/indian-express-malayalam/media/media_files/civ5M5V1ixCgsxX41kmZ.jpg)
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ബീഹാറിന് വാരിക്കോരി പ്രഖ്യാപനങ്ങൾ. നിതീഷ് കുമാർ നേതൃത്വം നൽകുന്ന സർക്കാർ നേരത്തെ ബീഹാറിന് പ്രത്യേക പദവി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ പ്രത്യേക പദവി നൽകിയില്ലെങ്കിലും അതിന് തുല്യമായ പാക്കേജാണ് ബജറ്റിൽ ബീഹാറിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിച്ചത്. എൻഡിഎ മുന്നണിയിലെ പ്രധാന ഘടകക്ഷിയായ ജെഡിയുവിന്റെ സമ്മർദ്ദത്തിന് മുന്നിൽ കേന്ദ്രസർക്കാർ അയയുന്ന കാഴ്ചയാണ് ബജറ്റിൽ കണ്ടത്.
പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളുടെ ഉയർച്ച ലക്ഷ്യമാക്കി വിഭാവനം ചെയ്ത പൂർവോദയ പദ്ധതിയിലുൾപ്പെടുത്തിയാണ് ബീഹാറിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചത്. ബീഹാർ കൂടാതെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയും പദ്ധതുയുടെ ഭാഗമാക്കിയെങ്കിലും ബീഹാറിനും ആന്ധ്രാ പ്രദേശിനുമായാണ് ബജറ്റിൽ പ്രഖ്യാപനങ്ങൾ കൂടുതലുണ്ടായത്. ബീഹാറിലെ റോഡുകളുടെ നവീകരണത്തിന് 26000 കോടിരൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. കൂടാതെ ബീഹാറിൽ 2400 മെഗാവാട്ട് ഊർജ പ്ലാന്റിനായി 21,400 കോടി രൂപയും വകയിരുത്തി.
സംസ്ഥാനത്ത് പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ എന്നിവ നിർമ്മിക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പാറ്റ്‌ന-പൂർണിയ എക്‌സപ്രസ് ഹൈവേയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ടൂറിസം മേഖലയിലും ബീഹാറിന് വാരിക്കോരിയാണ് ബജറ്റിൽ പ്രഖ്യാപനങ്ങൾ. ബീഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികക്കും തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. പ്രളയ പുനരുദ്ധാരണ പദ്ധതിക്കായി ബീഹാറിന് 11500 കോടി രൂപയുടെ ധനസഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ബീഹാറിനെ കൂടാതെ ആസാം, ഹിമാചൽ പ്രദേശം, ഉത്തരാഖണ്ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങൾക്കും പ്രളയ പുനരുദ്ധാരണത്തിന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തുക സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായില്ല. പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതിലൂടെ എൻഡിഎ മുന്നണിയിലെ പ്രബലരായ നിതീഷ് കുമാറിനെയും ആന്ധ്രയിൽ നിന്നുള്ള ചന്ദ്രബാബു നായിഡുവിനെയും കുടെ ഉറപ്പിച്ചുനിർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.