scorecardresearch

ബജറ്റിലെ കേരളത്തിന്റെ പ്രതീക്ഷകൾ

കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തിൽ നിന്നുണ്ട്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുമോ?

കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തിൽ നിന്നുണ്ട്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുമോ?

author-image
WebDesk
New Update
Union Budget 2024  | Kerala

എല്ലാ വർഷവും കുന്നോളം ചോദിക്കും. എന്നാൽ കുന്നിക്കുരുപോലും കിട്ടുന്നില്ലെന്നാണ് ഓരോ കേന്ദ്ര ബജറ്റ് കഴിയുമ്പോഴും സംസ്ഥാന സർക്കാരിന്റെ പരാതി. ചോദിച്ചതൊക്കെ കൊടുത്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരും തിരിച്ചടിക്കും. വർഷങ്ങളായി തുടരുന്ന സ്ഥിരം പല്ലവിക്ക് ഇത്തവണത്തെ ബജറ്റിൽ മാറ്റമുണ്ടാകുമോയെന്നാണ് സാധാരണക്കാരൻ ഉറ്റുനോക്കുന്നത്.

പഴയപടിയല്ല ഇക്കുറി. കേന്ദ്രം ഭരിക്കുന്ന എൻഡിഎയ്ക്ക് സ്വന്തമായി ഒരു എംപി തന്നെ കേരളത്തിൽ നിന്നുണ്ട്. കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ അരയും തലയും മുറുക്കി മുന്നിട്ടിറങ്ങിയ ബിജെപി ഇത്തവണ ബജറ്റിലൂടെ കേരളത്തിന്റെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുമോ അതോ, വീണ്ടും ചിറകരിയുമോയെന്നാണ് ചോദ്യം. ബജറ്റിലെ കേരളത്തിന്റെ പ്രതീക്ഷകളിലൂടെ ഒരെത്തിനോട്ടം

Advertisment

കിട്ടുമോ പ്രത്യേക പാക്കേജ് ?

കടക്കെണിയിൽ വരിഞ്ഞുമുറുകിയ കേരളം ആദ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് പ്രത്യേക സാമ്പത്തിക പാക്കേജ് തന്നെയാണ്. ജനുവരി വരെയുള്ള കണക്കുപ്രകാരം 2.38 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന്റെ പൊതുകടം. ഇതിൽ നിന്ന് താൽക്കാലികമായി കരകയറാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തിലും കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങൾ ഇതിലൂടെ പരിഹരിക്കാനാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയിൽ നിന്ന് മുൻവർഷങ്ങളിൽ മൂൻകുറായി എടുത്ത വായ്പയുടെ പേരിൽ 5710 കോടി രൂപ വീതമാണ് വരും വർഷങ്ങളിൽ കേന്ദ്രത്തിൽ നിന്നുള്ള വായ്പയിൽ കുറയുന്നത്. ഇതിനുപുറമേ ധനകാര്യ കമ്മിഷൻ ഗ്രാന്റിലെയും റവന്യു കമ്മി നികത്തൽ ഗ്രാന്റിലെയും കുറവ് പരിഹരിക്കണമെങ്കിൽ 24,000 രൂപയുടെ പാക്കേജ് കിട്ടിയേ തീരൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

കുതിക്കുമോ റെയിൽവേ ?

റെയിൽവേ ബജറ്റ് ഉണ്ടായിരുന്ന കാലത്തുപോലും റെയിൽ വികസനത്തിൽ അവഗണനമാത്രമായിരുന്നു കേരളത്തിന് ലഭിച്ചിരുന്നത്. റെയിൽവേ ബജറ്റ് നിർത്തലാക്കി പുതിയ രീതി കൊണ്ടുവന്നിട്ടും അവഗണനയ്ക്ക് യാതൊരു മാറ്റവുമില്ല. വർഷങ്ങളായി മുടങ്ങികിടക്കുന്ന റെയിൽവേ പദ്ധതികളുണ്ട് കേരളത്തിൽ. ശബരി പാത, നിലമ്പൂർ-നഞ്ചൻകോട് പാത തുടങ്ങിയവയെല്ലാം ഇതിലുൾപ്പെടും. സർവ്വേ നടപടികൾ തുടങ്ങിയ നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതയ്ക്ക് ബജറ്റിൽ പണം വകയിരുത്തുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. 

