനത്തിന് ഞാൻ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും സമീപിക്കും. ആരെയാണ് വിശ്വസിക്കേണ്ടതെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഉറപ്പാക്കണം"- രജനി കൂട്ടിച്ചേർത്തു.
ബിഎസ്എഫ് ജവാൻ, പശ്ചിമ ബംഗാൾ ഹുഗ്ലി സ്വദേശി പൂർണം കുമാർ ഷാ ബുധനാഴ്ചയാണ് പാക്ക് പട്ടാളത്തിന്റെ കസ്റ്റഡിലായത്. നാൽപ്പതുകാരനായ പൂർണം കുമാർ ഷാ, കർഷകർക്ക് സുരക്ഷ ഒരുക്കുന്നതിനിടയിലാണ് പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച് പാക്ക് പട്ടാളം പിടികൂടിയത്. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിന്റെ ഭാഗമായാണ് അറസ്റ്റ്.
പൂർണം കുമാറിൻറെ ഒപ്പം ജോലിചെയ്യുന്നവരാണ് ഭർത്താവ് പാക്ക് പട്ടാളത്തിൻറെ പിടിയിലായ വിവരം തന്നെ അറിയിച്ചതെന്നും രജനി പറഞ്ഞു. ഇരുവർക്കും ഏഴ് വയസ്സുള്ള ഒരു മകൻകൂടിയുണ്ട്. അതേ സമയം, ജവാൻറെ മോചനത്തിനായി വെള്ളിയാഴ്ച ബിഎസ്എഫും പാകിസ്ഥാൻ റേഞ്ചേഴ്‌സും തമ്മിൽ നടന്ന ഫ്ലാഗ് മീറ്റിങ്ങിലും തീരുമാനം ഉണ്ടായില്ല.
ഇതുവരെ മൂന്ന് ഫ്ലാഗ് മീറ്റിങ്ങുകളാണ് ബിഎസ്എഫും പാക് റേഞ്ചേഴ്സും നടത്തിയത്. ബിഎസ്എഫിന്റെ 182-ാം ബറ്റാലിയനിലെ അംഗമാണ് പൂർണം കുമാർ ഷാ. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. അബദ്ധത്തിൽ അതിർത്തി മുറിച്ചു കടന്ന ജവാനെയാണ് കസ്റ്റഡിയിൽ എടുത്തത്.
ജവാനെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന എല്ലാ യൂണിറ്റുകളിലും ബിഎസ്എഫ് അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്. ജവാനെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ റേഞ്ചേഴ്‌സുമായി മറ്റൊരു ഫീൽഡ് കമാൻഡർ തല ഫ്ലാഗ് മീറ്റിംഗ് ബിഎസ്എഫ് തീരുമാനിച്ചിട്ടുണ്ട്.
Read More
- Jammu Kashmir Terror Attack: ഇടപെടാൻ ഇല്ല; ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ പ്രതികരിച്ച് ട്രംപ്, 1500 വർഷം പഴക്കമുള്ള പ്രശ്നമെന്നും ട്രംപ്
- Jammu Kashmir Terror Attack: വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ; അതിർത്തിയിൽ വെടിവെയ്പ്പ്
- Jammu Kashmir Terror Attack: ഭീകരർക്ക് ഇന്ത്യയുടെ മറുപടി; പഹൽഗാം ആക്രമണവുമായി ബന്ധുള്ള തീവ്രവാദികളുടെ വീട് തകർത്തു
- Jammu Kashmir Terror Attack: ഇനി വിട്ടുവീഴ്ചയില്ല; പാക്കിസ്ഥാന് ഒരുതുള്ളി വെള്ളം കൊടുക്കില്ലെന്ന് കേന്ദ്രം
- Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; പരിക്കേറ്റവരെ സന്ദർശിച്ച് രാഹുൽ ഗാന്ധി
- Jammu Kashmir Terror Attack: നിയന്ത്രണരേഖയിൽ പാക്ക് വെടിവെയ്പ്പ്; ശക്തമായ തിരിച്ചടിച്ച് ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.