/indian-express-malayalam/media/media_files/MW5f85UD9Z0yAJMybAbp.jpg)
എൻടിഎയ്ക്ക് കൈമാറിയ ഒഎംആർ ഷീറ്റുകൾ അടങ്ങിയ പെട്ടികളുമായി ജാർഖണ്ഡ് സ്കൂൾ പ്രിൻസിപ്പൽ (ഇടത്)/ എക്സ്‌പ്രസ് ഫൊട്ടോ
ഡൽഹി: നീറ്റ്-യുജി പരീക്ഷ പേപ്പർ ചോർച്ച സംഭവിച്ചത് ഝാർഖണ്ഡിലെ ഹസാരിബാഗിലാണെന്ന് വെളിപ്പെടുത്തി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). ചൊവ്വാഴ്ച സുപ്രീം കോടതിയിലായിരുന്നു സിബിഐയുടെ സ്ഥിരീകരണം. ജൂണിൽ കേസ് അന്വേഷണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഏജൻസി ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തുന്നത്.
ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലാണ് ചോർച്ചയുണ്ടായതെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. മെയ് 5ന് പരീക്ഷ നടന്ന അതേ ദിവസമാണ് പേപ്പർ ചോർന്നത്. ഇതേ സ്കൂളിൽ തന്നെയാണ് ചോദ്യപ്പേപ്പർ സോൾവ് ചെയ്തതെന്നും സിബിഐ സ്ഥിരീകരിച്ചു. കേസിൽ വിസ്താരം തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്‌സനുൽ ഹഖ്, സെൻ്റർ സൂപ്രണ്ട് ഇംതിയാസ് ആലം എന്നിവരെ നേരത്തെതന്നെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. പേപ്പർ ചോർത്തി നൽകിയതിന് പ്രത്യുപകാരമായി, ഇരുവരും പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്നും പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തിട്ടുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചു.
കേസിലെ മുഖ്യസൂത്രധാരാൻ പരീക്ഷ നടന്ന ദിവസം രാവിലെ പേപ്പർ എടുക്കാനായി സ്‌കൂളിൻ്റെ സ്‌ട്രോംഗ്‌റൂമിലേക്കു കടക്കുകയായിരുന്നു എന്ന്, സംഭവം നടന്ന രീതി വിശദീകരിച്ച് സിബിഐ പറഞ്ഞു. തുടർന്ന് പ്രതികൾ ചോദ്യപേപ്പറിൻ്റെ ഫോട്ടോ എടുത്ത് ഹസാരിബാഗിലെ 'സോൾവർ ഗ്യാംഗിന്' അയച്ചുകൊടുത്തു. ഇവിടെ വച്ച് ഒരു കൂട്ടം മെഡിക്കൽ വിദ്യാർത്ഥികളുടെ സഹായത്തോടെ ചോദ്യങ്ങൾ പരിഹരിക്കുകയായിരുന്നു.
മുഖ്യപ്രതി പങ്കജ് കുമാർ എന്ന ആദിത്യ, ഒയാസിസ് സ്‌കൂളിലെ സ്‌ട്രോങ് റൂമിൽ കയറിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സിബിഐ പറഞ്ഞു. കൂടാതെ ഇയാൾക്ക് സ്ട്രോങ് റൂമിൽ പ്രവേശിക്കാനായി വാതിലിന്റെ ബോൾട്ടുകൾ നീക്കം ചെയ്തത് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തിയെന്നും സിബിഐ കോടതിയെ അറിയിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.