അങ്കമാലി-ശബരി പാതയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുപ്പ് പാതി വഴിയിലാണ്. ഈ പാതയുടെ പൂർത്തീകരണം വേ്ഗത്തിലാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇത്തവണയെങ്കിലും കേരളം കനിയുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

Advertisment

നിലവിൽ സർവ്വേ നടക്കുന്ന തലശേരി-മൈസൂർ പാതയ്ക്കായി കൂടുതൽ പണം മാറ്റിവെക്കണമെന്നാണ് കേരളത്തിന്റെ മറ്റൊരു ആവശ്യം. ഷൊർണ്ണൂർ-എറണാകുളം മൂന്നാം പാത, ഇലക്ട്രോണിക് സംവിധാനങ്ങളുടെ പൂർത്തീകരണം, വളവുകൾ നിവർത്താനുള്ള പദ്ധതികൾ, നേമം ടെർമിനൽ തുടങ്ങി ഒരുപറ്റം ആവശ്യങ്ങളൂടെ പൂർത്തീകരണമാണ് ബജറ്റിൽ കേരളം ആവശ്യപ്പെടുന്നത്. ഇതിൽ എതൊക്കെ പദ്ധതികൾക്ക്  ബജറ്റിൽ കേന്ദ്രം പണം അനുവദിക്കുമെന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം

മെട്രോ നീളുമോ?

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനമാണ് കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പദ്ധതി. കലൂർ  മുതൽ കാക്കനാട് വരെയുള്ള 11.2 കിലോമീറ്റർ ദൂരത്തേക്കാണ് രണ്ടാം ഘട്ടത്തിൽ മെട്രോ വ്യാപിപ്പിക്കുന്നത്. ഇതിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പത്ത് സ്റ്റേഷനുകൾ ഉൾപ്പെടുന്ന പുതിയ പാതയുടെ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഇതുവരെ 378.57 കോടി രൂപയാണ് അനുവദിച്ചത്.

എന്നാൽ രണ്ടാം ഘട്ടം പൂർത്തിയാകണമെങ്കിൽ കേന്ദ്രത്തിന്റെ കൈതാങ് കൂടിയേ തീരു. കൂടാതെ മൂന്നാം ഘട്ടത്തിൽ മെട്രോ ആലൂവയിൽ നിന്ന് അങ്കമാലി വരെ നീട്ടാനുള്ള ആലോചനയും സംസ്ഥാന സർക്കാരിനുണ്ട്. ഇതെല്ലാം യാഥാർഥ്യമാകണമെങ്കിൽ ബജറ്റിൽ കേന്ദ്രം കനിയണം. 

തരുമോ... എയിംസ്?

കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുമെന്ന് 2014ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ്. പത്താംവർഷത്തിലും അത് വാഗ്ദാനമായി തുടരുന്നു. കേന്ദ്രത്തിന്റെ ഉറപ്പ് വിശ്വസിച്ച് കോഴിക്കോട് കിനാലൂരിൽ 252 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. ഏറ്റെടുത്ത ഭൂമി കാടുമൂടി കിടക്കുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായില്ല. രാജ്യമാകെ 25 എയിംസുകളായിട്ടും കേരളത്തിന്റെ കാത്തിരിപ്പ്  ഇന്നും തുടരുകയാണ്. എയിംസ് വന്നാൽ കേരളത്തിന്റെ ആരോഗ്യ ഗവേഷണ മേഖലയ്ക്ക് അത് പുത്തൻ ഉണർവായിരിക്കും.

റോഡും കുടിവെള്ളവുമുള്ള 200ഏക്കർ ഭൂമി നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. 2018ൽ കേരളത്തിന് എയിംസ് പരിഗണനയിലില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയെങ്കിലും സംസ്ഥാന സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തിന്റെ ഫലമായി എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. 2015 ൽ തമിഴ്‌നാടിന് പ്രഖ്യാപിച്ച മധുരൈ എയിംസിൽ കോഴ്‌സ് ആരംഭിച്ചിട്ടും കേരളത്തിന്റെ കാത്തിരിപ്പ് തുടരുകയാണ്. ഓരോ ബജറ്റിലും എയിംസ് പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷയോടെ

താങ്ങാകുമോ റബർ 

ഒരുകാലത്ത്, സംസ്ഥാനത്തെ താങ്ങി നിർത്തിയത് റബറിൽ നിന്നുള്ള വരുമാനമായിരുന്നു. എന്നാൽ കാലം മാറിയതോടെ റബറിന്റെയും റബർ കർഷകരുടെയും പഴയ പ്രതാപം മങ്ങി. താങ്ങുവിലയില്ലാതെ മുന്നോട്ട് പോവാൻ ആകില്ലെന്ന് സ്ഥിതിയിലാണ് റബർ കർഷർ. കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ റബറിന്റെ താങ്ങുവില 170ൽ നിന്ന് 180 രൂപയാക്കിയെങ്കിലും 200 രൂപയെങ്കിലും വേണമെന്നാണ് കർഷകരുടെ പക്ഷം. റബർ കർഷകർക്ക് അനുകൂലമായ തീരൂമാനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

വിഴിഞ്ഞം മുതൽ ദേശീയ പാത വരെ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ തുടർവികസന പ്രവൃത്തികൾക്ക് 5000കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേരളം ആവശ്യപ്പെടുന്നത്. 8867 കോടി രൂപ അടങ്കൽ വരുന്ന പദ്ധതിയിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കൂടാതെ ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കൂടുതൽ സാമ്പത്തിക സഹായവും കേരളം ആവശ്യപ്പെടുന്നു. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലിന്റെ ചെലവിന്റെ 25 ശതമാനം കേരളമാണ് വഹിക്കുന്നത്.

6000 കോടിയോളം രൂപയാണ് ഈ വകയിൽ സംസ്ഥാനത്തിന് ചെലവാകുന്നത്. ഇതിന് പരിഹാരവും കേരളം പ്രതീക്ഷിക്കുന്നു. കൂടാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം എന്നിവയും അനുഭാവപൂർവ്വം പരിഗണിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.

കുടിശികയിൽ തീർപ്പുണ്ടാകുമോ?

കേന്ദ്രാവിഷ്‌കരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാനം ചെലവഴിച്ച കേന്ദ്ര വിഹിതത്തിന്റെ കുടിശികയായി 3686 കോടി ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കൂടാതെ ജിഎസ്ടി പരിഷ്‌കരണവും കേരളം ആവശ്യപ്പെടുന്നു. ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം കേരളത്തിന്റെ നികുതി വളർച്ച ഉദ്ദേശിച്ചത് പോലെ മുന്നേറുന്നില്ല. സംസ്ഥാനങ്ങൾക്ക് 60ശതമാനവും കേന്ദ്രത്തിന് 40 ശതമാനവും ജിഎസ്ടി ലഭിക്കുന്ന തരത്തിലുള്ള പരിഷ്‌കരണം കേരളം പ്രതീക്ഷിക്കുന്നു. 

സിൽവർ ലൈൻ പദ്ധതി

സിൽവർ ലൈൻ പദ്ധതിക്ക് കേരളം പണം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേന്ദ്രം ഇതുവരെയും വേണ്ടത്ര പരിഗണന നൽകിയിട്ടില്ല. സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിന് ഒറ്റയ്‌യ്ക്ക് നടപ്പിലാക്കാൻ പറ്റില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തിൽ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിന് കേന്ദ്രത്തിന്റെ പച്ചക്കൊടി അനിവാര്യമാണ്.

തിളങ്ങുമോ ടൂറിസം?

ടൂറിസം രംഗത്ത് കേരളത്തിന് പ്രതീക്ഷകളേറെയാണ്. ഭരണകക്ഷിയുടെ കേരളത്തിൽ നിന്നുള്ള ഏക എംപി ടൂറിസം സഹമന്ത്രി കൂടിയായതിനാൽ കേരളത്തിന് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാരം, പൈതൃക വിനോദ സഞ്ചാരം എന്നിവയിൽ വലിയ പ്രഖ്യാപനങ്ങളാണ് കേരളം കാത്തിരിക്കുന്നത്.

നാഗപട്ടണം പള്ളി മുതൽ തൃശൂർ ലൂർദ് പള്ളി വരെ നീളുന്ന ടൂറിസം സർക്യൂട്ട്പദ്ധതിക്ക് കേന്ദ്ര ടുറിസം സഹമന്ത്രി സുരേഷ് ഗോപി തന്നെ നിർദേശം വെച്ചിട്ടുണ്ട്. വേളാങ്കണ്ണി,മംഗളാദേവി, മലയാറ്റൂർ,കാലടി,കൊടുങ്ങല്ലൂർ തുടങ്ങിയെല്ലാം പദ്ധതിയിൽ ഉൾപ്പെടുമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞിരുന്നത്. അതിനാൽ ടൂറിസം മേഖലയിൽ ബജറ്റിലൂടെ പുതിയ ഒരുണർവ് കേരളം പ്രതീക്ഷിക്കുന്നുണ്ട്. 

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഗുരുവായൂർ ക്ഷേത്രം വികസനം. ശബരിമലയുടെ വികസനത്തിന് പ്രത്യേക പദ്ധതികൾ. കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ്, വടക്കുനാഥ ക്ഷേത്രം, പാലയൂർ പള്ളി എന്നിവക്കിടയിൽ ഒരു തീർഥാടന ടൂറിസം സർക്യൂട്ട് എന്നിവയല്ലാം കേരളത്തിന്റെ പ്രതീക്ഷകളാണ്. 

Read More

Budget Union Budget Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: